Image

മറഡോണയൂടെ ചികിത്സയില്‍ അലംഭാവം കാട്ടിയ എട്ടു ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

Published on 24 June, 2022
മറഡോണയൂടെ ചികിത്സയില്‍ അലംഭാവം കാട്ടിയ എട്ടു ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

ബ്വേനസ് ഐറിസ്: പ്രായം 60ല്‍ നില്‍ക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടവാങ്ങിയ കാല്‍പന്ത് ഇതിഹാസം ഡീഗോ മറഡോണയൂടെ ചികിത്സയില്‍ അലംഭാവം കാട്ടിയ എട്ടു ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റം. മസ്തിഷ്‌ക ശസ്ത്രക്രിയ വിദഗ്ധന്‍ ലിയോപോള്‍ഡോ ലൂക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസച്ചോവ്, മറ്റു മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ആശുപത്രി ഉടമ എന്നിവര്‍ക്കെതിരെയാണ് ഗുരുതര കുറ്റം ചുമത്തിയത്.

ശസ്ത്രക്രിയക്കുശേഷം തുടര്‍ ചികിത്സയില്‍ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചത് ശസ്ത്രക്രിയയിലൂടെ നീക്കിയ ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെ 2020 നവംബര്‍ 25നായിരുന്നു മറഡോണ ഹൃദയാഘാതം വന്ന് മരണത്തിന് കീഴടങ്ങുന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍ അസ്വാഭാവികതകള്‍ കണ്ടില്ലെങ്കിലും രണ്ടു മക്കളുടെ പരാതിയില്‍ 20 അംഗ വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലായിരുന്നു ഡോക്ടര്‍മാരുടെ വീഴ്ച തിരിച്ചറിഞ്ഞത്. മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ താരത്തിന് അതിജീവന സാധ്യതയുണ്ടായിരുന്നതായും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി.

കേസില്‍ വിചാരണ 2023 അവസാനത്തിലോ 2024 ആദ്യത്തിലോ ആകും ആരംഭിക്കുക. 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എട്ടു പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ മുന്‍നിരയിലുള്ള ഡീഗോയുടെ കരുത്തിലാണ് അര്‍ജന്റീന 1986ല്‍ ലോക ചാമ്പ്യന്മാരാകുന്നത്. കരിയറിന്റെ രണ്ടാം പകുതിയില്‍ മയക്കുമരുന്നിന്റെ പിടിയിലായി വിലക്കും ചികിത്സയുമായി കഴിഞ്ഞതിനൊടുവില്‍ തിരികെയെത്തിയെങ്കിലും തലച്ചോറിലെ ശസ്ത്രക്രിയക്കു ശേഷം ഹൃദയാഘാതം വന്ന് വിടവാങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക