ജലജീവിതം : ജാസ്മിൻ ജോയ്

Published on 22 June, 2022
ജലജീവിതം : ജാസ്മിൻ ജോയ്

കുറച്ചുനാളുകൾക്ക് മുൻപ് എൻ്റെ  വിദ്യാർത്ഥിയായ ധനഞ്ജയ് എനിയ്ക്കൊരു പ്രത്യേക സമ്മാനം കൊണ്ടുവന്നു.
ഒരു ഫിഷ് ബൗളും അതിലൊരു 
വർണമത്സ്യവും . ഞാൻ സന്തോഷത്തോടെ അവൻ്റെ സ്നേഹസമ്മാനം സ്വീകരിച്ചു. ജീവജാലങ്ങളോട് ദയയും സ്നേഹവും കരുതലുമുള്ള ഒരു കുട്ടിയാണ് ധനജ്ജയ്.

ഫൈറ്റർ എന്നയിനം  
മത്സ്യമായിരുന്നു ഫിഷ്ബൗളിലുണ്ടായിരുന്നത്.  യഥാർത്ഥത്തിൽ, അതിൻ്റെ വിരസജീവിതം എന്നിൽ ചെറിയൊരു അസ്വസ്ഥതയാണുണ്ടാക്കിയത്.

മത്സ്യങ്ങൾ ഭൂതകാലം പെട്ടെന്നുതന്നെ മറന്നു പോകുമെന്നാണ് വായിച്ചിട്ടുള്ളത് .പ്രകൃതി കൊടുത്ത അനുഗ്രഹമായിരിക്കാം.
ഫൈറ്റർ ഇനത്തിൽപ്പെട്ട രണ്ട് ആൺ മത്സ്യങ്ങൾ കണ്ടുമുട്ടിയാൽ ഒരെണ്ണം മരിക്കുന്നതുവരെ യുദ്ധം ചെയ്യും. 
പ്രകൃതിയിൽ മറ്റ് ജീവജാലങ്ങളിലും  ആണുങ്ങൾ ഇങ്ങനെ  മരണം വരെ പോരടിക്കുന്നതു കാണാം.
വംശവർദ്ധനവിനെ ക്രമപ്പെടുത്താൻ പ്രകൃതി ചില തന്ത്രങ്ങൾ പ്രയോഗിക്കുന്നതാകാം.

ഇന്ന്, ആ ജല ഭരണിയിലെ  നിസ്സാഹായനായ  പോരാളി മത്സ്യത്തിൻ്റെ ഏകാന്തജീവിതത്തെ നോക്കിയിരുന്നപ്പോൾ 
എൻ്റെ ഓർമകളിലെ നിരവധി കുളങ്ങളും തോടുകളും നിറഞ്ഞൊഴുകുന്നതും അവയിലെല്ലാം മീനുകൾ നീന്തുന്നതും തുടിക്കുന്നതും ഞാൻ അനുഭവിച്ചു.
മത്സ്യം ജലത്തിലെന്ന പോലെയുള്ള അവിശ്വസനീയമായ ഒരു അനുഭൂതിയും എനിയ്ക്കുണ്ടായി.

ജലജീവിതം തന്നെ അമ്പരപ്പിക്കുന്നതാണല്ലോ.കുളങ്ങൾ മുതൽ കടൽ വരെയുള്ള അതിൻ്റെ വിശാലത..
സൂക്ഷമജീവികൾ മുതൽ നീലത്തിമിംഗലം വരെയുള്ള വൈവിധ്യം..

കറുകുറ്റിയിലെ മങ്ങനാടിയിലുണ്ടായിരുന്ന ആവാസവ്യവസ്ഥയെക്കുറിച്ചാണ് ഞാൻ ആലോചിച്ചത്.
തോടുകളുടെ ശൃംഖലകളും നിറഞ്ഞ കുളങ്ങളും പടർന്ന് കിടന്ന പാടങ്ങളും അനേകം ജീവജാലങ്ങളുമെല്ലാം ലോലമായി കൂട്ടിയിണക്കപ്പെട്ട ഒരു ഇക്കോസിസ്റ്റം.

വേനൽമഴ അമൃതായി പെയ്യുമ്പോഴാണ് മങ്ങനാടിയിലെ ഊർവരതയ്ക്ക് ആരംഭമാകുന്നത്.
അപ്പോൾ വിരിപ്പ് കൃഷിയുടെ കാലമായിരിക്കും
ഇടമഴകളോടെ തോടുകളും കുളങ്ങളും യൗവ്വനം വീണ്ടെടുക്കും.
ഇടവപ്പാതിയോടെ കുളങ്ങൾ ഒഴുക്കിടും.
മത്സ്യങ്ങളുടെ പ്രജനനകാലമാണത്.
കുഞ്ഞുങ്ങളെ പാറ്റാൻ വേണ്ടി ബ്രാലുകളും മുഴികളും കാരികളും ചില്ലൻ കൂരികളും പരക്കം പായാൻ തുടങ്ങും.
മീൻവേട്ടക്കാരുടെ വലകളിലും ഒറ്റലിലും മൂർച്ചകളിലും നല്ലൊരു പങ്ക് മീനുകളുടെയും ജീവിതം അവസാനിക്കും.
അവശേഷിക്കുന്നവർ സമാധാനത്തോടെ ജലാശയങ്ങളിൽ അവയുടെ ജീവിതം തുടരും.

പൂഞ്ചിറ, അച്ചൻകുളം ,നായൻമാരുടെ കുളം, കിഴക്കേ കുളം, മുതാട്ടി കുളം, ചാത്തൻ കുളം.. ഈ കുളങ്ങളെയെല്ലാം ബന്ധിപ്പിച്ചിരുന്ന നിരവധി തോടുകൾ .അവയെല്ലാം ചെന്നുചേരുന്ന കൈതത്തോട് മംഗലത്താഴം വഴി മാഞ്ഞാലിപ്പുഴയിലേക്ക് ഒഴുകി.

കൈതത്തോടിൻ്റെ ഇരുവശവുമായി മങ്ങനാടിപ്പാടം പടർന്നു കിടന്നു.മങ്ങനാടിയുടെ തെക്ക് ചാല്, വടക്ക് കാർപ്പിള്ളിമാക്കെ, പടിഞ്ഞാറ് കാവുങ്ങ, കിഴക്ക് തേമാലി.

സ്വപ്നദേശമായിരുന്ന പൂഞ്ചിറയും മങ്ങനാടിയും  എന്നെ എപ്പോഴും ഹൃദ്യമായി ക്ഷണിച്ചുകൊണ്ടിരുന്നു.
അതിൻ്റെ അരികിലെത്തുമ്പോൾ ഞാൻ ഇന്നും ആ സന്തോഷം അനുഭവിക്കുന്നുണ്ട് .
മഴക്കാലമായാൽ പുഞ്ചിറ നിറയെ പരൽമീനുകളായിരിക്കും.
അവ വളർത്തുമീനുകളെപ്പോലെ ഞങ്ങളോട്  ഇണക്കം കാണിച്ചു. മാനത്തുകണ്ണികൾ എപ്പോഴും മുകളിലേക്ക് നോക്കി നിന്നു. വൻപരലുകളും കരിങ്കണ കളുമായിരുന്നു പൂഞ്ചിറയിലെ സഹൃദയർ വെള്ളി പോലെ തിളങ്ങുന്ന കുറുവപ്പരലുകളും സുന്ദരൻമാരായ പൂവാലികളും എന്നെ എപ്പോഴും മോഹിപ്പിച്ചു.

ചണ്ടിക്കളങ്ങളിൽ നീർ കുടിക്കാൻ ബ്രാലുകൾ മെല്ലെ, മെല്ലെ പൊങ്ങി വരുന്നത് നല്ലൊരു കാഴ്ച്ചയായിരുന്നു. 
പരിണാമത്തിൻ്റെ ഏതോ ഘട്ടത്തിൽ കരയ്ക്കു കയറാൻ സാധ്യമാകാതെ വെള്ളത്തിൽപ്പെട്ടുപോയ ജീവികളാണ് ബ്രാലെന്ന് തോന്നിയിട്ടുണ്ട്. കാരണം, അതിന് അന്തരീക്ഷവായു ശ്വസിക്കാൻ തുടരെ മുകളിലേക്ക് വരണമല്ലോ.
കുളത്തിൻ്റെ അഗാധതയിലൂടെ നിഗൂഢമത്സ്യങ്ങളായ മൂഴികളും കാരികളും പുളഞ്ഞ് പോകുന്നത് കാണാമായിരുന്നു.
മായികമായ കാഴ്ച്ചകളുടെയും അനുഭൂതികളുടെയും ഇടമായിരുന്നു ഒരോ കുളക്കരയും.

കൊടകരയിൽ ഇപ്പോഴും ഒരു ജലജീവിതമുണ്ട്. വയലുകൾ ഇവിടെ വിശാലമാണ്.
കുളങ്ങളും തോടുകളും എപ്പോഴും നിറഞ്ഞു തന്നെ കിടക്കുന്നു.  .
കറുകുറ്റിയിൽ വംശനാശം വന്ന 
ആരലും കൂരലും വയമ്പുമെല്ലാം കൊടകരയിലെ തോടുകളിലുണ്ട്.
വയൽ ഒരു സവിശേഷ ഭൂമികയാണ്.
കാല്പനികതകൾ വിളയുന്ന  മാന്ത്രികദേശം.

മഞ്ഞണിഞ്ഞ വയൽ പുലരിയിലൂടെ നടന്നു പോകുന്ന ഒരാൾ ..
പാടമൗനത്തിൽ പടർന്ന കാറ്റും മഴയും..
കൈതത്തോട്ടിലെ  മുടിയഴിച്ചിട്ട യക്ഷികൾ ..
കുളവാഴപ്പൂക്കളിൽ മയങ്ങിക്കിടക്കുന്ന സന്ധ്യകൾ..

മീനുകളുടെ മാത്രമല്ല, അസംഖ്യം സസ്യ, ജന്തുജാലങ്ങളുടെയും പോറ്റമ്മയാണ് ഓരോ വയലും.

വിരുന്നിനെത്തുന്ന നീർപ്പക്ഷികൾ, വയൽ വരമ്പൻമാർ, പാട കൊക്കുകൾ, നീർ കാക്കകൾ,  കുളക്കോഴികൾ, നീർത്തുമ്പികൾ, ഞണ്ടുകൾ, നത്തയ്ക്കകൾ,
മണ്ണിനെ  ഉഴുതുമറിക്കുന്ന മണ്ണിരകൾ...

നടവരമ്പിലൂടെ കാഴ്ച്ചകൾ കണ്ട്  നടക്കുന്ന എന്നെ തോട്ടുവക്കിലെ തഴച്ച പൊന്തയിലിരുന്ന് കൈതമൂർഖൻമാർ ഉറ്റുനോക്കുകയായിരിക്കുമെന്ന് ഞാൻ എപ്പോഴും സങ്കല്പിച്ചു. പല രാത്രി സ്വപ്നങ്ങളിലും അവ ഫണം വിരിച്ചു നിന്നു.

തോട്ടിലൂടെ പാഞ്ഞുപോകുന്ന നീർക്കോലികളും കൊയ്ത്തുകാലത്ത് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന തേക്കിടാവുകളും കുട്ടകളും ആയിരുന്നു പാടത്തെ പ്രധാന നാഗങ്ങൾ.

തേക്കിടാവിനെ കൊല്ലരുതെന്ന് കുട്ടിയമ്മ പറയും .ഒരെണ്ണത്തിനെ കൊന്നാൽ പത്തെണ്ണം ജനിക്കുമത്രെ.

ഒരു പാടം നൽകുന്ന അനുഭവങ്ങൾ, പ്രകൃതി പാഠങ്ങൾ അനവധിയാണ്.
ജലപ്രകൃതി നൽകുന്നത് പ്രപഞ്ച വീക്ഷണം തന്നെയാണ്.
നായൻമാരുടെ കുളവും പരിസരങ്ങളും ഒരു കഥാദേശം തന്നെയായിരുന്നു.
ആ ചോലക്കുളത്തിൽ മത്സ്യങ്ങൾ സന്തോഷത്തോടെ ജീവിച്ചു. അതിൻ്റെ വലിയ  പൊത്തുകളിൽ നിറയെ നീളൻ കാരികളും മുഴുത്ത മുഴികളുമായിരുന്നു താമസം.  ബ്രാലുകൾ ഇടവപ്പാതിയ്ക്കു പോലും അവിടെ നിന്ന് ഇറങ്ങിപ്പോയില്ല.

ചൂണ്ടക്കാരും പച്ചമരുന്ന് അന്വേഷിച്ച്  നാട്ടുവൈദ്യൻമാരും താളി പറിക്കാൻ  സുന്ദരിമാരും ആ കുളക്കരയിലേക്ക് എപ്പോഴും വന്നുകൊണ്ടിരുന്നു.
നീന്തൽ പഠിച്ചതും ചാടിക്കുളിച്ചതും ഒരു  കാട്ടുച്ചോല പോലെ മനോഹരിയായിരുന്ന ആ കുളത്തിലായിരുന്നു.

ഒരിക്കലും വറ്റാതിരുന്ന ആ മാന്ത്രിക കുളം അനേകം ചെടികളെ സംരക്ഷിച്ചു പോന്നു.

വെളളിലക്കാടുകൾ, വേനലിൽ പൂക്കുന്ന കണലികൾ, വയലറ്റ് നിറമുള്ള പഴങ്ങൾ കായ്ക്കുന്ന ഊരികൾ, വശ്യഗന്ധത്തോടെ വിടരുന്ന പാരിജാതം, കൊട്ടൊ കായ്കൾ, കുഞ്ഞു പൂക്കൾ വിടരുന്ന സുന്ദരിച്ചെടി, കാരപ്പഴങ്ങൾ, മധുരം കായ്ക്കുന്ന ചുള്ളിപ്പടർപ്പുകൾ, പ്രണയം തോന്നുന്ന നീലയമരികൾ, കവിതകൾ പൂക്കുന്ന കണ്ണാന്തളികൾ ..

നിശാസുന്ദരികൾ അവിടെ അലഞ്ഞു നടന്നു..
പാല പൂത്ത ഉന്മാദരാത്രികളിൽ  ഗന്ധർവ്വൻമാർ തേരിൽ വന്നിറങ്ങി 

ഒരു ജലാർദ്രസ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോൾ 
മുറിയിൽ തങ്ങി നിൽക്കുന്ന വിരസമൗനം..
പുറത്ത് മൂകസന്ധ്യ.
മേശപ്പുറത്തെ ഫിഷ്ബൗളിലേക്ക് കണ്ണുകൾ നീട്ടി..
ഏകാകിയായ ആ മത്സ്യം നിശ്ചലനായി നിൽക്കുന്നുണ്ട്, വെള്ളത്തിൽ വരച്ച വർണവരപോലെ ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക