ഡോ. ബാബു സ്റ്റീഫന്റെ നിലപാടിലെ നിസ്വാർത്ഥത (അഭിമുഖം)

Published on 16 July, 2022
ഡോ. ബാബു സ്റ്റീഫന്റെ നിലപാടിലെ നിസ്വാർത്ഥത (അഭിമുഖം)

ഫൊക്കാനയുടെ പുതിയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പ്രവർത്തനത്തിലെ  നിസ്വാർത്ഥത ഏറെ ശ്രദ്ധേയമാണ്. ഫൊക്കാനക്ക് ആസ്ഥാനം എന്ന് പറഞ്ഞപ്പോൾ അത് ന്യു യോർക്ക്-ന്യു ജേഴ്‌സി മേഖലയിൽ എന്ന് ആദ്യമേ വ്യക്തമാക്കിയതാണ് അതിന്റെ വലിയ സൂചന.

ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളർ  കൂളായി  ബാങ്ക്‌വറ്റ്  വേദിയിൽ വച്ച് കൊടുത്തത്   കണ്ട് ജനം  അന്തം വിട്ടതാണ്. അത്രയും തുക  കൊടുക്കുന്നയാൾ സ്വാഭാവികമായും അതിന്റെ നിയന്ത്രണം തന്റെ പക്കൽ വരണമെന്ന് കരുതും. തനിക്കു ശേഷം തന്റെ  മക്കളുടെ ട്രസ്റ്റിന് കിട്ടത്തക്ക രീതിയിൽ നിയമാവലി എഴുതും. അതിന്റെ ആദ്യപടി താൻ ജീവിക്കുന്ന വാഷിംഗ്ടൺ ഡി.സിയിൽ ആസ്ഥാനം  സ്ഥാപിക്കുക എന്നതാണ്. എന്നാലല്ലേ അതിന്റെ നിയന്ത്രണം  കൈപ്പിടിയിലാക്കാനാകു. 

അത് ചെയ്തില്ല. അതാണ് ബാബു സ്റ്റീഫന്റെ മഹത്വം. ഇത്തരമൊരാളെ നേതൃത്വത്തിൽ ലഭിച്ചത് സംഘടനക്കും അമേരിക്കൻ മലയാളിക്കും കിട്ടിയ പുണ്യം.

കൺവൻഷൻ വേദിയിൽ വച്ച് ബാബു സ്റ്റീഫനുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

ഇ-മലയാളി: എന്താണ് ഉടൻ  ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

ഫൊക്കാന ഹെൽത്ത് കെയർ എന്ന പദ്ധതിയാണ് ഏറ്റവുമാദ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അമേരിക്കയിൽ സ്റ്റുഡന്റ് വിസയിലും വിസിറ്റിങ് വിസയിലും വരുന്ന ധാരാളം ആളുകളുണ്ട്. സ്റ്റുഡന്റസ് പല തരം വിസകളിലാണ് എത്തുന്നത്. വന്നുകഴിഞ്ഞ് ഇക്കൂട്ടർക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. അസുഖം, മരണം എന്നിങ്ങനെ പല പ്രതിസന്ധികളിൽ ഇവർ വലയുന്ന ധാരാളം അനുഭവങ്ങൾ അറിയാം.

അത്തരത്തിൽ മരണപ്പെടുന്നവരുടെ ബോഡി നാട്ടിലെത്തിക്കാൻ വേണ്ട സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫൊക്കാന ഹെൽത്ത് കെയർ ഏറ്റെടുത്ത് നടപ്പിലാക്കും. അമേരിക്കയിൽ 1,35,000 ഡോളറാണ് ആളോഹരി വരുമാനം. എന്നാൽ,30000 ഡോളർ മാത്രം ലഭിക്കുന്ന മലയാളി കുടുംബങ്ങളും ഇവിടെയുണ്ട്. അങ്ങനെയുള്ളവർക്ക്  എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ അവരെ ആര് സഹായിക്കും?

അമേരിക്കയിൽ ഫൊക്കാനയ്ക്ക് ഒരു ആസ്ഥാനം സ്ഥാപിക്കുക എന്നതാണ് രണ്ടാമത്തെ പദ്ധതി. ഇത്ര വലിയൊരു സംഘടനയായിട്ടും ഇതുവരെ ഫൊക്കാനയ്ക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമില്ല.
പോസ്റ്റ് ഓഫീസ് നമ്പറിന് പകരം അംഗങ്ങളുടെ പെർമനന്റ് അഡ്രസ് സൂക്ഷിക്കുന്നതിനായി ഇതിനോടകം 2,50,000 ഡോളർ സമാഹരിച്ചു. (ഈ തുകയുടെ ചെക്ക് ബാങ്ക്‌വട്ടിൽ വച്ച് പുതിയ സെക്രട്ടറി ഡോ. കല ഷാഹി, ട്രഷറർ ബിജു കൊട്ടാരകാക്ര എന്നിവർക്ക് കൈമാറി) കൂടുതൽ ആവശ്യമെങ്കിൽ ഞങ്ങൾ സംഭാവനകൾ തേടും.

അമേരിക്കയിൽ ജനിച്ചുവളർന്ന നമ്മുടെ കുട്ടികളെ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. നമ്മുടെ മലയാളി കുട്ടികൾ സെനറ്റർമാരായും അഭിഭാഷകരായും കോൺഗ്രസ് അംഗങ്ങളായും മുന്നോട്ടു വരേണ്ടതുണ്ട്. അതിനുള്ള പരിശീലനം കൊടുക്കാൻ ഫൊക്കാന ഉദ്ദേശിക്കുന്നുണ്ട്. അംബാസഡർ ആകാൻ എന്തൊക്കെ ചെയ്യണമെന്ന് നമ്മുടെ കുട്ടികൾക്ക് അറിയില്ല, അവർക്കാകെ അറിയാവുന്നത് ഡോക്ടറും എഞ്ചിനീയറും ആകാൻ മാത്രമാണ്. മറ്റൊരു മേഖലയെക്കുറിച്ചും അവർക്ക് ധാരണയില്ലെന്നതാണ് സത്യം.

വേൾഡ് ബാങ്ക് ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവേശിക്കുന്നതിന് പ്രത്യേക കോഴ്സുകളുണ്ട്. അവ നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കും.

നമ്മൾ അമേരിക്കൻ മലയാളികൾക്ക്  വേണ്ടി നാട്ടിൽ ഒരു ലാൻഡ് ട്രൈബ്യുണൽ ആവശ്യമാണ്. നാട്ടിൽ വീട് വാങ്ങിച്ചു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞത് സ്വന്തമായി ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അതുപോലെ, ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഉടമസ്ഥാവകാശം ഭാര്യയ്ക്ക് എങ്ങനെ ലഭിക്കുമെന്നും അധികം പേർക്കും അറിഞ്ഞുകൂടാ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.

ഇ-മലയാളി : ഫൊക്കാന എന്ന് പറഞ്ഞാൽ ഗ്രീൻ കാർഡ് എങ്കിലും ഉള്ളവർക്ക് വേണ്ടിയുള്ളതാണ് എന്നൊരു സങ്കല്പമാണ് ഇതുവരെ ഉണ്ടായിരുന്നത് . ഇപ്പോൾ എല്ലാവരെയും ഹെല്പ് ചെയ്യും എന്ന് പറയുന്നു. അതൊരു വലിയ മാറ്റമല്ല ?

അമേരിക്കൻ മലയാളി  ഏത് വിഭാഗത്തിൽപ്പെടുന്നു എന്നോ, ഗ്രീൻ കാർഡുടമകളാണോ എന്നോ ഉള്ളതല്ല നമ്മുടെ വിഷയം. ആരോഗ്യ  സംരക്ഷണം എല്ലാവരുടെയും അവകാശമാണ്. നിരാലംബർക്കും ദരിദ്രർക്കുമാണ് യഥാർത്ഥത്തിൽ കൈത്താങ്ങ് വേണ്ടത്. പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആളുകളെ സഹായം ലഭിക്കുന്നതിൽ നിന്ന് അനർഹരാക്കുക എന്നതല്ല സംഘടനയുടെ ഉദ്ദേശം. കഴിയുന്നത്ര ആളുകളെ സഹായിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം.

ഇ-മലയാളി: എത്ര ചെലവിലാണ് ഹെഡ്‍ക്വർട്ടേഴ്‌സ് പണിയാൻ ആഗ്രഹിക്കുന്നത് ?

ഒരു  മില്യൺ അതിനായി ചെലവഴിക്കും. പിന്നീട് അതിന്റെ വികസനത്തിനായി ഒന്നോ രണ്ടോ മില്യൺ കൂടി വകയിരുത്തും. കുറഞ്ഞ വിലയ്ക്ക് നിർമ്മാണസാമഗ്രികൾ വാങ്ങാൻ ശ്രമിക്കും. മീറ്റിംഗുകളും സെമിനാറുകളും നടത്തിക്കൊണ്ട് ഫണ്ട് റെയ്സിംഗ് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


 
ഇ-മലയാളി: പൊളിറ്റിക്കൽ ട്രെയിനിങ് എങ്ങനെയാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് ?

കോൺഗ്രസിൽ  ഇന്ത്യക്കാർ ഉണ്ടല്ലോ, അവരുടെ ഉപദേശം ലഭ്യമാക്കും. അവരെ വിളിച്ച് സെമിനാറുകൾ സംഘടിപ്പിക്കും.

 ഇ-മലയാളി: ഫൊക്കാനയുടെ സ്ഥാനമൊഴിയുന്ന  കമ്മിറ്റിയെ പറ്റി എന്താണ് അഭിപ്രായം ?

വളരെ നല്ല കമ്മിറ്റിയാണ് കടന്നുപോയത്. പണം  കൈകാര്യം ചെയ്ത വിധം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

ഇ-മലയാളി: ക്യാമ്പയിനും മറ്റുമായി ഒരുപാട് പണം ചിലവാക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

പണം വരും പോകും. കൈയിലുള്ളപ്പോൾ പണം ചിലവിടുക എന്നുള്ളതാണ് എന്റെ പോളിസി. ഒരിക്കലും പണത്തോട് ആസക്തി തോന്നിയിട്ടില്ല. ചെറുപ്പകാലത്തും പണത്തിനു വിഷമത ഉണ്ടായിട്ടില്ല.

ഇ-മലയാളി: സംഘടനാ പ്രവർത്തനത്തിന് ഇങ്ങനെ പണം  ചിലവഴിക്കുന്നതിനെ പറ്റി കുടുംബത്തിന്റെ അഭിപ്രായം എന്താണ് ?  അവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ?

സാമ്പത്തിക വിഷയങ്ങളിൽ കുടുംബം കൈകടത്താറില്ല. മകളുടെ ഭർത്താവ് നാട്ടിലാണ് ജനിച്ചതും വളർന്നതും. അമേരിക്കയിലെത്തി ഫിനാൻസിൽ പി എച്ച് ഡി എടുത്ത ആളാണ്. അദ്ദേഹമാണ് സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്

ഇ-മലയാളി: താങ്കളുടെ ഫൗണ്ടേഷൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് ?

പാവങ്ങളെ സഹായിക്കുക എന്നത് മാത്രമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ആവശ്യക്കാർക്ക് വേണ്ട സഹായങ്ങൾ നൽകുന്നു.

ഇ-മലയാളി:  ഫൊക്കാനയെ വളർത്താനായി എന്തൊക്കെ ചെയ്യാൻ പറ്റും ?

മനോഭാവമാണ് ആദ്യം മാറേണ്ടത്. സംഘടനയ്ക്കുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ആളുകൾ അതിനുള്ളിൽ തന്നെ ജീവിതകാലം മുഴുവൻ നിൽക്കണമെന്ന് ശഠിക്കുകയും, പുതിയ ആളുകളുടെ വരവ് തടയുന്നതുമായ പ്രവണതയാണ് കണ്ടുവരുന്നത്. അത് മാറണം. ചെറുപ്പക്കാർ ഫൊക്കാനയെ ഏറ്റെടുക്കണം. പഴയ ആശയങ്ങളും ചിന്താഗതികളും വിശ്വാസപ്രമാണങ്ങളും ജീവിതരീതിയും വച്ച് ഇന്നത്തെ കാലത്ത് മുന്നോട്ടുപോകുന്നത് പ്രാവർത്തികമല്ല. ഞാൻ ചെറുപ്പത്തിൽ ടിവി കാണുമായിരുന്നില്ലെന്ന് പറഞ്ഞ് എന്റെ മക്കളെ ഉപദേശിക്കാൻ ചെന്നാൽ, അന്നതിന് ടെലിവിഷൻ ഇല്ലായിരുന്നല്ലോ എന്നവർ തിരിച്ച് ചോദിക്കും. പുതുതലമുറയിലെ കുട്ടികൾ സമർത്ഥരാണ്. അവർക്ക് മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറന്നുകൊടുക്കുക എന്നതാണ് നമ്മുടെ കടമ.

ഇ-മലയാളി:  ഫോമയുമായിട്ടുള്ള ബന്ധം എങ്ങനെയായിരിക്കും ?

യോജിച്ചൊരു നീക്കമാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ തയ്യാറാണെങ്കിൽ, ഒന്നിച്ച് പ്രവർത്തിക്കും. ലോകത്തെ എത്ര കൊലകൊമ്പൻ പ്രശ്നമായാലും, ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന് പറഞ്ഞാൽ തീരാവുന്നതേ ഉള്ളു എന്നാണ് എന്റെ വിശ്വാസം.

ഇ-മലയാളി:  മലയാളികൾക്ക് എന്തൊക്കെ ചെയ്താലാണ് അമേരിക്കയിൽ വിജയം നേടാൻ സാധിക്കുക?

എല്ലാവർക്കും ബിസിനസ് ചെയ്യാം. അതിനോടുള്ള താല്പര്യവും വിവേകവുമാണ് പ്രധാനം. എന്നാൽ, മടിയുള്ളവർക്ക് ഒരുകാലത്തും വിജയിക്കാനാകില്ല. ഗ്യാസ് സ്റ്റേഷൻ വാങ്ങുന്നതിൽ  തന്നെയാണ് നമ്മൾ ഇപ്പോഴും. നമ്മുടെ അറിവ് അവിടെത്തന്നെ പരിമിതപ്പെട്ട് നിൽക്കുകയാണ്. ഈ രാജ്യം അനന്തമായ സാധ്യതകളുടെ വലിയ ലോകമാണ്. വിവേകമുള്ള ആർക്കും ഇവിടെ വിജയിക്കാനാകും.

Mary Chacko 2022-07-17 01:11:39
The new leadership gives hope and optimism and paves the way for people to look with positivism. The new president’s American-Malayalee focused broad and more specific ideas are welcoming! Hope his team will follow the selfless lead!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക