ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടുപോയ നാല് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ രക്ഷപ്പെടുത്തി സൈന്യം. കുട്ടികള്‍ക്കൊപ്പം മൂന്ന് മുതിര്‍ന്നവരും ഉണ്ടായിരുന്നുവെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഛുത്പാസ് മേഖലയ്ക്ക് സമീപം കടുത്ത മഞ്ഞു വീഴ്ചയാണ് .
ഗോത്ര വിഭാഗത്തില്‍പ്പെട്ട ബകര്‍വാള്‍ കുടുംബമാണ് മഞ്ഞുവീഴ്ചയില്‍ കുടുങ്ങിക്കിടന്നത്. ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡും തകര്‍ന്ന നിലയില്‍ ആയിരുന്നു. നാടോടികളായ ഇവരുടെ ആടുകളും കന്നുകാലികളും മഞ്ഞുവീഴ്ചയില്‍ ചത്തിരുന്നു.
പെട്രോളിംഗിനിടെയാണ് സൈനിക യൂണിറ്റ് ഒറ്റപ്പെട്ട ഈ കുടുംബത്തെ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് സൈന്യം ഇവിടേക്ക് എത്തുകയായിരുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും സൈനിക ക്യാമ്ബിലേക്ക് മാറ്റി. ഇവര്‍ക്ക് ആവശ്യമായ വസ്തുക്കളും എത്തിച്ച് നല്‍കിയിട്ടുണ്ട്.സൈന്യം നടത്തിയ അന്വേഷണത്തില്‍ നഗ്രോട്ടയില്‍ നിന്നാണ് സംഘം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ ഉയര്‍ന്ന മേഖലകളിലെ മഞ്ഞു വീഴ്ച ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നാടോടികളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.