ഉടലിന്റെ രാഷ്ട്രീയവും  പെൺ പ്രവാസവും: ബുക് റിവ്യൂ, രമേഷ് പെരുമ്പിലാവ്

Published on 21 June, 2022
ഉടലിന്റെ രാഷ്ട്രീയവും  പെൺ പ്രവാസവും: ബുക് റിവ്യൂ, രമേഷ് പെരുമ്പിലാവ്
 
 
കെനിയയിലെ ഒരു പെൺ മാട്രിയാർക്ക് ഗ്രാമമാണ് 'ഉമോജ' സ്വാഹൈലി ഭാഷയിലുളള ഈ വാക്കിന്റെ അർത്ഥം 'ഐക്യം' എന്നാണ്. 1990 - ൽ സ്ഥാപിതമായ ഈ ഗ്രാമം  തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള സാംബുരു കൗണ്ടിയിലെ ആർച്ചേഴ്സ് പോസ്റ്റ് പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്നു. 
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ഭവനരഹിതരുടെയും നിർബന്ധിത വിവാഹങ്ങളിൽ നിന്ന് ഓടുന്ന പെൺകുട്ടികളുടെയും സങ്കേതമായി റെബേക്ക ലോലോസോളി എന്ന സാംബുരു വനിതയാണ് ഇത് സ്ഥാപിച്ചത്.  അക്രമവും സ്ത്രീകളുടെ പരമ്പരാഗത കീഴ്‌വഴക്ക നിലപാടും സാംബുരു ജനതയോട് യോജിക്കുന്നില്ല.
സാംബുരു സ്ത്രീകൾക്ക് അവരുടെ സമൂഹത്തിൽ ഒരു കീഴ്‌വഴക്കമുണ്ട്.  കന്നുകാലികൾ തുടങ്ങിയ വീട്ടുമൃഗങ്ങളോ, ഭൂമിയോ മറ്റ് തരത്തിലുള്ള സ്വത്തുവകകളോ സ്വന്തമാക്കാൻ അവർക്ക് അനുവാദമില്ല.  സ്ത്രീകളെ ഭർത്താവിന്റെ സ്വത്തായി കണക്കാക്കുന്നു.  സ്ത്രീ ജനനേന്ദ്രിയ വികലമാക്കൽ, നിർബന്ധിത വിവാഹം, ബലാത്സംഗം, ഗാർഹിക പീഡനം എന്നിവയ്ക്ക് അവർ ഏത് സമയവും വിധേയരാകാം. ഇത്തരത്തിൽ 1,400 ലധികം സാംബുരു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് സൈന്യത്തിനെതിരെ കേസ് ഉയർന്നു.  കേസ് അവസാനിപ്പിച്ചപ്പോൾ ഈ സ്ത്രീകളെ "അശുദ്ധരായി" കണക്കാക്കിയതിനാൽ ഭർത്താക്കന്മാർ ഉപേക്ഷിച്ചു. ബലാത്സംഗത്തിനിരയായ ഭാര്യമാരിൽ നിന്ന് ലൈംഗിക രോഗങ്ങൾ പിടിപെടുമെന്ന് ഭയന്ന് പുരുഷന്മാർ സ്ത്രീകളെ വീടുകളിൽ നിന്ന് പുറത്താക്കി. 
പല സ്ത്രീകളും വീടുകളില്ലാതെയായതിന്റെ തുടർച്ചയാണ്, ഉമോജയെന്ന ഗ്രാമത്തിന്റെ പിറവി. റെബേക്ക ലോലോസോളിയും മറ്റ് പതിനഞ്ച് സ്ത്രീകളും ഒത്തുചേർന്നാണ് ഇങ്ങനെയൊരു ഗ്രാമ നിർമ്മാണത്തിന് തുടക്കമിട്ടത്. 
ഫാസിലിന്റെ 'ഉടലാഴം' എന്ന പുസ്തകം കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ഉമോജ പോലെയുള്ള ഗ്രാമങ്ങൾ ഉണ്ടാവേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നുണ്ട്. 
സാമ്പത്തിക മാന്ദ്യകാലത്ത് ജോലി നഷ്ടപ്പെടുന്ന മുഖ്യ കഥാപാത്രമായ സുനന്ദയുടേയും അവളുടെ കൂട്ടുകാരികളുടേയും കഥയാണ് ഫാസിൽ എഴുതിയ ഉടലാഴം എന്ന നോവൽ. സുനന്ദ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ അവളുടെ മറ്റ് മൂന്ന് കൂട്ടുകാരികളായ ലക്ഷ്മിയും ഫരീദയും രേഷ്മയും ജോലിയുപേക്ഷിച്ച് അവൾക്കൊപ്പം പോകാൻ തീരുമാനിക്കുന്നു.
ഒരു സാധാരണ പ്രവാസ ജീവിതത്തിന്റെ പ്രശ്നങ്ങളിലൂടെ തുടങ്ങുന്നതെന്ന തോന്നലിൽ നിന്നും ഉടലാഴം വളരെ പൊടുന്നനെ പെൺ പ്രവാസത്തിന്റെ കഥയായി മാറുന്നുണ്ട്. വെറും പെൺ പ്രവാസമല്ല, ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും, ശ്രീലങ്കയിൽ നിന്നുമൊക്കെ ദുബായിൽ എത്തിച്ചേരുന്ന പല പെൺജീവതങ്ങളാണ് നോവലിലെ കഥാപാത്രങ്ങൾ. അവരൊക്കെ ഒരേ ചരടിൽ കോർത്ത മുത്തുകൾ പോലെ സമാനമായ ഒരു ജീവിതം മറികടന്ന് ഓടിപ്പോന്നവരാണ്. ഒറ്റ നിമിഷത്തിന്റെ തകിടം മറിച്ചലിൽ, തങ്ങളുടെ സ്വാഭാവിക ജീവിതങ്ങൾ അപരന്റേതായ കാരണങ്ങളാൽ തട്ടിത്തൂവിപ്പോയവർ. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ ബലാൽസംഗത്തിന് ഇരയായവരാണ്  ഇവരൊക്കെയും. 
1984 -  ൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ദിവസം ന്യൂ ഡെൽഹിയിൽ നടന്ന സിക്കു വിരുദ്ധ കലാപത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പഞ്ചാബി യുവതി അമിത് കൗർ, 1986 - ൽ കേരളത്തിലെ തങ്കമണി ഗ്രാമത്തിൽ നടന്ന പോലീസ് അതിക്രമങ്ങളുടെ മായാത്ത സ്മരണകൾ ഉടലിലും മനസ്സിലും കൊണ്ടു നടക്കുന്ന മേരി ജേക്കബ്, ശ്രീലങ്കയിലെ ജാഫ്ന ടീച്ചിംഗ് ഹോസ്പിറ്റലിൽ ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് നടത്തിയ കൂട്ടക്കൊലയുടേയും അതിക്രമങ്ങളുടേയും ഇരയായ രേവതി മുരുകപ്പ, വീരപ്പന്റെ വാസസ്ഥലമായിരുന്ന സത്യമംഗലം വനത്തിനടുത്തുളള വാച്ചാത്തി എന്ന ഗ്രാമത്തിൽ 1992 - ൽ വീരപ്പനേയും ചന്ദനക്കള്ളക്കടത്തുകാരേയും തേടി വന്ന ഒരു സംഘം ഫോറസ്റ്റുകാരും പോലീസുകാരും ചേർന്ന് നടത്തിയ ക്രൂര പീഡനത്തിൽ നിന്നും രക്ഷപ്പെട്ട ചിന്നയും മീനുവും തുടങ്ങി കഥയിലെ നായികയായ സുനന്ദയും മറ്റു കൂട്ടുകരികളും ഇത്തരം അനുഭവങ്ങളുടെ ബാക്കിപത്രമാണ്. 
ഒറ്റയ്ക്കും കൂട്ടമായും ആക്രമിക്കപ്പെട്ട, പുരുഷ ലിംഗമാണ് ഏറ്റവും ശക്തവും ക്രൂരവും നീചവുമായ ആയുധം എന്ന നേർ സാക്ഷ്യം നടത്തുന്ന ഒരു പറ്റം സ്ത്രീകൾ സ്ത്രീസമൂഹത്തെ റേപ്പിൽ നിന്നും രക്ഷിക്കുന്നതിനായി ചെയ്യാനൊരുങ്ങുന്ന (ചെയ്യാനാഗ്രഹിക്കുന്ന എന്ന് പറയുന്നതാവും കൂടുതൽ ശരി) ചില പദ്ധതികളാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്. 
ലോകത്താകമാനം ഇത്തരത്തിൽ സംഭവിച്ചിട്ടുള്ള അതിക്രമങ്ങളെ ചരിത്രങ്ങളെ അക്കമിട്ട് നിരത്തുന്നുണ്ട് നാേവലിസിറ്റ് ഫാസൽ. പ്രതികാരദാഹിയായ കഥാപാത്രത്തിന്റെ ഗൂഗിൾ സെർച്ചിലൂടെ പല സന്ദർഭങ്ങളിലായി അവ കഥയെ മുന്നോട്ട് നയിക്കുന്നു. 
അതേസമയം പ്രവാസ ജീവിതത്തിൽ ദിനേനെ നേരിടുന്ന ഓരോ തുടിപ്പുകളും കഥയുടെ സന്ദർഭത്തിനനുസരിച്ച് നോവലിൽ വന്നു പോകുന്നുണ്ട്. ദുബായിയിലെ ദേരയാണ് നോവലിലെ സുനന്ദയും കൂട്ടുകാരികളും താമസിക്കുന്ന ഭൂമിക. പ്രവാസം ഏതൊക്കെ അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന മികച്ചൊരു പഠനം കൂടി ഈ നോവലിൽ തെളിഞ്ഞു കാണാം. സുനന്ദ നടത്തുന്ന പല നിരീക്ഷണങ്ങളും വർത്തമാന കാല പ്രവാസത്തെ, ഒരു പ്രവചന മനോഭാവത്തോടെ നോക്കിക്കണ്ട എഴുത്തുകാരന്റെ 
ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. 
അത്രമേൽ ഇരുണ്ട ഈ കാലത്തിൽ സർഗ്ഗാത്മകമായി ഇടപെടൽ ആവശ്യപ്പെടുന്ന ഈ കൃതി, ഇതുവരെയുണ്ടായ പ്രവാസം പ്രമേയമായ നോവലുകളിൽ നിന്നും തീർത്തും വ്യത്യസ്തവും പുരോഗമനപരമായ ആശയവുമാണ് വായനയ്ക്കായി നമുക്ക് മുന്നിൽ തുറന്നിടുന്നത്. 
തൃശൂർ ജില്ലയിലെ വടക്കേക്കാട് സ്വദേശിയായ ഫാസിലിന്റെ മൂന്നാമത്തെ നോവലാണ് ഉടലാഴം. ലോഗോസ് ബുക്സാണ് പ്രസാധകർ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക