രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ തയാറെന്ന് യശ്വന്ത് സിന്‍ഹ

Published on 21 June, 2022
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ തയാറെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ്. സ്ഥാനാര്‍ഥിയാകണമെങ്കില്‍ തൃണമൂലില്‍നിന്നു രാജിവയ്ക്കണമെന്നു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉപാധി വച്ചിരുന്നു. ഈ ഉപാധി അംഗീകരിച്ചിട്ടുണ്ട്.

നേരത്തെ ബി.ജെ.പി ദേശീയ വക്താവായിരുന്ന ഇദ്ദേഹം മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ല്‍ പാര്‍ട്ടിവിട്ട് 2021ലാണ് തൃണമൂലില്‍ ചേര്‍ന്നത്. വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറും ഗാന്ധിജിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് യശ്വന്ത് സിന്‍ഹക്ക് നറുക്ക് വീണത്. രാഷ്ട്രപതി സ്ഥാനാര്‍ഥി എന്നനിലയില്‍ തന്നെ പരിഗണിച്ചതില്‍ പ്രതിപക്ഷ നേതാക്കളോട് നന്ദിയുണ്ടെന്ന് പറഞ്ഞ ഗോപാല്‍കൃഷ്ണ ഗാന്ധി, പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിയിച്ചത്.

''വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. മമത ബാനര്‍ജി ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' -എന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തത്. തൃണമൂലില്‍ മമതാജി തനിക്ക് നല്‍കിയ ബഹുമാനത്തിനും അന്തസ്സിനും താന്‍ അവരോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം കുറിച്ചു.

1960 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സിന്‍ഹ, 1984ല്‍ ഐ.എ.എസ് ഉപേക്ഷിച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 1986ല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി. 1988ല്‍ രാജ്യസഭാംഗമായെങ്കിലും 1989ല്‍ ജനതാദള്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിലേക്ക് കൂടുമാറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ കേന്ദ്ര ധനമന്ത്രിയായി. പിന്നീട് വീണ്ടും ബി.ജെ.പിയിലെത്തി. 1996ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായി. 2018 ല്‍ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക