സൗന്ദര്യ വിജ്ഞാനകോശവും എന്റെ പ്രണയവും : (ജിജോ സാമുവല്‍ അനിയന്‍)

ജിജോ സാമുവല്‍ അനിയന്‍ Published on 20 June, 2022
 സൗന്ദര്യ വിജ്ഞാനകോശവും എന്റെ പ്രണയവും : (ജിജോ സാമുവല്‍ അനിയന്‍)

1994 ജൂണ്‍ പതിനാലാം തീയതി വെളുപ്പിന് മൂന്നു മണിക്കാണ് ഞാന്‍ അവളെ കണ്ടുമുട്ടിയത്. ഇരു നിറത്തില്‍ മെലിഞ്ഞ ഒരു സുന്ദരി.
വിദേശത്ത് വെച്ച് മരണപ്പെട്ട എന്റെ ഒരു സുഹൃത്തിന്റെ
പെങ്ങളുടെ ഡെഡ് ബോഡിയുമായിട്ടാണ് കോട്ടയത്തു നിന്നും പെരുമ്പാവൂരിലെ അവരുടെ വീട്ടില്‍ ഞാനും, എന്റെ അനിയനും എല്ലാമടങ്ങുന്ന സംഘം ആ വെളുപ്പാന്‍ കാലത്ത് എത്തിച്ചേര്‍ന്നത്.
ആ വീടിന്റെ മുന്‍ വശത്തെ സെറ്റിയില്‍ കിടന്നുറങ്ങിയിരുന്ന ഒരു പെണ്‍കുട്ടി ശബ്ദം കേട്ട് ചാടി എണീറ്റു നോക്കുന്നത് എന്റെ മുഖത്തേക്കാണ്. അവളെ കണ്ട് അവളുടെ മുഖത്തേക്ക് മിഴിച്ചു നോക്കി നില്‍ക്കുകയാണ്, അപ്പോള്‍ എന്റെ  മനസ്സ്  മന്ത്രിച്ചു 
'ഇതാണ് നിന്റെ പെണ്ണ്..'
'ഇതോ..'
ഞാനവളുടെ മുഖത്തേക്ക് നോക്കി അല്‍ഭുതം കൂറി
നില്‍ക്കുകയാണ്...

അങ്ങനെ തുടങ്ങിയതാണ് ആ ബന്ധം. നല്ല സുഹൃത്തുക്കളായി തുടങ്ങിയ ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് വഴുതി വീഴാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല. പൗരധ്വനിയില്‍ നിന്നും പടിയിറങ്ങി സിനിമയുടെ പിന്നാലെ പാഞ്ഞിരുന്ന സമയം. അന്നു മുതല്‍ മദ്യപാനവും, സിനിമയും എല്ലാം കളഞ്ഞ് അറിയാവുന്ന തൊഴിലായ പബ്‌ളീഷിങ്ങിലേക്ക് സധൈര്യം വീണ്ടും തിരികെയെത്തി. അങ്ങനെയാണ് ക്രൗണ്‍ ബുക്‌സ് എന്ന സ്ഥാപനം എറണാകുളത്ത് ആരംഭിക്കുന്നത്. പ്രഥമ പുസ്തകമായി 'സൗന്ദര്യ വിജ്ഞാനകോശം'
പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. 'വീട്ടിലൊരു ബ്യൂട്ടിഷന്‍' എന്ന പരസ്യ വാചകത്തില്‍ പ്രീ പബ്ലിക്കേഷന്‍ ബുക്കിംങ്ങ് തുടങ്ങി.
സൗന്ദര്യ വിജ്ഞാന കോശത്തിലെ ചിത്രങ്ങള്‍ അന്ന് ഫോട്ടോ ഷൂട്ട് ചെയ്തത് എറണാകുളത്തെ പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ സാജന്‍ തോമസ് ആയിരുന്നു. ദിവ്യാ ഉണ്ണി, ചഞ്ചല്‍, സ്വപ്ന തുടങ്ങി പ്രമുഖ മോഡലുകള്‍ അന്ന് സൗന്ദര്യ വിഞ്ജാന കോശത്തില്‍ അണിനിരന്നു. പുസ്തകം എനിക്ക് നഷ്ടമല്ലാത്ത കച്ചവടം തന്നു. തുടര്‍ന്ന് പി. വി രവീന്ദ്രന്‍ മാഷുടെ 'ഇംഗ്ലീഷ് പഠിക്കാന്‍ ഒരു ഫോര്‍മുല' എന്ന പുസ്തകം
പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന് ഇരുപത്തി അയ്യായിരം രൂപ അഡ്വാന്‍സും കൊടുത്തു. രവീന്ദ്രന്‍ മാഷ് ക്യാന്‍സര്‍ ബാധിതനായി കഴിയുന്ന കാലം.  പുസ്തകത്തിന്റെ പരസ്യത്തിനായി നടന്‍ ജഗതീഷിനെ തീരുമാനിച്ചു. അന്ന് ഒരു സിനിമയില്‍ ജഗതീഷ്
'എച്ചൂസ് മീ' എന്നു പറയുന്ന സീന്‍ പരസ്യത്തിനായി ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. പുസ്തകത്തിന്റെ മാനുസ്‌ക്രിപ്റ്റിനായി  ഞാന്‍ രവീന്ദ്രന്‍ മാഷെ ചെന്ന് കണ്ടെങ്കിലും അദ്ദേഹം അതു തരാതെ ഒഴിഞ്ഞു മാറി. ആ സമയം ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സില്‍ വര്‍ക്ക്  ചെയ്തിരുന്ന സുഹൃത്ത് എന്നെ ഇടക്കിടെ
കാണാന്‍ ക്രൗണ്‍ ബുക്ക്‌സ് ഓഫീസില്‍ വരുമായിരുന്നു. അടുത്ത പുസ്തകത്തെ കുറിച്ച് അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചിരുന്നു.
അടുത്ത ദിവസം മനോരമ പത്രത്തിന്റെ മുന്‍ പേജ് കണ്ട് ഞാന്‍ ഞെട്ടി. രവീന്ദ്രന്‍ മാഷുടെ 'ഇംഗ്ലീഷ് പഠിക്കാന്‍ ഒരു ഫോര്‍മുല' എന്ന പുസ്തകത്തിന്റെ പരസ്യം ആലുവ ആസ്ഥാനമായിട്ടുള്ള പെന്‍ ബുക്‌സിന്റെ പേരില്‍ വന്നിരിക്കുന്നു, അതും നടന്‍ ജഗതീഷിന്റെ  'എച്ചൂസ് മീ' എന്ന പരസ്യ വാചകം അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നു. ചതി വന്നത് എവിടെ നിന്നാണെന്ന് എനിക്ക് ബോധ്യമായി. ചികിത്സക്ക് പൈസയില്ലാതെ കഷ്ടപ്പെട്ടിരുന്ന രവീന്ദ്രന്‍ മാഷെ ഞാന്‍ പിന്നീട് വിളിച്ചിട്ടേയില്ല, ഏറെ താമസിയാതെ അദ്ദേഹം രോഗാരിഷ്ടതകളാല്‍ മരണമടഞ്ഞു. പെന്‍ ബുക്‌സിന് കോടികളുടെ കച്ചവടം കിട്ടി ആ ഒരൊറ്റ പുസ്തകം കൊണ്ട്. ഞാന്‍ തളര്‍ന്നു..,

പുസ്തക പ്രസിദ്ധീകരണ രംഗം ഞാന്‍ മടുത്തു. അതിനോടകം എന്റെയും അഞ്ചുവിന്റെയും കല്ല്യാണം തീരുമാനം ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അധികരിച്ചപ്പോള്‍ ഞാന്‍ അഞ്ചുവിനോട് പറഞ്ഞു. 'നിനക്ക് നല്ല കല്ല്യാണാലോചനകള്‍ വരുന്നുണ്ടല്ലോ, അതില്‍ ആരെയെങ്കിലും കല്ല്യാണം കഴിച്ചു സെയ്ഫ് ആകൂ കുട്ടീ..' അവള്‍ കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി നിന്നിട്ട് പറഞ്ഞു.. 'നിന്നെയാണ് ഞാന്‍ സ്‌നേഹിച്ചത്, നിന്റെ കാശിനെയല്ല ആസ് എ പേഴ്‌സണ്‍ എനിക്ക് നിന്നെ ഇഷ്ടമാണ്, എനിക്ക് നിന്റെ കൂടെ ജീവിക്കണം.' ഇവിടെയാണ് ഞാന്‍ പെട്ടു പോയത്, പ്രാര്‍ത്ഥന അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. എറണാകുളത്തു നിന്നും തിരികെ കോട്ടയത്തെത്തുമ്പോള്‍ പുത്തനങ്ങാടി കുരിശു പള്ളിയില്‍ എല്ലാ ദിവസവും പാതിരാത്രിയില്‍ പോയിരുന്നു ഞാന്‍ പ്രാര്‍ത്ഥിക്കും. ആ സമയം  അവിടെ ആരും ഉണ്ടാകാറില്ല. ഒരിക്കല്‍ പ്രാര്‍ത്ഥിച്ച് ഇരിക്കുമ്പോള്‍ പുറകില്‍ ഒരു ഞരക്കം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി.
ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീ പള്ളിയില്‍ കയറ്റു പായില്‍ വളഞ്ഞു കിടക്കുന്നു. വേഗം ഞാന്‍ എണീറ്റു ചെന്ന് നോക്കി. എഴുപത് വയസ്സിന് മേല്‍ പ്രായം വരും, ചട്ടയും മുണ്ടുമാണ് വേഷം, കാതില്‍ ഒരു ഒരു കുണുക്ക് അണിഞ്ഞിട്ടുണ്ട്. കണ്ടാല്‍ മരിച്ചു പോയ എന്റെ വല്ല്യമ്മച്ചിയേ പോലെയുണ്ട്. 'വല്ല്യമ്മേ.. എന്താ, എന്തു പറ്റി..??' പെട്ടെന്ന് അവര്‍ തല പൊക്കിയിട്ട് പറഞ്ഞു. 'എനിക്ക് വിശക്കുന്നടാ..' അതും പറഞ്ഞു അവര്‍ തല താഴ്ത്തി വീണ്ടും കിടന്നു. ഞാന്‍ സ്‌കൂട്ടറില്‍ ടൗണിലെത്തി ദോശയും, ഓംലെറ്റും, വെള്ളവും എല്ലാം വാങ്ങി തിരികെ പള്ളിയില്‍ എത്തി. പള്ളിയില്‍ ഇരുന്ന് അതെല്ലാം അവര്‍ കഴിച്ചു  തീര്‍ക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി ഇരുന്നു.
എണീറ്റു കൈയ്യും കഴുകി എന്നെ അവര്‍ അവരുടെ  അടുത്തേക്ക് വിളിച്ചു. അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ രണ്ടു കൈയ്യും
എന്റെ തലയില്‍ വെച്ചിട്ട് പറഞ്ഞു. 'ദൈവം നിന്നെ അനുഗ്രഹിക്കും.., നീ മനസ്സില്‍ ആലോചിച്ചു വിഷമിക്കുന്നതിനെല്ലാം അവിടുന്ന് ഒരു തീരുമാനം ഉണ്ടാക്കും..' ആ വല്ല്യമ്മച്ചി പറഞ്ഞതു പോലെ മുപ്പത് ദിവസത്തിനകം, എല്ലാ പ്രശ്‌നങ്ങളും തീര്‍ന്ന് ഞങ്ങളുടെ കല്ല്യാണം നടന്നു. കല്ല്യാണ ശേഷം ഉച്ചയ്ക്ക് പാര്‍ട്ടി നടക്കുന്നു. സ്റ്റേജിലേക്ക് ഞങ്ങള്‍ കയറി ഇരുന്നുതും ഞാന്‍ ആ കാഴ്ച  കണ്ട് ഞെട്ടി പന്തിയില്‍ ഏറ്റവും മുന്നിലായിട്ട് അന്ന് പള്ളിയില്‍ വെളുപ്പിന് കണ്ട ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മച്ചി  ഇരുന്ന് ആസ്വദിച്ചു കഴിക്കുന്നു.  വേഗം ഞാന്‍ എണീറ്റ് സ്റ്റേജിന് താഴെയെത്തി.  ആ വല്ല്യമ്മച്ചി ഇരുന്ന് കസേരയില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല.  അവര്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയിലേക്ക് കുറേനേരം ഞാന്‍ നോക്കി നിന്നിട്ട്, അതില്‍ നിന്നും ഒരു പിടി വാരി വായില്‍ വെച്ച് ഞാന്‍ സ്റ്റേജിലേക്ക് തിരികെ നടന്നു...

വാല്‍ കഷ്ണം:- 
---------------------------
'ഇതൊരു ആണ്‍കുട്ടിയുടെ ഭ്രമകല്‍പനകളാവാം..
ക്രിസ്തു, കൃഷ്ണന്‍, മുഹമ്മദ്
എന്നിങ്ങനെ പേരുകള്‍ മാറി വിളിക്കുന്ന
വിശുദ്ധ ജന്മങ്ങള്‍ നിസ്സഹായരായ
മനുഷ്യന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതാവാം..'
                                       
                                              # രഞ്ജിത്ത്/ നന്ദനം/ സിനിമ.

ജിജോ സാമുവല്‍ അനിയന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക