Image

ഭാരത ഭാവി; രാജ്യാന്തര ഭാവി: ജോസ് ടി തോമസ്

Published on 25 June, 2022
ഭാരത ഭാവി; രാജ്യാന്തര ഭാവി: ജോസ് ടി തോമസ്
 
 
പാർട്ടി പൊളിറ്റിക്സിലും ഒതുങ്ങാത്ത പീപ്പിൾസ് പൊളിറ്റിക്സിന്റെ റിപ്പോർട്ടിംഗിനെക്കുറിച്ച് ഇന്നലെ ഇവിടെ എഴുതിയത് പകർത്തിക്കിട്ടിയതു വായിച്ച, ഫേസ്ബുക്കിനു പുറത്തെ സുഹൃത്ത് ചോദിക്കുന്നു: നല്ല പ്രായത്തിൽ കുറേക്കാലം പത്രജീവനക്കാരനായിരുന്നതല്ലേ, ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാനില്ലേ?
 
ഭാരത ഭരണഘടന താൽക്കാലികമായി അട്ടിമറിക്കപ്പെട്ടതിന്റെ നാല്പത്തേഴാം വാർഷിക ദിനത്തിൽ എന്റെ കൊച്ചു മറുപടി ഇങ്ങനെ:
 
 സഹസ്രാബ്ദങ്ങളെ ചേർത്തുവച്ചുള്ള sweeping generalization ആണെന്നു പറഞ്ഞേക്കാം, ലോകത്ത് എവിടെയും നേരിട്ടോ അല്ലാതെയോ മതാത്മകത(religiosity)യുടെ പുറത്താണ് ഭരണയന്ത്രം ഉണ്ടാവുന്നതും തിരിയുന്നതും (ബഹുമതസ്ഥത അനുഭവപ്പെടാതിരുന്ന യൂറോപ്പിലും അമേരിക്കയിലും അതു പുറമേയ്ക്കു കാണപ്പെട്ടിരുന്നില്ല എന്നേയുള്ളൂ; 'മതമില്ലാത്ത ജീവൻ' ഉണ്ടായിരുന്ന രാജ്യങ്ങളിൽ 'ശാസ്ത്രീയ സോഷ്യലിസ'ത്തിന്റെ മതാത്മകത ഉണ്ടായിരുന്നതും ശ്രദ്ധിക്കപ്പെടണമെന്നില്ല). ഇന്ത്യയിൽ മതം മതവും ജാതിയും ആയിരുന്നു.
 
 മോത്തിലാൽ നെഹ്റു പരിവാറിന്റെ സയന്റിഫിക് ടെമ്പറിനെക്കുറിച്ച് എത്രയെത്ര ഗവേഷണ പ്രബന്ധങ്ങൾ ഇനിയും ഉണ്ടായിക്കൊള്ളട്ടെ, സ്വതന്ത്ര ഭാരതത്തിൽ, സ്വതന്ത്രഭാരത സംസ്ഥാനങ്ങളിൽ, സ്വതന്ത്രഭാരത പഞ്ചായത്തുകളിൽ ഇന്നോളം ഇലക്ടറൽ ഭരണപക്ഷനിർമിതിയുടെയും ഭരണനിർവഹണത്തിന്റെയും പിന്നിൽ ജാതിയുടെയും മതത്തിന്റെയും ഡൈനാമിക്സ് പ്രവർത്തിച്ചുപോന്നു; പോരുന്നു(അതു മൂടിവയ്ക്കാൻ പ്രബന്ധങ്ങൾ കൊണ്ടു കഴിയില്ല). ചക്കക്കുരുവും മാങ്ങയും എന്നത് മാങ്ങയും ചക്കക്കുരുവും എന്ന് ആയിട്ടുണ്ടാവും; അത്രയേയുള്ളൂ.
 
മുക്കാൽ നൂറ്റാണ്ടായി. ഈ ഡൈനാമിക്സിനു മാറ്റം വരുന്നത് ജാതി-മത സങ്കല്പങ്ങളെ തിരുത്തി വായിക്കുന്ന പോസ്റ്റ്-ഇന്റർനെറ്റ് യുഗത്തിലെ തലമുറകളിലൂടെയാവും. ജാതിയുടെ മേലുകീഴുകളുടെ മനുഷ്യത്വവിരുദ്ധതയും മതങ്ങളുടെ കാലഹരണപ്പെടലും ഒരു പാർട്ടി പ്രഭാഷകന്റെയും പ്രചാരകന്റെയും തിട്ടൂരങ്ങൾകൂടാതെ സൈബർ സ്പേസിൽ സ്മാർട്ട് ആയി കണ്ടെടുക്കാൻ, കേട്ടെടുക്കാൻ, കഴിയുന്നവരായിരിക്കും അവർ. അതുകൊണ്ട് അവർ ഭൗതികവാദികളോ യുക്തിവാദികളോ ആയി പെറ്റുപെരുകുമെന്നും കരുതേണ്ട. ചരിത്രപരമായ യഥാർത്ഥ ഭാരതീയത(Indian-ness)യും അതിന്റെ മാനവികതയും തരുന്ന ആന്തരികതയെ ഭൗതികതയോട് ജൈവമായി ഇണക്കാൻ കഴിയുന്നവരായിരിക്കും അവർ. അവരുടേതാണ് ഇന്ത്യൻ ഭരണഘടന. 
 
ജാതിശ്രേണീവത്കരണരഹിതവും മതാതീതവുമായ ഒരു ജനതയെ മുൻനിർത്തിയുള്ള ആ ജീവിതഘടനയിലേക്ക് ജനിതകമായി അഡാപ്റ്റ് ചെയ്യപ്പെടുക എന്നതുമാത്രമേ ജനാധിപത്യ പരിണാമവഴിയിൽ ഭരണപാർട്ടികൾക്കും പ്രതിഭരണ പാർട്ടികൾക്കും നിലനില്പിന്റെ വഴിയായുള്ളൂ - അവർ നെഹ്റു പരിവാറിലായാലും സംഘപരിവാറിലായാലും സമത്വവാദി/സമാജവാദി പരിവാറിലായാലും.
 
ജോസ് ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക