Image

ഒരു നേരമെങ്കിലും... ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് യാത്രാമൊഴി...  (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 27 June, 2022
ഒരു നേരമെങ്കിലും... ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് യാത്രാമൊഴി...  (വിജയ് സി. എച്ച് )

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം... 
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളിപൊഴിയ്ക്കുന്ന ഗാനാലാപം... 

അടുത്തറിയുന്നവരുടെ കൊച്ചപ്പേട്ടനായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി. അദ്ദേഹത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍, മനസ്സില്‍ ആദ്യം ഓടിയെത്തുക മുകളിലെഴുതിയ ദാസേട്ടന്‍ ആലപിച്ച നിത്യഹരിത ഭക്തിഗാനമാണ്! കൊച്ചപ്പേട്ടന്‍ രചിച്ച വരികള്‍...  
മേല്‍പ്പത്തൂര്‍ ഭട്ടത്തിരിയ്ക്കും, പൂന്താനം നമ്പൂതിരിയ്ക്കും ശേഷം, ഗുരുവായൂരില്‍ നിന്നു തന്നെ ഒരു വാര്യര്‍ എന്നു തോന്നിപ്പോയിട്ടുണ്ട് ചിപ്പോള്‍! അത്രമേല്‍ കൃഷ്ണഭക്തനായിരുന്നു കഴിഞ്ഞ രാത്രി നമ്മെ വിട്ടുപിരിഞ്ഞ കൊച്ചപ്പേട്ടന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും തൊട്ടടുത്തുള്ള ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലും കഴകക്കാരായ ചൊവ്വല്ലൂര്‍ വാരിയത്തെ കൊച്ചപ്പേട്ടന്‍ ബഹുമുഖ പ്രതിഭയെന്ന വിശേഷണം ശരിയ്ക്കും അന്വര്‍ത്ഥമാക്കി. പത്രപ്രവര്‍ത്തകന്‍, കവി, തിരക്കഥാകൃത്ത്, നിരൂപകന്‍, ഗാനരചയിതാവ്, ഹാസ്യസാഹിത്യകാരന്‍, ഗായകന്‍, സിനിമാനടന്‍ മുതല്‍ ചെണ്ടക്കാരന്‍വരെ നീണ്ടു പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ! 

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്നു ബിരുദം നേടിയ കൊച്ചപ്പേട്ടന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായാണ് തന്റെ ജീവിതം തുടങ്ങിയത്. 'മനോരമ'യുള്‍പ്പെടെ നിരവധി പ്രമുഖ പത്രങ്ങളില്‍ എഡിറ്ററായി ജോലി ചെയ്തു. പിന്നീട്  ദൃഢതയുള്ളൊരു കൃഷ്ണ ഭക്തനായിമാറി. 2500-ലേറെ ഗാനങ്ങള്‍ രചിച്ചിട്ടുള്ള കൊച്ചപ്പേട്ടന്‍, ആക്ഷേപഹാസ്യ നോവലുകള്‍, കഥകള്‍, കലാസാഹിത്യപഠനങ്ങള്‍, വിവര്‍ത്തനങ്ങള്‍ മുതലായവയില്‍ മൊത്തം 16 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യത്തിനാണ് 2019-ലെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്. 'എഴുത്തനുകരണം, അനുരണനങ്ങളും' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് മികച്ച കൃതിയായി അക്കാദമി തിരഞ്ഞെടുത്തത്. 

'സര്‍ഗം' എന്ന പ്രശസ്ത സിനിമയിലെ ശക്തിയേറിയ സംഭാഷണ രചയിതാവെന്ന നിലയില്‍ ജനഹൃദയം കീഴടക്കിയ കൊച്ചപ്പേട്ടന്‍ ഈ ലേഖകന്റെ ഗുരുവായൂര്‍ ഭവനത്തിന്റെ (ഉത്തരായനം) ബഹുമാന്യ അയല്‍വാസിയായിരുന്നു. ഉത്തരായനത്തിന്റെ  ഗൃഹപ്രവേശത്തിന് ഏറ്റവുമാദ്യം അവിടെയെത്തി ഞങ്ങള്‍ക്ക് എല്ലാവിധ നന്മകള്‍ നേര്‍ന്നതും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിന്റെ രക്ഷാധികാരികൂടിയായ കൊച്ചപ്പേട്ടനായിരുന്നു. 

ഉത്തരായനത്തില്‍ പൂജാമുറിയായി നിര്‍മ്മിച്ച കൊച്ചു കൃഷ്ണക്ഷേത്രം കൊച്ചപ്പേട്ടനെ വല്ലാതെ ആകര്‍ഷിച്ചു. കാണുമ്പഴൊക്കെയും അതിനെക്കുറിച്ച് അദ്ദേഹം എന്നോടു പറയാറുണ്ടായിരുന്നു. ഇനി അങ്ങനെ ഇഷ്ടം തോന്നുന്നൊരു കര്യം പറയാന്‍ അദ്ദേഹമില്ല. കൊച്ചപ്പേട്ടന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി... 

----------------------------------

ഒരു നേരമെങ്കിലും... ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് യാത്രാമൊഴി...  (വിജയ് സി. എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക