ബലാത്സംഗത്തിൽ ജനിച്ച കുട്ടിയുടെ കസ്റ്റഡി തീർപ്പു ജഡ്‌ജ്‌ തിരുത്തി

Published on 23 June, 2022
ബലാത്സംഗത്തിൽ ജനിച്ച കുട്ടിയുടെ കസ്റ്റഡി തീർപ്പു ജഡ്‌ജ്‌ തിരുത്തി

 


ബലാത്സംഗത്തിൽ ജനിച്ച കുട്ടിയെ പ്രതിക്ക് ഏല്പിച്ചു കൊടുത്ത തീരുമാനം ലൂയിസിയാനയിലെ ജഡ്‌ജ്‌ ജെഫ്‌റി കാഷ്  താൽക്കാലികമായി തിരുത്തി. കേസിൽ അന്തിമ തീർപ്പു ജൂലൈ 15 നു പ്രഖ്യാപിക്കും. അതു വരെ 16 വയസുള്ള പെൺകുട്ടിയെ ഒരു രക്ഷാകർത്താവിനെ ഏല്പിച്ചു. 

ജോൺ ബാൺസ് എന്നയാൾ 2005 ൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ക്രിസ്റ്റ അബെൽസേത് പറയുന്നു. അതേപ്പറ്റി പരസ്യചർച്ച ഉണ്ടാവേണ്ട എന്നു കരുതി 16 വയസ് മാത്രമുണ്ടായിരുന്ന അബെൽസേത് അന്നു പൊലീസിൽ പരാതി കൊടുത്തില്ല. 

കുറ്റകൃത്യം നടക്കുമ്പോൾ 30 വയസുണ്ടായിരുന്ന ബാൺസ് അഞ്ചു വർഷം കഴിഞ്ഞു കുട്ടിയെ അന്വേഷിച്ചു കണ്ടെത്തി, വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ 2015 ൽ ജഡ്‌ജ്‌ കാഷിന്റെ തീർപ്പനുസരിച്ചു ബാൺസും അബെൽസേത്തും കൂടി മാറി മാറി അന്ന് 9 വയസായ കുട്ടിയെ നോക്കണം എന്ന കരാറുണ്ടാക്കി. 

എന്നാൽ ഈ മാർച്ചിൽ ജഡ്‌ജ്‌ കുട്ടിയുടെ പൂർണ ചുമതല ബാൺസിനു നൽകി. മാത്രമല്ല, കുട്ടിയെ നോക്കുന്നതിന്റെ ചെലവ് അയാൾക്ക്‌ നൽകണം എന്നും വിധിച്ചു. 

റെസ്റ്റാറ്റാന്റിൽ നിന്നു വീട്ടിലേക്കു കാറിൽ കൊണ്ടു പോകാം എന്നു വാഗ്ദാനം ചെയ്ത ബാൺസ് സ്വന്തം വീട്ടിൽ കൊണ്ട് പോയി തന്നെ ബലാത്സംഗം ചെയ്തുവെന്ന അബെൽസേതിന്റെ ആരോപണം അയാൾ നിഷേധിക്കുന്നു. ഇപ്പോൾ 32 വയസായ അബെൽസേത് 17 വർഷം മുൻപു ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു 2015 ൽ പരാതി നൽകിയിരുന്നു. 

പരാതിയെപ്പറ്റിവേണ്ട വിധം അന്വേഷിച്ചില്ല എന്നു തങ്ങിപഹോവാ ഷെരിഫ് ഡാനിയൽ എഡ്‌വേഡ്‌സ് സമ്മതിച്ചിട്ടുണ്ട്. ഏഴു വർഷം മുൻപ് തന്റെ ഡിപ്പാർട്മെന്റിനു അങ്ങിനെ ഒരു അബദ്ധം പറ്റി എന്നദ്ദേഹം പറയുന്നു. "ക്രിസ്റ്റയ്ക്കു സംഭവിച്ചതിനെ കുറിച്ച് എനിക്ക് ദുഖമുണ്ട്. പക്ഷെ ഞങ്ങൾ മനഃപൂർവം അവഗണിച്ചതല്ല."

മകൾ ബലാത്സംഗത്തിൽ നിന്ന് ജനിച്ചതാണെന്നു അബെൽസേത് കോടതിയിൽ സമർപ്പിച്ച രേഖകളിൽ കാണുന്നു. തന്നെ ലഹരിമരുന്നു നൽകിയാണ് ബാൺസ് കീഴ്പെടുത്തിയതെന്നും അവർ പറയുന്നു. 

ബാൺസ് ഈ ആരോപണങ്ങൾ നിഷേധിക്കുന്നു. 

അബെൽസേത്തിന്റെ ആരോപണങ്ങളും ന്യൂ ഓർലിയൻസിൽ പരിശോധിച്ച ഡോക്ടർമാർ ബലാത്സംഗമാണെന്നു സാക്ഷ്യപ്പെടുത്തിയ തെളിവും കോടതി മാർച്ചിൽ തള്ളി. അതിനു ശേഷമാണു കുട്ടിയെ ബാൺസിനു വിട്ടു കൊടുത്തത്. 

ചൊവാഴ്ച ആ തീർപ്പു ജഡ്‌ജ്‌ ഭാഗികമായി തിരുത്തിയതിനെ അബെൽസേത് സ്വാഗതം ചെയ്തു. ജാറെറ്റ് ആംബ്യു എന്ന  അഭിഭാഷകൻ ഇപ്പോൾ സൗജന്യമായാണ് അവർക്കു വേണ്ടി ഹാജരാവുന്നത്. "കുറ്റക്കാരെ ശിക്ഷിച്ചേ തീരൂ," അദ്ദേഹം പറഞ്ഞു. "ഇവിടെ നമ്മുടെ വ്യവസ്ഥിതി എല്ലാവരെയും തോൽപിക്കയാണ്."

ബാൺസിനെതിരെ കുറ്റപത്രം നൽകിയിട്ടില്ല. "അവൾ പറയുന്നതു നുണയാണ്," ബിസിനസുകാരനായ അയാൾ ഫോക്സ് ന്യുസിനോട് പറഞ്ഞു. "അവൾ ബാറിൽ ഉള്ളവരോട് കോളജ് വിദ്യാർത്ഥിയാണെന്നു പറഞ്ഞു. 16 വയസേയുള്ളൂ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവളെ ബലാത്സംഗം ചെയ്തിട്ടില്ല. ആരോപണം തികച്ചും വ്യാജമാണ്." 

ലൂയിസിയാനയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്വാതന്ത്ര്യം നൽകുന്ന പ്രായം 17 ആണ്. 

 

 


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക