സൂററൈ പോട്ര്' ഹിന്ദിയില്‍ സൂര്യയും

Published on 15 June, 2022
 സൂററൈ പോട്ര്' ഹിന്ദിയില്‍ സൂര്യയും

2020-ല്‍ ഓ.ടി.ടി റിലീസായെത്തി പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൂര്യ നായകനായ സൂററൈ പോട്ര്. അക്ഷയ് കുമാറിനെ നായകനാക്കി സിനിമയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം നടന്നു വരികയാണ്. തമിഴ് ചിത്രമൊരുക്കിയ സുധാ കൊങ്കര തന്നെ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തേക്കുറിച്ച് പ്രതീക്ഷിക്കാതെ ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. ആരാധകര്‍ നടിപ്പിന്‍ നായകനെന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന സൂര്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണാ വിവരം. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കാമിയോ റോളിലായിരിക്കും സൂര്യയെത്തുക. സൂററൈ പോട്ര് ഹിന്ദി ടീമിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ചെന്നും സൂര്യ കുറിച്ചിരിക്കുന്നു.

ഇതാദ്യമായല്ല സൂര്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രാം ?ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രം രക്തചരിത്രയില്‍ സൂര്യ ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സൂററൈ പോട്ര് നിര്‍മ്മിച്ചത്.

നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രമായാണ് സൂര്യയെത്തിയത്. പരേഷ് റാവല്‍, മോഹന്‍ ബാബു, അപര്‍ണ ബാലമുരളി, ഉര്‍വശി തുടങ്ങിയവരായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക