Image

ഫോമാ കൺവൻഷനു കൂടുതൽ മുറികൾ ലഭ്യമാക്കാൻ ചർച്ച തുടരുന്നു

Published on 16 July, 2022
ഫോമാ കൺവൻഷനു കൂടുതൽ മുറികൾ ലഭ്യമാക്കാൻ ചർച്ച തുടരുന്നു

ഫ്ലോറിഡ:  ഫോമയ്ക്കായി മാറ്റി വച്ച  മുറികൾ തീർന്നതിനാൽ  കൺവൻഷന്റെ രജിസ്‌ട്രേഷൻ നിർത്തിവച്ചുവെങ്കിലും  കൂടുതൽ മുറികൾ ലഭ്യമാക്കാൻ ചർച്ച തുടരുകയാണെന് പ്രസിഡന്റ് അനിയൻ ജോര്ജും ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണനും അറിയിച്ചു. തിങ്കളാഴ്ചയോടെ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കൂടുതൽ മുറികൾ തരുമ്പോൾ റിസോർട്ട് ചാർജ് കൂട്ടുമോ എന്ന ആശങ്കയുമുണ്ട്. കൺ വൻഷൻ വേദിയായ കാൻകുൻ  മൂൺ പാലസ് ഹോട്ടലിനു പുറമെ അവരുടെ തന്നെ ഹോട്ടലുകൾ അതെ കാമ്പസിലുണ്ട്.

കൂടുതൽ മുറികൾ ലഭ്യമായാൽ രജിസ്‌ട്രേഷനുള്ള വെബ്സൈറ്റ്  ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വീണ്ടും സജീവമാക്കും.

എന്തായാലും 350-ൽ പരം മുറികൾ മുറികൾ രണ്ടു മാസം മുൻപുതന്നെ ബുക്ക് ചെയ്ത്   അംഗങ്ങൾ രജിസ്റ്റർ ചെയ്തത് മലയാളി സംഘടനകളിൽ അപൂർവമാണ്. ഫോമായുടെ രെജിസ്ട്രേഷൻ ആരംഭിച്ചത് തന്നേ ഈ വര്ഷം ഏപ്രിലിൽ ആണ്.  യാതൊരു വിധ മാർക്കറ്റിംഗോ പബ്ലിസിറ്റിയോ ഒന്നും കൊടുത്തിരുന്നില്ല. വരുന്ന അതിഥികളുടെയോ കലാപരിപാടിയുടെയോ  ലിസ്റ്റ് പോലും പുറത്തു വിട്ടിരുന്നില്ല. എന്നിട്ടും ഇത്രയധികം പേർ രജിസ്റ്റർ ചെയ്തുവെന്നത്  സംഘടനയോടും കൺ വൻഷനോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കാൻകുൻ  കുടുംബങ്ങളെ ആകർഷിക്കുകയും ചെയ്തു.

ഫോമായിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കൺവൻഷനിലും ജനറൽ ബോഡിയിലും വോട്ടിങ്ങിലും പങ്കെടുക്കാൻ സാധിക്കുകയുള്ളു. അതിനാൽ  ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഓരോ അംഗങ്ങൾക്കും അതിനുള്ള അവസരം ഒരുക്കണമെന്ന ആഗ്രഹം  എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉണ്ട്.  

ഫോമാ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ളവർക്ക് മാത്രമേ മൂൺ പാലസ്   ഹാളുകളിൽ പ്രവേശനം  നൽകുകയുള്ളൂ, അതല്ലെങ്കിൽ 500 ഡോളർ ഒരാൾക്ക്  അധികമായി നൽകേണ്ടി വരും.  

ഫോമായുടെ ജനറൽ കൗൺസിലിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ലിസ്റ്റിന്റെ  ആദ്യ പതിപ്പ് അസോസിയേഷന് കൈമാറേണ്ട അവസാന തീയതി ജൂലൈ 15 ആയിരുന്നു. ജൂലൈ 23 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക്  നടക്കുന്ന സൂം ജനറൽ ബോഡിയിൽ ഈ ഡെലിഗേറ്റ് ലിസ്റ്റിൽ നിന്നും ഉള്ളവർക്കായിരിക്കും പങ്കെടുക്കാൻ സാധിക്കുക. ഡെലിഗേറ്റ് ലിസ്റ്റിൽ മാറ്റം വരുത്തുന്നതിനുള്ള അവസരം മെമ്പർ അസോസിയേഷനുകൾക്ക് ജൂലൈ 25 വരെ ഉണ്ടായിരിക്കും.

ബൈലോയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനുവേണ്ടിയാണ് ജനറൽ ബോഡി കൂടുന്നത്.

കൺവൻഷൻ നടക്കുന്ന ഔദ്യോഗിക  തീയതി സെപ്റ്റംബർ 2 മുതൽ 5 വരെ ആണെങ്കിലും ഓഗസ്റ്റ് 31 മുതൽ തന്നെ നിരവധി കുടുംബങ്ങൾ കാൻകൂണിൽ എത്തിച്ചേരുന്നുണ്ട് . സെപ്റ്റംബർ 6 വരെ അവിടെ തുടരുകയും ചെയ്യുമെന്നാണ് അറിയുന്നത്.

അവധിക്കാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായി 80 ശതമാനം അംഗങ്ങളും 'ഫാമിലി കൺവൻഷൻ' എന്ന പേര് അന്വർത്ഥമാക്കും വിധം കുടുംബസമേതം തന്നെ എത്തിച്ചേരുമെന്നതാണ് ഇത്തവണത്തെ  സവിശേഷത.

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും ഫോൺ നമ്പറും സഹിതം info@fomaa.org എന്ന ഇമെയിൽ ഐഡിയിൽ താല്പര്യം അറിയിക്കേണ്ടതാണ്. രജിസ്ട്രേഷൻ പുനരാരംഭിക്കുമ്പോൾ, അനുബന്ധ വിവരങ്ങൾ കമ്മിറ്റി അംഗങ്ങൾ ഫോണിലൂടെ വിളിച്ചറിയിക്കുന്നതായിരിക്കും.

ഫോമാ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ജോയ് ശാമുവൽ ,കോ-ഓർഡിനേറ്റർ ബൈജു  വർഗീസ്, വൈസ് ചെയർമാൻ സാജൻ മൂലേപ്ലാക്കൽ, സുനിത നായർ, സിമി ജെസ്റ്റോ എന്നിവരുടെ നേതൃത്വത്തിൽ വളരെ നല്ലരീതിയിൽ പ്രവർത്തനങ്ങൾ മുന്നേറുന്നുണ്ട്.

രജിസ്റ്റർ ചെയ്ത എല്ലാവര്ക്കും പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർ പോൾ  റോഷൻ  തുടങ്ങിയവർ നന്ദി അറിയിച്ചു.

കൺവെൻഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും ആ വിവരം info@fomaa.org ലേക്ക് ഇമെയിലിലൂടെ അറിയിക്കാം.

രജിസ്ട്രേഷൻ തുക മുഴുവൻ നല്കാത്തവർ, ബാക്കി തുക ജൂലൈ 25 ന് മുൻപായി നൽകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക