Image

അഗ്‌നിപഥ് ഒരു വിലയിരുത്തല്‍ (എഴുതാപുറങ്ങള്‍ -93: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 18 June, 2022
 അഗ്‌നിപഥ് ഒരു വിലയിരുത്തല്‍ (എഴുതാപുറങ്ങള്‍ -93:   ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

ഗവണ്മെന്റ് എടുക്കുന്ന തീരുമാനത്തെ അനുകൂലിക്കാനും പ്രതികൂലിക്കാനും പൊതുജനത്തിന് അധികാരമുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യം.

കര, നാവിക, വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് ഹ്രസ്വകാല നിയമനം നല്‍കുന്ന 'അഗ്‌നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിലൂടെ 46000 യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നു.  കരസേനയില്‍ 40000 പേര്‍ക്കും നാവികസേനാ, വ്യോമസേനാ എന്നിവയില്‍ 3000 പേര്‍വീതവുമാണ് നിയമനം നടത്തുന്നത്.  ഈ സേവനം നാലുവര്ഷക്കാലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'അഗ്‌നിവീര്‍ എന്ന ഒരു അംഗീകാരവും നല്‍കുമെന്നാണ് ഗവണ്മെന്റിന്റെ തീരുമാനം. ജോലി ചെയ്യുന്ന കാലയളവില്‍ ഏകദേശം മുപ്പതിനായിരം മുതല്‍ നാല്പതിനായിരം വരെ ശമ്പളം നല്‍കപ്പെടുന്നു. ഈ സേവനമനുഷ്ടിച്ചവര്‍ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് മുന്‍ഗണനയും പഠനച്ചെലവില്‍ ഗവണ്മെന്റ് പിന്നീട് തീരുമാനിക്കുന്ന നിരക്കില്‍ നിശ്ചിത  പരിഗണനകളും നല്‍കപ്പെടും എന്നും ഉറപ്പുനല്‍കുന്നു. ഘട്ടങ്ങളായി ഉദ്യോഗാര്‍ത്ഥികളുടെ    തിരഞ്ഞെടുപ്പും നിയമനവും 2023 ആദ്യ പകുതിയോടെ പൂര്‍ത്തിയാക്കുമെന്നതാണ് വാര്‍ത്തകള്‍ പറയുന്നത്.

ഗവണ്മെന്റിന്റെ ഈ തീരുമാനം  വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണെന്നു മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ പലയിടത്തും ഇതേചൊല്ലി പല പ്രക്ഷോപങ്ങളും പൊട്ടിപുറപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

ജോലിവാഗ്ദാനം ചെയ്യുന്നത് 18 മുതല്‍ 21 വയസ്സുവരെയുള്ള യുവാക്കള്‍ക്കാണ്. പെണ്‍കുട്ടികള്‍ക്കും ആള്‍കുട്ടികള്‍ക്കും ഇതിനായി അപേക്ഷിക്കാം. എന്നാല്‍   ഈ പ്രായപരിധിയില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായതിനെത്തുടര്‍ന്ന്  തീരുമാനം പിന്നീട് 23  വയസ്സ് എന്ന പ്രായപരിധിയിലേക്ക് ഉയര്‍ത്തപ്പെട്ടു. എന്നിട്ടും പ്രശ്‌നങ്ങള്‍ പലയിടത്തും രൂക്ഷമായിരിക്കുന്നതായാണ് കാണപ്പെടുന്നത്. കാരണം സൈനിക നിയമനത്തിലേക്ക് ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകള്‍ വിജയിച്ച അരലക്ഷം പേരാണ്  കാത്തുനില്‍ക്കുന്നത്. വളരെ പ്രയാസമുള്ള കായിക പരീക്ഷണങ്ങള്‍ക്ക് ഇവര്‍ വിധേയരായിട്ടുണ്ട്. കൊറോണ എന്ന മഹാമാരിയെത്തുടര്‍ന്ന് നടക്കാതെപ്പോയ  നിയമനത്തെ കാത്തുകിടക്കുന്നവര്‍ക്ക് അഗ്‌നിപഥ് പദ്ധതിയിലൂടെ  യുവാക്കളെ സേനയിലേക്ക് തിരഞ്ഞെടുക്കുന്നു എന്ന വാര്‍ത്ത ഒരു ഞെട്ടലായിരിക്കുകയാണ്. ഇതില്‍ കേരളത്തില്‍നിന്നുതന്നെ നാലായിരം പേരുണ്ട്. അതില്‍ പലരും എട്ടാം ക്ലാസ് മുതല്‍ ഡിഗ്രിവരെ മിലിട്ടറി സേവനത്തെ മുന്നില്‍കണ്ട് കഷ്ടപ്പെട്ട് എന്‍.സി.സിയുടെ അംഗീകാരം നേടിയവരാണെന്നതാണ് മാധ്യമങ്ങള്‍ പറയപ്പെടുന്നത്. ഇവരുടെ ഭാവിയാണ് അഗ്‌നിപഥ്‌കൊണ്ട് ആശങ്കയിലാക്കിയിരിക്കുന്നത്.  ഇതേത്തുടര്‍ന്നാണ് പലസ്ഥലത്തും പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.  

ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച 17 മുതല്‍  23 വരെയുള്ള കാലയളവ്  ജീവിതത്തിലെ ഭാവി നിശ്ചയിക്കുന്ന തീരുമാനം അല്ലെങ്കില്‍ താന്‍ എന്താകണം എന്ന് തീരുമാനിക്കപ്പെടുന്ന കാലഘട്ടമാണ്. ഗവണ്‍മെന്റ് നല്‍കുന്ന ഈ അവസരം വിനിയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള പഠനം തുടരാനാകാതെ പോകുന്നു.  നാലുവര്‍ഷക്കാലം ഗവണ്മെന്റ് നല്‍കപ്പെടുന്ന  ഈ കാലയളവ് കഴിഞ്ഞാല്‍  പിന്നീട് എന്ത് എന്നതാണ് ഒരു ചോദ്യമായി ഉയരുന്നത്. കൃത്യനിഷ്ഠയോടെ പരിശീലനവും, ജോലിയും ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളെ സ്ഥിരമായി തുടരാന്‍ അനുവദിക്കും എന്ന അനിശ്ചിതമായ വാഗ്ദാനമാണ് ഗവണ്മെന്റ് നല്‍കുന്നത്. സാധാരണ പതിനേഴുവയസ്സു കഴിഞ്ഞു കര, നാവിക, വ്യോമ സേനയില്‍ പരിശീലനമെടുത്ത് പ്രവേശിക്കുന്നവര്‍ക്ക് പല ആനുകൂല്യങ്ങളും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. മാത്രമല്ല. സര്‍വീസില്‍ ഇരിക്കുമ്പോള്‍ത്തന്നെ പഠിച്ച് പല പരീക്ഷകളും എഴുതി ഉയര്‍ന്ന തലത്തിലേക്ക് പ്രവേശിക്കുവാനുള്ള അവസരങ്ങളും ഉണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ചാല്‍ ജീവിത അവസാനംവരെ പല ആനുകൂല്യങ്ങളും, ആരോഗ്യസംരക്ഷണവും, പെന്‍ഷനും ലഭിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വാഗ്ദാനംചെയ്തിട്ടുള്ള നാലുവര്‍ഷത്തെ ഹ്രസ്വകാല സേവനത്തിനുശേഷം ഇതൊന്നുംതന്നെ ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാണ്  മറ്റൊരു പ്രശ്‌നം.   

സൈനിക വളര്‍ച്ചക്കായി രാഷ്ട്രം നീക്കിവെക്കുന്ന തുകയുടെ നല്ലൊരു ശതമാനം നിലവിലുള്ള സൈനികര്‍ക്ക് ശമ്പളമായും, പെന്‍ഷനായും മാറ്റിവയ്ക്കുമ്പോള്‍ സുരക്ഷാ തലത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുവാന്‍ രാജ്യം സാമ്പത്തിക ഞെരുക്കം അഭിമുഖീകരിക്കുന്നു. കാലക്രമത്തില്‍ സൈനികരുടെ ശക്തി കുറച്ച് സാങ്കേതിക വിദ്യകളുടെ ശക്തി വര്‍ദ്ദിപ്പിക്കുക എന്ന ഒരു ഉദ്ദേശവും  അഗ്‌നിപഥ് പദ്ധതിക്ക്  പിന്നിലുള്ളതായി പറയുന്നു

ജനപ്പെരുപ്പം കൂടുതലും, തൊഴിലവസരങ്ങള്‍ കുറവുമുള്ള ഇന്ത്യയില്‍ തുടര്‍ച്ചയായി യുവാക്കളില്‍  താല്‍ക്കാലികമായെങ്കിലും തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാനും, അതേസമയം സൈന്യത്തിനുവേണ്ടി ചിലവഴിക്കുന്ന തുക  കാലക്രമത്തില്‍ ചുരുക്കുവാനും, സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അഗ്‌നിപഥിലൂടെ കഴിയുമെന്നാണ് ഗവണ്മെന്റിന്റെ പ്രതീക്ഷ

അഗ്‌നിപഥ് നിയമനം താല്‍ക്കാലികമായതല്ലേ എന്ന ഒരു ആശങ്ക ഉദ്യോഗാര്‍ത്ഥികളില്‍ ഉണ്ടായേക്കാം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും എന്തിനു ഗവണ്മെന്റ് പുതിയ നിയമങ്ങള്‍വരെ താല്‍ക്കാലികമായ തസ്തികകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നടത്തുന്നത്.  ഈ അഗ്‌നിപഥ് പദ്ധതിയിലൂടെ പരിശീലനം ലഭിക്കുന്നവര്‍ക്ക് വിവിധ സുരക്ഷാ വിഭാഗത്തില്‍ നിയമനം നല്‍കുവാന്‍ പല സംസ്ഥാനങ്ങളും തയ്യാറായിട്ടുമുണ്ട്. 

ഈ പദ്ധതിയുടെ മറ്റൊരു ഉദ്ദേശം, വളര്‍ന്നുവരുന്ന തലമുറയില്‍ രാഷ്ട്രസ്‌നേഹം വളര്‍ത്തുക എന്നതാണ് ഏഴാം ക്ളാസ്സിലേയ്ക്ക് ജയിച്ചു കഴിഞ്ഞാല്‍ ഉടനെ എന്‍.ഇ.ഇ.ടിയും (NEET ) ജെ. ഇ.ഇ (JEE) പരീക്ഷകളെ അഭിമുഖീകരിക്കുവാനുള്ള കോച്ചിംഗ് ക്ലാസുകളിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന പല സ്വകാര്യ വിദ്യാഭ്യാസ മേഖലകള്‍ ഇന്ന് നമ്മുടെ കേരളത്തില്‍ത്തന്നെ ആരംഭിച്ചിരിക്കുന്നു എന്നത് ഈ അടുത്ത കാലത്താണ് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത് ഒരു പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ ഒരു കൊച്ചുകുട്ടിക്ക് അവന്റെ ഭാവിയെക്കുറിച്ച് എത്രമാത്രം കണക്കുകൂട്ടലുകള്‍ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ   അപ്പോള്‍ ഇന്നത്തെ മാതാപിതാക്കളുടെ തീരുമാണ് മകനെ അല്ലെങ്കില്‍ മകളെ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ആക്കിയേ മതിയാകൂവെന്നത്. അത് മാത്രമല്ല ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഇന്ത്യക്ക് പുറത്തുപോയിത്തന്നെ ഉന്നത വിദ്യാഭ്യാസം ചെയ്യാമെന്ന വാശിയും ഇന്നത്തെ യുവാക്കളില്‍ കണ്ടുവരുന്നു. ഇതാണ് ഇന്ന് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നിലപാട്. മക്കള്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിലാണ് പഠിക്കുന്നത് എന്ന് പറയുന്നതില്‍ മാതാപിതാക്കള്‍ രാഷ്ട്രസേവനത്തെക്കാള്‍ അഭിമാനമായി കണക്കാക്കുന്നു.   എഞ്ചിനീയറിംഗ് കഴിഞ്ഞതിനുശേഷം കുട്ടികള്‍ സ്വകാര്യ ബാങ്കുകളിലോ, മറ്റിടങ്ങളിലോ ജോലി നോക്കുന്നതിലും മാതാപിതാക്കള്‍ക്ക് പരാതിയില്ല.

പ്രൈമറി വിദ്യാഭ്യാസം മുതല്‍തന്നെ കുട്ടികള്‍ ചരിത്രം പഠിക്കാന്‍ തുടങ്ങുന്നു. ഇതില്‍ സ്വാതന്ത്ര്യസമരങ്ങളും, ആനുകാലത്തെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളും സമരങ്ങളും പല ഭരണ കര്‍ത്താക്കളും ആവിഷ്‌കരിച്ച ഭരണ പരിഷ്‌കാരങ്ങളെയും കുറിച്ചുതന്നെയാണ് കാലങ്ങളായി കുട്ടികള്‍ പഠിക്കുന്നത്. ഇതെല്ലാം ചരിത്രം എന്ന വിഷയത്തില്‍ നല്ല മാര്‍ക്ക് കരസ്ഥമാക്കുവാന്‍ പഠിക്കുക എന്നതിലുപരി എത്രമാത്രം യുവതലമുറയില്‍ രാഷ്ട്രബോധം വളര്‍ത്താന്‍ സഹായിച്ചു എന്നത് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ വിലയിരുത്തിയാല്‍ മനസ്സിലാകും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരില്‍ വളരെ ചുരുക്കം ശതമാനം മാത്രമേ നമ്മുടെ രാഷ്ട്രത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുവാനുള്ള  മനോഭാവം ഉണ്ടാകുന്നുള്ളൂ എന്നത് ഖേദകരമായ കാര്യമാണ്.

സ്വന്തം രാഷ്ട്രത്തില്‍  പഠിച്ച് ഈ രാഷ്ട്രത്തിനുവേണ്ടിത്തന്നെ സേവനം ചെയ്യണം എന്നുപോലും യുവതലമുറകളെ നിര്‍ബന്ധിക്കാന്‍ ഈ കാലഘട്ടത്തില്‍ കഴിയില്ല. വിദ്യാഭ്യാസത്തിനുമാത്രം പ്രാധാന്യം നല്‍കി അഭ്യസ്തവിദ്യരുടെ എണ്ണം ഉയരുമ്പോള്‍ അതോടൊപ്പം തൊഴിലവസരങ്ങള്‍ക്ക് കിടപിടിക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടുതന്നെ വിദേശങ്ങളില്‍ പോകുവാന്‍ അഭ്യസ്ഥവിദ്യര്‍ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ ആവശ്യമാണ്.  നമ്മുടെ , രാഷ്ട്ര ത്തിന്റെ സുരക്ഷാ, രാഷ്ട്ര പുരോഗമനം വിഭവസംരക്ഷണം സാമ്പത്തിക സുരക്ഷാ എന്നിവക്ക് ഓരോ പൗരനും   ഉത്തരവാദികളാണെന്നുള്ള അവബോധം യുവാക്കളില്‍ ഉണ്ടാക്കിയെടുക്കണം. രാഷ്ട്രത്തെ സേവിക്കുവാനുള്ള സന്നദ്ധത വളര്‍ത്തിയെടുക്കണം തുടങ്ങിയ   രാഷ്ട്രബോധം വരുംതലമുറയില്‍ ഉളവാക്കാന്‍ ഒരുപക്ഷെ അഗ്‌നിപഥിലൂടെ  കഴിയുമായിരിക്കാം.  

രാഷ്ട്രീയ മുതലെടുപ്പോ, മറ്റു ലക്ഷ്യങ്ങളോ ഏതൊരു തീരുമാനത്തിന് പുറകിലും ഉണ്ടായേക്കാം. എങ്കിലും വ്യക്തിപരമായ വളര്‍ച്ചയും സ്വന്തം സംതൃപ്തിയുമായിരിക്കണം ഏതൊരു വ്യക്തിപരമായ തീരുമാനത്തിന്റെയും പിന്നിലുള്ള പ്രേരണ.

Join WhatsApp News
Das 2022-06-19 04:18:32
A very good article Ma'm; excellent review ... on the current affairs. I am fully in agreement with GoI and wishing this initiative 'Agnipath' a great success keeping in view the national interest at heart, which is paramount important ! Vande matram 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക