കാലംചെയ്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന്റെ കബറടക്കം വൈകുന്നേരം മൂന്നിന്‌

Published on 22 June, 2022
കാലംചെയ്ത  സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന്റെ കബറടക്കം വൈകുന്നേരം മൂന്നിന്‌

കോട്ടയം: യാക്കോബായ സഭ മലബാര്‍ ഭദ്രാസനം മുന്‍ അധിപനും മര്‍ത്തമറിയം സമാജം അഖില മലങ്കര പ്രസിഡന്റുമായ സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് (52) കാലംചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മലബാര്‍ ഭദ്രാസന ചുമതലയില്‍ നിന്ന് ആറു മാസം മുന്‍പ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനായി ഭൗതികശരീരം എത്തിച്ചു. വൈകിട്ട് അഞ്ചിനു സന്ധ്യാനമസ്‌കാരത്തിന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നഗരികാണിക്കല്‍ ചടങ്ങായി മാതൃ ഇടവകയായ കുറിച്ചി സെന്റ് മേരീസ് സൂനോറോ പള്ളിയില്‍ കൊണ്ടുവന്നു. കബറടക്കത്തിന്റെ അവസാനഘട്ട ശുശ്രൂഷകള്‍ ഇന്നു 3നു കുറിച്ചി പള്ളിയില്‍ നടക്കും.

ഗുരുനാഥനായ, കാലം ചെയ്ത മര്‍ക്കോസ് മാര്‍ കൂറിലോസിന്റെ പേരില്‍ മണര്‍കാട് എരുമപ്പെട്ടിയിലുള്ള ട്രസ്റ്റില്‍ താമസിച്ചുവരികയായിരുന്നു. കുറിച്ചി പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതരായ ചാക്കോ ഏബ്രഹാമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23നാണു ജനനം. ഇംഗ്ലിഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം വേദശാസ്ത്രത്തില്‍ ബിരുദവും നേടി. നിരണം ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ വൈദികനായി സേവനം അനുഷ്ഠിച്ചു. 2012ലാണ്  മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

അഖില മലങ്കര യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ്, കേഫ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ്, നിരണം ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കണ്‍വീനര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മലബാര്‍ ഭദ്രാസനാധിപനായ ശേഷം മീനങ്ങാടിയില്‍ സെന്റ് മേരീസ് കോളജ്, കാലിക്കറ്റ് സര്‍വകലാശാല അഫിലിയേഷനുള്ള എല്‍ദോ മാര്‍ ബസേലിയോസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവ സ്ഥാപിച്ചു.

പി.സി.ചാക്കോ (പ്ലാന്റര്‍, കട്ടപ്പന), പി.സി.മറിയാമ്മ (നീലിമംഗലം), പി.എ.ആലീസ് (പുലിക്കുട്ടിശേരി), പി.സി.രാജു (റിട്ട. ഉദ്യോഗസ്ഥന്‍, എസ്ബിഐ), പി.എ.സാബു (പ്രിന്‍സിപ്പല്‍, കുറിച്ചി സെന്റ് മേരീസ് കോളജ്), പരേതനായ പി.സി.സണ്ണി എന്നിവരാണ് സഹോദരങ്ങള്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക