Image

ഉദ്ദവ് താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 22 June, 2022
ഉദ്ദവ് താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കോവിഡ്. മഹാരാഷ്ട്രയിലെ സ്ഥിതി വിലയിരുത്താനെത്തിയ കോണ്‍ഗ്രസ് നിരീക്ഷകന്‍ കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാരില്‍ 41 പേരും യോഗത്തിനെത്തി. മൂന്ന് പേര്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് കമല്‍നാഥ് പറഞ്ഞു.

ബി.ജെ.പി പണവും അധികാരവും ഭരണഘടനക്കെതിരെ ഉപയോഗിക്കുകയാണ്. ഇത് പല സ്ഥലങ്ങളിലും നമ്മള്‍ കണ്ടതാണ്. ശിവസേന നേതാവ് ഉദ്ദവ് താക്കറെക്ക് കീഴില്‍ ഞങ്ങള്‍ ശക്തരായി തുടരുമെന്ന് കമല്‍നാഥ് പറഞ്ഞു. അതേസമയം, മന്ത്രിസഭ യോഗത്തിന് പിന്നാലെ നിയമസഭ പിരിച്ചുവിടു​മെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

സേന വക്താവ് സഞ്ജയ് റാവത്ത് ഇതുസംബന്ധിച്ച സൂചന നല്‍കി. നിലവില്‍ മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാന്‍സഭ പിരിച്ചു വിടുന്നതിലേക്ക് നയിക്കുമെന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വീഴുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. ഉദ്ദവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ ട്വിറ്റര്‍ ബയോയില്‍ നിന്നും മന്ത്രിയെന്ന പേര് നീക്കിയതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. വിമതരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പാളിയതോടെയാണ് നിയമസഭ പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ശിവസേന എത്തിയതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക