Image

തോമസ്  തോമസ്: ഫൊക്കാനക്കൊപ്പം നടന്ന ഒരാൾ 

ഫ്രാൻസിസ് തടത്തിൽ Published on 17 July, 2022
തോമസ്  തോമസ്: ഫൊക്കാനക്കൊപ്പം നടന്ന ഒരാൾ 

ഫൊക്കാനക്കൊപ്പം കഴിഞ്ഞ 39 വർഷമായി യാത്ര ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് തോമസ് തോമസ്.   ആദ്യ ട്രഷറർ എന്ന നിലയിൽ സ്ഥാപക പിതാക്കന്മാരിൽ ഒരാൾ.  ആദ്യ  പ്രസിഡന്റും സെക്രട്ടറിയും ഇന്ന് നമ്മോടോപ്പമില്ല.

ഒർലാൻഡോ കൺവെൻഷൻ വേദിയിൽ  പ്രതിനിധികളെ സ്വാഗതം ചെയ്യാനും, കൺവെൻഷൻ നിയന്ത്രിക്കാനുമൊക്കെയായി ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വൈസ് പ്രസിഡന്റായാണ്   അടുത്തയിടെ  നമ്മൾ തോമസ് തോമസിനെ കാണുന്നത്.  കൊച്ചിയിൽ നിന്നും അരനൂറ്റാണ്ട് മുൻപ് അമേരിക്കയിലെത്തിയ തോമസ് തോമസ് തന്റെ ജീവശ്വാസം പോലെയാണ് ഫൊക്കാനയെ എന്നും കണ്ടിരുന്നത്. മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയെന്നതായിരുന്നു ഫൊക്കാനയുടെ പ്രഖ്യാപിത ലക്ഷ്യം.

അംഗസംഘടനകളുടെ എണ്ണം വർദ്ധിക്കുകയും കാലം  മുന്നോട്ടുപോയതോടെ  ചില അപശബ്ദങ്ങൾ ഉയരുകയും അധികാര വടംവലിയും താൻപ്രമാണിത്വവും കാരണം ഫൊക്കാനയ്ക്ക് ഇടക്കാലത്ത് പഴയ പ്രതാപം കൈമോശം വന്നതും അദ്ദേഹം ഓർക്കുന്നു.   പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി പിന്നീട് നടന്ന ശ്രമങ്ങൾ  ഇപ്പോൾ ഫലം കണ്ടുവെന്നും തോമസ് തോമസ് പറയുന്നു.  ഇതുവരെയുള്ള എല്ലാ ഫൊക്കാന  കൺവെൻഷനുകളിലും പങ്കെടുത്ത  നേതാവാണ് തോമസ് തോമസ്.  

ഫൊക്കാനയുടെ രൂപീകരണ യോഗത്തിൽ കാണിച്ച അതേ ഊർജ്ജം, അതേ ചുറുചുറുക്കുമായാണ് തോമസ് തോമസിനെ   കൺവെൻഷൻ വേദിയായ  മറിയാമ്മപിള്ള നഗറിൽ കണാനായത്.

എന്നും മിതഭാഷിയായിരുന്നു തോമസ് തോമസ്. ആദ്യ കമ്മിറ്റിയിൽ ട്രഷറർ സ്ഥാനത്തിരുന്ന തോമസ് തോമസ് പിന്നീട് ഒരു സാധാരണ  അംഗമായി പ്രവർത്തിച്ചു. ആവശ്യമായ സന്ദർഭങ്ങളിലൊക്കെ സംഘടനയ്ക്ക കൈത്താങ്ങായി.

അമേരിക്കൻ മലയാളിയെ എന്നും വിസ്മയിപ്പിച്ച ചിലർ ഫൊക്കാനയിലുണ്ട്. അതിൽ ഇന്നും ഫൊക്കാന കൺവെൻഷൻ വേദിയിൽ സജീവസാന്നിദ്ധ്യമായുള്ളത്  ഡോ അനിരുദ്ധനും, തോമസ് തോമസുമാണ്. തോമസ് തോമസ് നീണ്ട ഇടവേളയ്ക്കിടെയാണ് വീണ്ടും ഫൊക്കാന ഭാരവാഹിയായത്. ഫൊക്കാന പിന്നിട്ട നാലു പതിറ്റാണ്ടുകാലത്തെ വളർച്ചയും തളർച്ചയും പിന്നീടുള്ള തിരിച്ചുവരവരവുമെല്ലാം ഒർലാൻഡോ കൺവെൻഷൻ വേദിയലിരുന്ന്  ഓർത്തെടക്കുകയാണ് അദ്ദേഹം.

തന്റെ ജീവിതയാത്രകളും ഒപ്പം ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളെകുറിച്ചും അദ്ദേഹം മനസ് തുറന്നു.

ചോദ്യം: വീണ്ടും ഭാരവാഹിയായി വരാനുള്ള സാഹചര്യം എന്തായിരുന്നു ?

ഫൊക്കാനയെ സ്വന്തം ജീവശ്വാസം പോലെ കൊണ്ടുനടന്ന ഒരു സംഘടനാ പ്രവർത്തകനായിരുന്നു ഞാൻ. എക്കാലവും ഫൊക്കാന ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വളരണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി  പ്രവർത്തിക്കുകയും ചെയ്തു. ആദ്യ ട്രഷറർ സ്ഥാന ഒഴിഞ്ഞശേഷവും ഇക്കാലമത്രയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഉണ്ടായിരുന്നു. എന്നാൽ ഭാരവാഹിയാവാൻ  ശ്രമിച്ചില്ല  കാരണം ഓരോ ടേമിലും  പുതിയ നേതൃനിര കടന്നുവരണം എന്നായിരുന്നു എന്റെ നിലപാട്.

രണ്ട് വർശം  മുൻപ്  ജോർജി വർഗീസ് -സജിമോൻ ടീമിനൊപ്പം പ്രവർത്തിക്കാനായി എന്നോട് ആവശ്യപ്പെടുകയായിരുന്നു. തലമുതിർന്ന ഒരാൾ കൂടെയുണ്ടാവണമെന്നായിരുന്നു യുവനേതൃത്വത്തിന്റെ ആവശ്യം.  അങ്ങിനെയാണ് ഞാൻ വൈസ്  പ്രസിഡന്റ് സ്ഥാനം ഞാൻ ഏറ്റെടുക്കുന്നത്. യുവാക്കളോടൊപ്പമുള്ള പ്രവർത്തനം ഏറെ ആസ്വദിച്ചു. കൊറോണക്കാലത്ത്   ഭരണസമിതിക്ക്  പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു പലരും കരുതിയത് . അത്രയേറെ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് എല്ലാവരുമായും നിരന്തരം ബന്ധം പുലർത്താനും സൂം മീറ്റിംഗുകൾ സംഘടിപ്പിക്കാനും നമുക്ക് കഴിഞ്ഞു. നിരവധി പ്രവർത്തനങ്ങൾ പിന്നീട് ഏറ്റെടുക്കുകയും അവയെല്ലാം വൻ വിജയമാക്കി തീർക്കാനും കഴിഞ്ഞു. ഇതിൽ ജോർജി വർഗീസ് -സജിമോൻ ആന്റണി ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ നേട്ടമായി ഞാൻ കാണുന്നുണ്ട്.

രണ്ട് കോവിഡ് തരംഗമുണ്ടായപ്പോഴും അമേരിക്കൻ മലയാളികൾക്കിടയിൽ ബോധവൽക്കരണം നടത്താനും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും ഫൊക്കാന പ്രത്യേകം സംഘത്തെ തന്നെ ഉണ്ടാക്കിയിരുന്നു.
കേരളാ കൺവെൻഷൻ വൻവിജയമാക്കാനായി നടത്തിയ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. ഫൊക്കാനയെ പഴയ പ്രതിപത്തിലേക്ക് എത്തിച്ച ഈ യുവ സംഘത്തിനൊപ്പം  യാത്ര ചെയ്യാനും പഴയകാല സുഹൃത്തുക്കളെ നേരിൽ കാണാനും സാധിച്ചുവെന്നതും ഏറെ സന്തോകരമായ അനുഭവമാണ്.  

ചോദ്യം: എങ്ങിനെയാണ് ഫൊക്കാനയുടെ രൂപീകരണവും വളർച്ചയും ?

1970 കളുടെ ആരംഭത്തിൽ മലയാളികളുടെ കുടിയേറ്റം അമേരിക്കയിൽ ശക്തമായി. മലയാളികൾ എവിടെയെത്തിയാലും സംഘടന രൂപീകരിക്കുന്നത് പതിവാണല്ലോ. എന്നാൽ ഈ സംഘടനകൾക്ക് ഒരുമിച്ച് കാണാനോ, പൊതുവായ വിഷയത്തിൽ ഒരുമിച്ച് നിൽക്കാനോ വേദിയുണ്ടായിരുന്നില്ല. അങ്ങിനെയാണ് അമേരിക്കയിലെ മലയാളികളുടെ സംഘടനകൾക്ക് ഒരു പൊതു വേദിയുണ്ടാവണമെന്ന ചർച്ച ഉയർന്നത്. ഡോ അനിരുദ്ധന്റെ മനസിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഫൊക്കാനയെന്ന സംഘടനകളുടെ സംഘടന.

1982 ലാണ് ആലോചനാ യോഗം നടക്കുന്നത്. ആ യോഗത്തിൽ വച്ച് ഡോ അനിരുദ്ധൻ പ്രസിഡന്റായി  അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.  സെക്രട്ടറി ഡോ. മാത്യുവായിരുന്നു. പാർത്ഥസാരഥി പിള്ള ട്രഷററുമായി. ആദ്യമായി ഒരു നാഷണൽ കൺവെൻഷൻ നടത്താൻ തീരുമാനിച്ചത് വാഷിംഗ്ടണിൽ 1983 ൽ നടന്ന യോഗത്തിൽ വച്ചായിരുന്നു. ഭീമമായ ചിലവ് വരുന്നതാണ് ദേശീയ കൺവെൻഷൻ, ചില അഭ്യുദയാകാംഷികൾ സഹായിക്കാമെന്ന് പറഞ്ഞു. അങ്ങിനെ ന്യൂയോർക്കിൽ  ആദ്യത്തെ   കൺവെൻഷൻ നടന്നു. അശ്വമേധം പത്രത്തിന്റെ പത്രാധിപരായിരുന്ന രാജൻ മാരേട്ട് പ്രസിഡന്റായും കേരള കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജോസ് ജോസഫ് സെക്രട്ടറിയായും എന്നെ ട്രഷററായും   തിരഞ്ഞെടുത്തു. ഫൊക്കാനയുടെ ആദ്യ ലെറ്റർ ഹെഡ് ഇന്നും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ഇന്നത്തെ പോലെ വിവിധ സംഘടനാ പ്രതിനിധികളിൽ നിന്നൊന്നുമായിരുന്നില്ല ഭാരവാഹികളെ നിശ്ചയിച്ചിരുന്നത്. സംഘടനാ രംഗത്ത് പ്രവർത്തിക്കാൻ ശേഷിയുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്.  ആദ്യകൺവെൻഷനിൽ 200 ൽ കുറഞ്ഞ പ്രതിനിധികളെ മാത്രമാണ് പങ്കെടുപ്പിക്കാനായത്. ആ സമ്മേളനത്തിൽ പിന്നീട് നമ്മുടെ രാഷ്ട്രപതിയായ കെ ആർ നാരായണൻ പങ്കെടുത്തിരുന്നു. അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ആ കൺവെൻഷൻ പുതിയൊരു അധ്യായമായിരുന്നു.

ചോദ്യം: പിന്നീട് മൂന്നു വർഷത്തെ ഇടവേളകളുണ്ടായല്ലോ, അതെന്തുകൊണ്ടായിരുന്നു ?

മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ സംഘടനകളെ അഫിലിയേറ്റ് ചെയ്യാനായി വലിയ ശ്രമങ്ങളാണ്  ഞങ്ങൾ നടത്തിയത്. രാജൻ മാരേട്ടിന്റെ നേതൃത്വത്തിൽ മൂന്നുവർഷക്കാലത്തെ നിരന്തരമായ പ്രവർത്തനത്തിലൂടെ കുറേയധികം സംഘടനകളെ ഫൊക്കാനയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. അതിനുശേഷമാണ്  ഫൊക്കാനയുടെ ഒരു ദേശീയ കൺവെൻഷൻ നടത്താനുള്ള തീരുമാനമുണ്ടായതത്. ആദ്യ കൺവെൻഷനിൽ പ്രതിനിധികൾ കുറവായിരുന്നു, മാത്രവുമല്ല ഡോ അനിരുദ്ധൻ വിഭാവനം ചെയ്തതുപോലെയുള്ള വലിയൊരു കൺവെൻഷനായിരുന്നില്ല ആദ്യത്തേത്.  1986 ൽ ഫിലാഡൽഫിയയിൽ നടന്ന സമ്മേളനം ലോകത്തെ എല്ലാ മലയാളികളും ഉറ്റുനോക്കിയിരുന്നു. ആ സമ്മേളനത്തിൽവച്ചാണ് ഡോ അനിരുദ്ധൻ   പ്രസിഡന്റായത്.  ജ്ഞാനപീഠജേതാവായ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു  മുഖ്യാതിഥി. ഏറെ ശ്രദ്ധേയമായ കൺവെൻനായിരുന്നു ഫിലാഡൽഫിയയിലേത്.

ഡോ അനിരുദ്ധനെകുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹമാണ് ഫൊക്കാനയുടെ പിതാവ് എന്നുവേണം വിശേഷിപ്പിക്കാൻ. ഡോ അനിരുദ്ധൻ ഫാർമസിയിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. കൃശഗാത്രനായ ഡോ അനിരുദ്ധൻ സംഘടനാ പ്രവർത്തനത്തിൽ ഏവർക്കും മാതൃകയാണ്. ഫൊക്കാനയുടെ പ്രവർത്തന ശൈലിയൊക്കെ ഉണ്ടാക്കിയെടുത്തത് ഡോ. അനിരുദ്ധനാണ്.

ചോദ്യം: താങ്കൾ എങ്ങിനെയാണ് അമേരിക്കയിൽ എത്തിയത് ?

ഞാൻ കേരളത്തിൽ നിന്നും നേരെ അമേരിക്കയിലേക്ക് വരികയായിരുന്നില്ല. അമേരിക്കയിൽ എത്താൻ എന്താണ് മാർഗമെന്ന് അന്വേഷിച്ചിരുന്ന യൗവനകാലം, വിവിധ അമേരിക്കൻ സർവ്വകലാശാലകളിൽ  ഞാൻ വിദ്യാർത്ഥിയായി ചേരാൻ ശ്രമം നടത്തി. എന്നാൽ ടീച്ചിംഗ് എക്‌സ്പീരിയൻസുള്ളവർക്കു മുൻഗണനയുണ്ടായിരുന്നു അക്കാലത്ത്. അതേ സമയത്താണ് ഹൈദരാബാദിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ്‌ടെക്‌നോളജി അധ്യാപകന്റെ ഒഴിവിലേക്ക് ഒരു അപേക്ഷ നൽകി. എനിക്ക് അവിടെ നിയമനം ലഭിച്ചു. 1970 ൽ ഞാൻ കൊച്ചി തോപ്പുംപടിയിൽ ഒരു മെക്കനൈസ്ഡ് ബേക്കറി ആരംഭിച്ചിരുന്നു. എന്നെ കുറിച്ച് അന്ന് കേന്ദ്രസർക്കാർ ഒരു ഡോക്യുമെന്ററി നിർമ്മിക്കുകയും ആറ് ഭാഷകളിൽ ആ ഡോക്യുമെന്ററി ന്യൂസ് റീലായി കാണിക്കുകയും ചെയ്തിരുന്നു. 25-മത്തെ വയസിലാണ് ഞാൻ അമേരിക്കയിലെത്തുന്നത്. 1973 ൽ ന്യൂയോർക്കിലെ ടെയ്‌ലർ ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായാണ് അമേരിക്കൻ ജീവിതം ആരംഭിക്കുന്നത്. അമേരിക്കയിൽ വച്ച് ഡെയ്‌സിയെ പരിചയപ്പെടുകായും  ഏറെ വൈകാതെ വിവാഹം നടത്തുകയും ചെയ്തു. അങ്ങിനെ ജീവിതം അമേരിക്കയിലായി.

ഹോട്ടൽ മാനേജ് മെന്റിൽ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയതോടെ എനിക്ക് വൻകിട ഹോട്ടലുകളിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. ഒരു ഹോട്ടലിന്റെ ജനറൽ   മാനേജർ പദവി വരെ എത്തി. കുറച്ചുകാലം റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചു. ചെമ്മീൻ ഇറക്കുമതിയിലേക്കും തിരിഞ്ഞുവെങ്കിലും 2000 ൽ ട്രോഫി വേൾഡ് എന്ന സ്ഥാപനം ആരംഭിച്ചതോടെ മറ്റെല്ലാം ഒഴിവാക്കി ഒറ്റ ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഈ രംഗത്തെ ഇന്ന് അമേരിക്കയിലെ ഏക സ്ഥാപനമായി ട്രോഫിവേൾഡ് അറിയപ്പെടുന്നു.

ചോദ്യം: സ്വന്തം സ്ഥലം, കുടുംബം ?

എന്റെ സ്വന്തം സ്ഥലം കുട്ടനാടായിരുന്നു. ഞങ്ങൾ പിന്നീട് കൊച്ചി പള്ളുരുത്തിയിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ പത്തുമക്കളായിരുന്നു. അപ്പനും അമ്മയും മരിച്ചുപോയി. രണ്ടാനമ്മ മാത്രമാണിപ്പോൾ നാട്ടിലുള്ളത്. അവരെ കാണാനായി ഞാൻ വർഷത്തിൽ മൂന്നു നാല് തവണയെങ്കിലും നാട്ടിലേക്ക് പോവാറുണ്ട്. എന്റെ എട്ട് സഹോദരങ്ങൾ അമേരിക്കയിലുണ്ട്. അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെയായി വലിയൊരു സംഘം  അമേരിക്കയിലുണ്ട്.

എന്നെ സംഘടനാ പ്രവർത്തനത്തിന്റെ ബാലപാഠം പഠിപ്പിച്ചത് കൊച്ചിയിലെ കലാഭവന്റെ സ്ഥാപകനായിരുന്ന ആബേൽ അച്ചനാണ്. കലാഭവൻ  രൂപീകരിക്കുന്ന  ആറംഗ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു  എന്നത് അഭിമാനത്തോടെയാണ് എന്നും ഓർക്കുന്നത്.

ചോദ്യം: ഫൊക്കാനയുടെ രൂപീകരണ കൺവെൻഷൻ മുതലുള്ള എല്ലാ കൺവെൻഷനുകളിലും പങ്കെടുത്ത വ്യക്തിയെന്ന നിലയിലുള്ള അനുഭവങ്ങൾ ?

വാഷിംഗ്ടൺ കൺവെൻഷനാണ് ഫൊക്കാനയ്ക്ക് വലിയ പേരുണ്ടാക്കിത്തന്ന കൺവെൻഷൻ. ആ കൺവെൻഷനിൽ ഒ എൻ വി കുറുപ്പ്, കാക്കനാടൻ തുടങ്ങിയ സാഹിത്യകാരന്മാരും, നദിയാ മൊയ്തുവിനെപോലുള്ള നിരവധി സിനിമാതാരങ്ങളും ഒക്കെ പങ്കെടുത്തിരുന്നു. കൺവെൻഷനിൽ വച്ചാണ് ഭാഷയ്‌ക്കൊരു ഡോളർ  പദ്ധതിക്ക് തുടക്കമിടുന്നത്. മതൃഭാഷയെ സ്‌നേഹിക്കുന്ന അമേരിക്കൻ മലയാളികളുടെ ഈ പദ്ധതിക്ക് കേരളത്തിൽ നിന്നുപോലും വലിയ സ്വീകാര്യത ലഭിച്ചു. ഫൊക്കാനയുടെ ഒരു സിഗ്നേച്ചർ പ്രോജക്റ്റായിരുന്നു അത്. വൻഹിറ്റായ പരിപാടി.

1988 ൽ ചിക്കാഗോയിൽ ഡോ അനിരുദ്ധന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം എല്ലാവർക്കും ഇന്നും മറക്കാനാവാത്തതായിരുന്നു. കഥകളി, ഭരതനാട്യം, തുടങ്ങിയ നൃത്തകലകളുടെ സംഗമവേദിയായി അവിടം മാറി. കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും മറ്റും സമ്മേളനത്തിൽ പങ്കെടുക്കാനായി കൂട്ടത്തോടെ എത്തി. 25 ൽ പരം സംഘടനകളുടെ പ്രതിനിധികൾ കൺവെൻഷനിൽ എത്തി. അന്ന് കമ്യൂണിക്കേഷനൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു എന്നോർക്കണം.

1990 ൽ ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ നടന്ന കൺവെൻഷനും വൻവിജയമായിരുന്നു. ഫ്‌ളോറിഡ കൺവെൻഷനിൽ തോമസ് കിഴൂർ ആയിരുന്നു  പ്രസിഡന്റ്. വാഷിംഗ്ഡൺ ഡിസിയിൽ നടന്ന കൺവെൻഷനോടെ അംഗ സംഘടനകളുടെ എണ്ണം വർദ്ധിച്ചു.  

1992 ലെ വാഷിംഗ്ടൺ കൺവെൻഷനാണ് ഫൊക്കാന സമ്മേളനം ആദ്യമായി ഷൂട്ട് ചെയ്ത് പുറത്തു കാണിക്കാൻ തുടങ്ങിയത്.

ചോദ്യം: ഫൊക്കാന കാനഡയിലേക്ക് വളരുന്നത് എന്നു മുതലായിരുന്നു ?

1994 ലാണ് ഫൊക്കാനയുടെ കൺവെൻഷൻ കാനഡയിലേക്ക് വരുന്നത്. നോർത്ത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായി ഫൊക്കാന മാറണമെന്ന തീരുമാനത്തോടെ കാനഡയിലെ മലയാളി അസോസിയേഷനുകളുമായി സംസാരിക്കാൻ തീരുമാനിച്ചു. കാനഡയിൽ നിന്നുള്ള തോമസ് കെ തോമസ് ആയിരുന്നു അക്കാലത്ത് ഫൊക്കാനയുടെ പ്രസിഡന്റ്. കാനഡയിലെ കൺവെൻഷനോടെ ഫൊക്കാന കുറച്ചുകൂടി ഉന്നതിയിലെത്തി. ദേശീയ തലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഒരു വേദിയായി ഫൊക്കാന കൺവെൻഷനെ മലയാളികൾ കണ്ടുതുടങ്ങിയതും ഇക്കാലം മുതലാണ്. കാലിഫോർണിയമുതൽ കാനഡവരെയുള്ള മലയാളികൾ ഫൊക്കാനയുടെ ഭാഗമായി.
2014 ൽ കാനഡ വീണ്ടും ഫൊക്കാന കൺവെൻഷന്റെ വേദിയായി. ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷനായിരുന്നു അത് . ജോൺ പി ജോൺ ആയിരുന്നു പ്രസിഡന്റ്.

ചോദ്യം: എന്നാണ് ഫൊക്കാനയിൽ ചില അസ്വാരസ്യങ്ങളുടലെടുത്തുതുടങ്ങിയത് ?

2006  ൽ നടന്ന  കൺവെൻഷൻ ചരിത്ര വിജയമായിരുന്നു. സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ സമ്മേളനം. എന്നാൽ ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായ അധികാരത്തിനുവേണ്ടിയുള്ള വടംവലി ഫൊക്കാനയിൽ  ഭിന്നതകൾക്ക് ഇടയാക്കി. വിമത പ്രവർത്തനത്തിലേക്ക് ഈ സംഭവം മാറി. ഫോമാ  എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് ഈ ഭിന്നത വഴിവച്ചു. ഫൊക്കാനയുടെ ചില നല്ല പ്രവർത്തകർ വിമത സംഘടനയിലേക്ക് പോയി. ഇതെല്ലാം ഫൊക്കാനയ്ക്ക് ക്ഷീണമുണ്ടാക്കി. 2008 ലെ കൺവെൻഷനിൽ പോൾ കറുകപ്പള്ളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് കേസും മറ്റും കാരണം അധികകാലം പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നില്ല.  അതിന്റെ അടിസ്ഥാനത്തിൽ 2010 ൽ നടന്ന കൺവെൻഷനിലും പോൾ കറുകപ്പള്ളിതന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനവിട്ടുപോയവരെ തിരികെ എത്തിക്കുന്നതിൽ പോൾ കറുകപ്പള്ളിനടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു.

2014  ൽ ചിക്കാഗോയിൽ നടന്ന കൺവെൻഷനിൽ മലയാളികൾക്കിടയിൽ ഉരുക്കുവനിതയെന്ന പേരിൽ അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള പ്രസിഡന്റായി. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു.  ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു അവരുടേത്. ഈ സമ്മേളനത്തിൽ നിറഞ്ഞു നിൽക്കേണ്ടിയിരുന്ന മറിയാമ്മ ചേച്ചി ഇന്ന് നമ്മോടൊപ്പമില്ല എന്നത് ഏറെ ദുഖകരമാണ്.

ചോദ്യം: കേസും മറ്റും ഉണ്ടാക്കിയ ബാധ്യതകൾ ഫൊക്കാനയെ ബാധിച്ചിരുന്നോ ?

അധികാര തർക്കവുമായി ബന്ധപ്പെട്ട് ചില കേസുകൾ ഉണ്ടായത് ഫൊക്കാനയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. മൂന്ന് കേസുകളാണ് നിലവിൽ ഉള്ളത്. ഈ കേസുകളുടെ നടത്തിപ്പിനായി ഉണ്ടാവുന്ന ബാധ്യത ഫൊക്കാനയുടെ മറ്റ് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ടതായിരുന്നു. 2018 ൽ പ്രസിഡന്റായിരുന്ന മാധവൻ നായർക്കെതിരെയും സെക്രട്ടറിയായ ടോമി കോക്കാടിനെതിരെയും  നൽകിയ കേസുകൾ പിൻവലിക്കാമെന്ന് പറഞ്ഞവർ പിന്നീട് ജോർജി വർഗീസ് -സജിമോൻ ടീമിനെതിരെ കേസുനൽകുകയായിരുന്നു. ഇതെല്ലാം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
പുതിയ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഫൊക്കാനയ്‌ക്കെതിരെയുള്ള കേസുകളല്ലാം തീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാബു സ്റ്റീഫന്റെ വിജയം ഫൊക്കാനയെ കൂടുതൽ ശക്തമാക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അമേരിക്കൻ മലയാളികൾ നേരിടുന്ന നിരവധി വിഷയങ്ങളിൽ ഊന്നിയായിരിക്കും ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രവർത്തനം. അതിന് എല്ലാവരും ഒരുമിച്ചു നിൽക്കുകയെന്നുമാത്രമാണ് നമുക്ക് ചെയ്യാവുന്നത്.

ജോർജി വർഗീസും സജിമോനും ഏറെ കഷ്ടപ്പെട്ടാണ് രണ്ടുവർഷക്കാലം പ്രവർത്തിച്ചത്. കൊവിഡ് കാലത്ത് കേരളത്തിലേക്ക് ചികില്‌സാ യന്ത്രങ്ങളും ഓക്‌സി മീറ്ററുകളും കയറ്റി അയക്കാനും മറ്റുമായി നടത്തിയ പ്രവർത്തനങ്ങൾ ഒരിക്കലും ആർക്കും വിസ്മരിക്കാനാവില്ല. പ്രതിസന്ധികളെ ടെൻഷനില്ലാതെ  ഇത്രയേറെ ഭംഗിയായി മറികടക്കാനുള്ള വിദ്യ സജിമോനിൽ നിന്നാണ് പഠിക്കേണ്ടത്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്ത് യാത്ര ചെയ്താണ് ഫൊക്കാന കൺവെൻഷനുള്ള പ്രവർത്തനങ്ങളെല്ലാം ചെയ്തിരുന്നത്. എന്നും പോസിറ്റീവായി മാത്രം ചിന്തിക്കുകയും അങ്ങിനെ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ടീമായിരുന്നു ഫൊക്കാനയുടെ തലപ്പത്തിരുന്നത്. ഏറെ അഭിമാനമാണ് എനിക്ക്, ഈ ചുറുചുറുക്കുള്ള യുവാക്കളോടൊപ്പം പ്രായം ഏറെയായ എനിക്കും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ.

ഇനിയും ഒട്ടേറെ മുന്നോട്ടേക്ക് പോവാനുണ്ട് , അതിനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് കഴിയും. അവർക്കുവേണ്ടിയുള്ളതായിരിക്കും ഇനിയങ്ങോട്ടുള്ള എന്റെ പ്രവർത്തനങ്ങൾ.

തോമസ്  തോമസ്: ഫൊക്കാനക്കൊപ്പം നടന്ന ഒരാൾ തോമസ്  തോമസ്: ഫൊക്കാനക്കൊപ്പം നടന്ന ഒരാൾ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക