Image

കാലം മാറി, കഥ മാറി (ശ്രീകുമാർ എഴുത്താണി)

Published on 21 June, 2022
കാലം മാറി, കഥ മാറി (ശ്രീകുമാർ എഴുത്താണി)

(റഫീഖ് തറയിലിന്റെ 'തരാത്തരികർ' എന്ന കഥയുടെ അവലോകനം)

 അത്രയും മാറ്റമേ ലോകത്തുണ്ടായിട്ടുള്ളു എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന കഥയാണ് ശ്രീ റഫീക്ക് തറയിൽ ‘ജനശക്തി ദ്വൈവാരിക’യിൽ എഴുതിയ ‘തരാത്തരികർ’ (വേഗമാകട്ടെ) എന്ന കഥ.
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ 1845 ൽ  ജർമ്മൻ ഭാഷയിലെഴുതിയ Den Lille Pige Med Svovlstikkerne (The Little Match Girl) എന്ന കഥ പിൽക്കാലത്ത് ഇംഗ്ലണ്ടിൽ ആമയും മുയലും പോലെ എല്ലാവർക്കും അറിയാവുന്ന ഒരു കഥയായി മാറി, മാറ്റി എന്ന് പറയുന്നതാവും ശരി.
ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഒരു ആൺകുട്ടിയെ പ്രതിഷ്ഠിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷം റഫീക്ക് ഈ കഥ എഴുതുമ്പോൾ ലോകം ഒട്ടും മാറിയിട്ടില്ല എന്നാണ് ആർക്കും തോന്നുക.
  ആധുനികകാലത്തെ മതങ്ങളാണ് ഐഡിയോളജികൾ എന്നതിന് ഇരുകൂട്ടരും കുട്ടികൾ, സ്ത്രീകൾ തുടങ്ങി നിരാലംബരായ ആൾക്കാരോട് കാട്ടുന്ന ഹൃദയശൂന്യത തന്നെ തെളിവ്. യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ഭിക്ഷാടനം പണ്ടേ നിരോധിച്ചിരുന്നു. എന്നാൽ ബാലവേല സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന കാര്യമായത് കൊണ്ട് അതിന് തടയിട്ടിരുന്നില്ല. തീപ്പെട്ടി പോലെ ചെറിയ വസ്തുക്കൾ വിൽക്കാനായി അലയുന്ന കുട്ടികൾ ശരിക്കും ഭിക്ഷാടനം തന്നെയാണ് നടത്തിയിരുന്നത്. ആളുകൾ അതൊക്കെ വാങ്ങി കാശുകൊടുക്കുന്നതും അതിന്റെ വിലയായിട്ടായിരുന്നില്ല.
  അങ്ങനെയൊരു പെൺകുട്ടിയുടെ കഥയാണ് തീപ്പെട്ടി വിൽക്കുന്ന കൊച്ചു പെൺകുട്ടി. ഈ കഥ ഇംഗ്ലണ്ടിൽ വാഴ്ത്തപ്പെടാനുള്ള കാരണം ദാരിദ്ര്യവും കഷ്ടപ്പാടും ഒരു ഭാഗ്യമാണ്, സ്വർഗ്ഗരാജ്യത്തേയ്ക്കുള്ള ടിക്കറ്റാണ് എന്ന ആശയം വഴി വിപ്ലവാഭിവാഞ്ചയ്ക്കും എന്തിന് പരാതി പറയാൻ പോലുമുള്ള ആഗ്രഹം ആർക്കുമുണ്ടാകാതെ തടയാനുള്ള ഒരു പോവഴിയായി അധികാരികൾ അതിനെ കണ്ടതുകൊണ്ടാണ്. ഇന്ന് ഇതേ കാരണം കൊണ്ട് തന്നെ ഈ കഥ പഠിക്കാതെ പത്താം ക്‌ളാസ്സ് കടക്കാൻ പ്രയാസമാണ്.
  ദാരിദ്ര്യത്തിന്റെ പരകോടിയിലെത്തിയ ഒരു പെൺകുട്ടി കൊടും തണുപ്പത്ത് മരിച്ചുപോകുന്നതും അവൾ സ്വർഗ്ഗത്തുള്ള തൻറെ അമ്മൂമ്മയുടെ അടുത്ത് എത്തിച്ചേരുന്നതുമാണ് ആ കഥ. പക്ഷേ റഫീക്കിന്റെ കഥയിൽ മതങ്ങൾ നീട്ടുന്ന സ്വർഗ്ഗമല്ല, വർഗ്ഗസമരത്തിന്റെ വാഗ്ദത്ത ഭൂമിയാണ് പ്രതിക്കൂട്ടിലാവുന്നത്.
  ഏതൊക്കെ സ്ത്രീകൾക്ക് മുന്നിലാണോ താൻ യാചിച്ച് കൈനീട്ടുന്നത് അവരിൽ ഒരാൾ തന്റെ അമ്മയായിരിക്കാം എന്ന് കരുതി അവരുടെ മുഖം വായിച്ചെടുക്കാൻ പണിപ്പെടുന്ന ഒരു പത്തുവയസ്സുകാരൻ അനാഥൻ തീവ്രഇടതുപക്ഷക്കാരുടെ കൈക്കോടാലിയാവുന്നതാണ് ഈ കഥ. ശരിക്കും വാഗ്ദത്ത ഭൂമിയിലൊന്നും വിശ്വാസമില്ലാത്ത തീവ്രവാദികൾ വർത്തമാന കാലത്ത് തന്നെ ജീവിതസുഖങ്ങൾ അനുഭവിക്കുന്നതിൽ യാതൊരു മടിയും മറയും കാട്ടുന്നില്ല. വിദ്യാർഥിസമരത്തിന്റെ തീച്ചൂളയിലേയ്ക്ക് അന്യന്റെ മക്കളെ തള്ളിവിട്ട് അവരുടെ പഠനവും ഭാവിയും മുടക്കിയിട്ട് സ്വന്തം മക്കളെ തങ്ങൾ എതിർക്കുന്ന സാമ്പത്തികനിലപാടുള്ള കമ്പനികൾക്കും രാജ്യങ്ങൾക്കും വിൽക്കുന്ന രാഷ്ട്രീയക്കാർ അതൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു ഉളുപ്പുമില്ലാതെ പങ്കുവെയ്ക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ!
  ഒരു ഫാഷിസ്റ്റും ഒരു ആദർശത്തിലും വിശ്വസിക്കുന്നവരല്ല, മതമായാലും ദാർശനികതയാലും കണക്ക് തന്നെ. രക്തസാക്ഷിത്വത്തോളമെത്തുന്ന നിസ്വാർത്ഥതയെയും മനുഷ്യസ്നേഹത്തെയും വാഴ്ത്തുന്നവർ പലരും സ്വയം അതൊന്നും ഏറ്റെടുക്കുന്നില്ല. കേവലം അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് ഒരു കുട്ടിയെ ചാവേറാകാൻ കിട്ടുന്നത് വ്യവസ്ഥിതിയുടെ വരദാനമാണ്, തൊഴിലില്ലായ്മ ഇല്ലെങ്കിൽ അണികളുടെ എണ്ണം കുറയുമെന്നതുപോലെ. അതുകൊണ്ട് തീവ്രവാദികൾ, മതപരമായും രാഷ്ട്രീയമായും ആ പാത സ്വീകരിക്കുന്നവർ, ദാരിദ്ര്യം എന്ന അവസ്ഥയുടെ ഗുണഭോക്താക്കൾ തന്നെയാണെന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. കൃഷിക്കാരുടെ ഇടയിലെ ദാരിദ്ര്യമാണ് ആ ചെറുപ്പക്കാരന് രതിസുഖം കുറഞ്ഞവിലയ്ക്ക് കിട്ടാൻ സഹായിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അപ്പോൾ പിന്നെ ഏതു വാഗ്ദത്ത ഭൂമിയെക്കുറിച്ചാണ് ആ മുറിയിലെ ലഘുലേഖകൾ പറയുന്നത്?
  സൗരവ് യാചിക്കാനിരിക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ എന്ന ആദ്യത്തെ വാക്കിൽ തന്നെ ഒരു നനുത്ത ആക്ഷേപഹാസ്യം ഒളിഞ്ഞിരിക്കുന്നു. അടുത്ത ഖണ്ഡികയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പി സൗരവിന്റെ പ്രതീകം കൂടിയാണ്. അവനത് ഊറ്റിക്കുടിച്ചപോലെ അവന്റെ സ്വത്വവും തീവ്രവാദികൾ ഊറ്റിക്കുടിക്കും എന്നൊരു foreshadowing ഫ്ലാഷ് ഫോർവേർഡ് പോലെ കഥയിലുണ്ട്. ‘സൗരഭം’ എന്ന നമ്മുടെ വാക്കാണ് ബംഗാളിയിൽ സൗരവ് ആകുന്നത്.  
  ‘വേഗമാകട്ടെ… വേഗമാകട്ടെ’ എന്ന പോലീസുകാരന്റെ വാക്കുകളാണ് തലക്കെട്ടായി കൊടുത്തിരിക്കുന്നത്. കഥയുടെ സസ്പെന്സിന് ഇത് സഹായകരമാണ്. നല്ല നാളെ വേഗമെത്താൻ വേണ്ടിയാണ് തീവ്രവാദത്തിലേയ്ക്ക് ആളുകൾ തിരിയുന്നത്. പറയുന്നത് ചെയ്താൽ കൊടുക്കാൻ അവരുടെ കയ്യിൽ കാശുണ്ടെന്നതിൽ നിന്നും ആദർശം മാത്രമല്ല അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. ‘നിനക്ക് പണക്കാരനാകേണ്ടെ’ എന്നാണ് സൗരവിനോട് തീവ്രവാദികൾ ചോദിക്കുന്നതും. അവരും ഇതുപോലെ വിലയ്ക്ക് വാങ്ങപ്പെട്ടവരാകാം. പണം മാത്രമല്ലല്ലോ വിലയായി കൊടുക്കാൻ കഴിയുക.
  “ഗേറ്റിലേക്കു നടക്കുന്ന കുടുംബത്തിനൊപ്പമുള്ള ഒരു സ്ത്രീ എന്തോ ചോദിക്കാനായി സമീപിച്ചു. പോലീസുകാരൻ അലസമായി എവിടേക്കോ വഴി പറഞ്ഞു കൊടുക്കുകയാണ്. അവരോടു സംസാരിച്ചുനിന്ന് സമയം പോക്കുന്നതിനു തടസ്സമായത് പിറകിൽ നിൽക്കുന്ന അവന്റെ സാമീപ്യമായിരുന്നു എന്ന് കുറ്റപ്പെടുത്തി അയാൾ ഒരിക്കൽക്കൂടി വടിവീശി. "തരാത്തരി കർ.”
  കഥയിലെ ഈ ഭാഗം കഥയെ വളരെ റിയലിസ്റ്റിക്ക് ആക്കുക മാത്രമല്ല ചെയ്യുന്നത്. സൗരവിന്റെ (അതുപോലെ മറ്റ് അനാഥബാല്യങ്ങളുടെയും) ജീവിതം മറ്റുള്ളവർ എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ ഒരു കമന്ററി കൂടിയാണിത്.  അവർ അങ്ങനെയായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്ന സമൂഹം അതിന്റെ കാരണം അവരുടെ മേൽ തന്നെ കെട്ടി വെയ്ക്കുന്നു. പോരെങ്കിൽ സമൂഹത്തിലെ മറ്റു പ്രശ്നങ്ങളുടെയും കാരണക്കാരായി അവരെ മാറ്റുന്നു. ഗർഭഛിദ്രം അനുവദിക്കാത്ത സമൂഹങ്ങളിൽ നിന്നാണ് ഏറെയും കുറ്റവാളികൾ വരുന്നത് എന്നൊക്കെ സ്ഥിതിവിവരക്കണക്കുകൾ നൽകി സ്ഥാപിക്കുന്നു (Freakonomics, Stephen J. Dubner and Steven Levitt) വളരെ ആർദ്രമായി ആ വാദഗതി ഇവിടെ റഫീക്ക് പോലീസുകാരനിൽ ആരോപിക്കുന്നു.
  “കോളനിയിലെ കുടിലിലേക്ക് ചെന്നാലോ? പക്ഷെ ബെൽറ്റൂരി നിൽക്കുന്ന ചാച്ചയുടെ മുഖം അവനെ ആ ഉദ്യമത്തിൽ നിന്നും വിലക്കി."
  കാശില്ലാതെ വീട്ടിലേയ്ക്ക് മടങ്ങി ചെന്നാലുള്ള അവസ്ഥ ആൻഡേഴ്സണിന്റെ കഥയിലുമുണ്ട്
  She was getting colder and colder, but did not dare to go home, for she had sold no matches, nor earned a single cent, and her father would surely beat her.
അതുപോലെ ഇതും നോക്കുക
She rubbed another match against the wall. It became bright again, and in the glow the old grandmother stood clear and shining, kind and lovely.
"Grandmother!" cried the child. "Oh, take me with you! I know you will disappear when the match is burned out. You will vanish like the warm stove, the wonderful roast goose and the beautiful big Christmas tree!"
  റഫീക്കിന്റെ സൗരവും ഇതുപോലെ ഒരു സ്വപ്നം കാണുന്നു. സ്വപ്നത്തിൽ അവന്റെ അമ്മയായിരിക്കാൻ സാധ്യതയുള്ള സ്ത്രീ പ്രത്യക്ഷപ്പെടുന്നു. ഇത് ആൻഡേഴ്‌സണിന്റെ കഥയെ വീണ്ടും ഓർമ്മിപ്പിക്കുന്നു. പക്ഷേ ആ കഥയിൽ അമ്മൂമ്മ ഒരു ബന്ധം മാത്രമാണ്. റഫീക്കിന്റെ കഥയിൽ അമ്മ എന്നത്  ദൈവത്തിന്റെ പര്യായം പോലെയുള്ളൊരു മനുഷ്യജന്മമാണ്. അല്പമെങ്കിലും നന്മ ചെയ്യുന്ന മനുഷ്യരെ കാണുമ്പോഴാണ് സൗരവിന് അതാണോ തന്റെ അമ്മയെന്ന് തോന്നുന്നത്. പുരുഷന്മാരിൽ അവൻ അച്ഛനെ തിരയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
  താരാട്ടുപാടി അവർ പോകാനായി എഴുന്നേറ്റ തും, കുറച്ചു നേരം കൂടി കൂടെയിരിക്കാനാവശ്യപ്പെട്ടു. ചോദിക്കാൻ മറന്നകാര്യം പെട്ടെന്ന് ഓർത്തെടുത്തുകൊണ്ട് അവരുടെ പിറകെപോയി ആവർത്തിച്ചു ചോദിച്ചു: “തോമാന യാനാകി?'
  ഇതുപോലെ വ്യംഗ്യമായ പല സമാനതകളും ഈ കഥകൾ തമ്മിൽ കാണാമെങ്കിലും അത് പകർത്തിയെഴുത്ത് പോയിട്ട് പ്രചോദനം പോലുമല്ല കാരണം രണ്ടു കഥകളുടെയും ക്ലൈമാക്സിലുള്ള വ്യത്യാസം തന്നെ. ഈ കഥകളിലെ സമാനതകൾ ആർക്കിടൈപ്പുകൾ എന്ന് യുങ് പറഞ്ഞവയുടെ കൂട്ടത്തിൽ വരും. ഇവ എഴുത്തുകാർ സമർത്ഥമായി ധാരാളം ഉപയോഗിക്കാറുണ്ട്, കാരണം അവ ദേശാതിവർത്തിയായ മിത്തുകൾ പോലെ പ്രാപഞ്ചികമാണ്. ഉപേക്ഷിക്കപ്പെട്ട മകൻ ശത്രുവായി മടങ്ങി വരുന്നത് ഉദാഹരണം.
  സഹജാവബോധം കൊണ്ടാകണം സൗരവിന് അവൻ കണ്ടുമുട്ടിയതിൽ ഒരു സ്ത്രീ തന്റെ അമ്മയാണെന്ന സംശയം തോന്നിയത്. അവരുടെ പെരുമാറ്റത്തിൽ അതിന് തെളിവുണ്ടെന്നും പറയാം. അവരുടെ അവസാനശ്വാസത്തിൽ അവർ അവനോട് എന്താണ് പറയാൻ തുടങ്ങിയതെന്ന് നമുക്കറിയില്ല. ഒരു പക്ഷേ അത് മനസ്സിലാക്കിയാകണം അവൻ മാ എന്ന് വിളിക്കുന്നത്. പെറ്റ കുഞ്ഞിനെ വിധിക്ക് വിട്ടുകൊടുത്ത ഒരമ്മയുടെ മരണത്തിന് ആ മകൻ യാദൃശ്ചികമായി ഉത്തരവാദിയാകുന്നു.
  അത് അവന്റെ അമ്മയാണെന്നതിന് സൗരവിന്റെ തോന്നൽ മാത്രമായിരുന്നു എന്ന് കരുതുക. അപ്പോൾ കഥ വീണ്ടും ഉയരങ്ങൾ താണ്ടുകയാണ്. ആർതർ മില്ലറുടെ All My Sons എന്ന നാടകത്തിലേതിന് സമമായി കുറ്റബോധത്തിന്റെ തീച്ചൂളയിൽ ആരും അന്യരല്ലെന്നും ഏതു സ്ത്രീയും തന്റെ അമ്മയാകാമെന്നും തിരിച്ചറിഞ്ഞായിരിക്കണം അവൻ മാ എന്ന് വിളിക്കുന്നത്. മരണസമയത്ത് സൗരവിൽ ആ സ്ത്രീയും തനിക്ക് ഇല്ലാത്ത ഒരു മകനെ കണ്ടു കാണും അങ്ങനെ അവനെ അഭിസംബോധന ചെയ്തു കാണും.
  വളരെ പ്രവചനാത്മകമായ, ഫിൽമി എന്നോ ക്ളീഷേ എന്നോ പറയാവുന്ന ഒരു കഥതന്തുവാണ് ഈ കഥയ്ക്ക്. എങ്കിലും ആഖ്യാനത്തിലെ കയ്യൊതുക്കം ഇതിനെ ഹൃദ്യമാക്കുന്നുണ്ട്.
  സ്ത്രീപുരുഷബന്ധമോ സ്ത്രീ ഒരു വിഷയമോ അല്ലാത്ത ഈ കഥയിൽ പല സ്ത്രീകളും വന്നുപോകുന്നു. അവരെല്ലാവരും ഒരാൾ തന്നെയാണോ എന്ന സംശയം ദൂരീകരിക്കാത്തതിലൂടെ കഥാകൃത്ത് നേട്ടമുണ്ടാക്കുന്നുണ്ട്. ആ സ്ത്രീകളിലാരുടെയെങ്കിലും മകനാകാം സൗരവ് എന്ന് ചിന്തിക്കുന്ന നമ്മൾ അവന്റെ അച്ഛൻ ആ ചെറുപ്പക്കാരനോ മധ്യവയസ്കനോ ആ പോലീസുകാരനോ ആകാമെന്ന് ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല. സൗരവ് എന്ന ഇരയുമായി താദാമ്യം പ്രാപിക്കുന്നത് കൊണ്ട് മാത്രമല്ല ഇത്. പിഴച്ചു പെറുന്നതിന്റെയും കുട്ടിയെ ഉപേക്ഷിക്കേണ്ടിവരുന്നതിന്റെയും മുഴുവൻ ഉത്തരവാദിത്തം സ്ത്രീയിൽ ആരോപിച്ചേ നമുക്ക് ശീലമുള്ളൂ.
  ഈ കഥയിലെ സ്ത്രീ കഥാപാത്രം/കഥാപാത്രങ്ങൾ ദുർഗ്രാഹ്യവും അവ്യക്തവുമാണ്. സൗരവും തീവ്രവാദികളുമൊക്കെ വിശദമായ വിവരണങ്ങളിലൂടെ വ്യക്തമാക്കപ്പെടുമ്പോൾ സ്ത്രീകഥാപാത്രത്തിന്റെ അവ്യക്തതയിലൂടെ  സൗരവിന്റെ മനോനില വായനക്കാരനും അനുഭവിക്കാൻ കഴിയുന്നു. സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് വായനക്കാരനുണ്ടാകുന്ന അവ്യക്തത തന്നെയാണ് സൗരവിന് തന്റെ അമ്മയെക്കുറിച്ചുള്ളതും
  വീക്ഷണകോൺ എന്നത് ഞാൻ എന്നാണോ അയാൾ എന്നാണോ കഥ തുടങ്ങുന്നത് എന്ന കണക്കിലല്ല തീരുമാനിക്കേണ്ടത്. ഏതു കഥാപാത്രത്തിന്റെ മനസ്സ് എത്രമാത്രം വെളിവാക്കപ്പെടുന്നു എന്നതാണ് ശരിക്കുള്ള കണക്ക്. അതുകൊണ്ടു തേർഡ് പേഴ്‌സണിൽ കഥ പറഞ്ഞാലും ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങൾ കൂടി കഥയിൽ വരും. മറ്റുള്ളവരുടെ അത്ര വന്നുകൊള്ളണമെന്നില്ല. ഇവിടെ സൗരവിന്റെ കൂടെയാണ് ആഖ്യേതാവ് സഞ്ചരിക്കുന്നതും വായനക്കാരൻ സഞ്ചരിക്കേണ്ടതും. ഇര എന്ന സ്ഥാനവും ഇതിനനുകൂലമാണ്. അപ്പോൾ സൗരവിന്റെ ദുഃഖവും സന്തോഷവും ഉത്കണ്ഠയും ഭയവുമെല്ലാമാണ് വായനക്കാരന്റേതുമായി മാറുന്നത്. സൗരവുമായാണ് വായനക്കാരന്റെ character identification എന്ന് പറയാം. അതുകൊണ്ടു സൗരവിന്റെ മനസികവ്യാപാരങ്ങൾ കഥാകൃത്ത് കുറേക്കൂടി യഥാതഥമാക്കേണ്ടിയിരുന്നു. പത്തുവയസ്സുകാരന്റെ ബാല്യസഹജമായ ചിന്തയല്ല പലപ്പോഴും റഫീക്ക് അവനിൽ ആരോപിക്കുന്നത്. വളർന്നു കഴിഞ്ഞ കഥാപാത്രം തന്റെ കുട്ടിക്കാലം പറയുന്ന കഥകളിൽപ്പോലും (ഉദാഹരണം കാറൽമാർക്സ് ചരിതം, പ്രിയ ജോസഫ് )കുട്ടിക്കാലത്തെ പക്വതയില്ലായ്മ കഥാകൃത്തുക്കൾ അതുപോലെ തന്നെയാണ് അവതരിപ്പിക്കാറ്.
  കഥാരചനയിൽ റഫീക്ക് സ്വീകരിക്കുന്ന ഭാഷ മറ്റുള്ളവരുടേതിനേക്കാൾ ലളിതമെന്നേ പറയാനുള്ളൂ. പോരാ, ഇനിയും  സുതാര്യവും അനാഡംബരവുമാകാം. അമൂർത്തമായ പദങ്ങൾ ഉപയോഗിക്കുകയും അവയ്ക്ക് ജൈവസ്വഭാവം നൽകുകയും ചെയ്യുന്നത് പഴയരീതിയാണ്. 'പട്ടിണിയുടെ മുഴക്കങ്ങൾ, ദാരിദ്ര്യത്തിന്റെ വേട്ടയാടുന്ന മുഖം, അതിശയത്തിന്റെയും അപരിചിതത്വത്തിന്റെയും നേർക്ക് വിശപ്പുമാറി എന്നവൻ തലകുലുക്കി" എന്നിങ്ങനെയുള്ള സാഹിത്യഭാഷ പോയകാലത്തിന്റെ തിരുശേഷിപ്പുകൾ മാത്രമാണ്. അവ ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും മലയാളക്കരയുടെ നെറുകയിലിരുന്നു ഇത്രയ്ക്കും മനോഹരമായി കഥയെഴുതുന്ന ഈ എഴുത്തുകാരൻ മലയാളസാഹിത്യത്തിനൊരു മുതൽക്കൂട്ടുതന്നെ.

see also: തരാത്തരികർ (കഥ:  റഫീഖ് തറയിൽ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക