Image

തരാത്തരികർ (കഥ:  റഫീഖ് തറയിൽ)

Published on 21 June, 2022
തരാത്തരികർ (കഥ:  റഫീഖ് തറയിൽ)

ബൊട്ടാണിക്കൽ ഗാർഡൻ. തെരുവിൽ പകൽമുഴുവൻ കത്തുന്ന സൂര്യൻ. വിയർപ്പിൽ കുതിർന്ന ഷർട്ടൂരിയെടുത്ത് അവൻ ചുറ്റുപാടും കണ്ണോടിച്ചു. ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പിയിലെ ബാക്കിയായ വെള്ളം വായിലേക്കു കമഴ്ത്തി വേരുകൾ തൂങ്ങിക്കിടക്കുന്ന പേരാലിന്റെ ചുവട്ടിൽ ചാരിയിരുന്ന് ഇലകളിൽ കാറ്റുവന്നടിച്ചുകളിക്കുന്നതും കേട്ട് കുറച്ചുനേരം കണ്ണടച്ചതും, ഉറങ്ങിപ്പോയതവനറിഞ്ഞില്ല.
‘ചലോ ജായ്. തരാത്തരി കർ.’
നീണ്ടവടികൊണ്ട് ചുമലിൽ തോണ്ടുന്ന മെലിഞ്ഞ പോലീസുകാരൻ. ആ തടിയനായിരുന്നെങ്കിൽ കുറച്ചുകൂടെ ദയാലുവാണ്. വല്ലപ്പോഴും അഞ്ചോപത്തോരൂപ മുന്നിലേക്കു നീട്ടും. ഇയാളോ? അസുരജന്മം! കാണുന്നിടത്തുവെച്ച് തല്ലിയൊടിക്കും.
ഉദ്യാനമടയ്ക്കാൻ നേരമായി. ആളുകൾ ഇരിപ്പിടങ്ങളിൽനിന്നുമെഴുന്നേൽക്കാൻ തുടങ്ങി. ചുണ്ടിലെ പാൻചുവപ്പ് പുറംകൈ കൊണ്ട് തുടച്ച് പോലീസുകാരൻ വീണ്ടും ആജ്ഞാപിച്ചു: ‘ചലോ.’
ഗേറ്റ് ലക്ഷ്യമാക്കി നടക്കുന്ന അയാളെ അനുഗമിക്കുകയല്ലാതെ അവനു നിവർത്തിയുണ്ടായിരുന്നില്ല. വായ കാലിയാക്കാനായി അയാൾ നടത്തത്തിന്റെ വേഗത കുറച്ചു.
‘തുമാർ നാനേ കി.’
‘സൗരവ്’
‘വിശക്കുന്നുണ്ട്.’ വൈമനസ്സ്യത്തോടെ അവൻ പറഞ്ഞു. രാവിലെ മുതൽ പട്ടിണിയുടെ മുഴക്കങ്ങൾ അറിഞ്ഞുതുടങ്ങിയിരുന്നു. അയാളവനെ മുന്നോട്ടു തള്ളി. ‘ഞാനെന്താ നിന്റെ തന്തയാണെന്ന് കരുതിയോ? നടക്ക്...’
തന്റെ തന്തയല്ലെന്ന് ആർക്കാണറിയാത്തത്? തന്തയുടെ സ്ഥാനത്ത് വകയിലൊരു ചാച്ചമാത്രമാണുള്ളത്. അമ്മയെ കാണാത്ത ഒരാൾക്ക് എന്തോന്ന് അമ്മാവൻ! തെരുവുതോറും യാചിച്ചിട്ടുണ്ടാക്കുന്ന കാശ് രാത്രികളിൽ അയാൾ നാലുകാലിൽ വന്ന് തട്ടിപ്പറിച്ചുകൊണ്ട് പോകും. മുഷിഞ്ഞ നോട്ടുകൾ പെറുക്കിയെടുത്ത് ചിലപ്പോൾ ചില്ലറകൾ പോക്കറ്റിലിട്ടു തരും; എന്തെങ്കിലും വാങ്ങിക്കഴിക്കാൻ. ഇന്ന് നാരങ്ങാവെള്ളത്തിനു പോലും തികയില്ല.
വടി പുല്ലിലൂടെ വലിച്ചുകൊണ്ട് അയാൾ മുന്നിൽത്തന്നെയുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയാൽ തീർന്നു. നേരം വെളുക്കുവോളം സെല്ലിൽ കഴിച്ചുകൂട്ടണം. സീലിങ്ങിലെ പല്ലികളുടെ സഞ്ചാരക്കാഴ്ച്ച കണ്ടുകിടന്ന് തിരിഞ്ഞുനോക്കിയാൽ അതുവരെ തല്ലിച്ചതച്ച പോലീസുകാരൻ പാന്റ്‌സിന്റെ സിബ്ബ് വലിച്ചുകയറ്റുന്ന ധൃതിയിലായിരിക്കും. തുടകൾക്കിടയിലെ കൊഴുത്ത ദ്രാവകത്തിന്റെ മണമാണ് അസഹനീയം. പുലർച്ചെ ഡ്യൂട്ടിക്കുവരുന്നവരുടെ തല്ലുംകൂടി ഉറപ്പുവരുത്തിയതിനു ശേഷമേ പുറത്തുവിടൂ.
ഗേറ്റിലേക്കു നടക്കുന്ന കുടുംബത്തിനൊപ്പമുള്ള ഒരു സ്ത്രീ എന്തോ ചോദിച്ചു. പോലീസുകാരൻ അലസമായി എവിടേക്കോ വഴി പറഞ്ഞു കൊടുക്കുകയാണ്. അവരോടു സംസാരിച്ചുനിന്ന് സമയംപോക്കുന്നതിനു തടസ്സമായത് പിറകിൽ നിൽക്കുന്ന തന്റെ സാമിപ്യമായിരുന്നു എന്ന്‌  കുറ്റപ്പെടുത്തി അയാൾ ഒരിക്കൽക്കൂടി വടിവീശി. ‘തരാത്തരി കർ.’ അതോടെ അവന്റെ മനസ്സ ചത്തു ചിന്തകൾ വേറെയെവിടെയോ ആയിരുന്നു. സ്കൂളിൽ പോകേണ്ടപ്രായം കഴിഞ്ഞതുകൊണ്ടായിരിക്കണം ആളുകൾ പണ്ടത്തെപ്പോലെയൊന്നും കാശു തരുന്നില്ല. തോളിൽ സഞ്ചിതൂക്കി പൊട്ടും മൂക്കുത്തിയുമണിഞ്ഞ നഗരപ്പരിഷ്ക്കാരികൾക്ക് തന്നെ സ്കൂളിൽ ചേർക്കണം. കഥക് പഠിക്കാൻ നഗരത്തിലെത്തിയ പുള്ളിപ്പാവാട നൊറിഞ്ഞുടുത്തും ചിലങ്കയണിഞ്ഞും പ്ലാറ്റ്ഫോമിൽ നിൽക്കുന്ന വിദേശയുവതികളുടെ മുന്നിൽ കൈനീട്ടുമ്പോൾ, ഹൃദ്യമായി ചിരിയെറിയും. അവർ പേഴ്‌സ് തുറക്കാൻ മുഖത്തു സങ്കടം വരുത്തി വെറുതെയൊന്നു കൈനീട്ടിയാൽ മാത്രം മതി. അക്കൂട്ടത്തിൽ ആണുങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, പലർക്കും പല സ്വഭാവമാണ്. ഒന്ന് തൊട്ടാൽ ദേഷ്യത്തോടെ മുഖം തിരിക്കും. ചിലരാകട്ടെ അടുത്തുചെന്നാൽ കണ്ടഭാവം നടിക്കില്ല എന്നതൊഴിച്ചാൽ അസഹ്യതയൊന്നും പ്രകടിപ്പിക്കില്ല.
വിശപ്പിന്റെ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു ജീവിക്കുന്നവർ ചുറ്റുപാടിൽ എത്രയോ ഉണ്ട് എന്നവൻ ആലോചിക്കുകയുമായിരുന്നു. അഭിഷക്തജന്മങ്ങൾ എന്ന് മുറുകുറുപ്പോടെ ആളുകൾ വിളിക്കുന്നത് എത്രയോ തവണ കേട്ടു.
പൂന്തോട്ടത്തിൽ നിന്ന് കൂട്ടത്തോടെ ആളുകൾ പുറത്തേക്കു കടക്കുകയാണ്. സന്ദർശന കവാടത്തെത്തിയതും, ഇനിയയാളെ അനുഗമിക്കുന്നത് പന്തിയല്ലെന്നവനു തോന്നി. ‘രക്ഷപ്പെടൂ …’ എന്നാരോ ഉള്ളിൽ മന്ത്രിക്കുന്നതുപോലെ. ഒരു നിമിഷം നിന്നു. പിന്നെ, ആളുകളെ തട്ടിമാറ്റി മിന്നൽപോലെ പുറത്തേക്കു പാഞ്ഞു. തിരക്കേറിയ ആൻദുൽ റോഡ് മുറിച്ചുകടന്ന് അപ്പുറത്തെത്തിയതിനു ശേഷമേ അവൻ തിരിഞ്ഞു നോക്കിയുള്ളൂ. പോലീസുകാരൻ ലാത്തിയുയർത്തിക്കൊണ്ട് നിൽക്കാൻ പറയുന്നത് കണ്ടതും വീണ്ടും ആ കാലുകൾക്കു വേഗതയേറി. റിക്ഷാവണ്ടികൾക്കിടയിലൂടെയും തെരുവിൽ കൂട്ടിയിട്ടു പഴം, പച്ചക്കറി വിൽക്കുന്നവരുടെ തിരക്കിനിടയിലൂടെയും കാറ്റുപോലെ പായുകയായിരുന്നു അവൻ. ഓട്ടത്തിനിടയിൽ എതിരെ വന്ന പഴംവണ്ടിയിലെ ഓറഞ്ചുകൂമ്പാരത്തിൽ നിന്നൊരെണ്ണം കൈനീട്ടിയെടുത്തു. വണ്ടിയുന്തുന്ന വൃദ്ധൻ അതു ഗൗനിക്കാതെ പുഞ്ചിരിക്കുകമാത്രം ചെയ്തു.
അതൊരു താൽക്കാലിക രക്ഷപ്പെടൽ മാത്രമായിരുന്നു. ദാരിദ്ര്യത്തിന്റെ വേട്ടയാടുന്ന മുഖം എന്നും തന്റെ പിറകെയുണ്ട്. ഓരോന്നാലോചിച്ചുകൊണ്ട്, ഹൊവാഡ് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ കിതപ്പോടെ അവൻ ചെന്നുനിന്നു. ആളൊഴിഞ്ഞൊരു മൂലകണ്ടപ്പോൾ ചുമരുചാരിയിരിക്കാനാണ് തോന്നിയത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവാണ്. ഉള്ളവരുടെ മുഖമെല്ലാം വീട്ടിലെത്താനുള്ള ധൃതിയിൽ കോപത്തിന്റെ ആവരണമണിഞ്ഞതുപോലെയുണ്ട്.
 പോക്കറ്റിന്റെ ശൂന്യത അവന്റെ കൊച്ചുമനസ്സിൽ ആകുലതകൾ നിറച്ചു. നിക്കറിന്റെ പോക്കറ്റിൽ നിന്ന് ഓറഞ്ചെടുത്തു പൊളിച്ചു. രാവിലെയെണീറ്റു നഗരത്തിലെത്തിയതാണ്. കോളനിയിലെ കുടിലിലേക്ക് ചെന്നാലോ? പക്ഷേ, ബെൽറ്റൂരിനിൽകുന്ന അമ്മാവന്റെ മുഖം ആ ഉദ്യമത്തെ വിലക്കി. രാത്രി പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നതു കണ്ടാൽ പട്രോൾ പോലീസുകാർ തട്ടിയുണർത്തും. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഓറഞ്ചിന്റെ അല്ലികൾ നുണഞ്ഞുകൊണ്ടുതന്നെ അവൻ കണ്ണുകളടച്ചു. ആഗ്രഹങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തുകയായി. ആഹാരത്തെ കുറിച്ചാലോചിക്കുമ്പോൾ ദേഷ്യം വരും. സദാചാരത്തിന്റെ ചരടുപൊട്ടിച്ച് പലവർണത്തിലുള്ള സാരിച്ചുറ്റി കൂട്ടത്തോടെ പോകുന്ന രാത്രി വേശ്യകളുടെ കളിചിരികളും വളകിലുക്കങ്ങളും അപ്പോളവൻ കേൾക്കുന്നുണ്ടായിരുന്നു. അടുത്തു ചെന്നാലവർ തോളിൽ കയ്യിട്ട് കൂടെ നടത്തും. ചിലർ ആഹാരം വാങ്ങി തന്ന് ‘ബേട്ടാ…’ എന്നുവിളിച്ചു താലോലിക്കും.
ഉറക്കത്തിൽ ആ സ്ത്രീ മനസ്സിലേക്കോടിയെത്തും. മുള്ളിക്ക് ഘട്ട്ലെ പൂക്കളുടെ ചന്തയിലാണ് അവരെ ആദ്യമായി കാണുന്നത്. അന്നൊരിക്കൽ കൈ നീട്ടിയപ്പോൾ കുനിഞ്ഞു നിന്ന് കവിളിലൊന്നു തലോടി. ‘കുമി കി കുട്സാര്ഥ?’ വിശക്കുന്നുണ്ടോ എന്ന് സ്നേഹത്തോടെ അവർ ചോദിച്ചു. കൈ പിടിച്ചുകൊണ്ടുപോയി വയറുനിറയെ ഭക്ഷണം വാങ്ങിത്തന്നു. കഴിക്കുന്നതിനിടയ്ക്ക് അവരവരുടെ പേരു പറഞ്ഞുവെങ്കിലും ഓർമ്മയിൽ നിന്നില്ല. ഭോജനശാലയിൽനിന്നിറങ്ങി മല്ലികപ്പൂക്കളുടെ സുഗന്ധമുള്ള പൂമാർക്കറ്റിലേക്കു തിരിയുന്നിടത്ത് യാത്രപറയാനൊരുങ്ങി നിൽക്കുന്ന അവരെ ഇമവെട്ടാതെ അന്നവൻ നോക്കിനിന്നു. തന്നെ പ്രസവിച്ച് ഉപേക്ഷിച്ചിട്ടുപോയ സ്ത്രീയായിരിക്കുമോ അതെന്നു സംശയമുണ്ടാകാതിരുന്നില്ല. അതിനു ശേഷവും ഒന്നുരണ്ടു തവണ ബസ്സിറങ്ങി കോളനിയിലെ താമസസ്ഥലത്തേക്ക് നടക്കുമ്പോൾ അവർ അടുത്തുവരുകയുണ്ടായി. അവരും തന്നെ തിരഞ്ഞുനടക്കുകയായിരിക്കുമോ എന്ന ചിന്ത അന്നുമുതലാണ് അവന്റെ മനസ്സിലുടുക്കിയത്. പ്രസവിച്ചയുടനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ തന്റെ അമ്മ! അങ്ങനെയല്ലെങ്കിൽ കാണുന്നസമയത്തൊക്കെ കവിളിൽ തലോടി എന്തെങ്കിലും വാങ്ങിത്തരാൻ കൂടെകൂട്ടുമോ? പിന്നീടങ്ങോട്ട്, കാണുന്ന സ്ത്രീകളുടെ കൂട്ടത്തിലെല്ലാം അവന്റെ കൊച്ചു കണ്ണുകൾ ആ സ്ത്രീയുടെ മുഖം തിരഞ്ഞു.
തണുക്കുന്നുണ്ടെന്നു മനസ്സിലാക്കി സ്വപ്നത്തിൽ അവർ പുതപ്പിച്ചുതന്നു. കണ്ണടച്ചാൽ പുല്ലുപായ പെട്ടെന്ന് മിനുസമുള്ള മെത്തയായി മാറും. ആ മെത്ത, ഗുപ്തയുടെ ഫർണീറ്റർ കടയിൽ ചില്ലുകൂട്ടിനകത്തു വെച്ചിരിക്കുന്ന വലിയ മെത്തയേക്കാൾ വലുതായിരുന്നു. വിശക്കുന്നുണ്ടെന്ന് പറഞ്ഞു കരഞ്ഞാൽ ചെവിപൊത്തിപ്പിടിച്ചു പോവാനായി അവരെഴുന്നേൽക്കും. അതുകൊണ്ടുതന്നെ വിശന്നാൽ പോലും കരയാറില്ല. താരാട്ടുപാടി അവർ പോകാനായി എഴുന്നേറ്റതും, കുറച്ചുനേരം കൂടി കൂടെയിരിക്കാനാവശ്യപ്പെട്ടു. ചോദിക്കാൻ മറന്നകാര്യം പെട്ടെന്ന് ഓർത്തെടുത്തുകൊണ്ട് അവരുടെ പിറകെപോയി ആവർത്തിച്ചു ചോദിച്ചു: ‘തോമറ ന യാനാകി?’
പേരുപറയാതെ ആൾക്കൂട്ടത്തിലേക്കു നടന്നകന്നപ്പോൾ ആ സ്ത്രീയുടെ ചേലയുടെ തുമ്പത്ത് പിടിമുറുക്കി പേരെന്താണെന്നവൻ ഒരിക്കൽക്കൂടി ചോദിച്ചു.
തന്റെ കരണത്തടിച്ചു ആക്രോശിക്കുന്നത് കണ്ട് പ്ലാറ്റ്ഫോമിൽ ആളുകൾ കൂടാൻ തുടങ്ങിയപ്പോഴാണ് സ്വപ്നത്തിലല്ലെന്ന ബോധം അവനുണ്ടായത്. കൂടുതലവിടെ നിന്നാൽ പോലീസിനെ വിളിക്കുമെന്ന് തോന്നിയ നിമിഷത്തിൽ വീണ്ടും പ്ലാറ്റ്ഫോം വിട്ടവൻ പുറത്തേക്കു പാഞ്ഞു.
ബസ് ഡിപ്പോയും സ്ട്രീറ്റും കഴിഞ്ഞതും പൈപ്പുപൊട്ടിയൊലിക്കുന്ന ഗല്ലിയിലെത്തി തൂണിൽ ചാരിനിന്ന് ശ്വാസമാഞ്ഞുവലിച്ചു. ഒരു ചെറുപ്പക്കാരനും മധ്യവയസ്‌കനും കുറച്ചകലെ ദബ്ബയുടെ മുന്നിൽ മരബെഞ്ചിലിരുന്നു ഭക്ഷണം കഴിച്ചിരിക്കുന്നതു കണ്ടു. ചെറുപ്പക്കാരൻ ഇടയ്ക്കിടയ്ക്ക് തന്റെ ഭാഗത്തേക്കു നോക്കുന്നുണ്ട്. അയാളെന്തോ പറഞ്ഞപ്പോൾ മാത്രമാണ് മധ്യവയസ്കൻ മുഖമുയർത്തിയത്. നേരെചെന്ന് കൈനീട്ടിയാൽ തല്ലിയൊടിക്കുമോയെന്നവൻ ഭയപ്പെടാതിരുന്നില്ല. വരുന്നതു വരട്ടെയെന്നുറപ്പിച്ച്‌ ഭവ്യതയഭിനയിച്ച് മുന്നിൽ ചെന്നുനിന്നു. ചെറുപ്പക്കാരൻ അടുത്തേക്ക് വിളിച്ചിരുത്തി.
‘ചെറിയ കുട്ടിയാണ്, പറ്റില്ല… നിനക്ക് കിറുക്കാണ്. ഈ പയ്യനെ..’ മധ്യവയസ്കന്റെ കട്ടിമീശയുടെ കീഴെയുള്ള ചുണ്ടുകൾ ചലിച്ചു.
‘ചൂപ് താക്കോ…’ ചെറുപ്പക്കാരൻ അയാളെ ശാസിച്ചു.
‘തുമാർ കിതാ ലാക്തെ?’ വിശക്കുന്നുണ്ടോ എന്ന് ചോദിക്കുന്നു. കാൽപാദങ്ങളിൽ കണ്ണുകൾ തറപ്പിച്ചുകൊണ്ട്, ‘ഉണ്ട്’ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.
വെയ്റ്റർ കൊണ്ടുവന്നു വെച്ച ജാൽമുറി ആർത്തിയോടെയവൻ കഴിക്കാൻ തുടങ്ങി. അതിന്റെ എരുവിലും വേണ്ടാത്തൊരു നിഷ്ഫലജന്മത്തിന്റെ ഓർമ്മയിലും കണ്ണുകൾ നിറഞ്ഞു. അതിനിടയ്ക്ക് എന്തിനെയോകുറിച്ചവർ തർക്കിച്ചുകൊണ്ടിരുന്നു. മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ചെറുപ്പക്കാരൻ അവനുനേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു:  ‘തുമി ആക്കോണോ കാദർത്തോ?’ അതുവരെയുണ്ടായിരുന്ന അതിശത്തിന്റെയും അപരിചത്വത്തിന്റെയും നേർക്ക് വിശപ്പുമാറി എന്നവൻ തലകുലുക്കി.
‘തോമറ ന യാനാകി?’
പേരു ചോദിക്കുന്നു.
‘സൗരവ്,’
‘ഭേഷ്.’ ചെറുപ്പക്കാരൻ അവന്റെ കവിളിൽ നുള്ളി. കൂടുതൽ ചോദ്യങ്ങളുണ്ടായതും, അമ്മാവന്റെ കൂടെയാണ് താമസമെന്നും കൂട്ടിച്ചേർത്തു.
‘മഴക്കാലമല്ലേ ടൂറിസ്റ്റുകൾ കുറവാണ്.’ മധ്യവയസ്‌കൻ, വെറ്റിലയിൽ പൊതിഞ്ഞ ഒരുരുളയെടുത്ത് വായിലിട്ടു ചവക്കുന്നിതിനിടയ്ക്ക് ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
ചെറുപ്പക്കാരൻ പൊടുന്നനെ എണീറ്റുവന്ന് അരക്കെട്ടിൽ പിടിമുറുക്കി അവനെ വായുവിലേക്കുയർത്തിക്കൊണ്ടു പറഞ്ഞു: ‘അത്ര ചെറിയ കുട്ടിയൊന്നുമല്ല. ചെറിയൊരു സാധനം ഒളിപ്പിച്ചുകൊണ്ടുപോയി വെയ്ക്കാനൊക്കെ ഇവന് പറ്റും.’
മധ്യവയസ്‌കൻ കൈകൾ ദോത്തിയിലുരതിക്കൊണ്ട് അവനെ ആകമാനമൊന്നു നോക്കി. ‘തുമാർ ബോയോഷ് കാത്തെ?’
‘ദസ്.’ അവൻ വയസ്സ് പറഞ്ഞു. വിശ്വാസമില്ലാത്തപോലെ ആ വാക്ക് മധ്യവയസ്കന്റെ കണ്ണിലെ ഇരുട്ടിൽ തടഞ്ഞു നിന്നു.
പിന്നീട് രണ്ടുപേരുടെയും സംസാരം കേട്ടുകൊണ്ട് ഗല്ലിയിലൂടെ നടക്കുമ്പോൾ അവനാലോചിക്കുകയായിരുന്നു: ആ സ്ത്രീയെ അറിയുന്നവരായിരിക്കുമോ? പഴയൊരു കെട്ടിടത്തിന്റെ വാതിലിനു മുന്നിലെത്തിയതും മധ്യവയസ്കൻ ചെറുപ്പക്കാരന്റെ മുന്നിൽ വിലങ്ങനെ നിന്നു.
‘ഒരിക്കൽക്കൂടി ആലോചിട്ടുപോരെ…’
‘മാറിനിൽക്ക്. എനിക്കറിയാം എന്ത് ചെയ്യണമെന്ന്.’ ചെറുപ്പക്കാരന്റെ വാക്കുകൾക്കു കനമേറി: ‘താങ്കളൊരു ഭീരുവാണ്.’
അതുകേട്ടതും മധ്യവയസ്‌കൻ അയാളെപ്പിടിച്ച് പിറകിലേക്കു തള്ളി. പിടിവലികൾക്കും വാഗ്‌വാദങ്ങൾക്കുമവസാനം അവർ മുറിയിലേക്കു പ്രവേശിച്ചു.
‘ഇയാൾ പറയുന്നതൊന്നും നീ കാര്യമാക്കേണ്ട.’
‘എനിക്കു ഭയമൊന്നുമില്ല, എല്ലാം പ്ലാൻ ചെയ്തതുപോലെ നടക്കട്ടെ.’
മധ്യവയസ്‌കൻ കട്ടിലിൽ വന്നിരുന്നു ‘ഇതാ സോപ്പ്… കുളിച്ചു വരൂ. അതിനു ശേഷം ഇത് ധരിക്കൂ…’
അവൻ സംശയത്തോടെ അയാളെ നോക്കി. മധ്യവയസ്‌കൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘നിന്നെ വൃത്തിയായിട്ടൊന്നു കാണാൻ’
’നീ കുളിക്കാറൊന്നുമില്ലേ?’ ചെറുപ്പക്കാരൻ കളിയാക്കിക്കൊണ്ട് അവന്റെ കുപ്പായത്തിന്റെ കുടുക്കുകളഴിക്കാൻ തുടങ്ങി. ബാത്റൂമിലേക്കുനടക്കുമ്പോൾ അയാളവന്റെ ചന്തിക്കിട്ടൊരടി കൊടുത്തു. അതുകണ്ടു മധ്യവയസ്കൻ വീണ്ടും ചിരിച്ചു. ബക്കറ്റിൽ വെള്ളം വീഴുന്ന ശബ്ദത്തോടൊപ്പം പുറത്തവർ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ആദ്യമൊക്കെ തണുപ്പുതോന്നിയെങ്ങിലും പതിയെ അവനത് ആഹ്ലാദകരമായിട്ടു തോന്നി. കുളികഴിഞ്ഞെത്തിയതും മധ്യവയസ്‌കൻ ചുമലിലെ തോർത്തെടുത്ത് അവനെ ഒപ്പി.
‘ഇപ്പോൾ എന്തുതോന്നുന്നു?’
‘ബാലോ..’ ചിരിയോടെ അവൻ പറഞ്ഞു. സുഖം.
അവർ രണ്ടുപേരും കുറച്ചു നേരം നിശ്ശബ്ദരായി. പിന്നീട്, ചെറുപ്പക്കാരൻ അവനെ പ്രോത്സാഹിപ്പിക്കാനെന്നവണ്ണം ചോദിച്ചു: ‘നിനക്ക് പണം സമ്പാദിക്കണ്ടേ?’
അവൻ ‘ഹും’ എന്ന് മൂളുകമാത്രം ചെയ്തു. അമ്മാവനെ കാണണ്ടേ എന്നു ചോദിച്ചപ്പോൾ ‘വേണ്ട’ എന്നു പറഞ്ഞു.
സ്നാക്കുകളും കുപ്പികളും സ്ക്രൂഡ്രൈവറും ലോഹത്തകിടുകളും മേശപ്പുറത്തെ പെട്ടിയുടെ മുകളിൽ  ചിതറിയിട്ടിരുന്നു. പഴയ ഇംഗ്ലീഷ് പത്രക്കടലാസുകൾ മധ്യവയസ്‌കൻ മാറ്റിയൊഴിവാക്കി. ലഘുലേഖകളും അതിലെ മാവോയിസ്റ്റെന്ന തലക്കെട്ടും കണ്ടുവെങ്കിലും അവനതൊന്നും മനസ്സിലായില്ല. ‘ഇതുനോക്കൂ..’ അയാൾ പെട്ടിയിൽ നിന്നും വയറുകൾ തൂങ്ങിക്കിടക്കുന്ന കുഴൽ രൂപത്തിലുള്ള ഒരു ഉപകരണം പുറത്തേക്കെടുത്ത് കളിപ്പാട്ടമെന്നവണ്ണം അവനു മുന്നിൽ വെച്ചു. 'നമ്മുടെയെല്ലാം ജീവിതം മാറ്റിമറിക്കാൻ പോകുന്ന ഉപകരണം.’
അവന്റെ അന്താളിപ്പു കണ്ട് ചെറുപ്പക്കാരൻ ചിരിച്ചു. പിന്നീട്, നഗരത്തിലെ ഗൃഹോപകരണങ്ങൾ വിൽക്കുന്ന ഗുപ്തയുടെ കടയെക്കുറിച്ച് വിവരിക്കാൻ തുടങ്ങി. അതിന്റെ തിണ്ണയിലാണ് ചിലരാത്രികളിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കാറുള്ളതും റോന്തുചുറ്റുന്ന പോലീസുകാർ ഓടിച്ചു വിടാറുള്ളതും. അതുകൊണ്ടുതന്നെ ഏതു കടയെകുറിച്ചാണ് അയാൾ വിവരിക്കുന്നതെന്നു മനസ്സിലാക്കാൻ അവനു പ്രയാസമുണ്ടായില്ല.
‘അവിടെയാണ് നീയിത് കൊണ്ടുപോയി വെക്കേണ്ടത്.’ മധ്യവസ്കൻ വയറുകൾ ഘടിപ്പിച്ച ആ ഉപകരണം ഉയർത്തിക്കാണിച്ചു. ‘നീചനാണ് ആ ഗുപ്ത. നിന്നെയയാൾ മുന്നിൽ കാണുമ്പോൾ പോലീസിനു പണം കൊടുത്ത്‌ ആട്ടിയോടിക്കാറില്ലേ?’
‘ഞങ്ങൾ നിനക്ക് അഞ്ഞൂറു രൂപയാണ് തരാൻ പോകുന്നത്.’ ചെറുപ്പക്കാരൻ ഇടയ്ക്കു കയറിപ്പറഞ്ഞു: ‘അതിനുശേഷം തിരികെ വരുമ്പോൾ അഞ്ഞൂറിന്റെ വേറെയൊരു നോട്ടും. പിന്നീട് നിനക്കിവിടെ താമസിക്കാം.’
അവൻ കിടക്കയിലേക്ക് കണ്ണോടിച്ചു. ഉപയോഗിച്ചു കുഴഞ്ഞരൂപത്തിലാണെങ്കിലും അവനതു വളരെ ഇഷ്ടപ്പെട്ടു. ഇന്നേവരെ ആ സ്ത്രീ മാത്രമേ തന്നോട് അനുഭാവപൂർവ്വം അടുത്തിരുത്തി സംസാരിച്ചിട്ടുള്ളൂ. ഇവർ ഭക്ഷണം വാങ്ങിച്ചുതന്നു, തോളിൽ കയ്യിട്ടു ചങ്ങാതിമാരെപോലെ കൂടെ നടത്തി. ഇപ്പോൾ പറയുകയാണ്, ‘വളരെ ശ്രദ്ധിക്കണം’ എന്ന്‌.
‘അരയിൽ ഒളിപ്പിച്ചു കൊണ്ടുപോകണം.’ മധ്യവയസ്‌കൻ ഉപകരണം ഷർട്ടിനും നിക്കറിനുമിടയിൽ തിരുകിവെച്ചു കാണിച്ചു. ‘കടയുടെ മുന്നിലെത്തിയാൽ ഈ തോർത്തുമുണ്ട് നിലത്തുവിരിച്ച് പതുക്കെ ഇരുന്ന്, ഉറങ്ങാൻ പോകുന്നതുപോലെ അഭിനയിക്കുക. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ധൃതിപ്പെടാതെ ചില്ലുവാതിലിനു അഭിമുഖമായി ചെരിഞ്ഞു കിടക്കുക. പതുക്കെ അരയിൽ നിന്നെടുത്തു നിലത്തു വെയ്ക്കുക. ആരും കണ്ടില്ലെന്നുറപ്പുവരുത്തി എഴുന്നേറ്റു പോരുക. തിരിഞ്ഞുനോക്കുകയോ ഓടുകയോ ചെയ്യരുത്.’
ചെറുപ്പക്കാരന്റെ നിർദ്ദേശമനുസരിച്ച് അവൻ നടന്നുകാണിച്ചു. അതിനകം അവനു വിശപ്പുതോന്നി. അതുമനസ്സിലാക്കിയ ചെറുപ്പക്കാരൻ സിഗരറ്റിനു തിരികൊളുത്തി പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞതും ഭക്ഷണപ്പൊതിയുമായി തിരികെ വന്ന് ഫോൺ വിളിയിൽ മുഴുകി. നിമിഷങ്ങൾ കഴിഞ്ഞതും വാതിലിൽ മുട്ടു കേട്ടു.
മട്ടൻ തെഹാരിയിലെ മഞ്ഞച്ചോറിൽ വിരലൂന്നിക്കൊണ്ട് വാതിലിനു നേരെ ആകാംക്ഷയോടെ അവൻ കണ്ണെറിഞ്ഞു. ചുവന്ന ചേലയുടുത്ത ഒരു സ്ത്രീ. സ്വപ്നത്തിൽ കൂടെയിരുന്നു ആർദ്രതയൂറുന്ന വാക്കുകൾകൊണ്ട് തന്നെ ആശ്വസിപ്പിക്കാറുള്ളത്‌ ഇവരായിരിക്കുമോ? മുത്തുകൾ വാരിയെറിയുന്ന ചിരിയും കിലുകിലെയുള്ള സംസാരവും. അവനതിൽ സന്തോഷവും ആകാംക്ഷയും തോന്നി. തനിക്കുനേരെ നോക്കുന്നതിൽ വിമുഖത കാണിക്കുമ്പോൾ നീരസവും. സ്ത്രീയുടെ കണ്ണുകൾ കട്ടിലിലിരിക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തു മാത്രം തടഞ്ഞു നിന്നു. കൈകൾ ചെറുപ്പക്കാരന്റെ ചുമലിൽ മാത്രം വിശ്രമിച്ചു.
അതിനിടയിൽ, മധ്യവയസ്‌കൻ ഉടനെ വരാമെന്നു പറഞ്ഞു വരാന്തയിലേക്കു കടന്നു. സ്ത്രീ അവന്റെ അടുത്തേക്കുവന്നു വിളിച്ചു: ‘ഹലോ, ബേട്ടാ…’ എന്നാലവർ അവനെ തൊടുകയോ തലോടുകയോ ചെയ്തില്ല. ‘ഇവനോടൽപ്പനേരം പുറത്തുനിൽക്കാൻ പറയൂ...’
‘പറ്റില്ല. ഇവിടെ പരിചയമില്ലാത്ത കുട്ടിയാണ്.’
അവരവന്റെ താടി പുറംകാഴ്ചയിലേക്കു തിരിച്ചുവെച്ച് മെത്തയിലേക്കു ചാടിക്കയറി ചെറുപ്പക്കാരന്റെ അരക്കെട്ടിലിരുന്ന് ചേലയൂരിയെടുക്കുന്ന തിരക്കിനിടയിൽ പറഞ്ഞു: ‘ഇങ്ങോട്ടു നോക്കരുത്.’ അവൻ തെരുവിലെ മങ്ങിയ വെളിച്ചത്തിലേക്ക് നോക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് നീണ്ട നിഴലുകൾ നടന്നു പോകുന്നു. സ്വപ്നത്തിൽ വരുന്ന സ്ത്രീ ഇങ്ങനെയൊന്നുമല്ല. അവരിതുപോലെ തന്റെ സാമീപ്യത്തിൽ പുരുഷന്മാരുമായി സൃഗരിക്കുന്നവളല്ല.
ഇരുണ്ട കോണിപ്പടിപ്പടിയുടെ ചുവട്ടിൽ ആ മെലിഞ്ഞ പോലീസുകാരൻ കമലാഭായിയെ പിടിച്ചുനിറുത്തി കാണിച്ചത് അവനോർമ്മവന്നു. അതിനു ശേഷമാണയാൾ കാണുമ്പോഴെല്ലാം തല്ലാൻ തുടങ്ങിയത്.
കുറച്ചുകഴിഞ്ഞതും സ്ത്രീ കട്ടിലിന്റെ വശത്തിരുന്ന് കിതച്ചു. ചെറുപ്പക്കാർ സിഗരറ്റു കത്തിച്ചു. അവർ എഴുന്നേറ്റുവന്ന് അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചതിനുശേഷം  കുളിമുറിയിലേക്കുപോയി. ഏതോ കൊയ്ത്തുപാട്ടിന്റെ ഈരടികൾ മൂളുന്നതുകേട്ടു. ചെറുപ്പക്കാരൻ പേഴ്സ് തുറന്ന ഒരു പിടി നോട്ടുകൾ അവന്റെ പോക്കറ്റിലേക്ക് തിരുകിവെച്ചു.
അതിനകം വാതിൽ തുറന്നു വന്ന മധ്യവയസ്‌കൻ അരയിൽ തിരുകിയ റിമോട്ട്കണ്ട്രോൾ പുറത്തേക്കെടുത്തുകൊണ്ട് പറഞ്ഞു: ‘തെരുവ് കാലിയായിക്കൊണ്ടിരിക്കുന്നു.’ അതുകേട്ടുകൊണ്ടു സ്ത്രീ കുളിമുറിയിൽ നിന്നും പുറത്തേക്കു വന്നു. രണ്ടുപേരെയും നോക്കിക്കൊണ്ട് അവർ പറഞ്ഞു: ‘ഈ കുട്ടിക്കിത് കൈകാര്യം ചെയ്യാൻ പറ്റുമോ?’
അതുകേട്ടതും സ്വപ്നത്തിലെ സ്ത്രീതന്നെയായിരിക്കുമോ എന്ന സംശയം അവനിൽ വീണ്ടുമുണ്ടായി. വാരിപ്പുണരാൻ വെമ്പുന്നതുപോലെ അവനുനേരെ അനുകമ്പയോടെ നോക്കിക്കൊണ്ട് അവർ പറഞ്ഞു: ‘വേണ്ട, ഇതു ശരിയാകില്ല.’
‘നിന്റെയഭിപ്രായം ഇവിടെയാരും ചോദിച്ചില്ല.’ മധ്യവയസ്‌കൻ എതിർത്തു. അയാൾ ചെറുപ്പക്കാരനു നേരെ ദേഷ്യപ്പെട്ടു. ‘സ്ത്രീകളെ ഇതിലിടപെടുത്താൻ പാടില്ലായിരുന്നു.’
‘സാരമില്ലന്നെ, ഞാൻ കണക്ട് ചെയ്യാം..’ എന്ന് സമാധാനിപ്പിച്ചുകൊണ്ട് സ്ത്രീ, നിലത്ത് കുന്തിച്ചിരുന്ന് അവന്റെ ഷർട്ടുയർത്തി വയറുകൾ ബന്ധിപ്പിക്കുവാൻ തുടങ്ങി.
‘നിനക്ക് പേടിയുണ്ടോ?’ മധ്യവയസ്‌കൻ ചോദിച്ചു. ‘ഇല്ല’ എന്നർത്ഥത്തിൽ അവൻ തലയാട്ടി. അയാൾ ഫ്യുസിൽ സമയം ക്രമീകരിച്ച് മുഷിഞ്ഞ തോർത്തുമുണ്ടിൽ ഉപകരണം അവന്റെ നാഭിക്കുമുകളിൽ ഇളകാത്തവിധത്തിലുറപ്പിച്ചു. സ്ത്രീ ജനാലയുടെയടുത്തേക്കു നടന്നു. പുറത്തേക്കു നോക്കിക്കൊണ്ട് സിഗരറ്റിനു തീകൊളുത്തി ആലോചിച്ചു നിന്നു. പിന്നീടവർ കുറ്റി പുറത്തേക്കെറിഞ്ഞു ബാഗെടുത്തു.
‘നീയെവിടെ പോകുന്നു?’ ചെറുപ്പക്കാരൻ ചോദിച്ചു.
‘ഇപ്പോഴിറങ്ങിയാൽ ഗ്രാമത്തിലേക്കുള്ള ബസ്സുപിടിച്ച് കാടുകയറി പുലർച്ചെ കുടിലിലെത്താം.’ കൂടുതലൊന്നും പറയാതെ ഊക്കോടെ വാതിൽതുറന്ന് അവർ പുറത്തുകടന്നു. മുറിയിൽ മൂന്നുപേരും മാത്രമായി. അല്ലെങ്കിലും അതാണു നല്ലതെന്ന് അവനു തോന്നി.
മൂന്നുപേരും പുറത്തിറങ്ങി. ‘സംഭ്രമം കൂടാതെ പതുക്കെ നടക്കുക. പറഞ്ഞപോലെ ചെയ്ത് തിരിച്ചു പോരുക. ഞങ്ങൾ ഈ വാതിൽക്കലുണ്ടാകും.’ മധ്യവയസ്കൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. റിമോട്ട്കണ്ട്രോൾ കയ്യിൽപിടിച്ച് വാച്ചിലേക്ക് നോക്കി സമയമുറപ്പുവരുത്തി: ‘അങ്ങോട്ടും ഇങ്ങോട്ടും പത്തുമിനുട്ടു നടക്കാനുള്ള ദൂരമുണ്ട്. അധികം ചുറ്റിത്തിരിയരുത്.’
അവൻ ഗല്ലികഴിഞ്ഞു നിരത്തിലേക്കിറങ്ങി. ഇരുണ്ട ആകാശത്തിൽ നക്ഷത്രങ്ങളില്ല. ദൂരെ സിഗ്നലിൽ നിറങ്ങൾ മിന്നിൽക്കൊണ്ടിരിക്കുന്നു. രണ്ടു കുട്ടികൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഗല്ലിയിലെ  ഇരുട്ടിലേക്കോടി മറഞ്ഞു.
 അരുതായ്മകളുടെ ഉൽക്കണ്ഠ അവനുണ്ടായില്ല. പകരം പ്രത്യാശയുടെ മിടുപ്പുകളാണ് വയറ്റിൽ കെട്ടിവെച്ചിരിക്കുന്നത് എന്നവനോർത്തു. അമ്മ ഒരിക്കൽ തന്നെ സ്വീകരിക്കും. ഇത്രകാലം എവിടെയായിരുന്നെന്ന് തീർച്ചയായും ചോദിക്കാതിരിക്കില്ല.
രണ്ടു കൈകൾകൊണ്ടും വയറ്റിൽ മുറുകെ പിടിച്ച അവൻ ധൃതിയിൽ നടന്നു. നാലഞ്ചു കെട്ടിടങ്ങൾ കഴിഞ്ഞാൽ ഗുപ്തയുടെ കടയെത്തി. സിനിമ കഴിഞ്ഞു ചിലരൊക്കെ ഒറ്റയും കൂട്ടമായും എതിർവശത്തുനിന്നും വരുന്നുണ്ട്.
ഗുപ്തയുടെ കടയുടെ ചില്ലുവാതിലിനടുത്തെത്തി. നാലഞ്ചുപേർ പേപ്പർ വിരിച്ചുറങ്ങുന്നുണ്ട്. മുണ്ടുവിരിച്ചു കിടന്ന് അരയിലെ സാധനം പതുക്കെ നിലത്തുവെച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും എഴുന്നേറ്റ് ഫർണീച്ചർ കടയും ആഭരണക്കടയും പിന്നിട്ട്, മുറി ലക്ഷ്യമാക്കി നടന്നു. എങ്ങനെയെങ്കിലും അവിടെനിന്നും അപ്രത്യക്ഷനാകുക എന്നതുമാത്രമായിരുന്നു അപ്പോഴവന്റെ മനസ്സിൽ.
ഒരു പോലീസ് ജീപ്പ് പാഞ്ഞു പോകുന്നതു കണ്ടു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവൻ തലതാഴ്ത്തി നടന്നു. അടുത്ത ഗല്ലി തുടങ്ങുന്നിടത്തെത്തിയതും പിറകിൽ നിന്നും ഭീകരമായൊരു ഒച്ചകേട്ടു. കടയുടെ ഭാഗത്തേക്ക് അവൻ തിരിഞ്ഞുനോക്കി. ആ പ്രദേശം മുഴുവൻ പ്രഭയിൽ മുങ്ങുന്നു. വെളിച്ചത്തിന്റെ ചില്ലുമഴ റോഡിൽ വന്നു പതിക്കുന്നു. പുകയും പോലീസ് വാഹനത്തിന്റെ സൈറണും. പെട്ടെന്ന് നെഞ്ചുമിടിപ്പിന് ഇടർച്ച വന്നതുപോലെ അവനു തോന്നി.
പലഭാഗങ്ങളിൽ നിന്നുമായി അങ്ങോട്ടോടുന്ന ആൾക്കൂട്ടത്തിന്റെ കൂടെ അവനും ചേർന്നു. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി. മുന്നിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യരൂപങ്ങൾ. ചിലരെ ത്വീജ്വാലകൾ വിഴുങ്ങിയിട്ടുണ്ട്. നിർജ്ജീവമായി നിൽക്കുന്ന അവനെയാരോ പിറകിലേക്കുവലിച്ചിടാൻ ശ്രമിച്ചു. കരിഞ്ഞുപുകയുന്ന ഒരു സ്ത്രീരൂപത്തെ പോലീസുകാരൻ വടികൊണ്ടു തോണ്ടി മലർത്തിക്കിടത്തി. അതിന്റെ അടയാത്ത കണ്ണുകൾ തന്റെ നേരെനോക്കി എന്തോ പറയാൻ ചുണ്ടുകളനക്കുന്നു. അവൻ വാവിട്ടുകരഞ്ഞു.
ആംബുലൻസ് വന്നതും പോലീസുകാർ ജനങ്ങളെ ഓടിച്ചു വിടാൻ തുടങ്ങി. ആ ശരീരം അകത്തേക്കെടുത്തു വെച്ചപ്പോൾ അവൻ ഓടിയടുത്ത് ‘മാ..’ എന്ന് വിളിച്ചു.. കുതറി മാറാൻ ശ്രമിക്കുന്നതിനിടയ്ക്ക് ആംബുലൻസിന്റെ വാതിലുകളടഞ്ഞു.
__
*പെട്ടെന്ന് ആകട്ടെ

see also: കാലം മാറി, കഥ മാറി (ശ്രീകുമാർ എഴുത്താണി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക