ചെറുപ്പക്കാർ ഉപേക്ഷിക്കുന്ന വാർത്താമാധ്യമങ്ങൾ : ജോസ്. ടി. തോമസ്

Published on 19 June, 2022
ചെറുപ്പക്കാർ ഉപേക്ഷിക്കുന്ന വാർത്താമാധ്യമങ്ങൾ : ജോസ്. ടി. തോമസ്
 
എന്തുകൊണ്ടു ചെറുപ്പക്കാർക്കു
നിങ്ങളുടെ വാർത്ത വേണ്ട?
 
മനോരമ മുതൽ ന്യൂയോർക്ക് ടൈംസ് വരെ സകല വമ്പൻ മാധ്യമ ബ്രാൻഡുകളും അതു ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.
അവരെ സഹായിക്കാൻ ഓക്‌സ്ഫഡ് സർവകലാശാലയിലെ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും മറ്റു പലരും ഉണ്ട്. അവർ ഏറെ പഠനം നടത്തിയിട്ടുണ്ട്. മുപ്പത്തഞ്ചിനു താഴെയുള്ളവർ പത്രങ്ങളും ടെലിവിഷനുംവിട്ട് (അവയുടെ ഓൺലൈൻ പതിപ്പുകളും വിട്ട്) വാർത്തയറിയാൻ കൂടുതൽക്കൂടുതലായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നു. അതിന്റെ ഗ്രാഫ് കുത്തനെ ഉയർന്നുകാണുന്ന ഓരോ വർഷത്തെയും ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു  ഗവേഷണങ്ങൾ.
 
സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളെക്കുറിച്ചു പരമ്പരാഗത മാധ്യമങ്ങൾ ഉണ്ടാക്കിയ ഒച്ചപ്പാട്, ലോക്കൗട്ട് കാലത്തു കുറെയെല്ലാം ഫലമുണ്ടാക്കിയിരുന്നു. പഴയ ബ്രാൻഡുകളുടെ 'വിശ്വാസ്യത'യെക്കുറിച്ചു പുതിയൊരു ബോധം പൊതുവിൽ ഉണ്ടായിവരുന്നുവത്രെ. 
എന്നിട്ടും ചെറുപ്രായക്കാരെ 'ഉപഭോക്താക്കൾ' ആക്കാൻ കഴിയാതെ വിഷമിക്കുകയാണു പത്രം-ടി.വി കമ്പനികളും കോർപറേഷനുകളും. അതുകൊണ്ട്, ചെറുപ്പക്കാർ ആഗ്രഹിക്കുകയും വായിക്കുകയും ചെയ്യുന്ന ഇനം വാർത്തകൾ എങ്ങനെയിരിക്കും എന്നറിയാനായിരുന്നൂ ഇത്തവണ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേർണലിസത്തിന്റെ ഗവേഷണം.
ഗവേഷണം കഴിഞ്ഞ് അവർ ഉപദേശിച്ചു: വാർത്ത ഫേസ്ബുക്ക് ഉള്ളടക്കംപോലെ അനുഭവിക്കാൻ പാകത്തിൽ കൊടുക്കണം.
വാർത്താവിന്യാസത്തിന്റെ പുതിയ രീതികൾകൊണ്ട് മനോരമ നേരത്തേതന്നെ അതിനു ശ്രമിക്കുന്നതാണ്. പക്ഷേ, അതുകൊണ്ടും സംഗതി നേരെയാവുന്നില്ല. മാർക്കറ്റ് ലീഡർ ആയ അവർക്കും ലീഡറുടെ പിന്നാലെ നീങ്ങുന്നവർക്കുമുള്ള യഥാർത്ഥ ഉപദേശം റോയിട്ടർ റിപ്പോർട്ടിന്റെ അടിയിലുണ്ട്: നെഗറ്റിവിറ്റി, സ്റ്റീരിയോടൈപ്പുകൾ, വൈവിധ്യരാഹിത്യം എന്നീ മേഖലകളിൽ മാറ്റം വരുത്തിയുള്ള റിപ്പോർട്ടിംഗ് വേണം.
 
അതിൽ നെഗറ്റിവിറ്റിയാണു ലോകത്തെവിടെയും കുഞ്ഞുങ്ങൾ തീർത്തും ഉപേക്ഷിക്കുന്നത്. ജീവിതത്തിൽ മുന്നോട്ടു മുന്നോട്ട് എന്നതാണ് അവരുടെ അടിസ്ഥാന താളം. പോസിറ്റീവ് വൈബ് മാത്രം. വാർത്ത മാംസള ക്രൈംത്രില്ലർ ആക്കുന്നതു മധ്യവയസ്‌കരെ ഇനിയും  ആവേശം കൊള്ളിച്ചേക്കും. ആ തലമുറ കടന്നുപോകുകയാണ്. ഇനിയും അവരെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നാൽ, പഠിപ്പുര - കരിയർ ഗുരു സപ്ലിമെന്റുകൾ വച്ചു പിടിച്ചുനിൽക്കാനാവില്ലെന്ന്, ഒരു ചെറുകിട- ഇടത്തരം പത്രത്തിലെ പഴയ മുഖപ്രസംഗകനല്ല  റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആണു പറയുന്നത്.
 
സർവലോക മാധ്യമ ബ്രാൻഡുകളെയും അവർ ഓർമിപ്പിക്കുന്നു: നിങ്ങളുടെ ന്യൂസ് റൂമിലോ ന്യൂസുകളിലോ ഇടംകിട്ടാത്ത പെൺകുട്ടികൾ, സ്ത്രീകൾ, ഗോത്രവർഗക്കാർ, പീഡിത ജാതികൾ, പിന്നാക്കർ തുടങ്ങി ഏറെ മനുഷ്യരുണ്ട്. അവരുടെ വാർത്തയും വീക്ഷണവുമറിയാൻ പുതിയ കുഞ്ഞുങ്ങൾ താല്പര്യപ്പെടുന്നു. ... തിരിച്ച്, "ഞങ്ങൾ തരുന്ന ഇതാണു നിങ്ങൾ അറിയേണ്ടത് " എന്ന് അവരോട് ആജ്ഞാപിച്ചിട്ടു കാര്യമില്ല.
 
വ്യത്യസ്ത അഭിപ്രായങ്ങൾക്കു തുല്യാവസരം എന്ന പേരിൽ കൃത്രിമ തൂക്കമൊപ്പിക്കലിനു ശ്രമിച്ചിട്ടും കാര്യമില്ല.
യഥാർത്ഥ മാനവിക പുരോഗതിയുടെയും സാമൂഹിക നീതിയുടെയും സമാധാനത്തിന്റെയും പക്ഷത്തുനിന്നുള്ള കാഴ്ചപ്പാട് ആണു കുഞ്ഞുങ്ങൾക്കു വേണ്ടത്. അവർക്ക് അതിന് ഉറവിടങ്ങളുണ്ട്.
 
കുഞ്ഞുങ്ങൾ പച്ചയ്ക്കു പറയുന്നു: നിങ്ങളുടെ ആവർത്തിച്ചുള്ള സങ്കുചിത തലക്കെട്ടുകൾ ഞങ്ങൾക്കു വേണ്ട. തീയട്രിക്സിനു ഞങ്ങൾക്കു വേറെ പ്ളാറ്റ്ഫോമുകളുണ്ട്. ജാതിവിവേചനമോ ലിംഗപക്ഷപാതമോ ഇല്ലാത്ത തീയട്രിക്സിന്റെ പ്ളാറ്റ്ഫോമുകൾ.
 
സമ്മതിക്കണം: പഴയ കളിക്കുടുക്കകൾകൊണ്ടൊന്നും തടുക്കാവുന്നതല്ല മലയാളത്തിലും ഭൂമിമലയാളത്തിലും പുതിയ തലമുറകൾ ഉയർത്തുന്ന മാധ്യമവെല്ലുവിളി. അവരെപ്പോലെ ലോകം കാണാൻ ശീലിക്കുകയേ തരമുള്ളൂ. നിങ്ങൾ ഉണ്ടാക്കിപ്പോന്നതെല്ലാം വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ ഇട്ടാൽ കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആയി എന്നു കരുതരുത്. ക്ളിയർ ആണു കുഞ്ഞുങ്ങൾ.
ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഒരു പേജിന്റെ മൂലയ്ക്ക് നേർച്ചയ്ക്കൊരു 'ഹായ് ' വാർത്ത വായിക്കാനല്ല, ഏതു വാർത്ത വായിച്ചും 'ഹായ് ' എന്നു ഫീൽ ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്.
 
ജോസ് ടി
18 ജൂൺ 2022
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക