Image

 '777 ചാര്‍ളി' അസാധാരണമായ ഹൃദയബന്ധത്തിന്റെ കഥ

ആശാ പണിക്കർ Published on 16 June, 2022
 '777 ചാര്‍ളി' അസാധാരണമായ ഹൃദയബന്ധത്തിന്റെ കഥ


കിരണ്‍രാജ്‌ സംവിധാനം ചെയ്‌ത  777 ചാര്‍ളി' മികച്ച ഒരു ദൃശ്യാനുഭവം മാത്രമല്ല, വികാരഭരിതമായ ഒട്ടനവധി നിമിഷങ്ങള്‍ കൂടി പ്രേക്ഷകന്‌ സമ്മാനിക്കുന്ന ചിത്രമാണ്‌. മനുഷ്യര്‍ തമ്മില്‍ മാത്രമല്ല, മനുഷ്യനും
മൃഗങ്ങളും തമ്മിലും അഗാധമായ സ്‌നേഹബന്ധം ഉടലെടുക്കുമെന്ന്‌ ഈ ചിത്രം നമ്മെ കാട്ടിത്തരുന്നു.
സഹജീവികളെ സ്‌നേഹിക്കുക എന്ന സന്ദേശം നല്‍കുന്ന ഇത്രയും ഹൃദയസ്‌പര്‌ശിയായ ഒരു ചിത്രം സമീപകാലത്തെങ്ങും
കണ്ടിട്ടില്ല.


അനാഥനാണ്‌ ധര്‍മ്മന്‍. തീരെ ചെറുപ്പത്തില്‍ തന്നെ ഒരു കാറപകടത്തില്‍ അയാളുടെ അച്ഛനും അമ്മയും
അനിയത്തിയും മരിച്ചു. തുടര്‍ന്ന്‌ ജീവിതത്തില്‍ അയാള്‍ ഒറ്റപ്പെടുന്നു.

അനാഥത്വത്തിന്റെ വേദനയും നന്നേ ചെറുപ്രായത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരന്തത്തിന്റെ തീവ്രതയും എല്ലാം ചേര്‍ന്ന്‌ അയാളുടെ ജീവിതം ലക്ഷ്യമില്ലാതാക്കി തീര്‍ക്കുകയാണ്‌. അയാള്‍ താമസിക്കുന്ന വീടിന്റെ ഉള്‍വശത്തിന്റെ ചിത്രത്തില്‍ നിന്നും
എത്രമാത്രം അലസതയും അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ്‌ അയാള്‍ നയിക്കുന്നതെന്ന്‌ മനസിലാക്കാന്‍
കഴിയും. ഒഴിഞ്ഞ മദ്യക്കുപ്പികളും ഈച്ചയാര്‍ക്കുന്ന ഭക്ഷണാവശിഷ്‌ടങ്ങളും സിഗററ്റ്‌ കുറ്റികളും വസ്‌ത്രങ്ങള്‍
വാരിവലിച്ചിട്ട കട്ടിലും മേശയും നിരത്തിയിട്ടിരിക്കുന്ന പാത്രങ്ങളുമെല്ലാം എത്രമാത്രം അലസനും
ശുചിത്വവുമില്ലാത്തവനാണ്‌ അയാള്‍ എന്ന്‌ പ്രേക്ഷകന്‌ കണ്ടറിയാന്‍ സാധിക്കുന്നു. അയല്‍വാസികളുമായും അയാള്‍മദ്യപിച്ച്‌ സിഗററ്റും വലിച്ച്‌ കഴിയുന്ന ധര്‍മ്മനെ അടുത്തുള്ള കുട്ടികള്‍ക്ക്‌ പേടിയാണ്‌. സ്‌ത്രീകള്‍ക്കും അയാളോട്‌ മിണ്ടാന്‍ പോലും താല്‍പ്പര്യമില്ല. പുരുഷന്‍മാരും ധര്‍മ്മനോട്‌ സംസാരിക്കുകയോ
അയാല്‍ക്കൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാറില്ല. എല്ലാവരും അയാളെ അവഗണിക്കുകയാണ്‌
ചെയ്യുന്നത്‌. അയാള്‍ക്കും എല്ലാവരോടും വെറുപ്പാണ്‌. തന്നോട്‌ അലിവു കാട്ടുന്നവരോട്‌ പോലും അയാള്‍ ആ വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കാറുണ്ട്‌.


ജീവിതമിങ്ങനെ ലക്ഷ്യബോധമില്ലാതെ, മദ്യത്തില്‍ മുങ്ങി കഴിയുമ്പോഴാണ്‌ അയാളുടെ ജീവിതത്തിലേക്ക്‌
ഒരു പെണ്‍ നായ കടന്നു വരുന്നത്‌. ആദ്യമൊക്കെ ധര്‍മ്മന്‌ നായയോട്‌ വെറുപ്പായിരുന്നു. അതിനോട്‌ സ്‌നേഹമോ സഹതാപമോ പ്രകടിപ്പിക്കാതെ കഴിഞ്ഞു. പക്ഷേ ക്രമേണ ധര്‍മ്മ അറിയാതെ നായ്‌ക്കുട്ടി ധര്‍മ്മയെ അതിന്റെ മാസ്റ്ററായി തിരഞ്ഞെടുക്കുന്നു. പിന്നീട്‌ ഒഴിവാക്കാന്‍ കഴിയാത്ത രീതിയില്‍ അവള്‍ ധര്‍മ്മനോടൊപ്പം ചേര്‍ന്നു പോകുന്നു. ക്രമേണ വീടിനുള്ളില്‍ അതിന്റെ സാന്നിധ്യം ധര്‍മ്മന്റെ ജീവിതത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുകയാണ്‌.
അയാള്‍ പതുക്കെ ആ നായക്കുട്ടിയെ സ്‌നേഹിച്ചു തുടങ്ങി. ധര്‍മ്മന്‍ ഒരുപാട്‌ ഇഷ്‌ടപ്പെടുന്ന ആളാണ്‌ ചാപ്‌ളിന്‍.
അതുകൊണ്ട്‌ അയാള്‍ നായ്‌ക്കുട്ടിക്ക്‌ ചാപ്‌ളിന്‍ എന്നു പേരിട്ടു. വെറുപ്പ്‌ മാത്രം ഹൃദയത്തില്‍ കൊണ്ടു നടന്ന
ധര്‍മ്മന്‍ ഒടുവില്‍ നായ്‌ക്കുട്ടിയെ അഗാധമായി സിനേഹിച്ചു തുടങ്ങുന്നു.


ചാര്‍ളിയാകട്ടെ, തിരിച്ച്‌ ധര്‍മ്മനും സ്‌നേഹത്തിന്റെ മധുരം സമ്മാനിക്കുന്നു. അതേ പോലെ തന്നെ ഒരുപാട്‌
നൊമ്പരങ്ങളും നല്‍കുന്നു. ധര്‍മ്മനും ചാര്‌ളിയും തമ്മിലുള്ള ഹൃദയസ്‌പര്‍ശിയായ രംഗങ്ങള്‍ പലതും പ്രേക്ഷകന്റെ
കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്‌. ചിത്രം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍ പോലും അതൊരു
നായക്കുട്ടിയാണെന്ന്‌ പ്രേക്ഷകന്‌ തോന്നുന്നതേയില്ല എന്നിടത്താണ്‌ സിനിമയുടെ വിജയം. ചാര്‍ളി നമ്മുടെ
കൂടെയുള്ള ഒരാള്‍ എന്ന പോലെ, ആ നായക്കുട്ടിയുടെ സങ്കടം നമ്മുടേതുമാകുന്നു.

രക്ഷിത്‌ ഷെട്ടിയാണ്‌ ധര്‍മ്മന്‍ എത്തുന്നത്‌. കഥാപാത്രമായി ഈ നടന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്‌. ഇത്ര
മാത്രം സ്വാഭാവികതയോടെയുള്ള അഭിനയം കഥയ്‌ക്ക്‌ കരുത്തു പകര്‍ന്നിട്ടുണ്ട്‌. ചാര്‍ളിയും ധര്‍മ്മനും
തമ്മിലുള്ള രംഗങ്ങള്‍ ഹൃദയസ്‌പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട്‌. ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ചാര്‍ളി വളരെ മികച്ച
രീതിയിലുള്ള പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. തീര്‍ച്ചയായും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന പ്രകടനം തന്നെയാണ്‌ ചാര്‍ളി
കാഴ്‌ച വച്ചത്‌. ഒരു നായയെ കൊണ്ട്‌ വൈകാരികമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച വയ്‌പ്പിക്കുക എന്ന
ശ്രമകരമായ ദൗത്യം സംവിധായകന്‍ തികഞ്ഞ വെല്ലുവിളിയോടെ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്‌. നന്നായി
ഗൃഹപാഠം ചെയ്‌തു തന്നെയാണ്‌ കിരണ്‍ രാജ്‌ 777 ചാര്‍ളി എന്ന ചിത്രം ഒരുക്കിയത്‌. കെ.എന്‍വിജയകുമാര്‍, സതീഷ്‌, വിജയകുമാര്‍, സഞ്‌ജയ്‌ ഉപാധ്യായ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്റെ രചന
നിര്‍വഹിച്ചിരിക്കുന്നത്‌.


സംഗീത ഗംഗേരിയാണ്‌ നായികയായി എത്തുന്നത്‌. രാജ്‌.ബി.ഷെട്ടി. ബോബി സിന്‍ഹ, ഡാനിഷ്‌ സേട്ട്‌ എന്നിവരും ചിത്രത്തിലുണ്ട്‌. നോബിള്‍ പോള്‍ സംവിധാനം ചെയ്‌ത സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. അരവിന്ദ്‌ എസ്‌.കാശ്യപ്‌ ആണ്‌ ചിത്രത്തിന്റെ ഛായാഗ്രണം. മഴയും മഞ്ഞും
ഹിമാലയന്‍ താഴ്‌വരകളും പാരാഗ്‌ളൈഡിങ്ങും എല്ലാം ഉള്‍പ്പെടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍
ഛായാഗ്രാഹകന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രതീഷ്‌ ഷെട്ടിയാണ്‌ എഡിറ്റിങ്ങ്‌.
മനസ്സു നിറഞ്ഞ്‌ കാണാന്‍ കഴിയുന്ന ചിത്രമാണ്‌ 777 ചാര്‍ളി. ഈ ചിത്രം കണ്ടില്ലെങ്കില്‍ അതൊരു വലിയ
നഷ്‌ടം തന്നെയായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക