വൈവിധ്യത്തിൽ ഐക്യം കണ്ടെത്തണം: ഐസക് മാർ ഫീലക്സിനോസ്

Published on 12 July, 2022
വൈവിധ്യത്തിൽ ഐക്യം കണ്ടെത്തണം: ഐസക് മാർ ഫീലക്സിനോസ്

READ MORE FOKANA NEWS: https://emalayalee.com/fokana

ഒർലാണ്ടോ: ഫൊക്കാന പോലൊരു സംഘടന രാഷ്ട്രീയ-സാമൂഹിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ, മതസൗഹാർദ്ദ സമ്മേളനവും അനുകരണീയമായ ഒന്നാണെന്ന് മാർത്തോമ്മാ സഭ അമേരിക്ക ഭദ്രാസനാധിപൻ  റൈറ്റ്  റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് ചൂണ്ടിക്കാട്ടി.

ടി.എസ് . ചാക്കോ മോഡറേറ്ററായിരുന്നു.  മനോജ് കൈപ്പള്ളിൽ, ഫാ. ഡേവിസ് ചിറമ്മൽ, അനിൽകുമാർ പിള്ള തുടങ്ങിയവർ സംസാരിച്ചു.  

എല്ലാ മതവിഭാഗങ്ങളും പരസ്പരബഹുമാനത്തോടെ എങ്ങനെ കഴിയണമെന്നുള്ളത് ഇന്നിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത രീതികളും, ഭാഷകളും, സ്വഭാവങ്ങളും, മതങ്ങളും ഒരു മനുഷ്യസമൂഹത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായകമാണ്-മാർ ഫലക്സിനോസ് പറഞ്ഞു. 

അതുകൊണ്ടുതന്നെ, മതസൗഹാർദ്ദ സമ്മേളനങ്ങൾക്ക് പ്രസക്തിയുണ്ട്. സ്വീകരിക്കാവുന്നതിനെ സ്വീകരിക്കുകയും അതിന് കഴിയാത്തവയെ ആദരിക്കുകയും ചെയ്യുന്ന സംവിധാനം എല്ലായ്പ്പോഴും ആവശ്യമാണ്. 

ഓരോ മതവിഭാഗങ്ങൾക്കും അതിന്റേതായ അടിസ്ഥാന പ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളുമുണ്ട്. അതെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. എന്നാൽ, ആത്യന്തികമായി ഇതെല്ലാം മനുഷ്യരെ എങ്ങോട്ടാണ് നയിക്കുന്നതെന്നതാണ്   ചോദ്യം.

എല്ലാ മതങ്ങളും സ്വയം ചിന്തിച്ച് മനസ്സിലാക്കുമ്പോൾ മറ്റുമനുഷ്യരെ ഉൾക്കൊണ്ടുകൊണ്ട് അവരോട് ചേർന്ന് എങ്ങനെ ജീവിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന സത്യം തിരിച്ചറിയാം. ആത്യന്തികമായി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ദൈവം സത്യവും സ്നേഹവുമാണെന്ന സന്ദേശമാണ്. ആ സത്യത്തെ അന്വേഷിക്കുന്നവരാണ് മനുഷ്യർ. അത് പല രീതിയിൽ പല വിധത്തിൽ നിർവഹിക്കുന്നു എന്ന് മാത്രം.

ഈ സത്യത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കി, ദൈവിക ഭാവം ഉൾക്കൊണ്ട് ജീവിക്കാൻ സാധിക്കുമ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത നമുക്ക് വെളിപ്പെടുന്നത്. സൃഷ്ടിയുടെ മനോഹാരിത എന്നുപറയുന്നത് മനുഷ്യരിൽ കാണുന്നതായ ഒരുമയുടെയും ഐക്യത്തിന്റെയും ഭാഗമായി ദൃശ്യമാകുന്ന ഒന്നാണ്. 

സ്നേഹനിധിയായ ദൈവത്തെ ഉൾക്കൊള്ളുന്നവരായി വർത്തിക്കേണ്ടത് മനുഷ്യരുടെ കടമയാണ്. ബൈബിളിൽ ക്രിസ്തു ഓർമ്മിപ്പിക്കുന്ന ഒരു  സത്യമുണ്ട് : "നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക". കാണപ്പെടുന്ന അയൽക്കാരനെ സ്നേഹിക്കാൻ കഴിയാത്തവന്, കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും? 

എന്റെ ചെറുപ്പകാലത്ത് അടുത്ത വീട്ടിൽ കഴിഞ്ഞിരുന്ന ശങ്കരപിള്ളയും ജാനകിയമ്മയുമെല്ലാം ജീവിതത്തെ എപ്രകാരം സ്വാധീനിച്ചു എന്നുള്ളത് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. ഒരുമിച്ച് ജീവിക്കുന്ന  ഒരു സമ്പർക്ക ക്രമം അവിടെ നിലനിന്നിരുന്നു. കഴിഞ്ഞ ആഴ്‌ച അയർലൻഡിൽ പോയപ്പോൾ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുമായി സംസാരിച്ചു."There is something common in us which can keep us united" എന്നാണ് അദ്ദേഹം പറഞ്ഞത്. 

നമ്മൾ വളർന്ന സാഹചര്യങ്ങളും ആർജ്ജിച്ച വിദ്യാഭ്യാസവും എല്ലാം തന്നെ പരസ്പര ബഹുമാനം വളർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ് എന്ന് എല്ലായ്പ്പോഴും ഓർക്കണം. മതസൗഹാർദ്ദമാണ് സ്ഥായിയായി നിലനിൽക്കുന്ന ഒന്നെന്ന് തിരിച്ചറിയണം. ആർദ്രതയും കരുണയും ജീവിതത്തിന്റെ ഭാഗമാക്കുകയും അത് മറ്റുള്ളവരിലേക്ക് പകരുകയും വേണം. സഹജീവികളിൽ ദൈവികഭാവം കണ്ടെത്താനാകും വിധം നമ്മൾ വളരണം. 

മറ്റുള്ളവരെ നിഗ്രഹിക്കുകയോ നശിപ്പിക്കുകയോ അല്ല വേണ്ടത്. അവരോടുകൂടി ചേർന്ന് ദൈവത്തെ കണ്ടെത്താൻ ശ്രമിക്കണം. സ്വന്തം താല്പര്യങ്ങളെ സംരക്ഷിക്കുന്നതിന് മറ്റുള്ളവരെ ഇല്ലാതാക്കുന്ന ഒന്നായി മതത്തെ ഉപയോഗിക്കരുത്. നമ്മൾ വെളിച്ചത്തിന്റെ മക്കളാണ്. ശാന്തിയും സമാധാനവും ശീലിക്കുക. സഹിഷ്ണുത നഷ്ടപ്പെടുന്നതായ സാഹചര്യം ഇന്ത്യയിൽ മാത്രമല്ല, മറ്റുപലയിടങ്ങളിലും ആശങ്ക ഉളവാക്കുന്നുണ്ട്.

മതവിദ്വേഷം വളരുന്ന സാഹചര്യത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതി ഉണ്ടാകണം. അപ്പോഴാണ് ജീവിതം ആഘോഷമായി തീരുന്നത്. സ്വാർത്ഥത വെടിഞ്ഞ് സാഹോദര്യം പടുത്തുയർത്താൻ സാധിക്കുക എന്നത് നമ്മുടെ ആവശ്യമാണ്. നാനത്വത്തിൽ ഏകത്വം എന്ന മൂല്യം എല്ലായ്പ്പോഴും മനസ്സിൽ ഉണ്ടായിരിക്കണം.

വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഉറച്ചുവിശ്വസിക്കുക. നല്ല മനുഷ്യരായി എങ്ങനെ ജീവിക്കാം എന്നതുമാത്രമാകട്ടെ നമ്മുടെ ചിന്ത.

വൈവിധ്യത്തിൽ ഐക്യം കണ്ടെത്തണം: ഐസക് മാർ ഫീലക്സിനോസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക