മദ്യപിച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു

Published on 21 June, 2022
മദ്യപിച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു

പത്തനംതിട്ട:  മദ്യപിച്ചെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട് ശശിധരന്‍പിള്ളയാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേല്‍ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ശശിധരന്‍ പിള്ള 6 മാസം മുന്‍പാണ് രജനിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരന്‍പിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന രജനി കയ്യില്‍കിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരന്‍പിള്ളയുടെ തലയില്‍ അടിക്കുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ശശിധരന്‍പിള്ളയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ രജനിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക