മത സൗഹാർദ്ദത്തിൽ വിശ്വാസമില്ലാത്ത മനോജ് കൈപ്പള്ളിൽ 

Published on 12 July, 2022
മത സൗഹാർദ്ദത്തിൽ വിശ്വാസമില്ലാത്ത മനോജ് കൈപ്പള്ളിൽ 

Read more fokana news: https://emalayalee.com/fokana

ഫൊക്കാന മത സൗഹാർദ്ദ സമ്മേളനത്തിൽ മനോജ് കൈപ്പള്ളിൽ നടത്തിയ പ്രസംഗം  

ഇവിടേക്ക് ക്ഷണം ലഭിച്ചപ്പോൾ തന്നെ ഞാൻ സൂചിപ്പിച്ചത് ഞാൻ കമ്മ്യൂണൽ ഹാർമണിയിൽ  വിശ്വസിക്കാത്ത  ആളാണെന്നതാണ്. അതിനെനിക്ക് എന്റേതായ കാരണങ്ങളുമുണ്ട്. 

പണ്ട് ഞാൻ ഫൊക്കാന  സ്റ്റേജിൽ പാടാൻ കയറുമായിരുന്നു. വാദ്യോപകരണങ്ങളിൽ നിന്നുയരുന്ന ശ്രുതി എന്റെ ശബ്ദവുമായി പൊരുത്തപ്പെടുന്നതിന് ഹാർമണിയിൽ ആകുക എന്നാണ് പറഞ്ഞിരുന്നത്.

ശരിക്കും നമുക്ക് വേണ്ടത് മതപരമായ പൊരുത്തപ്പെട്ടുപോകൽ ആണോ? ഞാനൊരു സസ്യഭൂക്കാണ്, എന്നാൽ ഈ സദസ്സിലെ പലരും മാംസഭുക്കുകളായിരിക്കും. അതുമായി പൊരുത്തപ്പെട്ടുപോവുകയാണ് വേണ്ടത്. മാർ പീലക്സിനോസ് തിരുമേനി പറഞ്ഞതുപോലെ വിവിധതയിൽ ഏകത എന്നതൊരു ജീവിതസത്യമാണ്.

സസ്യഭുക്കുകളും മാംസഭുക്കുകളും ഭൂമിയുടെ അവിഭാജ്യഘടകങ്ങളാണ്.അവർ തമ്മിൽ ഒരു പൊരുത്തം ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് 'ഡിസ്ഹാർമണി' വരുന്നത്. പൊരുത്തം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ, അത് 24 മണിക്കൂറും സാധിക്കണമെന്നില്ലല്ലോ? അപ്പോൾ, യഥാർത്ഥത്തിൽ എന്താണ് വേണ്ടത്? ഞാനൊരു സസ്യഭുക്കാണെന്നത് എന്റെ വ്യക്തിപരമായ ഇഷ്ടമായി കരുതണം. എന്റെ ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എന്റെ ഇഷ്ടാനുസരണം ഞാൻ ഭക്ഷണം തിരഞ്ഞെടുക്കും. ഇവിടിരിക്കുന്ന മാംസഭുക്കുകൾ, അവരുടെ ശരീരം പരിപോഷിപ്പിക്കുന്നതിനുവേണ്ടി അവർ തിരഞ്ഞെടുത്ത മാർഗ്ഗമാണ് മാംസം. It is all personalized system of making your body healthy. 

മതം എന്ന വാക്കിന്റെ അർത്ഥം 'മ + തം = എന്റെ അഭിപ്രായം' എന്നാണ്. മതവും ആത്മീയതയും രണ്ടാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കാരണം, മതമാണ് എന്റെ അഭിപ്രായം; ആത്മീയത അവസാനം നമ്മളിലേക്ക് എത്തിച്ചേരുന്ന ഒന്നാണ്. ആത്മീയതയിലേക്ക് ചെന്നെത്താൻ മനസ്സെന്ന ആ വാഹനത്തെ പരിപോഷിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്ത മാർഗമാണ് മതം. അതൊരു പക്ഷേ, ക്രിസ്തുവിൽ കൂടിയോ കൃഷ്ണനിൽ കൂടിയോ അല്ലാഹുവിൽ കൂടിയോ ആകാം. 

ഒരു സസ്യാഹാരി ഒരിക്കലും മാംസാഹാരിയെ കളിയാക്കുകയോ, അവൻ മാംസാഹാരിയാണെന്ന് തിരിച്ചറിയുകയോ പോലും ചെയ്യുകയില്ല. അങ്ങനെയൊരു വ്യക്തിത്വത്തിലേക്ക് വരേണ്ടതല്ലേ പൊരുത്തപ്പെടുന്നതിനേക്കാൾ നമുക്ക് ആവശ്യമെന്ന് ഞാൻ പലപ്പോഴും എന്നോടുതന്നെ ചോദിക്കാറുണ്ട്. ലോകത്ത് എവിടെ പരിശോധിച്ചാലും അഭിപ്രായങ്ങളും ആത്മീയതയും മതങ്ങളും ഭിന്നമാണെന്ന് കാണാൻ സാധിക്കും.

കോളജുകളിലും സ്‌കൂളുകളിലും പഠിക്കുമ്പോൾ ഒരു തിയറം സോൾവ്  ചെയ്യാൻ പല മാർഗങ്ങൾ ടീച്ചർമാർ പറഞ്ഞുകൊടുക്കും.വിദ്യാർത്ഥികൾ പല മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഒരു മാർഗവും തെറ്റല്ല. പരമമായ ലക്ഷ്യമാണ് വലുതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

തൃശൂർ ജില്ലയിലെ ചെറിയൊരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. എന്റെ തൊട്ടടുത്ത് എന്റെ പ്രിയസുഹൃത്ത് താരീഖും സാജുവും താമസിച്ചിരുന്നു. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പലരീതിയിൽ കളിയാക്കിയിരുന്നു. അവരെന്നെ 'നക്കിനായരേ' എന്ന് വിളിക്കുമ്പോൾ ഞാൻ 'എടാ മാപ്പിളേ, മാപ്പിളത്തരം എന്നോടുവേണ്ട ' എന്നൊക്കെ പറയുമായിരുന്നു. ഇപ്പോഴും ആ സൗഹൃദം അതുപോലെ നിലനിൽക്കുകയാണ്. ഇന്നു ആക്ഷേപം എന്നു തോന്നാവുന്ന അത്തരം വിളികൾ പോലും ഞങ്ങളുടെ സൗഹൃദത്തിന് ഒരുവിധത്തിലും കോട്ടം ഉണ്ടാക്കിയിട്ടില്ല. 

ഹൃദയത്തിൽ അങ്ങനൊരു സ്ഥാനം ഇന്ന് എങ്ങനെ നഷ്ടപ്പെടുന്നു എന്നതിന്റെ കാരണമാണ് ചിന്തിക്കേണ്ടത്. അതിന്റെ പ്രധാനകാരണം, നമ്മുടെ മതത്തെയും അഭിപ്രായത്തെയും സ്വാധീനിച്ച് മുതലെടുക്കാൻ വേണ്ടി ഒരുമ്പെട്ടുനിൽക്കുന്ന ഒരുവിഭാഗം രാഷ്ട്രീയപ്രവർത്തകരും, ഇതിന് ചട്ടുകമായി നിൽക്കുന്ന ചില മാധ്യമപ്രവർത്തകരുമാണ്. 

ഇക്കൂട്ടർ താരീഖിന്റെയും സാജുവിന്റെയും മനോജിന്റെയും മനസ്സിൽ വൈരാഗ്യം കുത്തിനിറയ്ക്കുന്നു. അവരാണ് ജാതിപ്പേര് പറഞ്ഞ് നമ്മുടെ ചുടുചോര കുടിക്കാനുള്ള സന്ദർഭം ഒരുക്കുന്നത്. സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെ തിരിച്ചറിഞ്ഞ്, ഞങ്ങൾ വ്യത്യസ്തരല്ല ഒന്നാണ് എന്ന ബോധ്യത്തോടെ നീങ്ങുകയാണ് വേണ്ടത്. 1993 ലാണ് ഞാൻ അമേരിക്കയിൽ എത്തുന്നത്. സസ്യഭുക്കായ എനിക്ക് അന്നിവിടെ രുചികരമായ ഭക്ഷണം ലഭിക്കാൻ അധികം സാധ്യത  ഇല്ലായിരുന്നു. അന്നെന്നെ കൂട്ടിക്കൊണ്ടുപോയി, കോട്ടയം സ്റ്റൈലിൽ വെജിറ്റബിൾ സ്റ്റൂവും നൂല്പുട്ടും വിളമ്പിത്തന്നത് ഇവിടിരിക്കുന്ന ഫിലിപ്പ് ചേട്ടനാണ്. ആ ഫിലിപ്പ് ചേട്ടന് അറിയില്ല ഞാൻ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന്. ഞങ്ങൾക്ക് പരസ്പരം മതം അറിയേണ്ട, കണ്ണിൽ നോക്കുമ്പോൾ സ്ഫുരിക്കുന്ന സ്നേഹവും മനുഷ്യത്വവുമാണ് ഞങ്ങളെ തമ്മിൽ അടുപ്പിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക