സ്റ്റീവനേജില്‍ ഫാ.ജോര്‍ജ്ജ് കല്ലൂക്കാടന്റെ കാര്‍മ്മികത്വത്തില്‍ ദുക്രാന തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി.

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 05 July, 2022
സ്റ്റീവനേജില്‍ ഫാ.ജോര്‍ജ്ജ് കല്ലൂക്കാടന്റെ കാര്‍മ്മികത്വത്തില്‍ ദുക്രാന തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി.

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷനില്‍ ദുക്‌റാന തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഫാ.ജോര്‍ജ്ജ് കല്ലൂക്കാടന്‍ സിഎംഐ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

സ്റ്റീവനേജിലെ സെന്റ് തോമസ് ഡേ, സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും അഭിമാനത്തോടെയും തീക്ഷ്ണതയോടും വിളിച്ചോതുന്ന മാര്‍ത്തോമ്മാ പ്രഘോഷണമായി.

'ഭാരത കത്തോലിക്കര്‍ തങ്ങളുടെ ഭക്തിയും, വിശ്വാസവും തീക്ഷ്ണമായി  കാത്തു പരിപാലിക്കുവാന്‍ സാധിക്കുന്നത്  സഭാ പൈതൃകത്തിന്റെ ഉറവിടമായ മാര്‍ത്തോമ്മാശ്ലീഹയിലൂടെ പകര്‍ന്നു നല്‍കപ്പെട്ട ദൈവീക പദ്ധതികളുടെയും ഈശ്വര സ്‌നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂര്‍ണ്ണത നിറഞ്ഞ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്. ഏറ്റവും മൂല്യമുള്ളതായി തോമാശ്ലീഹാ കണക്കാക്കുന്ന, പരിശുദ്ധ അമ്മയുടെ ചിത്രവും, വി. മത്തായി എഴുതിയ സുവിശേഷ ലിഖിതവുമായാണ് തന്റെ ഭാരത സുവിശേഷ വല്‍ക്കരണ യാത്രയില്‍ അപ്പസ്‌തോലന്‍  വന്നെത്തിയതെന്നും, മാതൃഭക്തിയും കത്തോലിക്കാ വിശ്വാസവും അതിനാല്‍ത്തന്നെ നസ്രാണിമക്കള്‍ക്കു സഭ പിതാവില്‍ നിന്നും കിട്ടിയ വരദാനമാണെന്നും' ജോര്‍ജ്ജ് അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

'സഭയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിശ്വാസം ഊട്ടി ഉറപ്പിച്ചു കൊണ്ട് സ്വജീവനെ വരെ ഗൗനിക്കാതെ ദൈവീക ദൗത്വം ഏറ്റെടുക്കുകയും, ഏറ്റവും വിനയാന്വിതനായി ചോദ്യങ്ങളിലൂടെ ബോദ്ധ്യങ്ങള്‍ ഉറപ്പിക്കുന്ന, വിശ്വാസത്തിന്റെ പാരമ്യതയില്‍ യേശുവിനെ സര്‍വ്വ ശക്തനും ദൈവവുമായി കാണുവാന്‍ കഴിഞ്ഞ ശിഷ്യ ഗണങ്ങളില്‍ പ്രമുഖനാണ് തോമാശ്ലീഹാ'. 

'യേശുവിന്റെ ഉയിര്‍പ്പ്,പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം തുടങ്ങിയ സഭയുടെ ഏറ്റവും വലിയ വിശ്വാസ സത്യങ്ങള്‍ക്കു ലോകത്തിനു തന്റെ ബോദ്ധ്യം പകര്‍ന്നു നല്‍കുവാനും,നേര്‍ സാക്ഷിയാകുവാന്‍ കഴിയുകയും ചെയ്ത മാര്‍ത്തോമ്മാ ശ്ലീഹ ഭാരതത്തിനു വലിയ ദൈവീക കൃപയാണ് പകര്‍ന്നു നല്‍കിയത്' എന്ന് ജോര്‍ജ്ജ് അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ജെസ്ലിന്‍, ജോര്‍ജ്ജ്, ഓമന തുടങ്ങിയവര്‍ ഗാന ശുശ്രുഷ നയിച്ചു. മാര്‍ത്തോമ്മാശ്ലീഹായുടെ രൂപം വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണത്തിനു ശേഷം,പരിശുദ്ധ ശ്ലീവായുടെ സമാപന ആശീര്‍വ്വാദത്തോടെ  തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

ട്രസ്റ്റി ജിന്റോ മാവറ, ബെന്നി ജോസഫ്, ജിനേഷ് ജോര്‍ജ്ജ് തുടങ്ങിയവര്‍  നേതൃത്വം വഹിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക