Image

വളഞ്ഞുപുളഞ്ഞുകിടക്കുന്ന പോപ്പും വിവർത്തനത്തിലെ വെല്ലുവിളികളും: മുരളി നായർ

Published on 09 July, 2022
വളഞ്ഞുപുളഞ്ഞുകിടക്കുന്ന പോപ്പും വിവർത്തനത്തിലെ  വെല്ലുവിളികളും: മുരളി നായർ

ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ മുരളി ജെ. നായർ 

വിവർത്തന സാഹിത്യം എന്നു കേൾക്കുമ്പോൾ നിരവധി തമാശകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.1960 കളുടെ അവസാനം, അന്നത്തെ മാർപ്പാപ്പ മരണാസന്നനായി കിടന്ന വാർത്ത ഇംഗ്ലീഷ് പത്രങ്ങൾ ' Pope in coma' എന്നുകൊടുത്തപ്പോൾ മലയാള മാധ്യമങ്ങളിൽ 'അഭിവന്ദ്യനായ മാർപ്പാപ്പ കോമ പോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന കാഴ്ചയാണ് ഡോക്ടർക്ക് കാണാൻ കഴിഞ്ഞത് ' എന്നാണ് വാർത്ത വന്നത്. രസകരമായ നിരവധി വിവർത്തനങ്ങൾ ഇത്തരത്തിൽ കണ്ടിട്ടുണ്ട്.


ഫൊക്കാന ഇതാദ്യ തവണയാണ് വിവർത്തനങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തുന്നത്.ഫൊക്കാന സമ്മാനമായി നൽകുന്നത് ഒരു ഫലകമായിരിക്കും. എന്നാൽ, അതിനെ ഇകഴ്ത്താൻ വേണ്ടി അല്ലാതെ മറ്റൊരു കാര്യം പറയട്ടെ. 1990 -കളിൽ അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് ( എകെഎംജി) ഒരു വിവർത്തന മത്സരം സംഘടിപ്പിച്ചിരുന്നു. ആ മത്സരത്തിനുള്ള വിജയികൾക്ക് അമേരിക്കയിലേക്കുള്ള റിട്ടേൺ എയർ ടിക്കറ്റും മൂന്നാഴ്‌ച അമേരിക്കയിൽ നടക്കുന്ന വർക്ഷോപ്പിൽ പങ്കെടുക്കാനുള്ള അവസരവുമായിരുന്നു സമ്മാനം. കാലഭൈരവൻ വിവർത്തനം ചെയ്ത എ.ജെ.തോമസ് എന്നൊരാൾക്കായിരുന്നു.അമേരിക്ക സന്ദർശിച്ച് തിരികെ പോയശേഷമാണ് ഒ.എൻ.വി യുടെ ഉജ്ജയിനി എന്ന കാവ്യം, അദ്ദേഹം വിവർത്തനം ചെയ്തത്.ആ ഇംഗ്ലീഷ് ട്രാൻസ്ലേഷനാണ് ഒ എൻ വിയെ ജ്ഞാനപീഠത്തിന് അർഹനാക്കിയത്.എം.മുകുന്ദന്റെയും സക്കറിയയുടെയും കൃതികളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. കവിത എന്നത് ഗദ്യം വിവർത്തനം ചെയ്യുന്നതുപോലെയല്ല. അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞിട്ടുണ്ട്: "Poetry is what gets lost in translation" എന്ന്.അയ്യപ്പപ്പണിക്കർ സർ അതിന് കടകവിരുദ്ധമായി പറഞ്ഞിട്ടുണ്ട്: "വിവർത്തനത്തിൽ കവിത നഷ്ടപ്പെടുന്നില്ല" എന്ന്.അതൊരു തർക്കവിഷയമാണ്.
ഇംഗ്ലീഷ് മൗലികഭാഷ അല്ലാത്ത നിരവധി എഴുത്തുകാരുണ്ട്: ഗാർഷ്യ മാർക്കേസ്,പാലൊ കൊയ്‌ലോ, ഓർഹൻ പാമുക് അങ്ങനൊരു നീണ്ടനിരയുണ്ട്. ഇവരെല്ലാം ലോകപ്രശസ്തരായത് അവരുടെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിലൂടെയാണ്. ഇന്ത്യയിലെ പ്രശസ്തരായ എഴുത്തുകാരുടെ രചനകൾ, ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെടാത്തതും മെയിൻസ്ട്രീമിലേക്ക് എത്താത്തതും എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ സർഗ്ഗശേഷിയുള്ള നിരവധി എഴുത്തുകാരുണ്ട്.1992 ൽ വാഷിംഗ്ടണിൽ നടന്ന ഫൊക്കാന കൺവൻഷനെക്കുറിച്ച് ഈ അവസരത്തിൽ എടുത്തുപറയണം.അന്നത്തെ സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ ഡോ.എം.വി.പിള്ളയായിരുന്നു. അത്തരത്തിലൊരു സാഹിത്യ സമ്മേളനം പിന്നീടൊരിക്കലും നടന്നിട്ടില്ല.വിഷ്ണു നാരായണൻ നമ്പൂതിരി, സുഗതകുമാരി തുടങ്ങി പ്രമുഖരുമായി രണ്ടുദിവസം നീളുന്ന സാഹിത്യ വിരുന്നായിരുന്നു ഒരുക്കിയിരുന്നത്. അവിടെ ഞാനും ഒരു പേപ്പർ പ്രെസന്റ് ചെയ്തിരുന്നു. ഫൊക്കാനയിൽ സാഹിത്യത്തിന് ഉണ്ടായിരുന്ന ആ പ്രസക്തിയും പ്രാധാന്യവും ഇനിയും തുടരണം.1990 കളിൽ എം.കെ.സാനു മാഷ് അമേരിക്കയിൽ വന്നിരുന്നു.ഡോ.പിള്ളയുമായി അദ്ദേഹം മലയാള രചനകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ എന്തുകൊണ്ട് മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് ചർച്ച ചെയ്തിരുന്നു.അമേരിക്കക്കാർ സംസാരിക്കുന്ന ഇംഗ്ലീഷിൽ നിന്ന് വ്യത്യസ്തമായി പദാനുപദ തർജ്ജമ നടത്തുന്നതാണ് മലയാള വിവർത്തനങ്ങളുടെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത്.അമേരിക്കൻ വായനക്കാർ വായിച്ചുശീലിച്ച പുസ്തകങ്ങളിലെ ഇംഗ്ലീഷ് അല്ല ഇന്ത്യൻ വിവർത്തനങ്ങളിലെ ഇംഗ്ലീഷ് എന്നുസാരം. നമ്മുടെ അക്കാഡമിക്കുകളുടെ ഇംഗ്ലീഷിന് ചില പ്രശ്നങ്ങളുണ്ട്. ബ്രിടീഷുകാർ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ ഇംഗ്ലീഷ്, തലമുറകൾക്ക് കൈമാറി കൈമാറി ഒരു ജീവൻ നഷ്ടപ്പെട്ട നിലയിലാണ് നമ്മുടെ കൈവശമുള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.അതുകൊണ്ടായിരിക്കാം, ആത്മാവ് നഷ്ടപ്പെട്ട ഇംഗ്ലീഷിലുള്ള രചനകൾ എത്തേണ്ട ഇടത്ത് എത്താതെ വരുന്നത്. ഒ.വി.വിജയൻ തന്നെയാണ് ഖസാക്കിന്റെ ഇതിഹാസം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.സൃഷ്ടാവ് എന്ന നിലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ സാധിച്ചിട്ടും ആ പുസ്തകം ശ്രദ്ധിക്കപ്പെട്ടില്ല.
ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ചില ചിത്രങ്ങളുടെ മലയാളം സബ്‌ടൈറ്റിൽ കാണുമ്പോൾ ഞെട്ടിപ്പോകും.

അടുത്തിടെ ഒരു ട്വീറ്റ് ഇങ്ങനെ വന്നിരുന്നു"Order delivered" എന്നുള്ളതിന് ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്തത് 'കല്പന പ്രസവിച്ചു ' എന്നാണത്രെ! "മേഘം പൂത്തുതുടങ്ങി" എന്നുതുടങ്ങുന്ന ഗാനത്തിന്റെ സബ്ടൈറ്റിൽ " The clouds have fungus in it" എന്നായിരുന്നു.'Literal approach, communicative approach' എന്നിങ്ങനെ പലരീതിയിൽ വിവർത്തനങ്ങൾ നടത്താം.കമല ദാസിന്റെ കാവ്യാത്മകമായ പുസ്തകങ്ങൾ അവർ തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്. അതിനൊരു മൗലികതയുള്ളതിനാൽ തന്നെ വിവർത്തനം എന്ന ഗണത്തിൽ തളയ്ക്കാൻ ആകില്ല. മെഡിക്കൽ ഡോക്യൂമെന്റുകൾക്ക് Literal approach ആയിരിക്കും നല്ലത്. എന്നാൽ, സാഹിത്യത്തിലേക്ക് വരുമ്പോൾ ഒരു വാരി തർജ്ജമ ചെയ്യാൻ ആ പാരഗ്രാഫ് മുഴുവൻ മനസ്സിലാക്കി എടുക്കണം.'Love ' എന്ന വാക്ക് മലയാളത്തിൽ പ്രേമമാണോ സ്നേഹമാണോ എന്നറിയാൻ ആ സന്ദർഭം നോക്കേണ്ടി വരും.'ശൈലികൾ (idioms)'മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതും ശ്രമകരമാണ്. ' കൊടുത്താൽ കൊല്ലത്തും കിട്ടും' എന്നോ ' ചാത്തനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും' എന്നോ ഉള്ളത് ഇംഗ്ലീഷിലേക്ക് അതേ രീതിയിൽ വിവർത്തനം ചെയ്യാൻ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾക്ക് കഴിയുന്നതുപോലെ, നാട്ടിലുള്ള ഇംഗ്ലീഷ് പാണ്ഡിത്യമുള്ള ആൾക്ക് കഴിഞ്ഞെന്നുവരില്ല.


മലയാളത്തിന് തൃശൂർ,കൊല്ലം,തിരുവനന്തപുരം എന്നിങ്ങനെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത സ്ലാങ്ങുകളുണ്ട്. വൈക്കം മുഹമ്മദ് ബഷീർ 'ന്റെ ഉപ്പുപ്പാക്കൊരാന ഉണ്ടാര്ന്നു ' എന്ന് പ്രയോഗിച്ചത് ഇംഗ്ലീഷിൽ എങ്ങനെ പറയും? "Me, grand dad and an elephant' എന്നാണ് അതിന്റെ ഇംഗ്ലീഷ്. 'Poovan banana' എന്നപേരിലാണ് പൂവൻപഴം എന്ന കൃതി പ്രസിദ്ധീകരിച്ചത്. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം കൊണ്ട് ലോകത്തെ ഇംഗ്ലീഷിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാഹിത്യത്തിലെ ഇംഗ്ലീഷ് ആ പഴയ രീതിയിൽ തന്നെയാണ്. 1876 ൽ രചിക്കപ്പെട്ട ടോൾസ്റ്റോയിയുടെ അന്ന കരനീനയുടെ 15 തർജ്ജമകൾ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. ഇതിലെല്ലാം തന്നെ കാലത്തിനൊത്ത മാറ്റങ്ങൾ വന്നിട്ടുണ്ട്.സ്വയമൊരു പുസ്തകമെഴുതുമ്പോൾ നമ്മുടെ ബോധമണ്ഡലത്തിൽ നിന്നാണ് വരികൾ എത്തുന്നത്. തർജ്ജമ അങ്ങനെയല്ല,അതൊരു തടവറയിൽ അകപ്പെടുന്നതിന് സമാനമാണ്. എഴുത്തുകാരൻ സൃഷ്‌ടിച്ച നാലുചുമരുകളുടെ പുറത്തേക്കിറങ്ങാൻ നമുക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല.അതാണ് വിവർത്തകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് ഞാൻ ആസ്വദിക്കാറുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക