Image

ചിരി പുരാണം (കവിത: രമണി അമ്മാൾ )

Published on 21 June, 2022
ചിരി പുരാണം (കവിത: രമണി അമ്മാൾ )

പ്രപഞ്ചത്തിലാകെയും
ചിരിയുടെ ധ്വനിയുണ്ട്:
വാനം ചിരിക്കും, 
വെൺമേഘത്തെല്ലായ്..
ഭൂമി ചിരിക്കും, 
വെയിൽ മുത്തു ചിതറി..
മഴവില്ലു മാനത്തു പൂക്കും ചിരിക്കും... 

പ്രകൃതി ഋതുക്കളിൽക്കൂടി
ചിരിക്കുന്നു;
വാസന്തപഞ്ചമി നിറ-
ചിരിയായും..
വർഷം, സന്തോഷക്കണ്ണീരണി
ഞ്ഞും..
ഹേമന്തം നിറങ്ങളിൽ 
ആറാടിയും,
ശിശിരം, പ്രണയക്കുളിരിൽ
നനഞ്ഞും...!

ചതിയുടെ നൂൽപ്പാലമറിയാതെ 
കയറിപ്പോം 
ഒരു ചിരിക്കു, മറുചിരി 
പകരമേകിൽ..!
ചിരികളിൽ വിഷംതേച്ച് 
പല്ലിറുമ്മുന്നവർ,
ചിരിയിലാ ക്രൗര്യം 
മറയ്ക്കുന്നവർ,
ചതിയുടെ നൂൽപ്പാലം
മെനയുന്നോരിവർ..
  
നിറകൺചിരിയിലെ 
വേദന കണ്ടതും
ചിരിയിലാ നൊമ്പരം 
അലിയിച്ചു മായ്ച്ചതും
കണ്ണീരൊളിക്കാൻ 
ചിരിച്ചങ്ങു നിന്നതും,...!
സ്നേഹവും, കരുതലും 
ചേർത്തു പിടിക്കലും,
സഹനവുമോർമ്മയും 
പുഞ്ചിരിയല്ലയോ..!
പൂവു പോലുള്ളൊരു 
പുഞ്ചിരിയിൽ തന്നെ 
നോവൊടുങ്ങാനൊരു 
സാന്ത്വനമില്ലയോ....!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക