Image

വി ഷിനിലാലിന്റെ കഥാലോകം: ‘ഉടല്‍ഭൗതികം’ മുതൽ 'അടി' വരെ (അഭിമുഖം-ശ്രീദീപ്)

ശ്രീദീപ് Published on 20 June, 2022
വി ഷിനിലാലിന്റെ കഥാലോകം: ‘ഉടല്‍ഭൗതികം’ മുതൽ 'അടി' വരെ (അഭിമുഖം-ശ്രീദീപ്)

ഒരു എഴുത്തുകാരനെ മറ്റുള്ളവരില്‍ നിന്നു വേറിട്ട് നിര്‍ത്തുന്നത് രചനകളിലെ വൈവിധ്യവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥകളുടെ ലോകവും അതിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് നമ്മുടെ മനസ്സ് നല്‍കുന്ന സ്ഥാനവും ഒക്കെയാണ്. അന്യൂനം പുറത്തുവരുന്ന എഴുത്തുകളില്‍ നിന്നു മലയാള സാഹിത്യത്തിന് പുതിയ സംഭാവനകള്‍ നല്‍കിവരുന്ന ധാരാളം എഴുത്തുകാരുണ്ട് ഇന്നത്തെ കാലത്ത്. അത്തരം വിശേഷപ്പെട്ട ഒരാളാണ് വി ഷിനിലാല്‍. ‘ഉടല്‍ഭൗതികം’ എന്ന പ്രഥമ നോവലിലൂടെത്തന്നെ നമ്മളെ വിസ്മയിപ്പിച്ചു ഇദ്ദേഹം. ‘124’, ‘സമ്പര്‍ക്കക്രാന്തി’ തുടങ്ങിയ കൃതികളിലൂടെ ആ വേറിട്ട പാത എത്തിനില്‍ക്കുന്നത് പ്രമേയത്തിലും കഥാഘടനയിലും മികച്ചുനില്‍ക്കുന്ന ‘അടി’ എന്ന നോവലില്‍ ആണ്. ഷിനിലാലിന്‍റെ കഥാലോകത്തേക്കും സര്‍ഗാത്മകതയിലേക്കും ഒരു ചെറിയ എത്തിനോട്ടം ആണ് ഈ അഭിമുഖം.

    ‘അടി’ എന്ന ഏറ്റവും പുതിയ നോവലിന് അഭിനന്ദനങ്ങള്‍, ആശംസകള്‍. എഴുത്തിലേക്ക് തിരിയാന്‍ നിമിത്തമായ ഏകകാരണം ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? വായനയുടെ സ്വാഭാവിക വികാസമായി ഭവിച്ചതാണോ എഴുത്ത്?
ഒറ്റക്കാരണം ആണ് ചോദിക്കുന്നതെങ്കിൽ അത് മൃത്യുഭയം ആണ്. മരിച്ചാലും എഴുത്തിലൂടെ ജീവിക്കാമല്ലോ എന്ന പ്രത്യാശ. അഥവാ, അത്യാഗ്രഹം.
വായനയുടെ സ്വാഭാവിക വികാസമായല്ല എഴുത്തുകാരനായത്. വായന അതിനെ മിനുക്കിയിട്ടുണ്ടെന്നേ ഉള്ളൂ. രണ്ടും രണ്ട് പ്രക്രിയ ആണ്. എഴുത്തുകാരനാവാൻ മികച്ച വായനക്കാരൻ പോലും ആവേണ്ടതില്ല, എന്നാണ് എന്‍റെ ചിന്ത.

    ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം എന്താണ്?
ചലനമാണ് ജീവിതത്തിന്‍റെ അടിസ്ഥാനം എന്ന് വിശ്വസിക്കുന്നു. കടുംപിടുത്തങ്ങളില്ലാതെ ആ ചലനത്തിന് വഴങ്ങിക്കൊടുക്കുക എന്നതാണ്. വരുന്നിടത്തു വച്ച് കാണാം.

    ‘സമ്പര്‍ക്കക്രാന്തി’യിലും ‘124’ ലും നമുക്ക് യഥാര്‍ത്ഥ ദേശീയതയുടെ പ്രാധാന്യത്തെപ്പറ്റി ബോധ്യമാകുന്നുണ്ട്. പ്രമേയവ്യത്യാസം ഉണ്ടെങ്കിലും ഇന്ത്യ എന്ന രാജ്യത്തിന്‍റെ ദേശീയതയുടെ ഒരു കൂട്ടിച്ചേര്‍ക്കലായി ‘അടി’യിലെ ചട്ടമ്പിമാരുടെ കഥകള്‍ വ്യാഖ്യാനിക്കുന്നതിനോട് എന്താണ് അഭിപ്രായം?

അങ്ങനെ എന്തെങ്കിലും രീതിയിൽ ആ കൃതികൾ ഉത്തമ ദേശീയതയെ വ്യാഖ്യാനിക്കുന്നതായി അറിയില്ല. എല്ലാത്തരം ദേശീയതകളും കുടിലമായി മനുഷ്യനെ ചുരുട്ടിക്കെട്ടുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഒരിടത്ത് ജനിച്ചു എന്നത് കൊണ്ടുമാത്രം ലഭിക്കുന്ന പട്ടമാണ് ദേശീയത. അതിനൊക്കെ അത്ര പ്രാധാന്യമേ കൊടുക്കേണ്ടതുള്ളൂ.


    ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ചട്ടമ്പിമാരുടെ പങ്ക് എന്തായിരുന്നു? നമ്മള്‍ സ്ഥിരം വാഴ്ത്തുന്ന ആളുകളുടെ കൂടെ വായിക്കപ്പെടേണ്ടതല്ലേ നമ്മുടെ സാമൂഹിക വ്യവസ്ഥിതി നിര്‍ദാക്ഷിണ്യം മറച്ചുവച്ച അവരുടെ അപദാനങ്ങളും?

ഏതൊരു പ്രശ്നത്തിലും മുൻപിൻ നോക്കാതെ, സ്വാർത്ഥലാഭം നോക്കാതെ ചാടിപ്പുറപ്പെടുന്നവരെ നമുക്ക് ചട്ടമ്പികൾ എന്ന് വിളിക്കാം. നെഞ്ചൂക്ക് കാട്ടി അവർ മുന്നിൽ കയറി നിൽക്കും. അങ്ങനെ നോക്കുമ്പോൾ ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഒക്കെ കിടിലം ചട്ടമ്പിമാരായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് “ഇവിടന്ന് എറങ്ങിപ്പോടാ മയിരേ….” (ക്വിറ്റ് ഇന്ത്യ) എന്ന് പറയാൻ ഗാന്ധിയെപ്പോലൊരു ചട്ടമ്പിക്കല്ലേ കഴിയൂ. സുഭാഷ് ആകട്ടെ കംപ്ലീറ്റ് രക്തം കൊണ്ടുള്ള കളിയായിരുന്നു. “You give me blood; I'll give you freedom.” (ചോര തരിനെടാ മയിരൻമാരേ, ഞാൻ നെനക്കൊക്കെ സ്വാതന്ത്ര്യം തരാം). മറ്റൊരു ചട്ടമ്പി.

പഠിപ്പിസ്റ്റുകളല്ല, സ്കൂൾ തന്നെ ഉപേക്ഷിച്ചവരാണ്. ഊണുമുറക്കവും ഉപേക്ഷിച്ച് തെരുവിലിറങ്ങിയ മനുഷ്യരാണ്. വിറച്ചവരല്ല തൂക്കുമരങ്ങളെ വിറപ്പിച്ചവരാണ് സ്വതന്ത്ര്യം നേടിത്തന്നത്. അവരെല്ലാം ചട്ടമ്പിമാരാണ്.

    കക്ഷിരാഷ്ട്രീയം കൊണ്ട് ചട്ടമ്പിമാര്‍ക്ക് എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടായോ? കമ്മ്യൂണിസം പ്രത്യേകിച്ചും അവരോട് അനുഭാവം പ്രകടിപ്പിച്ച ചട്ടമ്പിമാരെ എങ്ങനെയാണ് അടയാളപ്പെടുത്തിയത്? വെറും ആള്‍ബലം എന്നൊരു അവശേഷിപ്പിലേക്ക് അവര്‍ ചുരുക്കപ്പെട്ടോ?

ചങ്കൂറ്റത്തിന്‍റെ എന്നപോലെ ആത്മാർത്ഥതയുടെയും ആൾ രൂപങ്ങളാണ് ചട്ടമ്പിമാർ. പ്രസ്ഥാനങ്ങൾക്ക് അവരെ ആവശ്യമുണ്ട്. വലിയ പ്രസ്ഥാനങ്ങൾക്ക് അടിവളമാണവർ. ആത്യന്തികമായി ഒരു കത്തിക്കോ വെടിയുണ്ടക്കോ ഇരയാകാനായിരിക്കും അവരുടെ വിധി. എന്നാലും വിശ്വാസത്തിന്‍റെ ഒരാന്തര പ്രേരണയാൽ അവർ കത്തിപിടിച്ച് മുന്നിൽ നടക്കുന്നു. അല്ലെങ്കിൽ അങ്ങനെ നടക്കുന്നതായി അവർ ധരിക്കുന്നു.
‘അടി’യിൽ ഇ എം എസ് മരിച്ച ദിവസം സത്യവാൻ ചട്ടമ്പി കോൺഗ്രസുകാരനായ കുട്ടിയാശാനോട് പറയുന്നു: “തായളീ, ഈയെമ്മസ്സ് മാത്തറേ മരിച്ചിറ്റൊള്ളൂ. ഞാൻ ഇപ്പഴും ഇവിട ഒണ്ട്.” - എന്ന്.

    ധാരാളം യാത്ര ചെയുന്ന ആള്‍ എന്ന നിലയില്‍ നിരീക്ഷിക്കുന്ന മനുഷ്യര്‍ ഒരു കഥയായോ കഥാപാത്രമായോ മാറാമല്ലോ. എങ്ങനെയാണ് താങ്കളുടെ മനസ്സില്‍ ഒരു കഥ ഉരുത്തിരിഞ്ഞുവരുന്നത്?
അനുഭവങ്ങൾ അങ്ങനെ തന്നെ കഥയാവാറില്ല. മനസ്സിനുള്ളിൽ അത് ഒരു പ്രോസസിൽ കൂടി കടന്നുപോകും. അതിൽ നിന്നും വിവിധ ചിന്തകൾ ഉണ്ടാവും. നിഗമനങ്ങൾ ഉണ്ടാവും. ഇതെല്ലാം തികച്ചും സ്വാഭാവികമായി നടക്കും. അതിന്‍റെ തുടർച്ചയായി ചിലപ്പോൾ ഒരു മിന്നൽ ഉണ്ടാവും. Intuition. ആ നിമിഷം കഥ ജനിക്കും. 

    “പോലീസാവ്. പോലീസായാല്‍ നെനക്ക് പോലീസും ആവാം ചട്ടമ്പീം ആവാം” എന്നു പറയുന്നുണ്ട് ഏലിസണ്‍ പീലിപ്പോസിനോട്. ഒരുപാട് തലങ്ങളില്‍ വ്യാഖ്യാനം ചെയ്യാന്‍ കഴിയുന്നൊരു സംഭാഷണശകലമാണ് അത്. ‘ചട്ടമ്പി’ എന്ന പദത്തിന് ഇന്നൊരു നിഷേധാര്‍ത്ഥമാണെന്ന് ചിന്തിക്കുമ്പോള്‍, നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ ഇതിന് എന്താണ് പ്രസക്തി, താങ്കളുടെ ദൃഷ്ടിയില്‍?

അത് വായനക്കാർ വ്യാഖ്യാനിക്കട്ടെ.

    ചട്ടമ്പികളില്‍ നിന്നു ഗുണ്ടകളിലേക്ക് വഴിമാറുമ്പോള്‍ പേരുകളുടെ മായികശക്തിയും കുറയുന്നതായി അനുഭവപ്പെടുന്നുണ്ട്. ചട്ടമ്പിമാരുടെ അദ്വീതിയതയുടെ ഒരടയാളം ആയിരുന്നു അവരുടെ പേരുകള്‍ എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടോ?

ചട്ടമ്പിമാരെ പോലെ ഗുണ്ടകൾക്കും സ്ഥാനപ്പേരുകളൊക്കെ ഉണ്ടല്ലോ. കുറേപ്പേരെ എനിക്ക് നേരിട്ടറിയാം.

    ചെറുകഥകള്‍ നോവലുകളായി പരിണാമം സംഭവിക്കുമ്പോള്‍ മൂലകഥാപാത്രങ്ങള്‍ക്ക് വേറൊരു ഛായ കൊടുക്കണം അല്ലെങ്കില്‍ അവരുടെ നിയോഗം വേറൊരു രീതിയിലേക്ക് മാറ്റിയെഴുതണം എന്ന് തോന്നിയിട്ടുണ്ടോ? ഒരു നോവലിന്‍റെ ലേഖനത്തുണിയില്‍ അങ്ങനെ ഒരു സ്വാതന്ത്ര്യം ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടോ?
ലേഖനത്തുണി എന്ന വാക്ക് എനിക്കിഷ്ടപ്പെട്ടു. നോവൽ വളരെ വലിയ കാൻവാസാണ്. കഥാപാത്രങ്ങളെ പല രീതിയിൽ വളർത്തിയെടുക്കാൻ സ്വാതന്ത്ര്യമുണ്ട്.

    ‘ഉടല്‍ഭൗതിക’ത്തില്‍ നിന്ന് ‘സമ്പര്‍ക്കക്രാന്തി’യിലേക്കും പിന്നീട് ‘അടി’യിലേക്കും എത്തുമ്പോള്‍ വേറൊരു തരം ലോകമാണ്. അവിടെ മനുഷ്യന്‍ എന്ന നിലയില്‍ തുല്യത കൈവരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ കുറെക്കൂടി തീവ്രമായി അനുഭവപ്പെടുന്നു. അടി എന്ന  ക്രിയാരൂപം മാറ്റിനിര്‍ത്തി നാട്ടുചട്ടമ്പിമാരുടെ അസ്തിത്വത്തെ ഇനി മുന്നോട്ടുള്ള കാലം അംഗീകരിക്കണം എന്നൊരു സന്ദേശം അതിലുണ്ടോ? 
ജീവശ്യംഖലയുടെ ഏറ്റവും മുകളിലാണ് മനുഷ്യൻ. ഈ പദവി ഒരു ജീവി എന്ന നിലയിൽ താരമമ്യേന ശാന്തമായ ഒരു ജീവിതം അതിന് നൽകേണ്ടതാണ്. എന്നാൽ, മനുഷ്യൻ മനുഷ്യനെ ഭരിക്കുന്നു. മനുഷ്യൻ മാത്രം മനുഷ്യനെ പീഢിപ്പിക്കുന്നു. അടിമയാക്കുന്നു. ദേശം, മതം, ജാതി, വർണ്ണം, വംശം, ഭാഷ എന്നിങ്ങനെ പല കള്ളികളിൽ വിഭജിക്കുന്നു. മറ്റ് ജീവികൾ തമ്മിൽ വിഭവങ്ങൾക്കും നിലനിൽപ്പിനുമായി മാത്രം മത്സരം നടക്കുമ്പോൾ മനുഷ്യൻ യുദ്ധത്തിനായി യുദ്ധം ചെയ്യുന്നു. യഥാർത്ഥത്തിൽ ഓരോ മനുഷ്യനും തുല്യ അവകാശികളാണ്. അനന്യരാണ്. എന്നാൽ, എന്തെല്ലാമോ ചിന്തകളുടെ പ്രേരണയാൽ നമ്മൾ വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രാക്തന ജീവിയായിരുന്ന കാലത്ത് നമുക്കൊപ്പം കൂടിയ അരക്ഷിതബോധവും അതിൽ നിന്നുളവായ ഭയവുമാണ് ഇതിന്‍റെ അടിസ്ഥാനം എന്ന് തോന്നുന്നു.

    ആഖ്യാനത്തിന് ഏറ്റവും മികച്ചത് നോവലോ ചെറുകഥയോ? വായനക്കാരുമായി ഏറ്റവും മികച്ച സംവേദനം നടക്കുന്നത് ഇതില്‍ ഏത് സാഹിത്യരൂപത്തിനാണ്, താങ്കളുടെ അഭിപ്രായത്തില്‍?
രണ്ടും രണ്ട് സാഹിത്യരൂപങ്ങളാണ്. വ്യത്യസ്ത ധർമ്മങ്ങളാണ് ഓരോന്നിനും. മനസ്സിൽ ഒരാശയം രൂപപ്പെടുമ്പോൾ അത് നോവലാണോ കഥയാണോ എന്ന് തിരിച്ചറിയും. ഒരിക്കലെഴുതിയ കഥകൾ തന്നെ പിന്നീട് നോവലിന്‍റെ ഭാഗമായി മാറിയേക്കും. രണ്ടിന്‍റെയും വായനക്കാരും വ്യത്യസ്തരാണ്.
    മനസ്സില്‍ കണ്ടുവെച്ചിട്ടുള്ള ഭാവി എഴുത്തുപദ്ധതികള്‍ എന്തൊക്കെയാണ്?

ഒരു നോവൽ മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ. ബാക്കിയൊക്കെ വരുന്നിടത്തു വച്ച് കാണാം.

**********

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക