Image

ഡോ. ജെയ്‌മോൾ ശ്രീധർ: കർമ്മരംഗങ്ങളിലെ മികവ് സംഘടനാ രംഗത്തും  

മീട്ടു റഹ്മത്ത് കലാം Published on 02 July, 2022
ഡോ. ജെയ്‌മോൾ ശ്രീധർ: കർമ്മരംഗങ്ങളിലെ മികവ് സംഘടനാ രംഗത്തും  

കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (കല) മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ സെക്രട്ടറിയുമായ ഡോ. ജെയ്‌മോൾ ശ്രീധർ ഫോമാ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്തെന്നു  വിശ്വസിക്കുന്ന ജെയ്‌മോൾക്ക് മൂന്ന് മാസ്റ്റേഴ്സ് ബിരുദമുണ്ട്. അമേരിക്കയിൽ വന്ന ശേഷം യൂണിവേഴ്സിറ്റി ഓഫ് കാൻസാസിൽ നിന്ന്   പി.എച്ച്.ഡി എടുത്തു. പഠനമൊക്കെ പൂർത്തിയായ ശേഷമാണ് കമ്മ്യൂണിറ്റി സർവീസിലേക്ക് തിരിഞ്ഞത്.

ഫോമയുടെ വിമൻസ് റെപ്രസെന്ററ്റീവായുള്ള പ്രവർത്തനപരിചമാണ്  കൈമുതൽ. സംഘടനയുടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ 50 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ജെയ്‌മോൾ, കൂടുതൽ  പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് മത്സര രംഗത്ത്  നിൽക്കുന്നത്.

ഇലക്ഷൻ പ്രചരണം എങ്ങനെ നടക്കുന്നു?

ഇലക്ഷൻ പ്രചരണം നല്ലരീതിയിൽ തന്നെ നടക്കുന്നു. മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ അസോസിയേഷന്റെ ഡെലിഗേറ്റ്സായി എത്തിയവരെയും വരാൻ സാധ്യതയുള്ളവരെയും ബന്ധപ്പെടുന്നുണ്ട്. ഇത്തവണ രണ്ട് പാനൽ തിരിഞ്ഞാണ് പ്രചരണവും നടക്കുന്നത്. ഇതിനോടകം പല റീജിയനുകളും സന്ദർശിച്ചു. ഇനിയും കുറച്ചുമേഖലകൾ സന്ദർശിക്കാൻ പ്ലാനുണ്ട്. മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിച്ചുവരുന്നത്. മിക്കവാറും  ഡെലിഗേറ്റ്സിനെയൊക്കെ കാണാൻ സാധിക്കുമെന്ന് തന്നെ കരുതുന്നു.

ഡെലിഗേറ്റ്സ് എല്ലാം കൺവൻഷന് വരുമെന്ന് കരുതുന്നുണ്ടോ?

അസോസിയേഷനുകൾ ലിസ്റ്റ് തയ്യാറാക്കുന്നത്, കൺവൻഷനിൽ പങ്കെടുക്കുമെന്ന് കരുതുന്ന ഡെലിഗേറ്റ്സിനെയും അതിന് താല്പര്യമുള്ളവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ്. 90 ശതമാനം ഉറപ്പ് പറഞ്ഞവരുടെ പേരും ലിസ്റ്റിലുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ പ്രാവശ്യം കൺവൻഷൻ കാൻകൂണിൽ നടക്കുന്നതുകൊണ്ടുതന്നെ ആളുകളതിനെ രണ്ടുരീതിയിലാണ് എടുക്കുന്നത്. പുതിയൊരു ഡെസ്റ്റിനേഷനിൽ വെക്കേഷൻ പ്ലാൻ ചെയ്തെത്തുന്ന കുടുംബങ്ങളുണ്ട്. വിസയുടെ പ്രശ്നങ്ങൾ മൂലം പങ്കെടുക്കാനാവില്ലെന്ന് കുറച്ച് പേർ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ വോട്ടിങ് സംവിധാനങ്ങളെ അപേക്ഷിച്ചും  ഇക്കുറി മാറ്റങ്ങളുണ്ട്. കഴിഞ്ഞ പ്രാവശ്യം ഓൺലൈൻ ആയിരുന്നതുകൊണ്ട്, വീട്ടിലിരുന്ന് വോട്ട് ചെയ്യാമായിരുന്നു. കൺവൻഷന് രജിസ്റ്റർ ചെയ്യുന്നതുമുതൽ ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുന്നവരെ സാമ്പത്തികചിലവുകൾ ഉണ്ട്. ഡെലിഗേറ്റ്സിന്റെ എണ്ണം ഇലക്ഷനെ ബാധിക്കുമെന്ന് തോന്നുന്നില്ല. ഫോമയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരും കാൻകൂണിലാണ് കൺവൻഷൻ നടക്കുന്നതെങ്കിലും അവിടേക്ക് ഒഴുകിയെത്തുമെന്നാണ് വിശ്വാസം. ഫോമയെ പിന്തുണക്കുന്ന  നിരവധി അസോസിയേഷനുകൾ വിവിധ സ്റ്റേറ്റുകളിലുണ്ട്. ഡെലിഗേറ്റ്സ് ഇല്ലാത്ത തീരെ കുറച്ച് അസോസിയേഷനുകളേ ഉള്ളു.

വനിതാ പ്രതിനിധിയായിരിക്കെ പഠിച്ച പാഠങ്ങൾ?

വനിതാ പ്രതിനിധിയായി രണ്ടുവർഷം പ്രവർത്തിച്ച  സമയത്താണ്  വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകാൻ മുൻകൈ എടുത്തത്. കേരളത്തിൽ നടന്ന പ്രളയത്തിൽ സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. നാഷണൽ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്ത് ഫോമയെ അടുത്തറിയാനും അതിന്റെ ബൈലോ ആഴത്തിൽ പഠിക്കാനും കഴിഞ്ഞു. സംഘടനയുടെ വിവിധ റീജിയനുകളിലെ ആളുകളുമായി ബന്ധപ്പെടാനും ഈ അവസരം ഉപകരിച്ചു. ഓരോ മേഖലയിലെയും വനിതാ പ്രതിനിധികളുമായി ബന്ധപ്പെടാനും ഇതിലൂടെ സാധിച്ചു. വലിയൊരു സൗഹൃദവലയം പടുത്തുയർത്താൻ ഫോമയിലെ ഈ സ്ഥാനം സഹായകമായി. ചെറിയ ചെറിയ റോളുകളിൽ നിന്നവരാണല്ലോ പിന്നീട് ഫോമയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്. നാഷണൽ കമ്മിറ്റി അംഗമെന്ന നിലയ്ക്കും വനിതാ പ്രതിനിധിയെന്ന  നിലയ്ക്കും പഠിച്ച പാഠങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പോകുന്നതിന് മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. ഫോമാ എന്താണെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ എന്താണെന്നും വ്യക്തമായ ധാരണ നേടാനായി. നാഷണൽ കമ്മിറ്റിയിൽ ഇരുന്നിട്ടില്ലാത്ത ഒരാൾ, എക്സിക്യൂട്ടീവിലേക്ക് കടന്നാൽ അതിന്റേതായ പരിമിതികൾ ഉണ്ടാകും.

ഫോമായിൽ വനിതകൾ വിവേചനം നേരിടുന്നുണ്ടോ?

ഫിലാഡൽഫിയയിൽ 'കല' എന്ന അസോസിയേഷനെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്. വനിതകൾക്കുനേരെ വിവേചനം ഉള്ളതായൊരു അനുഭവം വ്യക്തിപരമായി എനിക്ക് നേരിട്ടിട്ടില്ല. രണ്ടുവർഷം 'കല'യുടെ പ്രസിഡന്റായിരുന്നു.  സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ എല്ലാവിധ പിന്തുണയും നൽകുന്ന അസ്സോസിയേഷനാണ് 'കല'. നേതൃത്വത്തിൽ  വനിതകൾ വരാൻ സമ്മതിക്കാത്ത അസോസിയേഷനുകളെക്കുറിച്ച് ചില സുഹൃത്തുക്കൾ അവരുടെ അനുഭവം പങ്കുവച്ചിട്ടുണ്ട്. സംഘടനകളുടെ സംഘടനയാണല്ലോ ഫോമാ. കൂടുതൽ അസോസിയേഷനുകളിൽ സ്ത്രീകൾ മുൻനിരയിലേക്ക് വന്നാൽ ഫോമായിലും സ്ത്രീ പ്രാതിനിധ്യം കൂടും. എല്ലാ ലോക്കൽ അസോസിയേഷനുകളും അതിനായി പ്രവർത്തിക്കേണ്ടതുണ്ട്.

നിലവിൽ ഫോമാ മിഡ് - അറ്റ്ലാന്റിക് റീജിയന്റെ സെക്രട്ടറിയാണ്. അവിടെയും വിവേചനം നേരിട്ടിട്ടില്ല. ആർവിപി ബൈജു വർഗീസാണെങ്കിലും കമ്മിറ്റി അംഗങ്ങളായാലും നല്ല പിന്തുണയാണ് നൽകിവരുന്നത്.
ജനറൽ ബോഡി മീറ്റിംഗിന് ഞാനും ഫ്‌ലോറിഡയിൽ പോയിരുന്നു. മയൂഖത്തിന്റെ കിരീടധാരണ സമയത്ത്, വനിതകളെ പിന്തുണക്കാതിരുന്നത്    വിഷമകരമായൊരു അനുഭവമായിരുന്നു. അത്തരം  അനുഭവം മുൻപ് പങ്കെടുത്ത മീറ്റിംഗുകളിൽ ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും അത്തരം സന്ദർഭം ഫോമയിൽ ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. കേരളത്തിന്റെ പലയിടങ്ങളിൽ നിന്ന് അമേരിക്കയിൽ വന്നു താമസിക്കുന്ന നമ്മൾ, അതിന്റേതായൊരു സംസ്കാരവും മാന്യതയും പുലർത്തണം.

ഇതുവരെ ഫോമായിൽ വനിതാ പ്രസിഡന്റ് ഉണ്ടായിട്ടില്ലല്ലോ, അതിന് ഇനിയും എത്ര കാത്തിരിക്കണം?

അധികം കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, വനിതകളെ ഉൾച്ചേർക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റികളായിരിക്കും വരുംകാലങ്ങളിൽ മുന്നോട്ടുവരിക. പ്രസിഡന്റ് എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആ സ്ഥാനത്തേക്ക് എത്തുന്നത് സ്ത്രീയായാലും പുരുഷനായാലും ഫോമയ്‌ക്ക് വേണ്ടി മാറ്റിവയ്ക്കാൻ ധാരാളം സമയം ഉണ്ടായിരിക്കണം. അതിനുള്ള മനസ്സും കഴിവും ഉള്ളവർ മുന്നോട്ട് വരട്ടെ. അത്തരത്തിൽ  സ്ത്രീകൾ വന്നാലും അവരെ പിന്തുണയ്ക്കണം. മലയാളികളായ ധാരാളം വിദ്യാസമ്പന്നരായ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ടല്ലോ, അവർ നേതൃനിരയിലേക്ക് വരിക തന്നെ ചെയ്യും.

ജയിച്ചാൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് മനസ്സിലുള്ളത്?

പ്രധാനമായും രണ്ടുകാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഫോമയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുക എന്നതാണ് പ്രധാന ഉദ്ദേശം. മിഡ് -സ്‌കൂൾ, ഹൈസ്‌കൂൾ ലെവലിലുള്ള കുട്ടികളെ ഫോമായിൽ കൂടി നേതൃരംഗത്തേക്കു കൊണ്ടുവരാനും പദ്ധതിയുണ്ട്. അടുത്ത തലമുറയെ വാർത്തെടുക്കുന്നത് വലിയൊരു ഉത്തരവാദിത്തമായി തന്നെയാണ് കാണുന്നത്. നമ്മുടെ കാലം കഴിയുമ്പോൾ, നമ്മൾ കൊളുത്തിയ തിരിനാളം മുന്നോട്ട് കൊണ്ടുപോകാൻ വരുംതലമുറ പ്രാപ്തരായിരിക്കണം. കോളജ് ലെവൽ ആകുന്നതോടെ അവർക്ക് അതിന്റെതായ തിരക്കുകളാകും.'Catch them young' എന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.

നമ്മൾ തന്നെ കാലങ്ങളോളം അധികാരം കയ്യാളിയിട്ട് കാര്യമില്ല. പുതിയ ആളുകൾ കടന്നുവരണം. അവരിലാണ് ഫോമയുടെ ഭാവിയിരിക്കുന്നത്. ഏതൊരു സംഘടനയുടെയും വിജയം പുതുതലമുറയുടെ കൈകളിലാണിരിക്കുന്നത്. വനിതാ അംഗങ്ങൾക്കൊപ്പം കുട്ടികളെക്കൂടി കൊണ്ടുവരുന്നതിലൂടെ കുടുംബത്തിന് മുഴുവനായും സംഘടനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനാകും. കൗമാരക്കാരായ കുട്ടികൾക്ക് സമപ്രായക്കാരെ ചേർത്തൊരു നെറ്റ്വർക്ക് ഉണ്ടാക്കുന്നത് ഗുണകരമാകുമെന്നും കരുതുന്നു. കുട്ടികളെ ഓഡിയൻസ് എന്ന നിലയിൽ നിർത്താതെ, അവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിപ്പിക്കാനും ഉത്തരവാദിത്തങ്ങൾ കൊടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. വോളന്റീയർമാരായി പ്രവർത്തിക്കുന്നതടക്കം പലതും അവർക്ക് ചെയ്യാൻ കഴിയും. സ്ത്രീകളുടെ  പങ്കാളിത്തം ഉറപ്പാക്കാനും    ആഗ്രഹിക്കുന്നു. നല്ല ആശയങ്ങൾ മുന്നോട്ടുവച്ച് സംഘടന കൂടുതൽ മെച്ചപ്പെടുത്താൻ ഒന്നായി ശ്രമിക്കും.

ഇവിടെ പഠിച്ചുവളർന്ന കുട്ടികളെ ഫോമയിലേക്ക് ആകർഷിക്കണമെങ്കിൽ അവരാഗ്രഹിക്കുന്നതും ശീലിച്ചിട്ടുള്ളതുമായൊരു ഡിസിപ്ലിൻ സംഘടനയിൽ വേണം. സമയബന്ധിതമായി കൃത്യനിഷ്ഠയോടും പരസ്പര ബഹുമാനത്തോടും കൂടിവേണം മീറ്റിംഗുകളും പരിപാടികളും നടത്താൻ. മാതൃകാപരമായൊരു അന്തരീക്ഷം വേണം കുട്ടികൾ കണ്ടുപഠിക്കാൻ.

മലയാളി സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനുള്ള പ്രവർത്തന രീതി നടപ്പാക്കണം. നിലവിൽ, അസോസിയേഷനുമായി ബന്ധപ്പെട്ടുള്ളവരുമായി മാത്രമാണ് പ്രവർത്തനം.അതുമാറി മുഴുവൻ മലയാളികൾക്കുമെതിപ്പെടാൻ സാധ്യമായ രീതിയിൽ പ്രവർത്തനം മാറ്റണം. ഒന്നാം തലമുറയ്ക്കും രണ്ടാം തലമുറയ്ക്കും മൂന്നാം തലമുറയ്ക്കും വേണ്ടി ജാതിമത ഭേദമന്യേ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയുണ്ട്. പ്രൊഫഷണൽ നെറ്റ്വർക്ക് രൂപീകരിച്ചുകൊണ്ട് വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരിൽ നിന്നുള്ള ഉപദേശങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്താൻ യുവതലമുറയ്ക്ക് വഴിതുറക്കണമെന്നും ഉദ്ദേശിക്കുന്നു.

പാനൽ സംവിധാനം നല്ലതാണോ? രണ്ടു പാനലിൽ ഉള്ളവർ ജയിച്ചാൽ എങ്ങനെയിരിക്കും?

പാനൽ സംവിധാനം ഏർപ്പെടുത്തിയതോടെ മത്സരബുദ്ധി കൂടിയതായാണ് ഞാൻ വിലയിരുത്തുന്നത്. മുൻപും പാനൽ ഉണ്ടായിരുന്നു. പക്ഷെ, എല്ലാ പൊസിഷനിലും മത്സരാർത്ഥികൾ ഇല്ലായിരുന്നു. രണ്ടു പാനലിൽ ഉള്ളവർ ജയിച്ചാലും, ഇലക്ഷൻ കഴിയുന്നതോടെ മത്സരബുദ്ധി ഉപേക്ഷിച്ച് ഞങ്ങൾ ഒന്നാകും. ഫോമായിലെ അംഗങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുന്നതാണ് അതിന്റെ വിജയമന്ത്രം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകരുതെന്നാണ് ആഗ്രഹം. ആളുകളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് യോഗ്യരായവരെ തന്നെ വോട്ടർമാർ തിരഞ്ഞെടുക്കുമെന്നാണ് വിശ്വാസം.

ജോലിയുടെയും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുടെയും കൂടെ സംഘടനാ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?

സമയമില്ലെന്ന് എഴുതിത്തള്ളിയാൽ ഒന്നിനും സമയം കാണില്ല. താല്പര്യം ഉള്ള കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കാൻ എല്ലാവരുടെ പക്കലും സമയമുണ്ട്. മനസ്സുവെച്ചാൽ എല്ലാം നടക്കും.

വീട്ടിൽ നിന്നുള്ള പിന്തുണ എങ്ങനെ?

വീട്ടിൽ നിന്ന് പൂർണ്ണ പിന്തുണയുണ്ട്. ഭർത്താവ് സുജിത് ശ്രീധർ ഐ.ടി.കൺസൾട്ടന്റാണ്. അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ  ഇതുവരെ നേടിയതൊന്നും സാധിക്കുമായിരുന്നില്ല. ഒരുമടിയുമില്ലാതെ, ഏത് യാത്രയ്ക്കും ഒപ്പമുണ്ടാകും.
ഞങ്ങൾക്ക് രണ്ടാണ്മക്കളാണ്. അവരും നല്ല സപ്പോർട്ടാണ്. കലയുടെയും ഫോമയുടെയും പരിപാടികൾക്ക് മക്കളെ കൂടെ കൊണ്ടുപോകാറുണ്ട്. അവരിതൊക്കെ കണ്ടുവളരണമെന്നാണ് ആഗ്രഹം. വോളന്റിയർമാരായി അവരെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യാറുമുണ്ട്. നേതൃപാടവം അവരിലും വളർത്തണമെന്നാണ് അമ്മ എന്ന നിലയിൽ ആഗ്രഹിക്കുന്നത്.

ഇതുവരെയുള്ള പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? കൂടുതലായി എന്തൊക്കെ ചെയ്യാൻ സാധിക്കും?

ഫോമാ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ അമേരിക്കയിലും കേരളത്തിലും നടത്തിയിട്ടുണ്ട്. മലയാളികൾക്കുമാത്രമല്ല, ഇന്ത്യയിൽ എവിടെയുള്ളവരുടെ ആവശ്യങ്ങൾക്കും ഫോമാ സഹായഹസ്തവുമായി എപ്പോഴും മുൻപിലുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഫോമയെ ബന്ധപ്പെട്ടാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന വിശ്വാസം കമ്മ്യൂണിറ്റി അംഗങ്ങളിൽ വളർന്നിട്ടുണ്ട്. കോവിഡിന്റെയും പ്രളയത്തിന്റെയും സമയങ്ങളിൽ നമ്മളത് കണ്ടുകഴിഞ്ഞു. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളും ഫണ്ട് റെയ്‌സിംഗും നടത്താൻ ഫോമായ്ക്ക് സാധിച്ചു. ഇപ്പോഴത്തെയും മുൻപത്തേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വരും തലമുറയ്ക്ക് മാതൃകയായി ഇനിയും ഏറെ ദൂരം ഫോമാ മുന്നോട്ടുപോകണം. കോവിഡ് മഹാമാരിക്കു ശേഷം നമുക്ക് അനുവദിച്ചുകിട്ടിയ രണ്ടാം ജന്മമാണിത്. എത്രയോ ജീവനുകൾ ഇതിനിടയിൽ നഷ്ടമായി. ഇനിയെങ്കിലും ഈഗോയും പരാതികളുമൊക്കെ മാറ്റിവച്ച് പരസ്പര സ്നേഹത്തോടും സഹകരണത്തോടും കൂടി മലയാളികൾ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്നാണ് എന്റെ എളിയ അഭ്യർത്ഥന. നമ്മുടെ സഹോദരങ്ങളെ കഴിയും വിധം സഹായിച്ച് ജീവിക്കണം.

ജോലിയിൽ വിവേചനം അനുഭവിച്ചിട്ടുണ്ടോ?

ഒരിക്കലുമില്ല. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ കഠിനാധ്വാനികളും  കഴിവുറ്റവരുമാണെന്ന് മനസ്സിലാക്കിക്കൊണ്ട് പരിഗണനയോടെയാണ് തൊഴിലിടങ്ങളിൽ ഒപ്പമുള്ളവർ കാണുന്നത്. പഠനത്തിലായാലും ജോലിയിലായാലും എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത വ്യക്തിയാണ് ഞാൻ. സംഘടനാപ്രവർത്തനങ്ങളിലും പൂർണമായും മനസ്സർപ്പിക്കാറുണ്ട്. ഫോമയുടെ വിമൻസ് ഫോറത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ജൂറി പുരസ്കാരം നേടിയത് വലിയ ആത്മവിശ്വാസം പകർന്ന കാര്യമാണ്.  

വോട്ടർമാരോട് പറയാനുള്ളത്

ഡോക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എനിക്ക് തുല്യ ബഹുമാനവും, സുതാര്യതയും, എല്ലാവരെയും കേള്‍ക്കുകയും, നീതിപൂര്‍വകവുമായ പ്രവര്‍ത്തനവും ഉറപ്പു നല്‍കാന്‍ കഴിയും.  

പേരക്കിടാങ്ങള്‍ക്കും അടുക്കളയിലുമായി എരിഞ്ഞു തീരാന്‍ മാത്രമുള്ളതല്ല മധ്യവയസ്‌കരായ സ്ത്രീകളുടെ ജീവിതങ്ങള്‍. അവര്‍ക്ക് ദിശാബോധം നല്‍കിയ മയൂഖം പോലുള്ള പരിപാടികളാണ് ഫോമയെ വേറിട്ട് നിര്‍ത്തുന്നത്.  

വീട്ടമ്മവല്‍ക്കരണവും, പൊതുയിടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന  സംസ്‌കാരമല്ല നമുക്ക് വേണ്ടത്. സാമൂഹ്യ ശാക്തീകരണം ശക്തി പ്രാപിക്കുന്നതും അതിന്റെ മൂല്യം വര്‍ധിക്കുന്നതും, സ്ത്രീ ശാക്തീകരണത്തിലൂടെയാണ്. സാമൂഹ്യ ശാക്തീകരണം എന്നത് പുരുഷന്‍ ഒരു സ്ത്രീക്ക് നല്‍കുന്ന സര്‍വ്വ വിധമായ പിന്തുണയില്‍ നിന്ന് സ്ത്രീ കുടുംബത്തിലും സമൂഹത്തിലും ഉന്നതിയിലെത്തുമ്പോഴാണ്. ഓരോ പുരുഷന്റെയും വിജയത്തില്‍ ഒരു സ്ത്രീക്ക് പങ്കുള്ളത് പോലെ, ഓരോ സ്ത്രീയുടെ വിജയത്തിന് പിന്നിലും ഓരോ പുരുഷന്റെയും കയ്യൊപ്പും അടയാളവുമുണ്ട്. അത് ഫോമയുടെ ചരിത്രത്തിലും ഉണ്ട്. 

നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കുകയും, പ്രവര്‍ത്തനങ്ങളില്‍ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന നേതൃത്വവുമാണ്.  ഡോക്ഗര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ അതിന് പ്രാപ്തരും കഴിവും തെളിയിച്ച സാരഥികളാണ്. എന്റെ സ്ഥാനാര്‍ത്ഥിത്വം സ്തീകള്‍ക്ക് നല്‍കുന്ന ആദരവിനെ എടുത്തു കാണിക്കുന്നുവെന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നു.

ആസന്നമായ  ഫോമാ നിര്‍വ്വഹണ സമിതിയിലേക്കുള്ള തെരെഞ്ഞടുപ്പില്‍ ഞങ്ങളോടൊപ്പം നിലകൊണ്ടു, എന്നെയും, ഡോക്ടര്‍ ജേക്കബ് തോമസ്, ഓജസ് ജോണ്‍, ബിജു തോണിക്കടവില്‍, സണ്ണി വള്ളിക്കളം, ജെയിംസ് ജോര്‍ജ്ജ് എന്നവരെയും വിജയിപ്പിച്ചു  ഫോമയെ ശക്തിപ്പെടുത്താനും മാറ്റത്തിന്റെ കാവലാളാകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക