ആൾക്കൂട്ടത്തിൽ തനിയെ....:കവിത , മജീഷ് തിരുവൻവണ്ടൂർ

Published on 18 June, 2022
  ആൾക്കൂട്ടത്തിൽ തനിയെ....:കവിത , മജീഷ് തിരുവൻവണ്ടൂർ
 
 
ആൾക്കൂട്ടങ്ങൾക്കിടയിൽ പോലും
തനിച്ചായിപോയവരെ കണ്ടിട്ടുണ്ടോ..
ഉയരുന്ന ആരവങ്ങൾക്കിടയിലും
നിശ്ശബ്ദരായി പോയവരെ..
ചുറ്റുമേറെ കാഴ്ചകൾ നിറഞ്ഞിട്ടും
അതൊന്നും കണ്ണിൽ പതിയാതെ,
തിക്കുതിരക്കുകൾക്കിടയിൽ
അവർ തേടുന്നൊരു മുഖമുണ്ടാവും,
കേൾക്കാൻ കൊതിക്കുന്നൊരു
ശബ്ദമുണ്ടാവും...
ആ ആരവങ്ങൾക്കിടയിലൂടെ
ചേർത്തുപിടിച്ചു നടക്കാൻ
കൊതിക്കുന്ന ഒരു കരം ഉണ്ടാവും..
ഒരിക്കൽ 
ചേർത്തുപിടിക്കലിന്റെ സുഖമറിഞ്ഞവരായിരുന്നു..
ഒത്തുചേരലിൽ തോളു ചാഞ്ഞവരായിരുന്നു..
ഈ ആൾക്കൂട്ടങ്ങളുടെ ബഹളങ്ങളേക്കാൾ
അവരുടെ ഒത്തുചേരലുകൾ
ശബ്ദമുഖരിതമായിരുന്നു....
ഇന്നവരുടെ,
സ്വസ്ഥതയുടെ പച്ചപ്പിലേക്ക് 
അസ്വസ്ഥതകളുടെ വേരിറങ്ങി,
സംഘർഷഭരിതമായിരിക്കുന്നു മനസ്സ്...
കൈവിട്ടുപോകുന്ന മനസ്സാണ്
ഈ ആരവങ്ങൾക്കിടയിൽ,
ആൾക്കൂട്ടത്തിനിടയിൽ,
വിട്ടുപോകാത്ത,
ചേർത്തുപിടിക്കുന്ന
കരം തേടുന്നത്....
     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക