Image

ലോകചരിത്രവും അന്ത്യകാലസംഭവങ്ങളും (നൈനാൻ മാത്തുള്ള)

Published on 24 June, 2022
ലോകചരിത്രവും അന്ത്യകാലസംഭവങ്ങളും (നൈനാൻ മാത്തുള്ള)
ലോകചരിത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷചരിത്രമാണ്. മനുഷ്യചരിത്രത്തിന്റെയും ഭാവികാല പ്രവചനങ്ങളുടേയും ഏറ്റവും പുരാതനമായ രേഖയാണ് ബൈബിൾ. ബൈബിൾ ഒരു ചരിത്ര ഗ്രന്ഥമായി പലരും അംഗീകരിക്കുന്നില്ല. ചരിത്രമോ ശാസ്ത്രമോ പഠിപ്പിക്കാൻ എഴുതിയ ഗ്രന്ഥവുമല്ല അത്. എങ്കിലും ചരിത്രത്തിനും ശാസ്ത്രത്തിനും നിരക്കാത്തതായി അതിൽ എന്തെങ്കിലും ഉള്ളതായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
മനുഷ്യചരിത്രം എന്നു പറയുമ്പോൾ ശാസ്ത്രം അവകാശപ്പെടുന്നത് മറ്റൊന്നാണ്. എന്നാൽ ശാസ്ത്രം അവകാശപ്പെടുന്നതുപോലെ മനുഷ്യൻ പരിണാമം മൂലം ഉടലെടുത്ത ഒരു ജീവിയല്ല. ജീവന് അനുകൂലമായ സാഹചര്യം ഭൂമിയിലെല്ലായിടത്തും നിലവിലിരുന്നതു കാരണം പരിണാമമായിരുന്നുവെങ്കിൽ മനുഷ്യനോട് സാമ്യമുള്ള ജീവികൾ ഭൂമിയിൽ പല സ്ഥലത്തും ഒരേസമയത്ത് സ്വതന്ത്രമായി രൂപമെടുക്കണമായിരുന്നു. ഇന്നുള്ള മനുഷ്യരെല്ലാം ബൈബിൾ പറയുന്നതുപോലെ ഒരേ മാതാപിതാവിൽ നിന്ന് ജന്മമെടുത്തിട്ടുള്ളവരാണെന്ന് ശാസ്ത്രം സമ്മതിക്കുന്നു. കൂടാതെ, ചിന്തിക്കുന്ന, ചിരിക്കുന്ന, സംസാരിക്കുന്ന, വസ്ത്രധാരണം ചെയ്യുന്ന, ഭരിക്കുന്ന മറ്റൊരു ജീവി ഉണ്ടായിരുന്നതായി അറിവില്ല. പരിണാമമായിരുന്നെങ്കിൽ ഇത് സാദ്ധ്യമാണല്ലോ? ശാസ്ത്രം എന്ന പേരിൽ ചിലർ അവകാശപ്പെടുന്നത് ഒരു തിയറി അല്ലെങ്കിൽ ചിലരുടെ വിശ്വാസം മാത്രമാണ്. ഒന്നും തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതല്ല.
ചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഹെറോഡോട്ടസ് (Herodotus) ആണ്. മോശ തന്റെ ബൈബിളിലെ പഞ്ചപുസ്തകങ്ങൾ, അതായത് ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ എഴുതിയതിനുശേഷം ആയിരത്തിൽ കൂടുതൽ വർഷങ്ങൾക്കുശേഷമാണ് ഹെറോഡോട്ടസ് തന്റെ ''The Histories'' പ്രസിദ്ധീകരിക്കുന്നത് അതിന്റെ ഒരു കോപ്പി എന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. അതുകൊണ്ട് ബൈബിൾ തെറ്റാണെന്നു സമ്മതിക്കാൻ പറ്റിയതായ ഒരു രേഖയും ഇന്ന് നിലവിലില്ല.
ആർക്കിയോളജിയും (Archeology) ആന്ത്രപ്പോളജിയും (Anthropology) കാർബൺ ഡേറ്റിംഗ് മുതലായവ ബൈബിൾ തെറ്റാണെന്ന് സമർത്ഥിക്കാൻ പലരും എടുത്ത് തർക്കത്തിൽ ഏർപ്പെടാറുണ്ട്. ഈ ശാസ്ത്രശാഖകളുടെ രീതികളെപ്പറ്റി ഒന്നും അറിയാത്തവരാണ് ഇതിൽ ഏർപ്പെടാറുള്ളത്. ഒരു മൺപാത്രത്തിന്റെ കഷണം എടുത്ത് വെച്ചിട്ട് ആർക്കിയോളജിസ്റ്റുകൾ പടച്ചു വിട്ടിട്ടുള്ള പുസ്തകങ്ങൾ കാണിക്കുന്നത് ശാസ്ത്രത്തിനേക്കാൾ അത് ഒരു കലയാണ് എന്നതാണ്. നരവംശശാസ്ത്രത്തിന്റെ കഥയും തഥൈവ. കാർബൺ ഡേറ്റിംഗ് ശാസ്ത്രീയമല്ല എന്നു പറയാം. കാരണം കാലപ്പഴക്കം താരതമ്യം ചെയ്യാൻ പറ്റിയ അളവുതോത് അഥവാ മാനദണ്ഡം ലഭ്യമല്ല. കാർബൺ ഡേറ്റിംഗ് ചില അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. അത് ശാസ്ത്രീയം എന്നോ, തെളിയക്കപ്പെട്ടതെന്നോ പറയാൻ സാധിക്കയില്ല.
അറിയപ്പെടുന്ന, എഴുതപ്പെട്ട ലോകചരിത്രത്തിന്റെ കാര്യവും അതുപോലെ തന്നെ. ബൈബിളിന് മുമ്പ് എഴുതിയ ഒരു രേഖയും ഇന്ന് ലഭ്യമല്ല. അതുകൊണ്ട് അറിയപ്പെടുന്ന ചരിത്രം എടുത്ത് ബൈബിൾ തെറ്റാണെന്ന് സ്ഥാപിക്കാൻ സാദ്ധ്യമല്ല. ബൈബിൾ തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ബൈബിളിലെ മനുഷ്യചരിത്രം വിശ്വസിക്കുക മാത്രമേ വഴിയുള്ളൂ. അത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം. മത്സരബുദ്ധികളായ മറ്റുള്ളവർക്ക് പുതിയ പുതിയ കഥകൾ മെനഞ്ഞുണ്ടാക്കാം.
ബൈബിൾ അനുസരിച്ച്, ജലപ്രളയത്തിന് ശേഷം ജിവിച്ചിരുന്ന നോഹയുടെ മൂന്ന്  പുത്രന്മാരായ ശേം, ഹാം, യാഫേത്ത് എന്നിവരുടെ സന്തതി പരമ്പരകളാലാണ് ഭൂമി നിറഞ്ഞത്. മനുഷ്യകുലം ഒരേ മാതാപിതാക്കളിൽ നിന്ന് ജന്മമെടുത്തിട്ടുള്ളതാണെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.
മുകളിൽ പ്രസ്താവിച്ച നോഹയുടെ സന്തതി പരമ്പരകൾ ഫെർട്ടയിൽ ക്രെസന്റ് എന്നറിയപ്പെടുന്ന മദ്ധ്യേപൂർവ്വേഷ്യയിൽ നിന്നും ഭാഷയുടെ കലക്കത്തിനുശേഷം തമ്മിൽ കലഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറപ്പെടുകയായിരുന്നു. ആദ്യകാലത്ത് എഴുതാനുള്ള സാമഗ്രികളും ഭാഷയിലെ ലിപികളും പലർക്കും ലഭ്യമല്ലാതിരുന്നതു കാരണം ചെന്നെത്തിയ സ്ഥലങ്ങളിൽ അവരുടെ ചരിത്രം പാരമ്പര്യങ്ങളായി തലമുറ തലമുറയായി വാമൊഴിയായി കൈമാറുകയായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ ഓർമ്മ നശിക്കുകയും ഭാവനയും അതിശയോക്തിയും പാരമ്പര്യവിശ്വാസങ്ങളിൽ കടന്നു കൂടുകയും ചെയ്യും. ഇങ്ങനെയുള്ള എഴുത്തുകളെ നാം ''മിതോളജി'' എന്നോ ഇതിഹാസമെന്നോ പുരാണമെന്നോ വിളിക്കുന്നു. ചരിത്രം അതിൽ ഉറങ്ങിക്കിടക്കുന്നുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങൾ പലതും ഭാവനയാകാം.
ഉദാഹരണമായി രാമായണത്തിനും മഹാഭാരതത്തിനും ബി. സി. 2000 നും ബി. സി. 1500 ഇടയ്ക്ക് നടന്ന സംഭവങ്ങളുമായി ബന്ധമുണ്ടെങ്കിലും ബി. സി. 500 നു ശേഷമാണ് അവ എഴുതപ്പെട്ടത് എന്ന് കരുതുന്നു. ഇന്ത്യയിലെ പുരാതന വേദഗ്രന്ഥങ്ങളും ഈ സമയത്ത് തന്നെ രചിക്കപ്പെട്ടവയായി കരുതുന്നു.
മുകളിൽ പറഞ്ഞിരുന്നതായ മൂന്ന് വ്യക്തികൾ - ശേം, ഹാം, യാഫേത്ത് എന്നിവരുടെ സന്തതിപരമ്പരകൾ മൂന്ന് വർഗ്ഗങ്ങളായി (വർഗ്ഗീയതയുടെ ഉത്ഭവം) തിരിഞ്ഞ് പ്രത്യേക ഭൂപ്രദേശങ്ങൾ കൈവശപ്പെടുത്തി. ശേം വർഗ്ഗക്കാർ കൂടുതലും മദ്ധ്യപൂർവ്വേഷ്യയിലും പടിഞ്ഞാറൻ യൂറോപ്പിലുമാണ് കുടിയിരുന്നത്. ഇവരെ സെമറ്റിക് വംശജൻ എന്നു പറയുന്നു. ഹാമിന്റെ സന്തതി പരമ്പരകൾ കറുത്ത വർഗ്ഗക്കാരായിരുന്നു. അവർ കൂടുതലും ആഫ്രിക്കയിലും ഏഷ്യയിലുമാണ് കുടിയിരുന്നത്. യാഫേത്ത് വർഗ്ഗക്കാർ ഗ്രീസിനോട് ചേർന്ന ദ്വീപസമൂഹങ്ങളിൽ കുടിയിരുന്നതായി ബൈബിൾ വിവരിക്കുന്നു. ഇന്നും ഈ വർഗ്ഗക്കാർ ഈ പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. ലോകചരിത്രം ഈ വർഗ്ഗങ്ങളുടെ ചരിത്രമാണ്.
ആദ്യകാലം മുതൽക്കു തന്നെ അവർ തങ്ങളെ ഭരിക്കുന്നതിന് രാജാക്കന്മാരെ അംഗീകരിച്ചിരുന്നു. രാജാക്കന്മാരും ചക്രവർത്തിമാരും സൈനിക ശക്തികൊണ്ട് രാജ്യങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പെടുത്തിയിരുന്നെങ്കിലും ജനങ്ങൾ അവർ ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന നിലയിൽ ഭരിക്കുവാനുള്ള അവകാശത്തെ അംഗീകരിച്ചിരുന്നു. ഗ്രീസിൽ മാത്രമായിരുന്നു ഒരു പരീക്ഷണം എന്നപോലെ പൗരജനങ്ങൾ ഭരണത്തിൽ ഭാഗഭാക്കായിരുന്നത്. അത് അധികകാലം നിലനിന്നില്ല. എങ്കിലും പുരാതന ഭരണസംവിധാനങ്ങളിലും രാജാക്കന്മാരുടെ ആലോചനക്കാരായി അവിടുത്തെ പ്രമുഖരായ പൗരജനങ്ങൾ അഥവാ പ്രഭുക്കന്മാർ ഉണ്ടായിരുന്നു.
മനുഷ്യൻ ദൈവസൃഷ്ടിയെങ്കിൽ മനുഷ്യനെപ്പറ്റി ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരിക്കുന്നതനുസരിച്ചാണ് ലോകചരിത്രം രൂപപ്പെട്ടു വന്നതെന്നും കാണാൻ സാധിക്കും. ആ പദ്ധതിയാണ് നാം ബൈബിളിൽ വായിക്കുന്നത്. മനുഷ്യചരിത്രം ചിലർ തങ്ങളുടെ പേരു വലുതാക്കാൻ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി കെട്ടിപ്പടുത്ത സാമ്രാജ്യങ്ങളുടെ ചരിത്രം മാത്രമല്ല. അത് മുകളിൽ ആദ്യം സൂചിപ്പിച്ച പദ്ധതി അനുസരിച്ച് മുൻകൂർ തയ്യാറാക്കിയ തിരക്കഥ അഥവാ പ്ലാൻ അഥവാ പ്രവചനം അനുസരിച്ച് സംഭവിച്ചിട്ടുള്ളതാണ്. കാരണം ദൈവത്തിന്റെ വിരലുകളാണ് ചരിത്രം എഴുതുന്നത്. ഭൂതകാലചരിത്രം പ്രവചനമനുസരിച്ചായിരുന്നെങ്കിൽ ഭാവികാല സംഭവങ്ങളും അതേ പ്രവചനം പോലെ തന്നെ സംഭവിക്കും. പ്രവചനം അനുസരിച്ചായിരുന്നോ മനുഷ്യചരിത്രം എന്ന് നമുക്ക് പരിശോധിക്കാം.
അന്നുവരെ സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരുന്നതും സംഭവിക്കാൻ പോകുന്നതുമായ വിഷയങ്ങൾ വിശദീകരിച്ചിട്ട് പ്രവാചകൻ എഴുതി അവസാനിപ്പിച്ചിരിക്കുന്നത് ''പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും. സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും. ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി'' (ദാനിയേൽ 2:1-49-29, 7:1-29).
ലോകചരിത്രത്തിലെ ആദ്യ മാനവസംസ്‌കാരം സുമേറിയൻ സംസ്‌കാരമായിരുന്നു. അത് മുകളിൽ പ്രസ്താവിച്ച ആദിമമനുഷ്യർ കുടിയിരുന്നതായ ''ഫെർട്ടയിൽ ക്രെസന്റ്'' എന്ന് വിളിക്കുന്ന ഭൂവിഭാഗത്തായിരുന്നു. നോഹ ആ സംസ്‌കാരത്തിലെ അവസാനത്തെ കണ്ണിയായി കരുതാം. പിന്നീടു പ്രബലരായി വാണ മാനവസംസ്‌കാരമാണ് അക്കേടിയൻസ്. അക്കാദ് കേന്ദ്രമാക്കി ഭരിച്ച ഇവർ നോഹയുടെ മകനായ ഹാമിന്റെ വർഗ്ഗത്തിൽപ്പെട്ടവരായിരുന്നു (ഉല്പത്തി 10:10). പിന്നീട് ലോകചരിത്രത്തിൽ അറിയപ്പെടുന്ന പ്രബലശക്തി അഥവാ സാമ്രാജ്യം അസ്സിറിയൻ സാമ്രാജ്യമായിരുന്നു. നിനവയായിരുന്നു അവരുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ഇവർ ബൈബിളിലെ നോഹയുടെ മകൻ ശേമിന്റെ വംശാവലിയിൽപ്പെട്ട അബ്രഹാമിന്റെ കെതൂറയിലുണ്ടായ ഒരു മകന്റെ സന്തതി പരമ്പരകളായിരുന്നു (ഉല്പ. 25:3 'അസ്സൂറിം') ശേമിൽ നിന്ന് ഉളവായതുകൊണ്ട് ഇവരെ സെമറ്റിക് വർഗ്ഗക്കാരായി കരുതുന്നു. ഇന്ത്യയിൽ കുടിയേറിയ ആര്യന്മാർ ഇവരുടെ സഹോദരങ്ങളായിരുന്നു. ആര്യന്മാർ ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ ഇന്ത്യയുടെ പുരാതന സംസ്‌കാരമായ മോഹൻജദാരോ ഹാരപ്പാ സംസ്‌കാരത്തിന്റെ ഉടമകളായ ദ്രാവീഡിയൻസ് നോഹയുടെ മകനായ ഹാമിന്റെ വർഗ്ഗത്തിൽപ്പെട്ടവരായിരുന്നു.
ഇന്ത്യയിലെ ആര്യന്മാരുടെ പുരാണങ്ങളിൽ അസ്സീറിയൻസിനെപ്പറ്റി അസുരന്മാർ എന്ന പേരിൽ പരാമർശമുണ്ട്. അസുരന്മാരുടെ മേൽക്കോയ്മ അംഗീകരിക്കാൻ കഴിയാതിരുന്നതുകൊണ്ടാവാം അവർ ഇന്ത്യയിൽ കുടിയേറിയത്. അസുരന്മാരെ ശത്രുക്കളായിട്ടാണ് പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. അസ്സീറിയൻസ് ആയിരുന്നു ദാവീദിന്റെ മകനായ ശലോമോന് ശേഷം വന്ന പത്തു ഗോത്രങ്ങളുടെ രാജ്യമായ യിസ്രായേലിനെ പ്രവാസികളായി പിടിച്ചുകൊണ്ടുപോയി മറ്റു സ്ഥലങ്ങളിൽ കുടിയിരുത്തിയത്. അസ്സീറിയൻ സാമ്രാജ്യത്തിന് ശേഷം വന്നത് ബാബിലോണിയൻ സാമ്രാജ്യമായിരുന്നു. ഇവർ അസ്സീറിയൻസിന്റെ സഹോദരന്മാരായിരുന്നു. ദാനിയേൽ പ്രവാചകൻ ജീവിച്ചിരുന്നത് ഈ സാമ്രാജ്യത്തിന്റെ ഭരണകാലത്തായിരുന്നു. അവരുടെ പ്രതാപിയായ ചക്രവർത്തിയായിരുന്നു നെബുഖദ്‌നേസർ. ഇവരാണ് യിസ്രായേലിന് തെക്കുള്ള രാജ്യമായ യെഹൂദയെ പ്രവാസത്തിലാണ് കൊണ്ടുപോയത്.
വരാൻ പോകുന്ന ലോകസാമ്രാജ്യങ്ങളായി ദാനിയേൽ പ്രവാചകൻ കാണുന്ന ബിംബത്തിന്റെ (ദാനി. 2:32) തങ്കം കൊണ്ടുള്ള തലയെ ഇതു കാണിക്കുന്നു. അടുത്തതായി ലോകചരിത്രത്തിൽ ഉദിച്ചുയരുന്നത് മേദ്യ-പേർഷ്യൻ സാമ്രാജ്യമായിരുന്നു. അബ്രഹാമിന്റെ സന്തതി പരമ്പകരകളായ ഇവരും അസ്സീറിയൻസിന്റെയും ബാബിലോണിയൻസിന്റേയും സഹോദരന്മാരായിരുന്നു. ദാനിയേൽ കണ്ട ബിംബത്തിന്റെ നെഞ്ചും രണ്ടു കൈകളും ഇവരെ കാണിക്കുന്നു. പിന്നീട് വന്നതു മഹാനായ അലക്‌സാണ്ടറുടെ ഗ്രീക്ക് സാമ്രാജ്യമായിരുന്നു. അവർ ഇന്ത്യ വരെയും എത്തി. ബിംബത്തിന്റെ വയറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഗ്രീക്ക് സാമ്രാജ്യം ദാനിയേൽ ദർശനത്തിൽ കാണുന്നതുപോലെ നാലായി പിരിഞ്ഞതായി നാം ചരിത്രത്തിൽ വായിക്കുന്നു. ഗ്രീക്ക് സാമ്രാജ്യത്തിന് ശേഷം വന്നതാണ് ബിംബത്തിന്റെ തുടയെ കാണിക്കുന്ന റോമൻ സാമ്രാജ്യം. ഇവർ നോഹയുടെ മകനായ ശേമിന്റെ വർഗ്ഗത്തിൽപ്പെട്ട സെമറ്റിക് വംശജരായിരുന്നു. സെമറ്റിക് ലോപിച്ചാണ് സെൽറ്റിക് ഉണ്ടായിട്ടുള്ളത്. ഇവർ കൂടുതലും യൂറോപ്പ് പ്രദേശങ്ങളിലായിരുന്നു അധിവസിച്ചിരുന്നതെന്ന് സൂചിപ്പിച്ചിരുന്നല്ലോ! ബിംബത്തിന്റെ രണ്ടു തുടകൾ കാണിക്കുന്നതുപോലെ റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. റോം കേന്ദ്രമായി പടിഞ്ഞാറ് ഒന്നും കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായി കിടന്ന ബൈസൻസ്റ്റയിൻ സാമ്രാജ്യവും. റോമാസാമ്രാജ്യ ഭരണകാലത്താണ് യേശുക്രിസ്തു ജനിക്കുന്നത്. റോമാസാമ്രാജ്യം യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സുവിശേഷം ലോകമെല്ലാം എത്തിക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.
റോമാ സാമ്രാജ്യത്തിനുശേഷം ദാനിയേൽ ദർശനം കാണുന്നതുപോലെ പത്ത് സാമ്രാജ്യങ്ങൾ അഥവാ കൊമ്പുകൾ റോമാസാമ്രാജ്യത്തിന്റെ പ്രവിശ്യകൾ കേന്ദ്രമാക്കി അധികാരത്തിൽ വരുന്നു (ദാനി. 7:7). ''ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളച്ചു വന്നു.; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു'' (ദാനി. 7:8).
റോമാസാമ്രാജ്യത്തിൽ നിന്ന് ഉടലെടുത്ത പത്ത് കൊമ്പ് അഥവാ സാമ്രാജ്യങ്ങളും മൂന്ന് സാമ്രാജ്യങ്ങളെ വീഴിച്ച സാമ്രാജ്യവും ഏതൊക്കെയാണെന്ന് നോക്കാം.
റോമാ സാമ്രാജ്യം ഒറ്റ സാമ്രാജ്യമായിരുന്നപ്പോൾ അതിന് ഒരു കൊമ്പായിരുന്നു. അത് പടിഞ്ഞാറും കിഴക്കുമായി പിരിഞ്ഞപ്പോൾ ആദ്യ കൊമ്പിന്റെ സ്ഥാനത്ത് രണ്ട് കൊമ്പുകൾ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം പാർത്യൻ സാമ്രാജ്യം ഒരു കൊമ്പായി പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒന്നും രണ്ടും കാലിഫേറ്റുകൾ ഒന്നാമത്തെ കാലിഫേറ്റ് സിറിയ കേന്ദ്രമായിട്ടായിരുന്നുവെങ്കിൽ രണ്ടാമത്തെ കാലിഫേറ്റ് ബാഗ്ദാദ് കേന്ദ്രമായിട്ടായിരുന്നു. പിന്നീട് പ്രത്യക്ഷപ്പെട്ട കൊമ്പാണ് മംഗോളിയൻ സാമ്രാജ്യം. ചെംങ്കിസ്ഖാൻ, തുമൂർ, ബാബർ, അക്ബർ മുതലായവരുടെ കീഴിൽ ഇന്ത്യ വരെയും വ്യാപിച്ചു പിന്നീട് മൂന്ന് കൊമ്പുകൾ ഏകദേശം ഒരേസമയത്താണ് പ്രത്യക്ഷപ്പെട്ടത്. ആസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യം, നെപ്പോളിയന്റെ- ഫ്രഞ്ച് സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം എന്നിവയായിരുന്നു അവ. ഈ മൂന്ന് കൊമ്പുകളെ വേരോടെ നീക്കിയിട്ട് അടുത്തതായി ഒരു ചെറിയ കൊമ്പ് ബ്രിട്ടീഷ് സാമ്രാജ്യമായി അധികാരത്തിൽ വന്ന കാര്യമാണ് ദാനിയേൽ ദർശനം കണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യം അസ്സീറിയൻസ് പ്രവാസത്തിലേക്ക് കൊണ്ടുപോയതായ നഷ്ടപ്പെട്ടുപോയ പത്ത് ഗോത്രങ്ങളിൽ ഉൾപ്പെട്ട ആംഗ്ലോ-സാക്‌സണിൽ നിന്നും ഉയർന്നു വന്നതാണ്. അവർ യഹൂദന്മാരുടെ സഹോദരന്മാരാണ്. രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ക്ഷീണിക്കുകയും ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി അതിന്റെ തന്നെ ഭാഗമായി അധികാരത്തിൽ വരുന്നത് അമേരിക്കയാണ്. ദാനിയാൽ ദർശനത്തിലെ ചെറിയ കൊമ്പിലുള്ള കണ്ണും വമ്പു പറയുന്ന വായുമാണിത്. അമേരിക്ക, ആംഗ്ലോ-സാക്‌സൺ സംസ്‌കാരം എന്ന നിലയിൽ, മുളച്ചു വന്ന് മൂന്ന് കൊമ്പുകളെ നീക്കിക്കളഞ്ഞ ചെറിയ കൊമ്പിന്റെ ഭാഗം തന്നെയാണ്. ഒരു ഡോളർ ബില്ലിൽ കാണുന്ന ത്രികോണം യോഹന്നാൻ കാണുന്ന മൃഗത്തിന്റെ സംഖ്യയും ഒരും ഡോളർ ബില്ലിലെ ത്രികോണത്തിനകത്തുള്ള കണ്ണ് ദാനിയേൽ കണ്ട ദർശനത്തിലെ ചെറിയ കൊമ്പിലുള്ള കണ്ണുമാണ്.
അമേരിക്ക ലോകത്തിൽ നടക്കുന്നതെല്ലാം ഇ-മെയിൽ, ഇന്റർനെറ്റ്, ഗൂഗിൾ, ഫേസ്ബുക്ക് വഴിയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. താമസിയാതെ അന്തിക്രിസ്തുവിന്റെ ആളുകൾ അമേരിക്കൻ സൈനികവ്യൂഹം തട്ടിയെടുക്കുകയും (ഹിറ്റ്‌ലർ അധികാരത്തിൽ വന്നതുപോലെ) ലോകം മുഴുവൻ അമേരിക്കയുടെ അധീനതയിൽ ആകുകയും ചെയ്യും.
അമേരിക്കക്ക് സഹായമായി നിൽക്കുന്ന രാജ്യങ്ങൾ അവരുടെ സഹോദരങ്ങളായ യിസ്രായേൽ, ബ്രിട്ടൺ, ആസ്‌ട്രേലിയ, ന്യൂസിലന്റ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്‌സർലണ്ട് തുടങ്ങിയ രാജ്യങ്ങളും ആയിരിക്കും. തുടക്കത്തിൽ NATO സഖ്യരാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ബെൽജിയം കൂടാതെ മറ്റ് NATO, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അമേരിക്കക്ക് അനുകൂലമായിരിക്കുകയും അധികാരത്തിൽ വരുന്നതിന് സഹായകരമായിരിക്കുകയും ചെയ്യും. പിന്നീട് അവർ തമ്മിൽ തെറ്റുകയും അത് അവരുടെ വീഴ്ചയ്ക്ക് കാരണമാകുകയും ചെയ്യും.
തുടക്കം തന്നെ അവസാനം അറിയുന്ന ദൈവം പ്രവാചകനായ ബിലെയാമിൽക്കൂടി ദർശനം കൊടുത്തിരിക്കുകയാണ്. ''യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും യിസ്രായേലിൽ നിന്ന് ഒരു ചെങ്കോൽ ഉയരും'' (സംഖ്യാ 2:17) ഇവിടെ നഷ്ടപ്പെട്ടുപോയ പത്ത് ഗോത്രങ്ങളിൽ നിന്ന് (യിസ്രായേൽ) ബ്രിട്ടനും, അതിനുശേഷം അമേരിക്കയും അധികാരത്തിൽ വരുന്ന ചരിത്രമാണ് പ്രവാചകൻ ദർശനം കാണുന്നത്.
അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും തുമൂലപുത്രന്മാരെയെല്ലാം സംഹരിക്കുകയും ചെയ്യും എന്നത് അതുമായി ബന്ധപ്പെട്ട് നടന്ന ചരിത്രസംഭവങ്ങളും സൈനിക ഇടപെടലുകളുമാണ്. പല വേദപണ്ഡിതന്മാരും വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നത് യാക്കോബിൽ നിന്നുയരുന്ന നക്ഷത്രം യേശുക്രിസ്തുവാണെന്നാണ്. എന്നാൽ യേശുക്രിസ്തു മോവാബിന്റെ പാർശ്വങ്ങളെ തകർക്കുകയുയോ തുമൂലപുത്രന്മാരെ സംഹരിക്കുകയോ ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാൽ അവർക്ക് ഉത്തരമില്ല.
മോവാബിന്റെ പാർശ്വങ്ങൾ ആരാണെന്ന് മനസ്സിലാക്കാൻ നമുക്ക് പഴയനിയമത്തിലേക്ക് തിരിയാം.
''ഗിലയാദിൽ നിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്ത് കയറ്റി മിസ്രയിമിലേക്ക് കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രാക്കൂട്ടം വരുന്നതുക കണ്ടു. മിദ്യാന്യ കച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽ നിന്ന് വലിച്ചു കയറ്റി യിശ്മായേല്യർക്ക് ഇരുപത് വെള്ളിക്കാശിന് വിറ്റു'' (ഉല്പ.37:25-28)
അബ്രഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന് കൊടുക്കുകയും തന്റെ വെപ്പാട്ടിയായ കെതൂറയുടെ മക്കൾക്ക് ദാനങ്ങൾ കൊടുത്ത് അവരെ കിഴക്കോട്ടയച്ചതായി നാം വേദപുസ്തകത്തിൽ കാണുന്നു (ഉല്പ. 25:14). ഹാഗാറിനേയും യിശ്മായേലിനേയും മുമ്പ് തന്നെ അബ്രഹാം പുറത്താക്കിയിരുന്നു. സ്വാഭാവികമായും യിസ്ഹാക്കിന്റേയും യാക്കോബിന്റേയും കൂടുംബത്തോടുള്ള പക കാരണം ഇവർ ഒന്നിച്ചതാണെന്നും കൂടാതെ അടുത്തടുത്ത് താമസിക്കുമ്പോൾ അവർ കച്ചവട ആവശ്യത്തിനായി ചങ്ങാത്തത്തിലായെന്നും അനുമാനിക്കാം. ഈ മിദ്യാന്യ-യിശ്മായേല്യ കൂട്ടുകെട്ട് ലോത്തിന്റെ സന്തതി പരമ്പരകളുമായി ചങ്ങാത്തത്തിലായിരുന്നു എന്ന് നാം പിന്നീട് വേദപുസ്തകത്തിൽ കാണുന്നു. യിസ്രായേൽ മരുപ്രയാണം കഴിഞ്ഞ് കനാനിൽ പ്രവേശിക്കുന്നതിനുമുമ്പ് മോവാബ്യ രാജാവായ ബാലാക്ക് മിദ്യാന്യ പ്രഭുക്കന്മാരെക്കൂട്ടിയാണ് നദീതീരത്ത് താമസിച്ചിരുന്ന ബിലെയാമിനെ വിളിക്കാൻ ആളയക്കുന്നത്. ഇവിടെ നാം മോവാബും മിദ്യാനും തമ്മിൽ അടുത്ത ബന്ധത്തിലാണെന്നു കാണുന്നു (സംഖ്യാ 22:1-7). ആദ്യമേ തന്നെ മിദ്യാനും യിശ്മായേല്യരും തമ്മിൽ ചങ്ങാത്തം ഉണ്ടായിരുന്നു. ജോസഫിനെ വിൽക്കുന്നതിനോടുള്ള ബന്ധത്തിൽ അവരെപ്പറ്റി പറയുമ്പോൾ മിദ്യാന്യർ എന്നും യിശ്മായേല്യർ എന്നും മാറി ഉപയോഗിച്ചിരിക്കുന്നത് കാണാം.
ബ്രിട്ടീഷ് സാമ്രാജ്യവും അതിനുശേഷം അമേരിക്കയും സാമ്രാജ്യശക്തികളായി വളരുന്നതിന് ഈ ജാതികളുടെയെല്ലാം ഇപ്പോഴുള്ള തലമുറകളെ തകർത്തതിനുശേഷമാണ് ഇന്ത്യ, ചൈന, ജപ്പാൻ, ഒട്ടോമൻ സാമ്രാജ്യം, കൂടാതെ അമേരിക്ക, മംഗോളിയൻ വംശജരായ റെഡ് ഇന്ത്യൻസിനെ തകർത്തതുമെല്ലാം ഈ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. അതുപോലെ അറബ് ലോകവും പേർഷ്യൻ പ്രദേശങ്ങളും ബ്രിട്ടൺ അധീനതയിൽ വരുത്തിയത് മോവാബിന്റെ പാർശ്വങ്ങളെ തകർക്കുമെന്ന പ്രവചനത്തിന്റെ നിവൃത്തിയാണ്.
ഇനിയും തുമുലപുത്രന്മാർ ആരാണെന്നും നോക്കാം. നോഹയുടെ മകനായ ശേമിനെയാണ് 'തുമുല' എന്ന പദം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അതിന്റെ വിശദ വിവരങ്ങളിലേക്ക് സ്ഥലവും സന്ദർഭവും അനുവദിക്കാത്തതിനാൽ ഇപ്പോൾ കടക്കുന്നില്ല. ശേം എന്ന പേരിൽ നിന്നാണ് ശെമറ്റിക് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. സെമറ്റിക്കിൽ നിന്നാണ് സെൽറ്റിക് (Celtic) എന്ന വാക്കുണ്ടായത്.
ശേമിന്റെ സന്തതിപരമ്പരകളായ സെൽറ്റിക് ജനങ്ങൾ കൂടുതലും കുടിയേറിയത് യൂറോപ്യൻ പ്രദേശങ്ങളിലായിരുന്നു. പുരാതനകാലത്ത് അവർ 'തുമുലസ് സംസ്‌കാരം' എന്നാണ് അറിയപ്പെട്ടിരുന്നത്. ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് ഈ സെൽറ്റിക് ജനങ്ങളെപ്പറ്റി യൂറോപ്യൻ പ്രദേശങ്ങളിൽ കുടിയിരിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. തുമുലയിൽ നിന്നാണ് അവരുടെ ഭാഷയായ ലാറ്റിൻ എന്ന വാക്ക് രൂപം കൊള്ളുന്നത്. ഇറ്റലി, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടീഷ് ദ്വീപുകൾ ഇവയിൽ അവർ വ്യാപിച്ചതായി പിന്നീടുള്ള ചരിത്രത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ചരിത്രത്തിൽ ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ആദ്യകാല ജനങ്ങളെ തുമുല എന്നാണ് വിളിച്ചിരുന്നത്.''ലാ'' എന്ന ശബ്ദത്തിന്റെ അതിപ്രസരം അവരുടെ ഭാഷയിലെല്ലാം (റോമനിക് ഭാഷകൾ) കാണുന്ന ഒരു ഘടകമാണ്. ഈ ജനങ്ങളെയും കെതുറയുടെ തലമുറകളായ സ്ലാവ് വർഗ്ഗക്കാരെയും നീക്കിയിട്ടാണ് 10 ഗോത്രങ്ങളായ യിസ്രായേൽ യൂറോപ്പ് മുഴുവനായും വ്യാപിച്ചത്. അതായത് സ്വീഡൻ, ഡെൻമാർക്ക്, നോർവേ എന്നീ രാജ്യങ്ങൾ അവർ കൈവശമാക്കിയത് തുമുല വർഗ്ഗത്തിൽപ്പെട്ട ജനങ്ങളെയും കെതുറയുടെ തലമുറകളേയും നീക്കിയിട്ടായിരുന്നു. ബ്രിട്ടീഷ്-ഫ്രാൻസ് യുദ്ധങ്ങളും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും തുമുലപുത്രന്മാരെ സംഹരിച്ച ചരിത്രമാണ്.
അതുപോലെ തന്നെ യിസ്രായേൽക്കാരായ ആംഗ്ലോ-സാക്‌സൺസ് ബ്രിട്ടണിലുണ്ടായിരുന്ന സെൽറ്റിക് വർഗ്ഗക്കാരെ നീക്കിയിട്ടാണ് അവിടെ അധികാരത്തിൽ വരുന്നത്. സ്‌കോട്ട്‌ലണ്ടിലും ഐർലണ്ടിലും കെതുറയുടെ മക്കളുടെ വർഗ്ഗക്കാരായ ആര്യൻ ജനങ്ങളായിരുന്നു അവിടുത്തെ പുരാതന ജനങ്ങൾ. അവർ കിഴക്കു നിന്ന് അവിടെ കുടിയേറിയെന്നാണ് അവരുടെ ചരിത്രം പറയുന്നത്. ഐർലന്റ് എന്ന വാക്ക് തന്നെ ആര്യൻ എന്ന വാക്കിൽ നിന്നും ഉളവായതാണെന്നാണ് പാരമ്പര്യം പറയുന്നത്. അവർ കുറച്ചുകൂടി ഇരുണ്ട നിറമുള്ളവരായിരുന്നു. അവരുടെ മിശ്രിതങ്ങളിൽ ഇപ്പോഴും അതിന്റെ പാടുകൾ കാണാനുണ്ട്. അവരെ നീക്കിയിട്ട്, അധീനതയിലാക്കിയിട്ട് ആംഗ്ലോ-സാക്‌സൺസ് അധികാരത്തിൽ വന്നത് ഈ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു.കാച്ചിക്ക രൂപമുള്ള ഒരു ചെറിയ ദ്വീപ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളരുകയെന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. എന്നാൽ അത് പ്രവചനത്തിന്റെ നിവൃത്തിയാണ്. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ കാണാൻ കണ്ണുള്ളവൻ കാണട്ടെ.
ലോകചരിത്രത്തിൽ ഉദിച്ചുയർന്ന വിവിധ സാമ്രാജ്യങ്ങളും ഭരണസംവിധാനങ്ങളുമാണല്ലോ ചുരുക്കമായി വിവരിച്ചത്. എല്ലാ സംസ്‌കാരത്തിനും ചരിത്രത്തിൽ സാമ്രാജ്യങ്ങൾ അല്ല എങ്കിൽ ഭരണസംവിധാനങ്ങൾ ഒരുക്കുന്നതിന് സമയവും സാഹചര്യവു ലഭിച്ചു എന്നു കാണാവുന്നതാണ്. കുറച്ചു സമയത്തെ ഭരണം കഴിയുമ്പോൾ അവയിൽ പുഴുക്കുത്തുകൾ വ്യാപിക്കുകയും അനീതിയും പീഢനവും അവരുടെ മുഖമുദ്രയാകുകയും ചെയ്യുമ്പോൾ അത് മറ്റൊരു ഭരണസംവിധാനം ഉയരുന്നതിന് കളമൊരുക്കുന്നു. ഭഗവത്ഗീതയിൽ കൃഷ്ണൻ പറയുന്നതുപോലോ ''സംഭവാമി യുഗേ യുഗേ'' അവിടെ വിവിധ ഭരണ സംവിധാനങ്ങളെ അവതാരങ്ങളായി ചിത്രീകരിച്ചിരിക്കുന്നത് കാണാം. അതിൽ ചിലത് സൈനിക ഭരണകൂടമാകാം, സ്വേഛാധിപതിയാകാം, ഉപദേശക്കാരുടെ സഹായത്തോടുകൂടി ഭരിക്കുന്ന രാജാക്കന്മാരായിരിക്കും. ഓരോന്നിനും ഓരോ ഉദ്ദേശമുണ്ട്. അത് സാധിച്ച് കഴിഞ്ഞാൽ ഈ ഭരണങ്ങൾ അസ്തമിക്കുന്നു. കമ്യൂണിസ്റ്റ് ഭരണവും വർഷങ്ങളായി തൊഴിലാളികളെയും താണജാതിക്കാരെയും അടിച്ചമർത്തി ചൂഷണം ചെയ്തിരുന്ന ഒരു ഭരണവ്യവസ്ഥിതിയെ നീക്കം ചെയ്ത് സത്യവും ന്യായവും നടപ്പാക്കാൻ ഈശ്വരനിൽ നിന്നുള്ള അവതാരമായി  കരുതാം. കാരണം രാജാക്കന്മാരെ ആക്കുകയും നീക്കുകയും ചെയ്യുന്നത് ഈശ്വരനാണ് അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു. അവൻ ജ്ഞാനികൾക്ക് ജ്ഞാനവും വിവേകികൾക്ക് ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായത് വെളിപ്പെടുത്തുന്നു (ദാനി. 2:21-22). ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി. അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു
(പ്രവൃ. 17:26).
ഇതുവരെയുള്ള ലോകചരിത്രം, ഭൂതകാലസംഭവങ്ങൾ പ്രവചനമനുസരിച്ചായിരുന്നുവെങ്കിൽ ഭാവികാല സംഭവങ്ങളും അതേ പ്രവചനം പോലെ തന്നെ സംഭവിക്കും. എന്നാൽ ദർശനം അഥവാ പ്രവചനങ്ങൾ രേഖപ്പെടുത്തുമ്പോൾ ഭാഷയിൽ വാക്കുകൾ ലഭ്യമല്ലാത്തതിനാൽ പ്രതീകങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. ആ പ്രതീകങ്ങളെ വ്യാഖ്യാനിക്കുന്നതിൽ പലർക്കും തെറ്റു പറ്റിയിട്ടുണ്ട്.
നാമിന്നായിരിക്കുന്ന ജനാധിപത്യ യുഗവും യാദൃശ്ചികമായി സംഭവിച്ചതല്ല. അത് ബൈബിൾ പ്രവചനം അനുസരിച്ച് സംഭവിച്ചതാണ്. ദാനിയേൽ പ്രവാചകൻ ദർശനം കണ്ടതായ ബിംബത്തിന്റെ കളിമണ്ണും ഇരുമ്പും ചേർന്ന കാൽപാദത്തിന്റെ കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. അതിന് രാജഭരണത്തിന്റേതായ ബലമില്ല. ലോകചരിത്രത്തിലെ സാമ്രാജ്യങ്ങളെല്ലാം രാജഭരണത്തിൻ കീഴിൽ ഉടലെടുത്തിട്ടുള്ളതാണ്. പ്രജാക്ഷേമതല്പരനായ ഒരു രാജാവുണ്ടെങ്കിൽ രാജഭരണമാണ് കൂടുതൽ കാര്യക്ഷമമായിട്ടുള്ളത്. പൊതുജനം കഴുതയാണല്ലോ? വിവരമില്ലാത്ത പൊതുജനങ്ങളുടെ കയ്യിൽ ഭരണമേൽപ്പിച്ചാൽ ചൂഷണം ചെയ്യുന്ന സ്ഥാപിത താല്പര്യക്കാർക്ക് ചൂഷണം ചെയ്യാൻ നല്ല വളക്കൂറുള്ള മണ്ണാണത്. അതു തന്നെയാണല്ലോ ഇന്നത്തെ മുതലാളിത്ത വ്യവസ്ഥിതിയിൽ ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നവർ ചെയ്യുന്നത്. മാധ്യമങ്ങളിൽക്കൂടി പല വിധത്തിലും തിരഞ്ഞെടുപ്പിനേയും, ഭരിക്കുന്നവരുടെ തീരുമാനങ്ങളെയും സ്വാധീനിക്കാൻ സാധിക്കുന്നു. അതുകൊണ്ട് കളിമണ്ണും ഇരുമ്പും ചേർന്ന കാൽപാദം അഥവാ ജനാപത്യം തീരെ ബലമില്ലാത്ത ഭരണസംവിധാനമാണ്.
മുകളിൽ പ്രസ്താവിച്ച വിഷയങ്ങൾ മനസ്സിലാക്കാതെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനേയോ, ബൈഡനേയോ കുറ്റം പറയുന്നവരെ അവർ രക്ഷകരായി വരുമെന്നോ ചിന്തിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണ്. ട്രംമ്പായാലും ബൈഡനായാലും ഇവിടെ ഭരണത്തെ സ്വാധീനിക്കുന്ന ശക്തികളുടെ താല്പര്യങ്ങൾക്ക് ഏതിരായി നിന്നാൽ അമേരിക്ക പ്രസിഡന്റ് കെന്നഡിയെ നീക്കിയതുപോലെ കറിയിൽ നിന്നും കറിവേപ്പിലെ നീക്കുന്നതുപോലെ നീക്കിക്കളയാം. ഇവിടുത്തെ മിലിട്ടറി-ഇൻഡസ്ട്രിയൻ കോംപ്ലക്‌സ് ഇൻഷുറൻസ് ബാങ്കിംഗ് സ്ഥാപിത താല്പര്യങ്ങൾക്കെതിരായി പ്രസിഡന്റിന് ഒന്നും ചെയ്യാൻ കഴിയില്ല.
ഇപ്പോൾ റക്ഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന പ്രശ്‌നങ്ങളും മുകളിൽ പറഞ്ഞ ശക്തികളുടെ ഇടപെടലുകൾ കൊണ്ടുണ്ടായിട്ടുള്ളതാണ്. സോവിയറ്റ് യൂണിയൻ ശിഥിലമായതോടുകൂടി നാറ്റോ (NATO) റക്ഷ്യയെ വളഞ്ഞിരിക്കുകയാണ്. തെക്കെ അമേരിക്കയിൽ വിദേശ രാജ്യങ്ങൾ ഇടപെടാൻ പാടില്ല എന്ന മൺറോ ഡോക്ടറിൻ മറ്റു രാജ്യങ്ങളും അവകാശപ്പെട്ടാൽ എന്തു ചെയ്യും?
റക്ഷ്യയും യുക്രൈനും തമ്മിലുള്ളത് അവരുടെ കുടുംബപ്രശ്‌നമാണ്. കാരണം അവർ സഹോദരന്മാരാണ്. യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നല്ലോ! സഹോദരന്മാർ പ്രായപൂർത്തായാകുമ്പോൾ പുതിയ വീടു വെച്ചു മാറുന്നതുപോലെ അവർ മറ്റൊരു രാജ്യം സ്ഥാപിച്ചു. അവരുടെ കുടുംബ വഴക്കിൽ നാമെന്തിനാണ് ഇടപെടുന്നത്. സ്ഥാപിത താല്പര്യക്കാർക്ക് ഇടപെടാതിരിക്കാൻ കഴിയില്ലല്ലോ! ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിൽ അമേരിക്ക ഇടപെട്ടതുപോലെ! കുളം കലക്കിയാൽ മീൻ പിടിക്കാമല്ലോ? ആയിരക്കണക്കിന് വർഷങ്ങൾ സോവിയറ്റ് യൂണിയൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളുമായി ഉണ്ടായിട്ടുള്ള യുദ്ധങ്ങൾ വർഗ്ഗസമരത്തിൽ നിന്നുമുണ്ടായിട്ടുള്ളതാണ്.
സോവിയറ്റ് എന്ന പദം ബൈബിളിലെ Shuah (ഉല്പ. 25:2) എന്ന പേരിൽ നിന്നുമാണ്. Shuah യുടെ സന്തതി പരമ്പരകളും സമ്മിശ്രങ്ങളുമാണ് സോവിയറ്റ് പ്രദേശങ്ങളിൽ കുടിയിരുന്നത്. അതുപോലെ തന്നെ ശൂവയുടെ (Shuah) വംശാവലിയിൽ പ്പെട്ട ശേലയുടെ (ഉല്പ. 38:1-4) സന്തതിപരമ്പരകളാണ് സ്ലാവിക വംശജരായ റക്ഷ്യൻസ്. യുക്രൈയൻസ് സ്ലാവിക്-തുർക്കി സമ്മിശ്രമാണ്. അവർ ബൈബിളിൽ പറഞ്ഞിരിക്കുന്ന ശുവയുടെ സഹോദരൻ ഇസ്ബാക്ക് (ഉല്പ. 25:2) ന്റെ സന്തതി പരമ്പരകളാണ്. അതുകൊണ്ട് തന്നെ രണ്ടുകൂട്ടരും ഒരു അപ്പന്റെ മക്കളും സഹോദരന്മാരുമാണ്. റക്ഷ്യ-യുക്രൈൻ പ്രശ്‌നം അവരുടെ കുടുംബവഴക്കാണ്. നാറ്റോ രാഷ്ട്രങ്ങളിൽപ്പെട്ടവർ കൂടുതലും ശെമറ്റിക് അഥവാ ശേം വംശത്തിൽപ്പെട്ടവരും അബ്രഹാമിന് സാറായിലുളവായ ഇസ്ഹാക്കിന്റെയും യാക്കോബിന്റേയും സന്തതി പരമ്പരകളും സമ്മിശ്രങ്ങളുമാണ്. അതുകൊണ്ട് റക്ഷ്യ-യുക്രൈൻ പ്രശ്‌നം ഒരു വർഗ്ഗസമരമാണ്- ബാഹ്യശക്തികളുടെ പ്രേരണ മൂലം അത് ഒരു ഈസ്റ്റ്-വെസ്റ്റ് അഥവാ നാറ്റോ-ഏഷ്യൻ യുദ്ധമായി പര്യവസാനിക്കും.
എന്നാൽ ബൈബിൾ പ്രവചനം പോലെ എഴുതിയ സ്‌ക്രിപ്റ്റ് പോലെ കാര്യങ്ങൾ നടക്കണമല്ലോ?
ഇന്ന് അമേരിക്കയോട് എതിർത്ത് നിൽക്കാൻ അല്പമെങ്കിലും ശക്തിയുള്ള രാജ്യങ്ങൾ റക്ഷ്യയും ചൈനയും ഇന്ത്യയും മാത്രമാണ്. താമസിയാതെ അവ ഒന്നൊന്നായി വീഴുകയും പ്രവചനത്തിന്റെ നിവൃത്തിയെന്നോണം ലോകം മുഴുവനും അമേരിക്കയുടെ ആധിപത്യത്തിൻ കീഴിൽ അമർന്നിരിക്കും - ഒരു പുതിയ ലോകാവസ്ഥ (A new world order). അത് ഈ തലമുറയിൽ തന്നെ സംഭവിച്ചിരിക്കും. പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും. സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും. ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി (ദാനി. 7:28-29). ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
റഫറൻസ്: വെളിപ്പാട് പുസ്തകവ്യാഖ്യാനം, Ninan Mathullah
https://www.bvpublishing.org/books-1
റഫറൻസ്: വെളിപ്പാട് പുസ്തകവ്യാഖ്യാനം, Ninan Mathullah, www.bvpublishing.org
 
Join WhatsApp News
SAM NIXON 2022-07-07 13:51:30
എത്രയാണ് വില, VPP ആയി അയക്കുമോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക