അവസാനമില്ലാത്ത യാത്രകൾ (ചെറുകഥ: കാവ്യദാസ് ചേർത്തല)

Published on 21 June, 2022
അവസാനമില്ലാത്ത യാത്രകൾ (ചെറുകഥ: കാവ്യദാസ് ചേർത്തല)

അന്ന്,
 ഉരുവിട്ടു പഠിച്ച പാഠം മറന്നു പോയ ഒരു മൂന്നാം ക്‌ളാസ്സുകാരനെപ്പോലെ അവൻ നിന്നു കിതച്ചു.ആ ഹൃദയത്തുടിപ്പുകൾ അറിഞ്ഞിട്ടെന്ന വണ്ണം കാറ്റാടി മരങ്ങളിൽ ചേക്കേറിയ കാറ്റ് അവന്റെ അലസമായ മുടിയിഴകളെ തഴുകി.  

 "ഇനി എന്നാ കാണ്ആ ?"

 "എന്നെങ്കിലും"

   "ഞാൻ കാത്തിരിക്കും "

     "ഉം............"

 " സജീവ്, നിനക്കെന്നോട്‌  ഒന്നും പറയാനില്ലേ?"

 പ്രണയത്തിന്റെ ഒരു കടൽ ഉള്ളിൽ ഇരമ്പുന്നുണ്ട്.പക്ഷേ പ്രാരാബ്ധസ്മരണകളിൽ അത് സ്വയം ഉൾവലിഞ്ഞു പോകുന്നു.
ബിരുദം.ജോലി....
മൂന്നു സഹോദരിമാരുടെ ഭാവി അവനെ ആശ്രയിച്ചാണെന്ന്  അമ്മ എത്രയോവട്ടം ഓർമ്മിപ്പിച്ചിരിക്കുന്നു. കടമകളുടെ കാൽച്ചങ്ങലകളിൽ ബന്ധിക്കപ്പെട്ടവന് പ്രണയം നിഷിദ്ധമാകുന്നു.
എന്നിട്ടും ആത്മാവിൻറെ അനിവാര്യത പോലെ സീതയുടെ നിഷ്കളങ്കമായ പുഞ്ചിരിയും കൊലുസിന്റെ നാദവും സായന്തനങ്ങളെ  ഉന്മേഷഭരിതമാക്കി.
മൂന്നു വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്!!!
"സീതേ നിന്നോട് പറയുവാൻ കരുതിവെച്ചതൊക്കെ  ഉള്ളിൽ വിങ്ങി നിൽക്കുന്നു. "
"ഇതിരിക്കട്ടെ ശ്യാം. ഇതു കാണുമ്പോഴെങ്കിലും നീ എന്നെ ഓർക്കാതിരിക്കില്ല".
രണ്ടു മുടിപ്പിന്നുകൾ അവൾ അവനു നേർക്ക് നീട്ടി.
കാലം നിശ്ചലമായെങ്കിലെന്നു കരുതിപ്പോയ നിമിഷങ്ങൾ.
"സീതേ, നിനക്കു കത്ത് അയയ്ക്കാമെന്ന് എനിക്കുറപ്പില്ല.എന്നാൽ നിന്നെക്കുറിച്ചെഴുതാമെന്ന് ഞാൻ ഉറപ്പു തരുന്നു.അസമത്വങ്ങളുടെ അതിർവരമ്പുകൾ ഇല്ലായ്മ ചെയ്യപ്പെടുന്ന ഒരു കാലത്തായിരുന്നു നാമെങ്കിലെന്നു വെറുതെ ആശിച്ചു  പോകുന്നു."
പാളങ്ങളെ ഞെരിച്ചുവന്നെത്തിയ തീവണ്ടിയിലേറി അവൾ യാത്രയായി.
തീവണ്ടിയുടെ പരിഹാസദ്യോതകമായ കൂക്കിവിളി പിന്നെത്രയോവട്ടം
അവൻ കേട്ടു. ഇതുപോലെത്രയോ പ്രണയാതുര ഹൃദയങ്ങളെ ഉള്ളിലൊളിപ്പിച്ചാവും  അതിന്റെ  യാത്ര.
                                                                           

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക