Image

പട്ടാളക്കഥകളുടെ പടനായകൻമാർ : എം.എസ്. വിനോദ്

Published on 18 June, 2022
പട്ടാളക്കഥകളുടെ പടനായകൻമാർ : എം.എസ്. വിനോദ്
 
 
 
പട്ടാളം നമ്മുടെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും പുലര്‍ത്തുന്ന സ്വാധീനം വളരെ വലുതാണ്‌.നമ്മുടെ രാജ്യത്ത് പട്ടാളവുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാത്ത വ്യക്തികളോ കുടുംബങ്ങളോ ഇല്ല.എന്‍റെ അപ്പുപ്പനും ഒരു പട്ടാളക്കാരന്‍ ആയിരുന്നു.ഇങ്ങനെ ഓരോ വ്യക്തികള്‍ക്കും  ഉണ്ട് പട്ടാളവുമായി ഒരു രക്തബന്ധം.
 
അതുകൊണ്ടാകും പട്ടാളക്കഥകള്‍ കേള്‍ക്കാനും പട്ടാളം പറയുന്നത് കേള്‍ക്കാനും നമുക്ക് ഒരു താല്പര്യം ഉണ്ട്. ചെറുപ്പം മുതല്‍ നമ്മുടെ നാട്ടില്‍ പ്രചാരം ഉള്ള നിരവധി പട്ടാളക്കഥകള്‍ കേട്ടാണ് നമ്മള്‍ വളര്‍ന്നത്‌.പട്ടാളത്തില്‍ സേവനം അവസാനിപ്പിച്ച്‌ നാട്ടിലെത്തുന്ന ഓരോ പട്ടാളക്കാരനും നമുക്ക് കുട്ടനിറയെ കഥകളുമായി ആയി ആണ് വണ്ടിയിറങ്ങുന്നത്. അത് കേള്‍ക്കാന്‍ നമ്മള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കാറുമുണ്ട്. കേള്‍വിക്കാരന്‍റെ ഈ താല്പര്യം മനസിലാക്കിത്തന്നെ ആയിരിക്കണം പട്ടാളക്കഥകള്‍ എന്ന സാഹിത്യശാഖ തന്നെ ഉണ്ടായത്. ലോകസാഹിത്യത്തിലും അതിന് പ്രത്യേകവിഭാഗം ഉണ്ട്.മലയാളത്തിലെ പട്ടാളക്കഥകള്‍ക്ക് ഉയിര് നല്‍കിയ ചില സാഹിത്യകാരന്മാരെ നമുക്ക് ഒന്ന് 
പരിചയപ്പെടാം.അവര്‍ക്ക് ഒത്തിരി സമാനതകള്‍ ഉള്ളതുകൊണ്ടാണ് അവരെ ഒരു കുടക്കീഴില്‍ നിര്‍ത്തി ഒന്ന് പരിചയപ്പെടാം എന്ന് കരുതിയത്.
 
മലയാളത്തിന് പ്രധാനമായും അഞ്ച് പട്ടാളക്കഥപറച്ചിലുകാര്‍ ആണ് ഉണ്ടായിരുന്നത്. ആ പാണ്ഡവരുടെ പ്രധാന സവിശേഷത അവര്‍ അഞ്ച്പേരും സ്വന്തം പേരില്‍ അല്ല എഴുതിയിരുന്നത് എന്നതാണ്.പട്ടാളത്തിലെ നിയമങ്ങളുടെ കര്‍ശന സ്വഭാവമോ ദേശീയസുരക്ഷ സംബന്ധിച്ച കാര്യത്തില്‍ നിലനില്‍ക്കുന്ന എന്തെങ്കിലും പൗരബോധമോ ആയിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്.ആ പാണ്ഡവര്‍ കോവിലന്‍,പാറപ്പുറത്ത്,നന്തനാര്‍, വിനയന്‍, ഏകലവ്യന്‍ എന്നിവരാണ്.ഇതെല്ലാം അവരുടെ തൂലികാനാമങ്ങള്‍ മാത്രമാണ്.
 
കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ ആണ് ഈ പാണ്ഡവരില്‍ പ്രധാനി.ഇരുപതാമത്തെ വയസ്സില്‍ റോയല്‍ ഇന്ത്യന്‍നേവിയില്‍ ചേര്‍ന്നു.അത് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുന്‍പായിരുന്നു.ഇന്ത്യ സ്വതന്ത്രമായപ്പോള്‍ കോര്‍ ഓഫ് സിഗ്നല്‍സില്‍ ആയി നിയമനം. യുദ്ധരംഗത്തെ നീക്കങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അതാത് സമയങ്ങളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് ഈ വിഭാഗമാണ്.വെടിയുണ്ടപോലെ തുളച്ചുകയറുന്ന ഭാഷയും അണുബോംബിനേക്കാള്‍ മാരകമായ
പ്രയോഗങ്ങളുമാണ് കോവിലന്‍ സാഹിത്യത്തിന്‍റെ പ്രത്യേകത.പട്ടാളജീവിതം പടര്‍ന്നുകിടക്കുന്ന നിരവധി നോവലുകളും കഥകളും കോവിലന്‍ എഴുതി. തോറ്റങ്ങള്‍,തട്ടകം,ഏഴാമെടങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം,എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയ കോവിലന്‍ മരണംവരെ സാഹിത്യ-സാംസ്കാരികവേദികളില്‍ സജ്ജീവമായിരുന്നു.
 
എന്‍റെ നാട്ടുകാരനായ കെ.ഇ.മത്തായിയാണ് പിന്നീട് പാറപ്പുറത്ത് എന്ന പേരില്‍ പ്രശ്തനായ സാഹിത്യകാരനായത്. മാവേലിക്കര കുന്നം സ്കൂളിലും ചെട്ടികുളങ്ങര ഹൈസ്കൂളിലും പഠനം പൂര്‍ത്തിയാക്കിയ പാറപ്പുറത്ത് പത്തൊന്‍പതാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു.പട്ടാളക്യാമ്പുകളിലെ കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും അതിനായി നാടകമെഴുതുകയും ചെയ്തു കൊണ്ടായിരുന്നു തുടക്കം.പിന്നീട് നാട്ടിലെത്തിയ പാറപ്പുറത്ത് മുഴുവന്‍ സമയവും സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി.കേരള സാഹിത്യഅക്കാഡമി അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. നിണമണിഞ്ഞ കാല്‍പ്പാടുകള്‍,
പണിതീരാത്ത വീട്,അരനാഴികനേരം തുടങ്ങിയ നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.കാണാപ്പൊന്ന് എന്ന നോവല്‍ പൂര്‍ത്തിയാക്കാതെയാണ് പാറപ്പുറത്ത്  1981 ല്‍ നമ്മളെ വിട്ടുപിരിഞ്ഞത്.ദീപിക ആഴ്ചപ്പതിപ്പില്‍ എഴുതിത്തുടങ്ങിയ ആ നോവല്‍ പതിനാല് അദ്ധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ പാറപ്പുറത്ത് വിടപറഞ്ഞു.പിന്നീട് ആ നോവല്‍ എഴുതി പൂര്‍ണ്ണമാക്കിയത് സുഹൃത്തും സാഹിത്യകാരനുമായ കെ.സുരേന്ദ്രനാണ്. കാക്കപ്പൊന്നിന് അപൂര്‍വ്വമായ അങ്ങനെ ഒരു ബഹുമതി കൂടിയുണ്ട്.
 
മലപ്പുറം അങ്ങാടിപ്പുറത്ത് പി.സി.ഗോപാലന്‍ എന്ന നന്തനാര്‍ വളരെ ചെറിയ പ്രായത്തില്‍ പട്ടാളക്കാരനായി.ആത്മാവിന്‍റെ നോവുകള്‍, ഉണ്ണിക്കുട്ടന്‍റെ ഒരു ദിവസം,മഞ്ഞക്കെടിടം തുടങ്ങിയ നോവലുകളും ചെറുകഥകളും ചില നാടകങ്ങളും എഴുതി.നന്തനാര്‍ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.ബാല്യം മുതല്‍ കഷ്ടപ്പാടുകളും ജീവിതയാതനകളും സഹിച്ചാണ് നന്തനാര്‍ വളര്‍ന്നത്‌.അതെല്ലാം സ്വന്തം രചനകളില്‍ പ്രതിഫലിച്ചിരുന്നു. മലബാര്‍ കലാപവും ഇന്ത്യാ വിഭജനവും ഹിന്ദു-മുസ്ലീം ലഹളയും ഒക്കെ അനുഭവിച്ചറിഞ്ഞ നന്തനാര്‍ അതെല്ലാം സാഹിത്യത്തിലും തീവ്രതയോടെ പകര്‍ത്തി.യുദ്ധക്കെടുതിയും പട്ടാളജീവിതത്തിലെ മടുപ്പിക്കുന്ന അനുഭവങ്ങളും നന്തനാര്‍ കഥകളുടെ ശക്തിയും സൗന്ദര്യവുമായി.ഇദ്ദേഹത്തിന്‍റെ
പല പുസ്തകങ്ങളും ഇംഗ്ലീഷിലേക്കും മറ്റ് പല ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. നന്തനാരുടെ യഥാര്‍ത്ഥജീവിത സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്‍റെ രചനയിലെ കഥാസന്ദര്‍ഭങ്ങളും കോര്‍ത്തിണക്കിയ അടയാളങ്ങള്‍ എന്ന സിനിമ നിരവധി പുരസ്കാരങ്ങള്‍ നേടിയത് നമുക്ക് അറിയാം.
 
കൊയിലാണ്ടിക്കാരന്‍ വി.എം.നാരായണപ്പണിക്കര്‍ ഇന്ത്യന്‍ നേവിയില്‍ ആയിരുന്നു.പിന്നീട് ആകാശവാണിയില്‍ സ്ക്രിപ്റ്റ് റൈറ്ററായും ആര്‍ട്ടിറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.വിനയന്‍ എന്ന തൂലികാനാമം സ്വീകരിച്ചുകൊണ്ട് നോവലുകളും ചെറുകഥകളും യാത്രാവിവരണവും ഒക്കെ എഴുതി.അന്നത്തെക്കാലത്ത്‌ ചില സിനിമകള്‍ക്ക്‌ തിരക്കഥയും എഴുതിയിട്ടുണ്ട്.ഇത്രയും പറഞ്ഞിട്ടും നിങ്ങള്‍ക്ക് ആളിനെ മനസിലായില്ല അല്ലെ.എന്നാല്‍ 
കേട്ടോളൂ,മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബാലേട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍ വി.എം.വിനു ഈ പറഞ്ഞ വിനയന്‍ എന്ന വി.എം.നാരായണപ്പണിക്കരുടെ മകനാണ്. മലയാളചെറുകഥയുടെ ആധുനികമുഖം അന്വേഷിക്കുന്ന ആര്‍ക്കും എം.ടി,ടി.പത്മനാഭന്‍,മാധവിക്കുട്ടി,എന്‍.പി.മുഹമ്മദ്‌ തുടങ്ങിയ ലിസ്റ്റില്‍ അല്പം താഴെ പോയാല്‍ ഈ വിനയന്‍റെ പേരും കാണാം.മലയാളത്തിലെ ആദ്യത്തെ നാവികനോവല്‍ എന്ന് പറയപ്പെടുന്ന 'തീയുണ്ടകള്‍ക്കും തിരമാലകള്‍ക്കും ഇടയില്‍' എന്ന നോവല്‍ എഴുതിയത് 
വിനയന്‍ ആണ്.
 
പാണ്ഡവരില്‍ അഞ്ചാമനായ ഏകലവ്യന്‍ കുന്നംകുളത്തുകാരന്‍ കെ.എം.മാത്യു ആണ്. ഹരികുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ അയനം എന്ന സിനിമയുടെ കഥ ഏകലവ്യന്‍റെ അതേപേരിലുള്ള ഒരു നോവല്‍ ആണ്. പട്ടാളക്കാരനായി ജീവിക്കുമ്പോള്‍ തന്നെ 
കെ.എം.മാത്യു എഴുത്തുകാരനും ആയിരുന്നു.ട്രഞ്ച്,കയം,എന്തുനേടി,ചോര ചിന്തിയവര്‍,പാപത്തിന്‍റെ ശമ്പളം തുടങ്ങിയ മുപ്പതിലധികം നോവലുകള്‍ ഏകലവ്യന്‍റെ പേരില്‍ ഉണ്ട്.നിരവധി ചെറുകഥകളും അദ്ദേഹം എഴുതി.
 
ഈ പാണ്ഡവര്‍ അല്ലാതെ പല സാഹിത്യകാരന്മാരും പട്ടാളക്കഥ ഭാഗികമായോ പൂര്‍ണ്ണമായോ എഴുതിയിട്ടുണ്ട്.മലയാറ്റൂര്‍ തുടര്‍ച്ചയായി എഴുതിയ ബ്രിഗേഡിയര്‍ കഥകള്‍ ഉള്‍പ്പെടെ മലയാളത്തിന് പട്ടാളക്കഥകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.പട്ടാളക്കാരായി ജീവിതം ആരംഭിക്കുകയും,സാഹിത്യത്തില്‍ പട്ടാളജീവിതം പ്രധാന വിഷയമാക്കി സൃഷ്ടികള്‍ നിര്‍മ്മിക്കുകയും, സാഹിത്യപ്രവര്‍ത്തനത്തിന് സ്വന്തം പേര് ഒഴിവാക്കി തൂലികാനാമങ്ങള്‍ സ്വീകരിച്ച് ആ തൂലികാനാമത്തില്‍ മാത്രം പിന്നീട് അറിയപ്പെടുകയും ചെയ്ത ഈ പാണ്ഡവര്‍ തന്നെയാണ് മലയാളത്തിലെ പട്ടാളക്കഥകളുടെ പടനായകന്മാര്‍ ..... ഇവരാരും ഇപ്പോള് നമ്മളോടൊപ്പം ഇല്ല.‍
 
ആ നായകന്മാര്‍ക്ക് അവരുടെ ഓര്‍മ്മകള്‍ക്ക് ഒരു വലിയ സല്യൂട്ട്......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക