Image

കേരള പി.എസ്.സി പരീക്ഷയുടെ സെന്ററുകള്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുവദിയ്ക്കുക: നവയുഗം.

Published on 18 June, 2022
കേരള പി.എസ്.സി പരീക്ഷയുടെ സെന്ററുകള്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുവദിയ്ക്കുക: നവയുഗം.

അല്‍കോബാര്‍:  കേരളസര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളില്‍ പങ്കെടുക്കാനുള്ള അവസരം പ്രവാസികള്‍ക്കും ലഭിയ്ക്കാനായി, പി.എസ്.സി പരീക്ഷകളുടെ സെന്ററുകള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല സമ്മേളനം ഔപചാരിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജോലി എന്നത് അഭ്യസ്തവിദ്യരായ എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പി എസ് സി പരീക്ഷ എഴുതി പാസ്സാവുക എന്നതാണ് അതിനുള്ള ഒരേയൊരു മാര്‍ഗ്ഗവും. എന്നാല്‍ കാലങ്ങളായി പ്രവാസികള്‍ക്ക്  അതിനുള്ള അവസരം നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. പ്രവാസജോലിയില്‍ നിന്നും ലീവെടുത്ത് നാട്ടില്‍പോയി പി എസ് സി പരീക്ഷ എഴുതുക എന്നത് ഭൂരിഭാഗം പ്രവാസികള്‍ക്കും സാധ്യമായ കാര്യമല്ല. അവര്‍ ജീവിയ്ക്കുന്ന രാജ്യങ്ങളില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായാല്‍,  പ്രവാസികള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി ലഭിയ്ക്കാനുള്ള സാധ്യത ഉണ്ടാകും. അതിനാല്‍ പി.എസ്.സി പരീക്ഷകളുടെ സെന്ററുകള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല സമ്മേളനം അംഗീകരിച്ച ഔപചാരിക പ്രമേയം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ നടന്ന നവയുഗം കോബാര്‍ മേഖല സമ്മേളനത്തില്‍  ബിജു വര്‍ക്കി, ബിനു കുഞ്ഞു, അനീഷ കലാം എന്നിവരടങ്ങിയ പ്രിസീഡിയം അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി മാധവം, സഹീര്‍ഷ, സാജന്‍ കണിയാപുരം, രവി ആന്ത്രോട് എന്നിവര്‍ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റി സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സജീഷ് പട്ടാഴി  സ്വാഗതം പറഞ്ഞു. നാഫിദ ഇബാഹിം രക്തസാക്ഷി പ്രമേയവും, ദിനേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.


നവയുഗം  കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്ഘാടനം ചെയ്തു. 

മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വിവിധ  യൂണിറ്റ് കമ്മിറ്റികളെ പ്രതിനിധീകരിച്ചു സന്തോഷ്, ജിതേഷ്, ഷൈജു, ഉണ്ണികൃഷ്ണന്‍, ഇബ്രാഹിം, ദിനേശ്, സഹീര്‍ഷ, രവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ്, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, പ്രിജി കൊല്ലം, ഉണ്ണി മാധവം, ഗോപകുമാര്‍, ശരണ്യ ഷിബു, കോബാര്‍ മേഖല കുടുംബവേദി സെക്രട്ടറി സുറുമി നസീം എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. സന്തോഷ് ചാങ്ങോലിക്കല്‍ ഔപചാരിക പ്രമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് ബിജു വര്‍ക്കി നന്ദി പറഞ്ഞു.

23 അംഗങ്ങള്‍ അടങ്ങിയ പുതിയ നവയുഗം കോബാര്‍ മേഖല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

ഫോട്ടോ: നവയുഗം കോബാര്‍ മേഖല സമ്മേളനം ഷാജി മതിലകം ഉത്ഘാടനം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക