അഗ്നി പഥ്: തീ വിതറുന്നതെന്തിന്? (നടപ്പാതയിൽ ഇന്ന്-41:ബാബു പാറയ്ക്കൽ)

Published on 21 June, 2022
 അഗ്നി പഥ്: തീ വിതറുന്നതെന്തിന്? (നടപ്പാതയിൽ ഇന്ന്-41:ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, രാജ്യം മുഴുവൻ കത്തുകയാണല്ലോ. അത് മുൻകൂട്ടി കണ്ടുകൊണ്ടാണോ 'അഗ്നി പഥ്' എന്ന് പേരിട്ടത് തന്നെ?"
"പിന്നെ വിവരമില്ലാതെ ഓരോന്ന് ചെയ്‌താൽ ഇങ്ങനെയൊക്കെ വരില്ലേ?"
"അതെന്താ ഈ പദ്ധതി അത്രയ്ക്ക് മോശമാണോ?"
"പദ്ധതി ഒട്ടും മോശമല്ല. വളരെ ബുദ്ധിപരമായ ഒരു ചിന്തയാണ്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്."
"അതെങ്ങെനെയാണ് ആർക്കും വേണ്ടാത്ത ഒരു പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാകുന്നത്?"
 "ആർക്കും വേണ്ട എന്നാരു പറഞ്ഞു?"
"അത് കൊണ്ടല്ലേ വൻ ജനപ്രക്ഷോഭം ഇളകുന്നത്?"
"ഹേയ്, അത് കൊണ്ടല്ല. അതാണ് ഞാൻ ആദ്യം പറഞ്ഞത് വിവരമില്ലാതെ ഓരോന്ന് ചെയ്യുന്ന കാര്യം. ഇത് പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ അതിന്റെ ആവശ്യകത പാർലമെന്റിലോ മാധ്യമങ്ങളിലോ ജനമുൻപാകെ അവതരിപ്പിച്ചിരുന്നെങ്കിൽ അത് ജനങ്ങൾക്കു ബോധ്യപ്പെട്ടേനെ. ഈ കലാപം ഒഴിവാക്കാമായിരുന്നു."
"ഈ പദ്ധതിയും ‘നോട്ടു നിരോധനം’ പോലെ ഒരു വിഡ്ഢിത്തരമല്ലേ, പിള്ളേച്ചാ?"
"നോട്ടു നിരോധനം വിഡ്ഢിത്തരമായിരുന്നെന്ന് ആരാണ് പറഞ്ഞത്?"
"അത് ജനങ്ങളെ വല്ലാതെ കഷ്ട്ടപ്പെടുത്തിയില്ലേ?"
"എടോ, എന്റെ അഭിപ്രായത്തിൽ നരേന്ദ്ര മോദിയുടെ ഭരണത്തിൽ ചെയ്തിട്ടുള്ള ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നായിരുന്നു നോട്ടു നിരോധനം. പക്ഷെ ആവശ്യത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാതെ നടപ്പാക്കിയത് കൊണ്ടാണ് ജനങ്ങൾ വലഞ്ഞത്."
"നോട്ടു നിരോധനം കൊണ്ടെന്തു നല്ല കാര്യമാണ് നടന്നത്? എത്ര കള്ളപ്പണം വിദേശത്തുനിന്നു കൊണ്ടുവന്നു? അത് ഫലത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളെ കൊല്ലാൻ ചെയ്തതല്ലേ? അവരുടെ തെരഞ്ഞെടുപ്പ് ഫണ്ട് മുഴുവൻ കാലിയായില്ലേ?"
"എടോ, വെറുതെ എന്തെങ്കിലും പറയല്ലേ. ഇയ്യാൾക്കറിയാമോ, പാക്കിസ്ഥാനിൽ നിന്നും മറ്റും കണ്ടെയ്‌നർ കണക്കിനാണ് കള്ളനോട്ട് ഇറക്കികൊണ്ടിരുന്നത്. അതുപയോഗിച്ചിവിടെ ചില ഗ്രൂപ്പുകൾ റിയൽ എസ്റ്റേറ്റുകൾ വാങ്ങിക്കൂട്ടുകയല്ലായിരുന്നോ? അതിപ്പോൾ പാടെ നിന്നില്ലേ? ആ പണം തീവ്രവാദത്തിനുപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അങ്ങനെയുള്ള ദേശദ്രോഹ പ്രവർത്തനങ്ങൾ ഇപ്പോൾ നിന്നില്ലേ? അതു കൊണ്ട് ‘നോട്ടു നിരോധനം’ എന്ന ആശയം വളരെ ബുദ്ധിപരമായിരുന്നു."
"പക്ഷേ, ഇപ്പോൾ 'അഗ്നി പഥ്' എങ്ങനെയാണ് അത്യാവശ്യമായി വന്നത്?"
"എടോ, നിങ്ങളുടെ അമേരിക്കയാണല്ലോ ഇന്ന് ലോകത്തിലെ സൂപ്പർ പവർ. അവിടെ എങ്ങനെയാണെടോ യുവാക്കളെ പട്ടാളത്തിൽ എടുക്കുന്നത്?"
"അവിടെ ഹൈസ്‌കൂൾ കഴിഞ്ഞാൽ കുട്ടികൾക്ക് മിലിറ്ററിയിൽ ചേരാം. നിർബന്ധമില്ല. എന്നാൽ മിലിറ്ററിയിൽ ചേർന്നാൽ രണ്ടു വർഷത്തെ സേവനം നിർബന്ധമാണ്. പൂർണ പരിശീലനം നൽകി അവരെ മിലിട്ടറി സേവനത്തിനുപയോഗിക്കുന്നു. ഇറാഖിലോ സിറിയയിലോ അഫ്‌ഗാനിസ്ഥാനിലോ ഉക്രയിനിലോ എങ്ങോട്ടു പോസ്റ്റ് ചെയ്യുന്നോ അങ്ങോട്ട് പൊയ്ക്കോണം. നേവിയിലാണെങ്കിൽ ചിലപ്പോൾ അന്തർവാഹിനികളിൽ ആയിരിക്കും. മാസങ്ങളോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കടലിൽ കഴിയേണ്ടി വരും. യുദ്ധരംഗത്തു മുൻനിരയിലായിരിക്കും ഇവർ.”
"അഫ്‌ഗാനിസ്ഥാനിൽ മരിച്ച നൂറുകണക്കിന് അമേരിക്കൻ പട്ടാളക്കാരിൽ ഇങ്ങനെയുള്ളവരല്ലേ കൂടുതലും?"
"വളരെ ശരിയാണ്."
"പിന്നെ എന്തിനാടോ ഇവരൊക്കെ മിലിട്ടറിയിൽ ചേരുന്നത്?"
"ഒന്ന്, രാജ്യ സ്നേഹം. പിന്നെ, മിലിട്ടറി സർവ്വിസ് പശ്ചാത്തലമുള്ളവർക്കു സർക്കാർ ജോലികളിൽ മുൻഗണനയുണ്ട്. അതിലൊക്കെ ഉപരി അവരുടെ പരിശീലനം. അത് ഒരു ചെറുപ്പക്കാരനെ മാനസികമായും ശാരീരികമായും പാകപ്പെടുത്തിയെടുക്കും. സർവ്വോപരി അവർ അച്ചടക്ക ശീലമുള്ളവരാകും."
"ങ്ഹാ, ഇയ്യാൾ ഡിഫൻസിന്റെ ഇൻസ്റ്റിട്യൂട്ടിലല്ലേ പഠിച്ചത്. അപ്പോൾ കൃത്യമായി ഇയ്യാൾക്കറിയാമല്ലോ അവരുടെ ചിട്ടവട്ടങ്ങൾ."
"അതേ. അതു കൊണ്ടാണ് എനിക്ക് മനസ്സിലാകാത്തത് എന്തിനാണ് ഈ ചെറുപ്പക്കാർ ഇതിനെ എതിർക്കുന്നതെന്ന്."
"അമേരിക്കയിൽ മിലിട്ടറിയിൽ രണ്ടു വർഷം സേവനം കഴിഞ്ഞിറങ്ങുന്നവർക്കു ജോലിസ്ഥിരത വാഗ്ദാനം ചെയ്യുന്നുണ്ടോ?"
"ജോലിസ്ഥിരതയോ? യാതൊരു ജോലിയും സർക്കാർ വാഗ്ദാനം ചെയ്യുന്നില്ല. രണ്ടു വർഷം കഴിഞ്ഞിറങ്ങുന്നവർ ജീവിക്കാനുള്ള വഴി സ്വയം കണ്ടെത്തണം."
"ഇവിടെ പ്രശ്നം അതല്ല. ഒന്ന്, തൊഴിലില്ലായ്‌മ. രണ്ട്, ജനസംഖ്യാ പെരുപ്പം. മൂന്ന്, ചെറുപ്പക്കാരുടെയൊക്കെ സ്വപ്‌നം എന്ന് പറയുന്നത്, ഒരു സർക്കാർ ജോലിയാണ്. ജോലി ചെയ്യാതെ കാശു കിട്ടണം."
"ഈ നാല് വർഷം ശമ്പളമുണ്ട്. അതുകഴിഞ്ഞു പുറത്തു വരുമ്പോൾ 12 ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ ഇടുമെന്നല്ലേ പറയുന്നത്?"
"അതിൽ ആളുകൾക്ക് അത്ര വിശ്വാസം പോരാ. മോദി പണ്ടു പറഞ്ഞില്ലേ, 15 ലക്ഷം എല്ലാവരുടെയും അക്കൗണ്ടിലേക്കു വരുമെന്ന്. 15 രൂപ പോലും ഇന്നുവരെ ആർക്കും കിട്ടിയിട്ടില്ല!"
"പിള്ളേച്ചാ, ഒന്നുമില്ലെങ്കിൽ, മിലിട്ടറി പരിശീലനം ലഭിച്ച ലക്ഷക്കണക്കിന് യുവാക്കൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നു പറഞ്ഞാൽ അത് വലിയൊരു സ്വത്തല്ലേ? അതിർത്തിയിലോ അകത്തോ ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ ഇവരുടെ സഹായം ലഭ്യമാക്കാമല്ലോ."
"അവിടെയും പ്രശ്‌നമാണെടോ. ചിലർ പറയുന്നത്, ആർ. എസ്. എസ്. കാരെയെല്ലാം മിലിട്ടറി പരിശീലനം കൊടുത്തു സജ്ജമാക്കി ഒരു ആഭ്യന്തര കലാപത്തിനു പോലും വഴിയൊരുങ്ങും എന്നാണ്. അതുപോലെ തന്നെ ഈ പരിശീലനം കഴിഞ്ഞു പുറത്തിറങ്ങുന്നവരെ ശത്രു രാജ്യങ്ങൾ വിലക്കെടുത്തു മാതൃരാജ്യത്തിനെതിരായി ഉപയോഗിക്കാൻ സാധ്യതയുണ്ടത്രേ! മറ്റു ചിലർ ഇവരെ വിലക്കെടുത്തു സ്വകാര്യ പാരാ മിലിട്ടറി ഫോഴ്‌സ് ആയി രൂപപ്പെടുത്തി സ്വാർത്ഥ താത്പര്യങ്ങൾക്കായി രാജ്യത്തിനെ പ്രതിരോധത്തിലാക്കുമത്രേ! ഇതൊക്കെയാണ് ചാനൽ ചർച്ചകളിൽ ഇതിനെ എതിർക്കുന്ന ചിലരുടെ വാദങ്ങൾ. അങ്ങനെ വല്ലതും ഈ നാട്ടിൽ സംഭവിക്കുമോ?"
"ആ സംശയത്തിൽ അർഥമില്ല. കാരണം, മിലിട്ടറിയിൽ പരിശീലനം ലഭിച്ചു പുറത്തു വരുന്നവന്റെ ഉള്ളിൽ ദേശസ്നേഹം മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റുള്ള ചിന്തയൊക്കെ ആ പരിശീലന ഗ്രൗണ്ടിൽ വീണു പൊയ്ക്കോളും. അവിടെ നിന്ന് ആ പതാകയിലേക്കു നോക്കി ‘വന്ദേ മാതര’മോ ‘ജനഗണമന’യോ ആലപിക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കും. അവനു പിന്നെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. മാതൃരാജ്യം മാത്രമേയുള്ളൂ. അത് മനസ്സിലാക്കാത്ത കൂശ്മാണ്ഡൻമാരാണ് അങ്ങനെയുള്ള വാദഗതികൾ ഉന്നയിക്കുന്നത്."
"എന്തായാലും നോട്ടു നിരോധനം പോലെ ഇതും 'ഹോം വർക്ക്' ചെയ്യാതെ നടപ്പിലാക്കിയതാണ് പ്രശ്നമായത്."
"അത് പിള്ളേച്ചൻ പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നുന്നു."
"ശരി, പിന്നെ കാണാമെടോ.
"അങ്ങനെയാവട്ടെ."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക