Image

മികച്ച കൺവൻഷൻ, വലിയ നേട്ടങ്ങൾ: ആത്മ സംതൃപ്തിയോടെ ജോർജി വർഗ്ഗീസ്

ശ്രീകുമാർ ഉണ്ണിത്താൻ Published on 14 July, 2022
മികച്ച കൺവൻഷൻ, വലിയ നേട്ടങ്ങൾ: ആത്മ സംതൃപ്തിയോടെ ജോർജി വർഗ്ഗീസ്

ഒർലാന്റോ: മികച്ച പ്രവർത്തനങ്ങൾക്ക് പരിസമാപ്തിയായി വേറിട്ട കൺവൻഷൻ ഒരുക്കിയ  സംതൃപ്തിയോടെ ഫൊക്കാന   പ്രസിഡന്റ് ജോർജി വർഗ്ഗീസ് മനസ് തുറക്കുന്നു. 

" വാക്കുകളില്ല. അത്രയേറെ സന്തോഷം.  ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ഒരുക്കുവാൻ അണിനിരന്ന  എക്സിക്യുട്ടീവ് കമ്മറ്റി, നാഷണൽ കമ്മിറ്റി, റീജിയണൽ കമ്മറ്റികൾ മറ്റ് ഫൊക്കാന നേതാക്കൾ, ഫ്ലോറിഡയിലെ വിവിധ സംഘടനകൾ, സംഘടനാ നേതാക്കൾ, അമേരിക്കൻ മലയാളി സുഹൃത്തുക്കൾ , വിവിധ സാംസ്കാരിക നായകന്മാർ, സാമൂഹ്യ രാഷ്ട്രീയ, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി ഒരു തവണയെങ്കിലും ഫൊക്കാനയെക്കുറിച്ച് സംവദിച്ചവർ- എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. കാരണം അത്രത്തോളം ഗംഭീരമായിരുന്നു പത്തൊൻപതാമത്   നാഷണൽ കൺവൻഷൻ. അത്രത്തോളം പ്രൗഢമായിരുന്നു കൺവൻഷന്റെ മുന്നൊരുക്കങ്ങൾ. അതിന് സഹായിച്ചവരാണ്  ഇവർ.

ഫൊക്കാനയുടെ നേതൃത്വം ഏറ്റെടുക്കുന്ന സാഹചര്യം സത്യത്തിൽ വളരെ സങ്കീർണ്ണമായിരുന്നു. കോടതി വ്യവഹാരങ്ങൾ ഒക്കെ മാനസികമായി തളർത്തി. ആ സമയങ്ങളിലൊക്കെ ഒപ്പം ജനറൽ സെക്രട്ടറി സജിമോൻ ആന്റണി മുതൽ ഫൊക്കാനയുടെ സാധാരണ മെമ്പർമാർ വരെയുള്ളവരുടെ പിന്തുണ വലിയ ശക്തിയാണ് നൽകിയത്.  എല്ലാവരും തികഞ്ഞ ആത്മാർത്ഥതയോടെയാണ് ഒപ്പം നിന്നത്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. സമയ ബന്ധിതമായി ഓരോ പരിപാടികളും സംഘടിപ്പിക്കുവാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.

കേരളാ കൺവൻഷൻ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുവാൻ സാധിച്ചു എന്നത് വലിയ ആത്മ സംതൃപ്തിയാണ് നൽകിയത്. ഗോപിനാഥ് മുതുകാട് എന്ന മനുഷ്യത്വത്തിന്റെ പ്രതീകത്തെ ഫൊക്കാനയ്ക്കൊപ്പം കിട്ടിയത് വലിയ അനുഗ്രഹമായി. സമൂഹത്തിൽ മാനസിക വൈകല്യമുള്ള കുട്ടികൾക്കായി എന്തെങ്കിലും ചെയ്യാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് നാഷണൽ കൺവൻഷനിലേക്ക് ഞങ്ങൾ എത്തിച്ചേരുന്നത്. അവിടെയും വിജയത്തിന്റെ കൊടി ഉയർത്തുവാൻ സാധിച്ചത് ഈ കുട്ടികളുടെ പ്രാർത്ഥന കൂടിയാണന്ന് ഞാൻ വിശ്വസിക്കുന്നു.

ജൂലൈ ഏഴിന് ഒർലാണ്ടോയിൽ ഒത്തുകൂടുമ്പോൾ മൂന്ന് ദിനരാത്രങ്ങൾ ചരിത്രമായി മാറും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം കഴിഞ്ഞ രണ്ട് വർഷങ്ങൾ നന്മയുള്ള പ്രവർത്തനങ്ങൾക്കായി മാത്രം ഒത്തുകൂടിയതിന്റെ അനുഭവങ്ങൾ അത്രത്തോളം ഉണ്ടായിരുന്നു.

ഒന്നാം ദിവസം ഘോഷയാത്രയോടെ തുടങ്ങിയ നാഷണൽ കൺവൻഷൻ മൂന്നാം ദിവസം ബാങ്ക്വറ്റോടെ അവസാനിക്കുമ്പോൾ ഓരോ നിമിഷവും സന്തോഷത്തിന്റെതായിരുന്നു. ഞാൻ ഈ കൺവൻഷനിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത യുവജനങ്ങളുടെ പ്രാധാന്യമാണ്. ഓരോ പരിപാടികളിലും യുവജനങ്ങളുടെ പങ്കാളിത്തം ഫൊക്കാനയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു. രജിസ്ടേഷൻ മുതൽ എല്ലാ പ്രവർത്തനങ്ങൾക്കും അടുക്കും ചിട്ടയും കൊണ്ടുവരാൻ സാധിച്ചു.

കൃത്യസമയത്ത് ഭക്ഷണം എത്തിക്കുവാൻ കഴിഞ്ഞത് മറ്റൊരു നേട്ടം. ഒരു പരാതിയുമില്ലാതെ ഭക്ഷണം ക്രമീകരിക്കുവാൻ കഴിഞ്ഞു.  കൺവൻഷനിൽ സംഘടിപ്പിക്കുന്ന സെമിനാറുകൾക്ക് കഴിഞ്ഞ കുറേ കാലങ്ങളായി കാഴ്ച്ചക്കാരെ ലഭിക്കുന്നില്ല എന്ന പരാതി ഇത്തവണ കൃത്യമായി പരിഹരിച്ചു. സാഹിത്യ സെമിനാർ, മാധ്യമ സെമിനാർ, മതസൗഹാർദ്ദ സെമിനാർ എല്ലാം ഫൊക്കാന പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും, ഫോറിഡയിലെ മലയാളി സുഹൃത്തുക്കളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
എല്ലാ സെമിനാറിലും ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തത് നവ്യാനുഭവമായി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന എഴുത്തുകാരുമായി സംവദിക്കുവാൻ കഴിഞ്ഞത് വലിയ ഭാഗ്യം.

കാരണം ഫൊക്കാനയെ മലയാളത്തിലെ എഴുത്തുകാർ കാണുന്നത് അവരുടെ എഴുത്തുകളെ, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഏക പ്രവാസി സംഘടന എന്ന നിലയിലാണ്. അതുകൊണ്ടു തന്നെ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത ഓരോ എഴുത്തുകാരെയും ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ എല്ലാ ആതിഥ്യത്തോടും സ്വീകരിക്കുകയുണ്ടായി. മാധ്യമ സെമിനാർ, മത സൗഹാർദ്ദ സെമിനാർ എല്ലാം ഏറ്റവും നന്നായി സംഘടിപിക്കുവാൻ സാധിച്ചു. മലയാളി മങ്ക, മിസ് ഫൊക്കാന , സ്പെല്ലിംഗ് ബി, മറ്റു മത്സരങ്ങൾ എല്ലാം കൃത്യമായി നടത്തുവാൻ സാധിച്ചു. സമയബന്ധിതമായി പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.

മാജിക് ഇനി അവതരിപ്പിക്കില്ല, മാജിക് വേദിയിൽ നിന്ന് പിൻവാങ്ങുന്നു എന്ന് പ്രഖ്യാപിച്ച ഗോപിനാഥ് മുതുകാട് ഫൊക്കാന വേദിയിൽ മാജിക്ക് അവതരിപ്പിച്ച് തുടങ്ങിയ മോട്ടിവേഷണൽ സെമിനാർ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടു. കൺവൻഷനിൽ പങ്കെടുത്ത ഓരോ വ്യക്തികൾക്കും ചിന്തോദ്ദീപകമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുവാൻ ഉതകുന്നതും, മാതാപിതാക്കളും, കുട്ടികളും തമ്മിൽ ഊഷ്മളമായ ഒരു ബന്ധം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഊന്നി പറയുന്ന സെമിനാർ ആയിരുന്നു ഗോപിനാഥ് മുതുകാടിന്റേത്.

കൺവൻഷനിൽ പങ്കെടുത്ത് നൃത്തം അവതരിപ്പിച്ച പാരീസ് ലക്ഷ്മി വേദി കൈയ്യടിക്കിയത് നർത്തകിയായി മാത്രമല്ല, മിസ് ഫൊക്കാന , മലയാളി മങ്ക പരിപാടികളുടെ ജഡ്ജായും കൂടിയായിരുന്നു. നടി അനുശ്രീ , അമേരിക്കൻ മലയാളി പുതുതലമുറയിലെ പ്രതിഭകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ സദസിനെ ശരിക്കും ആനന്ദിപ്പിച്ചു.

തമാശക്കഥകൾ കേട്ട് ചിരിച്ച സദസായിരുന്നു ചിരിയരങ്ങിലേത്. കുത്തും കോമയും ഒന്നുമില്ലാതെ അമേരിക്കൻ മലയാളികളെ രസാവഹമായി കുത്തുകയും തലോടുകയും ചെയ്യുന്ന രാജു മൈലപ്രയുടെ നേതൃത്വത്തിൽ നടന്ന ചിരിയരങ്ങിൽ രസച്ചരടിന്റെ കെട്ടഴിക്കാൻ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസും കൂടി വന്നതോടെ ചിരിയരങ്ങ് കൊഴുത്തു. ഒപ്പം അമേരിക്കൻ മലയാളികളുടെ ചിരിക്കഥകളും കൂടിയായപ്പോൾ ചിരിയരങ്ങും ധന്യം.

ഉദ്ഘാടന , സമാപന സമ്മേളനങ്ങളിൽ എം.പി മാരായ ജോസ്. കെ മാണി, ജോൺ ബ്രിട്ടാസ്,  ഗോപിനാഥ് മുതുകാട്,വർക്കല കഹാർ, ഡേവിസ് ചിറമേലച്ചൻ , ജോർജ് കള്ളിവയലിൽ, മാർത്തോമ്മാ ഭദ്രാസനാധിപൻ  റൈറ് റവ. ഡോ. ഐസക് മാർ പീലക്സിനോസ്   തിരുമേനി, അംബികാദേവി, നടി അനുശ്രീ, ദിനേശ് പണിക്കർ, പാരിസ് ലക്ഷ്മി, നിഷ കെ. മാണി, സാജൻ, മിസിസ് സാജൻ, സുധീപ് കുമാർ തുടങ്ങി പ്രഗത്ഭരുടെ സാന്നിദ്ധ്യം ഫൊക്കാന കൺവൻഷന് മുതൽക്കൂട്ടായി.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ ഒരു ഒത്തു ചേരലിന് സാക്ഷ്യം വഹിച്ച ഒർലാണ്ടോ ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട കൺവൻഷനാണ്.

മൂന്നുദിവസത്തെ കാര്യങ്ങൾ ഓരോന്നായി എഴുതിയാൽ വളരെ കൂടുതൽ ആയിപ്പോകും. കഴിഞ്ഞ രണ്ടു വർഷത്തെ  പ്രവർത്തനങ്ങൾക്കും  കൺവൻഷന്റെ  വിജയത്തിനും വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും  ഹൃദയത്തിന്റെ ഭാഷയിൽ എന്റെ നന്ദി അറിയിക്കുന്നു.   ഡോ. ബാബു സ്‌റ്റീഫൻ മുതൽ കൺവൻഷന് രജിസ്റ്റർ ചെയ്ത് കടന്നു വന്ന എല്ലാ സ്പോൺസർമാർക്കും, ഡെലിഗേറ്റുകൾക്കും നന്ദി. അവരെയെല്ലാം ഹൃദയത്തോട് ചേർത്ത് ഇനി വാഷിംഗ്ടണിൽ കാണാമെന്ന ആഗ്രഹത്തോടെ

സസ്നേഹം
ജോർജി വർഗീസ്
ഫൊക്കാന പ്രസിഡന്റ്

മികച്ച കൺവൻഷൻ, വലിയ നേട്ടങ്ങൾ: ആത്മ സംതൃപ്തിയോടെ ജോർജി വർഗ്ഗീസ്
മികച്ച കൺവൻഷൻ, വലിയ നേട്ടങ്ങൾ: ആത്മ സംതൃപ്തിയോടെ ജോർജി വർഗ്ഗീസ്
മികച്ച കൺവൻഷൻ, വലിയ നേട്ടങ്ങൾ: ആത്മ സംതൃപ്തിയോടെ ജോർജി വർഗ്ഗീസ്
മികച്ച കൺവൻഷൻ, വലിയ നേട്ടങ്ങൾ: ആത്മ സംതൃപ്തിയോടെ ജോർജി വർഗ്ഗീസ്
Join WhatsApp News
FOKANA Snehi 2022-07-14 20:31:03
ജോർജി അഭിനന്ദങ്ങൾ , നല്ലൊരു കൺവെൻഷൻ നടത്തി, ഞങ്ങൾ എല്ലാവരും വളരെ എൻജോയി ചെയ്തു. കലാപരിപാടികൾ വളരെ നല്ലത് , ഫുഡ് വളരെ നല്ലത് , പങ്കെടുത്തവരുടെ എണ്ണം കൊണ്ടും പരിപാടിയുടെ മികവുകൊണ്ടും വളരെ നല്ല അഭിപ്രായമാണ് കൺവെൻഷനെ പറ്റി. പക്ഷേ ചെറുപ്പക്കാരുടെ ബഹളം ഇത്തിരി കൂടിപ്പോയോ എന്ന് ഒരു സംശയം ബാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക