വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് കുളപ്പുള്ളി ലീല

ജോബിന്‍സ്‌ Published on 18 June, 2022
വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് കുളപ്പുള്ളി ലീല

വ്യാജ മരണവാര്‍ത്തയില്‍ പ്രതികരണവുമായി നടി കുളപ്പുള്ളി ലീല. ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വീഡിയോയ്ക്കാണ് നടി മറുപടി നല്‍കിയത്.തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..' ഇതായിരുന്നു ആ ചാനലിലെ വീഡിയോയുടെ തലക്കെട്ട്.

നാല്‍പ്പത്തിയെണ്ണായിരത്തിലേറെ പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. ഇതോടെയാണ് ലീലയെ തേടി ഫോണ്‍വിളികള്‍ എത്തിയത്. 

'വീഡിയോ ആരെങ്കിലുമൊക്കെ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേര്‍ വിളിച്ചു. എന്റെ നാട്ടില്‍ നിന്നൊക്കെ ആളുകള്‍ പേടിച്ചിട്ടാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാന്‍ മടുത്തു.

ഈ തെണ്ടിത്തരം ഇനി കാണിക്കരുത്. എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകള്‍ക്ക് ഇടയിലും ഓടിയെത്തി ഞാന്‍ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്', കുളപ്പുള്ളി ലീല പറഞ്ഞു.

സംഭവത്തില്‍ പൊലീസിലൊന്നും പരാതി നല്‍കാനില്ലെന്നും പക്ഷേ പറയാനുള്ളത് വീഡിയോയിലൂടെ തന്നെ പറയുമെന്നും ലീല പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക