നരച്ച ഇന്നലെകൾ വിലയ്‌ക്കെടുക്കുന്ന കട (അജിത് . ആർ)

Published on 21 June, 2022
നരച്ച ഇന്നലെകൾ വിലയ്‌ക്കെടുക്കുന്ന കട (അജിത് . ആർ)

പാഴ്‌വസ്തുക്കൾ വിലയ്‌ക്കെടുക്കുന്ന പീടികയിൽ, അപ്പോൾ കൊണ്ട് വന്ന സഞ്ചിയിൽ നിന്നും
ഓരോ വസ്തുവും അയാൾ പരിശോധിച്ചു തരം തിരിച്ചു.

പഴകി പിഞ്ചിയ ഒരു പട്ടുസാരി,
വർഷങ്ങൾ പഴക്കമുള്ള ചില കടലാസുകൾ,
കുറെ ഏറെ പഴയ ഫോട്ടോകൾ,
ഒരു വെള്ളെഴുത്തു കണ്ണട,
വെറ്റിലച്ചെല്ലം.

അയാൾ വിലയിട്ടു കാശെണ്ണി കൈമാറുമ്പോൾ കൊണ്ടുവന്ന അമ്മൂമ്മയുടെ കുഴിഞ്ഞു താണ കണ്ണുകളിൽ കണ്ണുനീർ നിറയുന്നത് കണ്ടു.

'അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങളാ, ന്റെ കല്യാണ സാരീം, പുള്ളി പോയി. ഒത്തിരി കാലം മുന്നേ, ഇനി ഇതൊക്കെ വച്ചിട്ടെന്തിനാ, ഒക്കെ പഴയതായി, ഒന്നിനും വിലയില്ല്യാണ്ടായി'

അവർ ഇടറിയ ഒച്ചയിൽ പറഞ്ഞു. അയാൾ വല്ലാതെ അസ്വസ്ഥനായി അവരെ പാളി നോക്കി. അവർ ആ കാശ് വാങ്ങി അവശതയോടെ എങ്കിലും ധൃതിയിൽ നടന്നു പോയി.
അയാൾ രണ്ടു നിമിഷം അവരെ നോക്കി ഇരുന്ന ശേഷം സാധനങ്ങൾ എല്ലാം അതാത് വസ്തുക്കൾക്കായി തിരിച്ച ഇടങ്ങളിൽ എടുത്തു വച്ച് തന്റെ കൊച്ചു സ്റ്റൂളിൽ വെറുതെ ഇരുന്നു. എങ്കിലും അയാളുടെ കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു. അവരുടെ ഇടറിയ ഒച്ച അയാളെ എന്തുകൊണ്ടോ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

അയാൾ കടയുടെ മൂലയിൽ കിടന്ന പൊട്ടിയ മൂന്നു ചക്ര സൈക്കിൾ നോക്കിയിരുന്നു. ഏതോ കുഞ്ഞിന്റെ സ്വപ്നമായിരുന്നിരിക്കണം ഇത്.  ഇങ്ങനെയൊന്നു കിട്ടാൻ വേണ്ടി ആ കുഞ്ഞു  വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവുമോ? ഒടുവിൽ കിട്ടിയപ്പോ അങ്ങേയറ്റം സന്തോഷത്തോടെ കൊച്ചരിപ്പല്ലു കാട്ടി ചിരിച്ചിട്ടുണ്ടാവണം. എന്തായാലും ആ കുഞ്ഞിന് ഒറ്റയ്ക്ക് പോയി ഇത് വാങ്ങാൻ ആവില്ലല്ലോ. അങ്ങനെ എങ്കിൽ  ഇത് ആ കുഞ്ഞിനോടുള്ള ആരുടെയോ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പ്രതീകം ആയിരിക്കണം. അയാളത് ഒന്നുകൂടി നോക്കി പൊട്ടിപ്പൊളിഞ്ഞു പോയിരിക്കുന്നു ആ മുച്ചക്ര സൈക്കിൾ. ഉപയോഗിച്ച് തേഞ്ഞു പോയ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പ്രതീകം. സ്നേഹത്തിനു അങ്ങനെ തേഞ്ഞൊടുങ്ങാനാവുമോ? പറ്റുമായിരിക്കും അല്ലെങ്കിൽ അതെങ്ങനെ ഇവിടെ വന്നു ?
അയാളുടെ ചുണ്ടിൽ നേരിയ ഒരു ചിരി മിന്നി മറഞ്ഞു.

അതിനപ്പുറം തുരുമ്പിച്ച ഒരു അലമാര ഇരിപ്പുണ്ട്, തുരുമ്പിനു കീഴടങ്ങി ഉപേക്ഷിക്കപ്പെട്ടു പോകും മുൻപ് ഒരു കുടുംബത്തിന്റെ എല്ലാമെല്ലാം സൂക്ഷിക്കപ്പെട്ടതു ഈ അലമാരയിൽ ആയിരുന്നിരിക്കാം, ഇതിനുള്ളിൽ ഇരുന്ന വസ്തുക്കളുടെ ബലത്തിൽ ആ കുടുംബവും സുരക്ഷിതരായിരുന്നിരിക്കാം. തുരുമ്പിച്ച പോയ സുരക്ഷിതത്വം. അയാൾ വീണ്ടും ചിരിച്ചു. ഇതിനുള്ളിൽ ഇരുന്നതൊക്കെ ഒന്നുകിൽ അത് മെച്ചപ്പെട്ട കൂടുതൽ സുരക്ഷിതമായ ഒന്നിലേക്ക് മാറ്റിയിട്ടുണ്ടാവാം, അല്ലെങ്കിൽ അങ്ങനെ സൂക്ഷിക്കാനൊന്നുമേ... ഹെയ്,  അത് മറ്റൊരു കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ടാവണം, അങ്ങനെയായിരിക്കട്ടെ.

അടുക്കി കെട്ടി വച്ചിരിക്കുന്ന എഴുതി തീർന്ന പഴയ നോട്ടു ബുക്കുകളെ അയാൾ വെറുതെ നോക്കിയിരുന്നു. ഈ നോട്ടുബുക്കുകളിൽ എന്താവാം? അറിവില്ലാത്ത കുട്ടികളിൽ നിന്നും അറിവുള്ള മുതിർന്നവരിലേക്കു വഴിനടത്തിയ എഴുത്തുകളാവാം. സ്വപ്നങ്ങൾക്ക് പിന്നാലെ കുതിക്കാൻ വേണ്ടി പഠിച്ചു തീർത്ത പാഠങ്ങൾ! ഇതിൽ എഴുതി പഠിച്ചവർ, അവർ ഇപ്പൊ എവിടെയായിരിക്കും, കുറെ ആളുകൾ ഒക്കെ പഠിച്ചു പഠിച്ചു മറ്റു ഉദ്യോഗങ്ങളിലുമാവാം,
കുറെ പേര് പഠിപ്പൊക്കെ വിട്ടു തന്നെ പോലെ വല്ല പണികളും ചെയ്തു ജീവിക്കുന്നുണ്ടാവാം, ഒന്നിനുമാവാതെ ഒന്നുമാവാതെ ജീവിതത്തിൽ തോറ്റു പിന്മാറിയവരും ഉണ്ടാവാം.

എന്തുകൊണ്ടൊ അയാളൊന്നു ഞെട്ടി. തുരുമ്പിച്ച അലമാരയുടെ മങ്ങിയ കണ്ണാടിയിൽ അയാൾ സ്വന്തം പ്രതിബിംബം കണ്ടു ചിരിക്കുമ്പോൾ ചിറികോട്ടി.  പെട്ടെന്നയാളുടെ മുഖം മങ്ങി.

പഠന മികവിന് കയ്യടി നേടി സന്തോഷിക്കുന്ന കൂട്ടുകാരനെ ക്ളാസുമുറിയിലെ ജനാലയിലൂടെ നോക്കി നിറകണ്ണോടെ നിൽക്കുന്ന എല്ലാറ്റിനും തോറ്റു പുറത്താക്കപ്പെട്ട ഒരു കുട്ടിയുടെ മുഖം. അയാൾ കണ്ണാടിയിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.

എന്തോ ഒരു അസ്വസ്ഥത. വെറുതെ ചുറ്റും പരതി നടന്ന അയാളുടെ കണ്ണുകൾ അമ്മൂമ്മ കൊണ്ടുവന്ന സഞ്ചിയിലെ പഴയ ഫോട്ടോയിൽ ഉടക്കി. അയാളത് എടുത്തു നോക്കി.

ബാല്യം മുതൽ യൗവനം വരെ വിവിധ പ്രായത്തിലുള്ള നാല് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും നടുവിലെ കസേരയിൽ ഇരിക്കുന്ന അച്ഛനും അമ്മയും. ആ ഫോട്ടോയിലെ അമ്മ ഇതൊക്കെ വിൽക്കാൻ കൊണ്ടുവന്ന അമ്മൂമ്മ തന്നെ എന്ന് അയാൾ രൂപസാദൃശ്യം കൊണ്ട് തിരിച്ചറിഞ്ഞു. മറ്റുള്ളവരെ ആരെയും തിരിച്ചറിയാൻ ആയില്ല. അയാളത് പാഴ് കടലാസുകളുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞുകളഞ്ഞു.
----------------------------
കവലയ്ക്കു അകലെക്കൂടെ പോകുന്ന തീവണ്ടി പാതയുടെ സമീപം നാട്ടുകാർ കൂട്ടം കൂടി നിന്നു.

'മനഃപൂർവം എടുത്തു ചാടിയതാ, ആർക്കെങ്കിലും തടയാൻ ആവും മുന്നേ '  ആരോ പിറുപിറുത്തു.

പിറ്റേന്ന് കടയിൽ സാധങ്ങൾ വിൽക്കാൻ വന്ന ക്ഷീണിച്ച മുഖമുള്ള ആ മെലിഞ്ഞ ചെറുപ്പക്കാരനാണ് പറഞ്ഞത്. തീവണ്ടിക്കു മുന്നിൽ ചാടി അവസാനിച്ച ആറു മക്കളുള്ള ഒരു അമ്മയുടെ കഥ.  മക്കളുടെ തിരക്കിനിടയിൽ അവർക്ക് വേണ്ടത്ര ഓർക്കാൻ ആവാതെ പോയ ഒരു അമ്മയുടെ കഥ. ആ ...... ഒക്കെയും ഇപ്പൊ സാധാരണ കഥകൾ തന്നെ.

അയാൾ ഭാവഭേദമൊന്നുമേയില്ലാതെ ആ കഥ കേട്ടുവെന്ന് വരുത്തി. ചെറുപ്പക്കാരന്റെ സഞ്ചിയിൽ നിന്നും ഓരോന്നായി പുറത്തെടുത്തു തരം തിരിച്ചു.
നരച്ച കുറെ നിരാശകൾ,
പൊട്ടിയ കിനാവുകൾ,
പഴകിപ്പോയ പ്രതീക്ഷകൾ,
പിന്നെ ഒരു കെട്ടു സർട്ടിഫിക്കറ്റുകളും.

പീടികക്കാരൻ ഒരു മരക്കഷണത്തിന്റെ അത്രയും നിസ്സംഗതയോടെആ വസ്തുക്കളുടെ തൂക്കം നോക്കി ഒരു തുണ്ടു പേപ്പറിൽ അതിനൊക്കെ തരം തിരിച്ചുള്ള വിലയെഴുതി എണ്ണിയെടുത്ത കാശ് കൈമാറി. അവയൊക്കെയുമൊരു അഴുക്കുപുരണ്ട ചാക്കിലേക്കടുക്കി കെട്ടിവച്ചു. എന്നിട്ടയാൾ അയാളുടെ ഇരിപ്പിടത്തിൽ ഇരുന്നു ചുറ്റും ഉള്ള ചാക്കുകളിൽ ഉറങ്ങുന്ന നരച്ചതും തുരുമ്പിച്ചതുമായ ഇന്നലെകളെ നോക്കി ചിറി കോട്ടി. എന്നിട്ടു മെല്ലെ ഒരു ഉറക്കത്തിലേക്ക് വഴുതി.
-------------------------------
അയാളുറങ്ങി എന്നുറപ്പായപ്പോൾ ചാക്കുകെട്ടുകളിൽ നിന്ന് ഓർമ്മകൾ ഒച്ചവയ്ക്കാതെ ഇറങ്ങി, അവ അയാളെയും കടന്നു, പാഴ്‌വസ്ത്തുക്കൾ വിലയ്‌ക്കെടുക്കുന്ന ആ കടയുടെ മുന്നിലൂടെ, ആരുടേയും കണ്ണിൽ പെടാതെ റെയിൽ പാതയിലേക്ക് വരിവരിയായി നടന്നു പോയി.

 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക