Image

മാഞ്ചസ്റ്റര്‍ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാള്‍ പ്രദക്ഷിണം

Published on 03 July, 2022
മാഞ്ചസ്റ്റര്‍ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാള്‍ പ്രദക്ഷിണം



മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റര്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. പട്ടുസാരി ഉടുത്ത മങ്കമാരാലും ,മുണ്ടും ജുബ്ബയും ധരിച്ച പുരുഷന്മാരാലും വിഥിന്‍ഷോ പള്ളിയും പരിസരവും നിറഞ്ഞു.


കോവിഡ് നിബന്ധനകള്‍ക്ക് ശേഷം നടന്ന തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ എല്ലാം ഭക്തിയുടെ പാരമ്യത്തില്‍ ആയിരുന്നു. റാസ കുര്‍ബാനയും,പ്രൗഢി വിളിച്ചോതിയ തിരുന്നാള്‍ പ്രദക്ഷിണവും,പള്ളിപ്പറമ്പിലെ തിരുന്നാള്‍ കാഴ്ചകളുമെല്ലാം നാട്ടിലെ പെരുന്നാള്‍ കൂടിയ അനുഭവമാണ് ഓരോ മലയാളിക്കും നല്‍കിയത്.

 


രാവിലെ പത്തിനു അഭിവന്ദ്യ വൈദീക ശ്രേഷ്ഠരുമാ.ി ആദ്യ പ്രദക്ഷിണം ആരംഭിച്ചു. നൂറുകണക്കിന് മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന പ്രദക്ഷിണം ദേവാലയ അള്‍ത്താരയില്‍ എത്തിയതോടെ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ നടത്തിയ ആമുഖ പ്രഭാഷണത്തോടെ സിറോമലബാര്‍ സഭയുടെ ഏറ്റവും അത്യാഘോഷപൂര്‍വ്വമായ കുര്‍ബാനക്രമമായ പരിശുദ്ധ റാസക്ക് തുടക്കമായി.ഫാ.ലിജേഷ് മുക്കാട്ട് റാസ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനായപ്പോള്‍ ഫാ.മൈക്കിള്‍ ഗാനന്‍,ഫാ ജോസ് അഞ്ചാനിക്കല്‍ , ഫാ.ജോണ്‍ പുളിന്താനത്ത്,ഫാ.ഡാനി മോളൊപ്പറമ്പില്‍,എന്നിവര്‍ സഹകാര്‍മ്മികരായി .

വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അല്‍ഫോന്‍സയുടെയും ജീവിത വിശുദ്ധി നിങ്ങളുടെ കുടുംബ ജീവിതത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്കട്ടെയെന്ന് ഷൂഷ്ബറി രൂപതാ വികാരി ജനറല്‍ഫാ.മൈക്കിള്‍ ഗാനന്‍ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.

 

ദിവ്യബലിയെ തുടര്‍ന്ന് നടന്ന ലദീഞ്ഞോടെ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമായി.നൂറുകണക്കിന് മുത്തുക്കുടകളുടെയും,പതാകകളുടെയും അകമ്പടിയോടെ ആരംഭിച്ച തിരുന്നാള്‍ പ്രദക്ഷിണത്തില്‍ വാറിങ്ങ്ടണ്‍ ചെണ്ടമേളവും, പൈപ്പ് ബാന്‍ഡും എല്ലാം അകമ്പടി ആയി.വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി. പ്രദക്ഷിണം ദേവാലയത്തെ വലം വെച്ച് പ്രധാന പാതയില്‍ എത്തിയപ്പോള്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചു പ്രദക്ഷിണത്തിന് വഴിയൊരുക്കി.


പരമ്പരാഗതമായ ആചാരമനുസരിച്ച് വിഥിന്‍ഷോ സമൂഹം തോമാശ്ലീഹായുടെ രൂപക്കൂട് വഹിച്ചപ്പോള്‍ സ്റ്റോക്പോര്‍ട്ട് സമൂഹം ആണ് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചത്.

 

പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദവും.സമാപന പ്രാര്‍ത്ഥനകളും നടന്നു.ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

 

ഇതേതുടര്‍ന്ന് പള്ളി പറമ്പില്‍ പാച്ചോര്‍ നേര്‍ച്ച വിതരണവും സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ്സ് ഒരുക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നാടന്‍ പലഹാരങ്ങളുടെ സ്റ്റാളുകളും,ഭക്ത സാധനകളുടെ സ്റ്റാളുകളും പള്ളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചു. യുവജന സംഘടനകളുടെ ഐസ് ക്രീം സ്റ്റാളുകളിലും അത്യപൂര്‍വ തിരക്കായിരുന്നു.

ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികനാവും.ഇതേത്തുടര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ജൂണ്‍ 25 ശനിയാഴ്ചയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് ദിവസവും ദിവ്യബലിയും നൊവേനയും നടന്നു വരിക ആയിരുന്നു.

സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക