അവാർഡും ആദരവും അധികമായാൽ  (കൊച്ചാപ്പി റീ ലോഡഡ്-3) 

Published on 15 July, 2022
അവാർഡും ആദരവും അധികമായാൽ  (കൊച്ചാപ്പി റീ ലോഡഡ്-3) 

എങ്ങനെ സംഭവിച്ചു എന്നറിയില്ല. പല ഭാരവാഹികളുടേയും ഭാര്യമാര്‍ക്കും പുത്രാദികള്‍ക്കും അവാര്‍ഡുകള്‍/പുരസ്‌കാരങ്ങള്‍ ലഭിച്ചു എന്നറിഞ്ഞു. സന്തോഷം. (നമുക്കല്ല- ഭാരവാഹികള്‍ക്ക്). അവാർഡ് എന്ന് പറഞ്ഞാൽ ഒരു ഫലകം. അത് ആർക്കു വേണമെങ്കിലും കൊടുത്തൊട്ടെ. പക്ഷെ കൊടുത്തു കൊടുത്തു  ജനത്തെ മുഷിപ്പിക്കാമോ എന്ന ചോദ്യം.

കുടുംബ കാര്യം പിന്നെ നമ്മൾ നോക്കണ്ടേ? ഉദാഹരണത്തിന് മലയാള സിനിമയെത്തന്നെയുടുക്കൂ.- എത്രയോ പേര്‍ മക്കളും മറ്റ് കുടുംബ ബന്ധങ്ങളുമായി കരകയറിയിരിക്കുന്നു. പിന്നെയാണോ ഇവിടെ അമേരിക്കയില്‍. ഇതൊക്കെ എന്ത്?
****
ജോണ്‍ ബ്രിട്ടാസ് എം.പിക്ക് ഒരു അബദ്ധം പറ്റി. ചെറുത് . അത് പക്ഷെ, അനവസരത്തിലായി. പുള്ളിക്കാരനാരാ  മോന്‍? അപ്പോള്‍ തന്നെ തിരിച്ച് പറഞ്ഞ് ഒരുവിധത്തിലത് ഒപ്പിച്ചെടുത്തു. ലോക കേരള സഭയുടെ സമ്മേളനം നടക്കുന്നു. ഏറ്റവും കൂടുതല്‍ പങ്കെടുത്തത് ഫോമയില്‍ നിന്നാണെന്ന് വെച്ചു കാച്ചി. കേരള സഭയുടെ സമ്മേളനം നടന്ന ഹാളുകളിലും, പിന്നീട് നടന്ന ചാനൽ  ചര്‍ച്ചകളിലും ഒക്കെ നമ്മള്‍ കണ്ടതാണ്. ഏറ്റവും കൂടുതല്‍  ഷൈന്‍ ചെയ്തത് അമേരിക്കയുടെ 'പുല്ലില്‍' നിന്ന് അനിയന്‍ ജോര്‍ജ് ആണെന്നും നമുക്കറിയാം. ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് ഫൊക്കാനയില്‍ നിന്നാണെന്നും നമുക്കറിയാം. പക്ഷെ ബ്രിട്ടാസിന്  ഉടനെ സംഗതി പിടികിട്ടി. ഫോമയെന്ന് പറഞ്ഞും പോയി. പിന്നെ ഒരുവിധത്തില്‍ തട്ടി കുറുക്കി ഫൊക്കാനയാണ്  കേരള സഭയെ കൂടുതൽ അഭിനന്ദിച്ചുവെന്ന് പറഞ്ഞ് രക്ഷപെട്ടുവെന്ന്  പറഞ്ഞാല്‍ മതിയല്ലോ?

****
ഒരു രക്ഷയുമില്ല. മൂന്നാംദിവസം ഫൊക്കാനയുടെ അവാര്‍ഡ് ദാനം നടക്കുന്നു. ഇതിനെപ്പറ്റി അനേക കാര്യങ്ങള്‍ പറയാനുണ്ട്. ഒരു കാര്യം മാത്രം ഇപ്പോള്‍ പറയാം. അറിയപ്പെടുന്ന രണ്ട് പേര് ഒരേ പേരുകാർ. പേര് വിളിച്ചപ്പോൾ ചെന്നത് ബിസിനസ് രംഗത്തുള്ള ആൾ. മറ്റെയാൾ  ആകട്ടെ എല്ലാം നന്നായിരിക്കട്ടെ എന്നു മാത്രം വിശ്വസിക്കുന്ന, ഒരവാര്‍ഡിലും വിശ്വാസമില്ലാത്തയാൾ. 

വേദിയിലെത്തിയപ്പോൾ  ഒരു ഭാരവാഹി (പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല) അയ്യോ ഇത് അദ്ദേഹത്തിനുള്ളതല്ല, മറ്റേ ദേഹത്തിനുള്ളതാണെന്ന് പറഞ്ഞുവച്ചു.

ലോങ്ങ് സ്റ്റോറി ഷോര്‍ട്ട്- സ്റ്റേജില്‍ വന്നയാൾക്ക് ഫലകം  കിട്ടിയില്ല. ഫലകങ്ങൾ കുറച്ച് മിച്ചം വന്നു എന്ന് വേണം കരുതാൻ.

ഇതൊരു സ്റ്റോറി മാത്രം. ഇവിടെയും പാളിപ്പോയത് പല കാരണത്താല്‍. ഒന്ന്, അവാര്‍ഡ് കിട്ടിയവരെ നേരത്തെ കാലത്തെ വിളിച്ചുപറയുക. ഇന്ന സമയത്ത്, ഇത്ര മണിക്ക് അവാര്‍ഡുകള്‍ കിട്ടും. ആ സമയത്ത് ആള്‍ക്കാര്‍ അവിടെ കാണും. അല്ലാതെ ആയാല്‍ ആള്‍ക്കാര്‍ രണ്ടെണ്ണം അടിക്കാന്‍ പോയാലെന്തു ചെയ്യും? പിന്നെയുമുണ്ട് കാരണങ്ങള്‍. അത് പിന്നീട്.

****
ഉള്ളത് പറയണമല്ലോ- ഈ ഫൊക്കാനയിലെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട എപ്പിസോഡ് ഏതായിരുന്നു.
ഫൊക്കാന മലയാളി മങ്ക-അല്ല
ഫൊക്കാന ബ്യൂട്ടി പേജന്റ്- അല്ലേയല്ല
അവാര്‍ഡ് ദാനം - ആവഴിക്ക് പോയിട്ടേയില്ല.
അനുശ്രീ/പാരീസ് ലക്ഷ്മിയുടെ നൃത്തം - ഹും (😄)
സജി തിരുവല്ലയുടെ അഭ്യാസ പ്രകടനങ്ങള്‍- (😄😄😄).

മലയാളി മങ്കമാരുടെ ഒട്ടും ഗം ഇല്ലാത്ത  ക്യാറ്റ് വോക്കുകള്‍.😰😰😰😰
മലയാളി മങ്കമാരുടെ ആ 'കലാപ്രകടനങ്ങള്‍' ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. രണ്ടാം ദിവസം മങ്കമാരുടെ തിരഞ്ഞെടുപ്പിനിടയിലും, പിന്നീട് മൂന്നാം ദിവസം നടന്ന സമാപന സമ്മേളനത്തിലും ഇവര്‍ നടത്തിയ 'കലാപ പരിപാടികള്‍' നാട്ടിലെ അഡ്വ. ജയശങ്കര്‍ കണ്ടിരുന്നെങ്കില്‍ സംഗതി കുശാലായേനേ!

പക്ഷെ, ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരിപാടിയായി ജീതു കൊട്ടാരക്കര (ട്രൈസ്റ്റേറ്റ് ഡാൻസ്  കമ്പനി)യുടെ അടിപൊളി ഡാന്‍ഡ് പെര്‍ഫോമന്‍സ് ആയിരുന്നു. ഗംഭീരം എന്നല്ലാതെ വേറെന്തു പറയാന്‍. ചടുലമായ നൃത്തസങ്കല്‍പത്തിലൂന്നിയ കിടിലന്‍ പരിപാടി. അനുശ്രീ കണ്ടുപഠിക്കേണ്ട പലതും ഉണ്ടായിരുന്നു എന്നൂകൂടി പറയുമ്പോള്‍ അനുശ്രീക്കും, ജീതുവിനും കൊടുത്ത പ്രതിഫലംകൂടി കണക്കിലെടുക്കേണ്ടതാണ്.

ഇനിയുമുണ്ട് ഏറെ പറയാന്‍....അത് നാളെ.

see also

ഫൊക്കാനയിലെ കൈയ്യടി- വൗ...അമേസിംഗ് (കൊച്ചാപ്പി റീ-ലോഡഡ്)

അനുശ്രീക്കെന്താ കൊമ്പുണ്ടോ? (കൊച്ചാപ്പി റീ ലോഡഡ്)

ഫൊക്കാന കൺവൻഷനിൽ ഫോമാക്കാർ; 'എസ്' എവിടെ പോയി? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക