കുരിശും യുദ്ധവും സമാധാനവും: പി സി ശ്രീകുമാർ

Published on 20 June, 2022
 കുരിശും യുദ്ധവും സമാധാനവും: പി സി ശ്രീകുമാർ

നീണ്ട നാളത്തെ വായനക്കും  പഠനങ്ങൾക്കും ഗവേഷണത്തിനും ശേഷം ശ്രീ ജോസ് ടി തോമസ് എഴുതിയ " കുരിശും യുദ്ധവും സമാധാനവും "  എന്ന പുസ്തകം ഒരു സാധാരണക്കാരനായ ഞാൻ വായിച്ചു. 

മതത്തിന്റെ ഉടുപ്പ് ഇട്ട്
 പുരോഹിത വർഗ്ഗം വയറ്റിപ്പെഴപ്പിനായി അവതരിപ്പിക്കുന്ന ദൈവ സങ്കൽപ്പമായ അവതാരങ്ങളുടെ പിന്നിലെ മനുഷ്യനെ കാണാനുള്ള ആഗ്രഹമാണ് ഈ പുസ്തകത്തിന്റെ വായനയിലേക്ക് എന്നെ എത്തിച്ചത്.  ക്രിസ്തു ആക്കപ്പെട്ട യേശു ഇതിന്  ഉദാഹരണമാണല്ലോ.

ദൈവം എന്ന് പറയുന്നത് അൻപാണ് എന്ന് ഗുരുവിന്റെ വാക്കുകൾ മുൻ നിർത്തി യേശുവിനെ മനസ്സിലാക്കുകയും അത് സമൂഹത്തോട് പറയുകയും പുതു തലമുറ അതായിരിക്കും ഉൾകൊള്ളുകയെന്ന് തീർച്ചയായും പ്രതീക്ഷിക്കുകയും ചെയ്യുകയാണ് രചയിതാവ്. യേശു , ശ്രീ യേശുവാണ് ,  "നിരുപാധിക കരുണാർദ്ര  സ്നേഹം"  നിറഞ്ഞ ,  അൻപ് നിറഞ്ഞ മനുഷ്യനാണ്. അല്ലാതെ അൽഭുതങ്ങൾ കാണിക്കുന്ന, മനുഷ്യരിൽ നിന്ന് വേറിട്ട് നിൽക്കുന്ന അമാനുഷികനല്ല.  മനുഷ്യരുടെ ഇടയിൽ അവരിലൊരാളായി നിൽക്കുന്നവനാണ്. ഈ യേശുവാണ് പുനർജനിച്ച് മരണമില്ലാതെ മനസ്സുകളിൽ ജീവിക്കുന്നത്.

ലാഭ കണ്ണോടെ  " ശ്രീ യേശു ധാര "യെ എങ്ങിനെ " ക്രിസ്തു ധാര" യാക്കി മാറ്റി എന്നും അതിനായി യേശുവിന്റെ വാക്കുകൾ ഏങ്ങിനെയൊക്കെ മാറ്റപെട്ടു എന്നും ആധികാരികമായി പുസ്തകം വിവരിക്കുന്നു. കിഴക്കിന്റെ ശ്രീയേശുവിനെ പടിഞ്ഞാറിന്റെ ക്രിസ്തു വിഴുങ്ങുന്നത് വേദനയോടെ പുസ്തകം ഓർക്കുന്നു. " ശ്രീ യേശു - മറിയം സ്നേഹ സ്മരണയുടെ ചെറു സമാജങ്ങളിൽ" നിന്ന് ഇന്നത്തെ ഉഗ്രഭാവത്തിൽ പടർന്ന് നിൽക്കുന്ന ക്രിസ്തീയ സഭയിലേക്കുള്ള മാറ്റം പ്രതിഷേധത്തോടെ പറയുന്നു.

ആരൊക്കെയോ ഏതൊക്കയോ സാഹ ചര്യത്തിൽ കെട്ടി പൊക്കിയ മതം എന്ന സങ്കൽപ്പത്തിന്റെ ഇല്ലാത്ത വിശുദ്ധിയുടെ  പേരിൽ ചോര തിളയ്ക്കുകയും അതിന്റെ പേരിൽ അപരനെ വെറുക്കുകയും ചെയ്യുന്ന ഈ കാലത്ത് വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്.

മതത്തിന്റെ പൊട്ട കിണറ്റിൽ നിന്ന് പുറത്ത് വന്ന് ലോകത്തെ കാണുകയും അവിടെ നിന്ന് യേശുവിനെ മനസ്സിലാക്കുകയും ചെയ്ത പ്രഗത്ഭ പത്രാധിപരായ ശ്രീ ജോസ് ടി തോമസിന് സ്നേഹത്തോടെ ആശംസകൾ അഭിവാദ്യങ്ങൾ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക