ടാറ്റ നെക്‌സണിന്റെ ഇലക്‌ട്രിക് കാറിന് മുംബൈയില്‍ തീപിടിച്ചു

Published on 23 June, 2022
ടാറ്റ നെക്‌സണിന്റെ ഇലക്‌ട്രിക് കാറിന് മുംബൈയില്‍ തീപിടിച്ചു

മുംബൈ: രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങളിലെ ജനപ്രിയ ബ്രാന്‍ഡായ ടാറ്റ നെക്‌സണിന്റെ ഇലക്‌ട്രിക് കാറിന് തീപിടിച്ചു.

മുംബൈയിലെ വെസ്റ്റ് വസായ് മേഖലയിലാണ് സംഭവം. ഒരു റെസ്റ്ററന്റിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ തീപിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

പോലീസും അഗ്നിശമന വിഭാഗവും എത്തിയാണ് തീ അണച്ചത്. റോഡില്‍ ഗതാഗതക്കുരുക്കിനും ഇത് വഴിവെച്ചിരുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനത്തിലെ തകരാറാണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോര്‍വീല്‍ ഇലക്‌ട്രിക് വാഹനമാണ് ടാറ്റ നെക്‌സണ്‍.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും കാറുകള്‍ക്ക് തീപിടിക്കുന്നത് അപൂര്‍വ്വമാണ്. ചൂട് കൂടിയോ മറ്റോ പൊട്ടിത്തെറിക്കുന്ന സാഹചര്യം പരാമവധി ഒഴിവാക്കാനുളള സംവിധാനങ്ങളോട് കൂടിയ ബാറ്ററികളാണ് കാറുകളില്‍ ഉപയോഗിക്കുന്നതും.

ടാറ്റയുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷയും കമ്ബനിക്ക് പ്രധാനമാണെന്ന് ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക