Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-11   (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 29 June, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-11    (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

71
പ്രകൃതിയുടെ വര്‍ണങ്ങളും ബാല്യകാലവും

ഋതുക്കള്‍ മാറുന്നതു കാണാന്‍ കൊതിച്ച ബാല്യകാലം. പോസ്റ്ററുകളിലും ക്രിസ്മസ് കാര്‍ഡുകളിലുമൊക്കെക്കാണുന്ന, വിവിധവര്‍ണങ്ങള്‍ നിറഞ്ഞ പ്രകൃതിയെ നേരില്‍ കാണാനാവുമെന്നു കരുതിയിരുന്നതല്ല.
ഇടയ്ക്കു തെറിച്ചുവീണ തണുപ്പും മഴയും കടന്ന്, സൂര്യന്‍ വീണ്ടുമുരുകിയപ്പോള്‍ കൊഴിഞ്ഞുവീണ ഇലകള്‍ക്ക് മധുരമൂറുന്ന കരകരശബ്ദം! മാനത്തെ മേഘങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വെളുത്തും കറുത്തും മനസ്സില്‍ മയില്‍പ്പീലി വിരിയിക്കുമ്പോള്‍ അറിയാതെ പൊടിയുന്ന മന്ദഹാസം, ആര്‍ദ്രമായി ഉള്ളില്‍ കവിത നിറയ്ക്കുന്നു. ഒരു മരത്തിനുമുകളില്‍ മറ്റൊന്നുകൂടി ചേര്‍ത്തുവച്ചാല്‍ മാനത്തു തൊടാമെന്നു മോഹിച്ചിരുന്ന കുഞ്ഞുന്നാളിലേക്കു മനസ്സു കുതിച്ചു; സാറ്റുകളിച്ചും ഊഞ്ഞാാടിയും നടന്ന കൈശോരകാലത്തേക്ക്!
മാനം കറുത്തതു പെട്ടെന്നായിരുന്നില്ല. വളരെ ശാന്തമായി വീശുന്ന നനുത്ത കാറ്റും കാറ്റില്‍ ഇളകിയോടുന്ന കരിയിലകളും...
മണ്ണാങ്കട്ടയും കരിയിലയും കണ്ണാരംപൊത്തി കളിക്കാന്‍പോയ കഥയ്ക്കു കൂട്ടായി കൊച്ചുകുട്ടത്തിയുടെ കഥയും മനസ്സില്‍ കുളിര്‍മഴ പൊഴിച്ചു.
വലിയകുട്ടത്തിയും കൊച്ചുകുട്ടത്തിയുംകൂടി ഏറെ പയറുമണികള്‍ പെറുക്കിക്കൂട്ടി. വലിയകുട്ടത്തി പുറത്തുപോയ സമയത്ത്, കൊച്ചുകുട്ടത്തി പയറുമണികള്‍ വേവിച്ചുവച്ചു. ഒരു മണിപോലും കൊത്തിത്തിന്നാതെ ആ കുഞ്ഞിക്കുരുവി, വലിയകുട്ടത്തി തിരിച്ചുവരുന്നതും കാത്തിരുന്നു. നേരംവൈകി വന്ന വലിയകുട്ടത്തി, പയറുമണികളുടെ അളവു കുറഞ്ഞതുകണ്ടു ദേഷ്യംകൊണ്ടു വിറച്ചു. കൊച്ചുകുട്ടത്തിയെ കൊത്തിക്കൊത്തി കൂടിനു വെളിയില്‍ത്തള്ളി.
ദിവസങ്ങള്‍ക്കുശേഷം, വലിയകുട്ടത്തി ഒറ്റയ്ക്കു പയറുമണികള്‍ ശേഖരിച്ചു വേവിച്ചു. ചുക്കിച്ചുരുണ്ടുപോയ പയറുമണികളുടെ അളവു കുറഞ്ഞതുകണ്ട് വലിയകുട്ടത്തി ഇടനെഞ്ചുപൊട്ടി തേങ്ങിക്കരഞ്ഞു. ഒരു പയറുമണിപോലും തിന്നാനാകാതെ കൊച്ചുകുട്ടത്തിയെത്തെരഞ്ഞ് കാട്ടിലൂടെ പറന്നലഞ്ഞു. 'കൊച്ചുകുട്ടത്തീ... കിര്‍...' എന്ന, വലിയകുട്ടത്തിയുടെ ദീനരോദനം ഇന്നും മുഴങ്ങിക്കേള്‍ക്കാറുണ്ടത്രേ!
ഇന്നലെ സാറ്റുകളിച്ചുനടന്ന മഴമേഘം പെയ്യാതെ പറ്റിച്ചു. ഇന്നത്തെ കാറ്റിന് അല്‍പ്പം മൂച്ചു കൂടുതലാണെന്നു തോന്നുന്നു. തണുപ്പിനും മൂര്‍ച്ച കൂടി.

72
അനിയത്തിപ്രാവ്!

പണ്ട്, ഡ്രൈവിംഗും നീന്തലും വശമില്ലാതിരുന്ന കാലത്ത്, ഇതൊക്കെ വശമുള്ളവരോട് എനിക്കു വലിയ ബഹുമാനമായിരുന്നു. വിശേഷിച്ചു പെണ്ണുങ്ങള്‍ വണ്ടിയോടിക്കുന്നതു കാണുന്നതുതന്നെ വലിയ ആവേശമായിരുന്നു. വിവാഹശേഷമാണ് ഡ്രൈവിംഗും നീന്തലുമൊക്കെ പഠിച്ചെടുത്തത്.
ലൈബ്രറിയിലൂടെ ഒരു പുസ്തകം തപ്പിനടന്നപ്പോള്‍ ആ നോവലുകളൊക്കെ എഴുതിയ എഴുത്തുകാരോട് വല്ലാത്ത ബഹുമാനം തോന്നി. എഴുത്തുകാര്‍ക്ക് എഴുത്ത് ഒരദ്ധ്വാനമല്ല. എന്നാലും എത്രനാള്‍ ചുറ്റുമുള്ളതൊക്കെ മറന്ന് വരികളിലൂടെ മാത്രം അന്യഗ്രഹജീവികളെപ്പോലെ ജീവിച്ചിട്ടുണ്ടാകും!
എഴുത്തിനുവേണ്ടി സുഗമമായ ജീവിതം ഹോമിച്ച നമ്മുടെ മാധവിക്കുട്ടി! അനുഭവങ്ങള്‍ തേടിയുള്ള യാത്രയായിരുന്നല്ലോ അവരുടെ ജീവിതം!
'അനിയത്തിപ്രാവ്' സിനിമ കണ്ടവര്‍ അതിലെ മിനിയെ മറക്കാന്‍ വഴിയില്ല. ബാബുവും തമ്പിച്ചാച്ചനും പ്രേമച്ചേച്ചിയും നദിക്കുട്ടിയും പിന്നെ മിനി എന്നു പേരുള്ള ഞാനുംകൂടി ഒരിക്കല്‍ ഫാസിലിന്റെ വീട്ടില്‍ പോയിരുന്നു. ഒരുപക്ഷേ ഒരു കത്തോലിക്കാക്കുടുംബത്തിലെ അനിയത്തിക്കുട്ടിയുടെ സ്റ്റോറി ലൈന്‍ അദ്ദേഹത്തിനു തോന്നിയത് ഞങ്ങളെ എല്ലാവരെയുംകൂടി ഒരുമിച്ചു കണ്ടിട്ടാവണം. ആ സിനിമ കണ്ട്, കരഞ്ഞുവിളിച്ചു തിയേറ്ററില്‍നിന്ന് ഇറങ്ങിവന്നപ്പോഴൊന്നും അങ്ങനെയൊരു ചിന്ത പോയില്ല. കുറേ കൊല്ലങ്ങള്‍ കഴിഞ്ഞ്, വീണ്ടും ആ മൂവി കണ്ടപ്പോഴാണ് തലയില്‍ ചെറിയൊരു ബള്‍ബ് കത്തിയത്! ആ മിനിയായിരിക്കുമോ ഈ മിനി?!



73
'ആര്‍ യു ഓക്കെ?'

ഈ ചോദ്യം വളരെ ബാലിശമാണെന്നാണു പണ്ടുപണ്ടു ഞാന്‍ വിചാരിച്ചിരുന്നത്. ഇപ്പോള്‍ ഒരായിരം തവണ ചോദിക്കുന്ന ചോദ്യം! നിസ്സാരമെന്നു തോന്നാമെങ്കിലും ഉള്ളില്‍ ഒരുതരി സങ്കടമൊളിപ്പിച്ചുവച്ചിരിക്കുന്നവര്‍ക്ക് ഒരുപാടാശ്വാസം നല്‍കുന്ന ചോദ്യമാണത്. സ്‌ക്കൂളില്‍ കുട്ടികളാരെങ്കിലും ഒറ്റയ്ക്കിരിക്കുന്നതു കണ്ടാല്‍, അവരുടെ മുഖമൊന്നു വാടിയാല്‍, ഓടി വീഴുന്നതു കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യമാണത്.
ഇന്നാദ്യമായി ഒരാള്‍ ആ ചോദ്യം എന്നോടു ചോദിച്ചു. ചെറിയ ഒരസ്വസ്ഥത ഉള്ളിലുണ്ടായിരുന്നെന്നു പിടികിട്ടയത് അപ്പോഴാണ്. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത അയാളുടെ ചോദ്യം എന്നില്‍ ചിരിയുണര്‍ത്തി. എന്തുതന്നെയായാലും മനസ്സിലെ പിരിമുറുക്കം എങ്ങോ പോയ്മറഞ്ഞു. അപ്പോള്‍ കുട്ടികള്‍ക്ക് എത്രവലിയ സാന്ത്വനമായിരിക്കും ഈ ചെറിയ ചോദ്യം!


74
പിങ്ക്

അമിതാഭ് ബച്ചന്‍ അഭിനയിച്ച 'പിങ്ക്' എന്ന സിനിമ കണ്ടു. ആദ്യം കുറേ കണ്ണുനീര്‍ വാര്‍ത്തു. പിന്നെ ശ്വാസമടക്കി ഇമയനക്കാതെ കാതോര്‍ത്തിരുന്നു. 'നോ മീന്‍സ് നോ' എന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി പറഞ്ഞുനിര്‍ത്തിയപ്പോള്‍ പതിയെ ശ്വാസമെടുത്തു.
മൂന്നു പെണ്‍കുട്ടികളുടെ ചിരിയും കളിയും എന്നേക്കുമായി നഷ്ടപ്പെടുത്താന്‍ വ്യഗ്രത കാട്ടുന്ന സമൂഹം. അവര്‍ക്കുവേണ്ടി പോരാടാന്‍ ഒരു ഒറ്റയാള്‍പ്പട്ടാളം.
ആണിനും പെണ്ണിനും എന്തുകൊണ്ട് രണ്ടുതരം നിയമങ്ങള്‍? അടുത്ത തലമുറയെങ്കിലും ഇത്തരം വിവേചനം കാണിക്കാതിരിക്കട്ടെ.

75
ഉപദേശകര്‍ പരാജിതര്‍!

ആരെന്തു തോന്ന്യവാസം പറഞ്ഞാലും തിരിച്ചുപറയാന്‍ പാടില്ലെന്നു പഠിപ്പിച്ചവര്‍, പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കണമെന്നു പഠിപ്പിച്ചവര്‍, വലതുകൈകൊണ്ടു കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്നു പഠിപ്പിച്ചവര്‍, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു പഠിപ്പിച്ചവര്‍, ഭൂമിയോളം ക്ഷമിക്കണമെന്നു പഠിപ്പിച്ചവര്‍- ഇവരൊക്കെ ജീവിതത്തില്‍ തോറ്റുപോയവരോ അല്ലെങ്കില്‍ തോല്‍ക്കാന്‍ പഠിപ്പിക്കുന്നവരോ ആയിരിക്കുമെന്നു മനസ്സിലായത് വളരെ വൈകിയാണ്.
തിരിച്ചു പറയേണ്ടിടത്തു പറഞ്ഞേ പറ്റൂ. ഇല്ലെങ്കില്‍ തലയില്‍ കയറും. കുറച്ച് ഓണം കൂടുതലുണ്ടെന്നതുകൊണ്ടു മാത്രം ആരും ബഹുമാനമര്‍ഹിക്കുന്നില്ല. അര്‍ഹതയുള്ളവരെ മാത്രം ബഹുമാനിക്കുക. വലതുകൈകൊണ്ടു കൊടുക്കുന്നത് ഇടതുകൈയറിയുന്നതില്‍ ഒരു കുഴപ്പവുമില്ല; നോട്ടീസടിക്കാതിരുന്നാല്‍ മതി! കൊടുത്താല്‍ കൊല്ലത്തും കിട്ടുമത്രേ! കൊല്ലത്തുനിന്നു കിട്ടുമെന്നോര്‍ത്തു കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ഭൂമിയോളം ക്ഷമിച്ചുകൊണ്ടിരിക്കാനാണെങ്കില്‍പ്പിന്നെ അഭിമാനത്തോടെ ജീവിക്കുന്നതെപ്പോള്‍?!

76
റിയല്‍ സ്റ്റുഡന്റ്

എനിക്കു പരിചയമുള്ള ഒരു ടീച്ചര്‍ക്ക് ഒരു റിയല്‍ സ്റ്റുഡന്റാകാന്‍ മോഹം. അന്‍പത്തിയാറാം വയസ്സില്‍, ഓണ്‍ലൈനിലൂടെ മാസ്റ്റേഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ലാറ്റിന്‍ഭാഷ പഠിക്കാന്‍ ഒരു റിയല്‍ ക്ലാസ്സിന്റെ പിന്നിലെ സീറ്റില്‍ സ്ഥാനം പിടിച്ചു. ചുറ്റുമിരിക്കുന്ന കുട്ടികള്‍ ഭാഷാപഠനത്തില്‍ ടീച്ചറേക്കാള്‍ മിടുക്കരാണെന്നു മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. ലാറ്റിന്‍ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുമ്പോള്‍ത്തന്നെ ഉത്തരമറിയാന്‍ പാടില്ലാത്തതിനാല്‍ വല്ലാത്ത പരിഭ്രമമായിരുന്നത്രേ!
എന്തായാലും തൊട്ടടുത്തിരുന്ന കുട്ടിയുടെ സഹായത്തോടെ ഉത്തരങ്ങളെഴുതിയെങ്കിലും ക്ലാസ്സിലിരുന്നു സംസാരിച്ചതിനും കോപ്പിയടിച്ചതിനും ഡിറ്റെന്‍ഷന്‍ കൂടാതെ, വീട്ടിലേക്കൊരു ഫോണ്‍കോളും വന്നു! കണക്കിലും മറ്റു വിഷയങ്ങളിലും അഗ്രഗണ്യയായ ടീച്ചര്‍ക്ക് പുതിയ ഭാഷ പഠിക്കുക എന്നത് അസാധ്യമായ കാര്യമാണത്രേ!
തലച്ചോറിന്റെ ഓരോരോ തമാശകള്‍! പനിയെപ്പോലെ, ജലദോഷത്തെപ്പോലെ മരുന്നു കഴിച്ചാല്‍ തലച്ചോറിനെപ്പോലും നിലയ്ക്കു നിര്‍ത്താമെന്നു തെളിയിക്കുന്ന കാലം. ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാനാവാതെ, വല്ലാതെ അസ്വസ്ഥയാവാറുണ്ടായിരുന്ന ഒരു കുട്ടിയിലുണ്ടായ വ്യത്യാസം വീട്ടുകാരെയും കൂട്ടുകാരെയും കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. എല്ലാ കാര്യങ്ങളിലും ഏകാഗ്രതയും കൃത്യതയും! എല്ലാ മരുന്നുകളേയുംപോലെ ഈ മരുന്നിനുമുണ്ടാകും, പാര്‍ശ്വഫലങ്ങള്‍. എന്നാലും മത്സരങ്ങള്‍ നിറഞ്ഞ ഈ സമൂഹത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഇതും ഒരവശ്യഘടകമായി മാറിയിരിക്കുകയാണ്!

read more: https://emalayalee.com/writer/225

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക