Image

ലോക കുബേരൻ കൃഷി ഇറക്കുമ്പോൾ (മധു കൊട്ടാരക്കര-24 ന്യുസ്)

Published on 27 June, 2022
ലോക കുബേരൻ കൃഷി ഇറക്കുമ്പോൾ (മധു കൊട്ടാരക്കര-24 ന്യുസ്)

മക്‌ഡൊണാൾഡിന്റെ ഫ്രഞ്ച്‌ ഫ്രൈസിനുള്ള ഉരുളക്കിഴങ്ങുകൾ കൃഷി ചെയ്യുന്നത് ഒരാളുടെ ഭൂമിയിലാണ്. ശൂന്യാകാശത്തു നിന്ന് നോക്കിയാൽ പോലും കാണാം ആ 14,000 യിരം ഏക്ക‍ർ കിഴങ്ങ് തോട്ടം. ലോകത്തെ ഏറ്റവും വലിയ കാരറ്റ് ഉൽപാദകന്റേയും ഉള്ളി ഉൽപാദകന്റേയും കൃഷിഭൂമിയുടെ ഉടമയും അയാൾ തന്നെയാണ്.പക്ഷേ അയാൾ കർഷകനല്ല, മറിച്ച് സാങ്കേതികവിദ്യാ രംഗമാണ് അയാളുടെ പ്രവർത്തനമേഖല. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അമേരിക്കയിലെ 18 സ്റ്റേറ്റുകളിലായി 2,69,000 -ത്തിലധികം ഏക്കർ കൃഷി ഭൂമി വാങ്ങിക്കൂട്ടിയ അദ്ദേഹത്തിന്റെ പേര് ബിൽ ഗേറ്റ്‌സ് എന്നാണ്. അതെ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ ബിൽ ഗേറ്റ്‌സ് തന്നെ. ബിൽ ഗേറ്റ്‌സ് നിലവിൽ കൈവശം വച്ചിരിക്കുന്നത് ന്യൂയോർക്ക് സിറ്റിയുടെ മൊത്തം ഭൂമിയേക്കാൾ വിസ്തീർണമുള്ള കൃഷിഭൂമിയാണെന്ന് അറിയുക. 

എന്നാൽ ബിൽ ഗേറ്റ്‌സ് മാത്രമല്ല ഈ കൃഷിഭൂമി വാങ്ങിക്കൂട്ടൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആമസോണിന്റെ സ്ഥാപക ചെയർമാനായ ജെഫ് ബെസോസ് ഇതുവരെ വാങ്ങിയിട്ടുള്ളത് 4,20,000 ഏക്കർ ഭൂമിയാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഭൂവുടമയായ ജോൺ മെലോണിന്റെ കൈവശമുള്ളതാകട്ടെ 22 ലക്ഷം ഏക്കർ ഭൂമിയാണ്. എന്തിനധികം പറയുന്നു, അമേരിക്കയിലെ 100 ശതകോടീശ്വരന്മാരുടെ കൈവശമാണ് അമേരിക്കയുടെ മൊത്തം ഭൂമിയുടെ 1.86 ശതമാനം എന്നുകൂടി തിരിച്ചറിയുമ്പോഴാണ് അതിസമ്പന്നരുടെ ഭൂമിയിടപാടുകളുടെ വ്യാപ്തി ബോധ്യപ്പെടുക. 

see video: (21) ലോക കുബേരൻ കൃഷി ഇറക്കുമ്പോൾ | American Times | Epi #28 | 24 News - YouTube

അമേരിക്കയിലെ കൃഷിഭൂമിയ്ക്കു മേലെ ശതകോടീശ്വരന്മാർ നടത്തുന്ന ഈ നിക്ഷേപങ്ങൾ രാജ്യത്തെ ഭൂമിവില വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. തൊണ്ണൂറുകളുടെ മധ്യത്തിൽ അമേരിക്കയിലെ ഭൂവില ഏക്കറിന് 1500 ഡോളറായിരുന്നുവെങ്കിൽ ഇപ്പോഴത് ഏക്കറിന് 3160 ഡോളറായി വർധിച്ചിരിക്കുന്നു. 

എന്തുകൊണ്ടാണ് അതിസമ്പന്നരായവർ കൃഷിഭൂമിയിൽ ഇത്തരം വലിയ നിക്ഷേപങ്ങൾ നടത്തുന്നത്? ഒരു മികച്ച സാമ്പത്തിക നിക്ഷേപമാണെന്നതു തന്നെയാണ് കൃഷിഭൂമിയെ ആകർഷകമാക്കുന്നത്. അമേരിക്കയിൽ പ്രതിദിനം 2000 ഏക്കർ എന്ന നിരക്കിലാണ് കൃഷി ഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള കൃഷി ഭൂമി ഇല്ലാതാകുമ്പോൾ അതിനു പകരം പുതിയ കൃഷിഭൂമി സൃഷ്ടിക്കപ്പെടുന്നില്ലെന്നതിനാൽ കൃഷിഭൂമിയുടെ വില വർധിച്ചുകൊണ്ടേയിരിക്കും. 2009, 2016 തുടങ്ങിയ വർഷങ്ങളിലൊഴിച്ച്, 1988 മുതൽ അമേരിക്കയിൽ കൃഷിഭൂമിയുടെ വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് ഓഹരി വിപണി കുത്തനെയിടിഞ്ഞപ്പോഴും കൃഷിഭൂമി ഒരു സുസ്ഥിര നിക്ഷേപമെന്ന നിലയ്ക്ക് വിലയിടിയാതെ തന്നെ മികച്ച പെർഫോമറായി നിലകൊണ്ടിരുന്നു. ഇതാകട്ടെ ഒരു മികച്ച നിക്ഷേപമെന്ന നിലയ്ക്ക് കൃഷിഭൂമിയുടെ മൂല്യം ഉയർത്തുകയും ചെയ്തു. 2011-ലെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ഏറ്റവും വലിയ 100 സ്വകാര്യ ഭൂവുടമകൾ 32.7 മില്യൺ ഏക്കർ ഭൂമിയാണ് കൈവശം വച്ചിരുന്നതെങ്കിൽ, ഇന്നത് 42.1 മില്യൺ ഏക്കറായി ഉയർന്നിരിക്കുന്നു. 

രാജ്യത്തെ മൊത്തം കൃഷി ഭൂമിയുടെ 30 ശതമാനവും ഇന്ന് അതിസമ്പന്നരുടെ കൈവശമാണെന്നാണ് അമേരിക്കൻ അഗ്രിക്കൾചറൽ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പറയുന്നത്. ധാരാളം കൃഷി ഭൂമി കൈവശമുണ്ടെങ്കിലും നിത്യചെലവിന് പണം കൈവശമില്ലാത്ത കർഷകരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. സാധാരണ കർഷകരുടെ കൈയിൽ നിന്നും ഭൂമി വാങ്ങിയെടുക്കുന്നതിനായി ഈ അതിസമ്പന്നർക്കായി വലിയൊരു ദല്ലാൾ ലോബി തന്നെ അമേരിക്കയിൽ പ്രവർത്തിച്ചുവരുന്നുമുണ്ട്. 

അമേരിക്കയിലുള്ള 911 മില്യൺ ഏക്കർ കൃഷി ഭൂമിയുടെ 39 ശതമാനവും ഇന്ന് കൃഷിക്കാർക്ക് വാടകയ്ക്ക് നൽകപ്പെട്ടിരിക്കുകയാണ്. ആ കൃഷിഭൂമിയുടെ 80 ശതമാനത്തിന്റേയും ഉടമസ്ഥാവകാശമാകട്ടെ കർഷകരല്ലാത്തവരുടെ കൈവശവുമാണു താനും.  വലിയ വിഭാഗം ഭവുടമകളും കർഷകർക്ക് ഭൂമി ലീസിന് നൽകുന്നതിലൂടെ മുടക്കുമുതലിന്റെ 2.5 ശതമാനത്തോളം ആദായമായി അവർക്ക് തിരിച്ചുപിടിക്കാനും സാധിക്കുന്നുണ്ട്.. ഇതിലൂടെ  സർക്കാരിന്റെ ചില നികുതി ആനുകൂല്യങ്ങളും ഭൂവുടമകൾക്ക് ലഭിക്കും.

ബിൽ ഗേറ്റ്‌സിനെപ്പോലുള്ളവരുമായി മത്സരിച്ച് ഭൂമി വാങ്ങാൻ സാധാരണക്കാരായ കർഷകർക്ക് സാധിക്കില്ലെന്നതാണ്   അതിസമ്പന്നരുടെ  കാർഷിക മേഖലയിലേക്കുള്ള രംഗപ്രവേശത്തെ എതിർക്കുന്നവർ പറയുന്നത് .  അതിസമ്പന്നർ ചെറുപപട്ടണങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും കൃഷിഭൂമി വാങ്ങിക്കൂട്ടുമ്പോൾ കർഷകർക്ക് സ്വന്തം ഭൂമി കൃഷിക്കായി ലഭിക്കില്ലെന്നു മാത്രമല്ല, കൃഷിഭൂമിയുടെ വിലക്കയറ്റത്തിന് അതിടയാക്കുകയും ചെയ്യും. അടുത്ത 20 വർഷത്തിനുള്ളിൽ സ്വകാര്യ ഭൂവുടമകളുടെ കൈകളിലേക്ക് രാജ്യത്തെ 50 ശതമാനം കൃഷിഭൂമിയും എത്തപ്പെടുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. അമേരിക്കയിൽ ഇപ്പോൾ തന്നെ കാർഷികവൃത്തിയിലേർപ്പടുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണെന്നതിനാൽ ആശങ്കയ്ക്കിടയാക്കുന്ന ഒരു സ്ഥിതിവിശേഷത്തിനാകും അതിസമ്പന്നരുടെ ഇടപെടൽ വഴിവയ്ക്കുകയെന്നും കരുതുന്നവരുണ്ട്. 

ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന കൃഷിഭൂമികൾ രൂപപ്പെടുത്തുകവഴി, കൂടുതൽ കാർഷിക വിളവ് സാധ്യമാക്കുന്ന മെച്ചപ്പെട്ട കൃഷിരീതികൾ അവലംബിക്കാനാകുമെന്ന് ബിൽ ഗേറ്റ്‌സ് പറയുന്നത്. കാർഷിക ഉൽപാദനം വർധിക്കുന്നതോടെ കൂടുതൽ വനഭൂമി കൃഷിഭൂമിയായി മാറ്റപ്പെടുന്നത് ഒഴിവാക്കാനാകുമെന്നും അതുവഴി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. കേവലം സ്വാർത്ഥ സാമ്പത്തികനേട്ടങ്ങൾക്കപ്പുറം, അതിസമ്പന്നരുടെ അമേരിക്കൻ കാർഷിക വ്യവസ്ഥിതിയിലേക്കുള്ള കടന്നുകയറ്റം സുസ്ഥിര കാർഷിക പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ സഹായിക്കുന്നുണ്ടെങ്കിൽ അവ സ്വാഗതാർഹം തന്നെയാണ്.എന്നാൽ   വമ്പന്മാർ കൃഷി ഭൂമി കൈവശപ്പെടുത്തി പുതിയകാല ജന്മിത്തത്തിന് വഴിമരുന്നിടുമ്പോൾ അമേരിക്കയിലെ സാധാരണ കർഷകന്റെ ജീവിതം കടക്കെണിയിലേക്കും ദുരിതത്തിലേക്കും വഴിമാറുകയാണെന്ന ആശങ്കയും നിലനിൽക്കുന്നു. കർഷകരല്ലാത്ത ഈ അതിസമ്പന്നന്മാർ തങ്ങളുടെ ഭൂമി കർഷകർക്ക് ലീസിനു നൽകി, അവരെ അവിടെ കൃഷിയിറക്കാൻ നിർബന്ധിതരാക്കുമ്പോൾ കാർഷികവൃത്തിയിൽ നിന്നും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവർക്ക് ലഭിക്കാതെ വരുന്നു.

വിത്ത് വിതച്ചത് നാമല്ലേ , വിള  കാത്ത് കിടന്നത് നാമല്ലേ  എന്നൊന്നും  പറഞ്ഞിട്ട് കാര്യമില്ല  , നമ്മൾ കൊയ്ത വയലെല്ലാം ബിൽ ഗെറ്സിന്റെതാണ് പങ്കിളിയെ എന്നതാണ് യാഥാർഥ്യമെന്ന്  അമേരിയ്‌ക്കയിലെ തദ്ദേശീയരായ കർഷകർ മനസ്സിലാക്കുന്ന കാര്യം അധികം വിദൂരമല്ല എന്നതാണു സത്യം

Join WhatsApp News
Boby Varghese 2022-06-27 12:49:05
Good Article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക