ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയിലെ അല്മായ കൂട്ടായ്മയുടെ പ്രഥമ പൊതുസമ്മേളനം ജൂലായ് 17 ഞായറാഴ്ച്ച അഷ്ബോണിലെ GAA ക്ലബ്ബില്‍ നടന്നു. അയര്‍ലണ്ടിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡന്റ് ജോര്‍ജ്ജ് പാലിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ. ടി ജെ ജോസഫിന് സ്വീകരണം നല്കി. 2010ല്‍ നടന്ന സംഭവം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും ജോസഫ്മാഷ് വിശദീകരിച്ചത് സദസ്സ് സസൂക്ഷ്മം ശ്രവിച്ചു. എല്ലാവിധത്തിലും തകര്‍ന്ന തന്റെ കുടുംബത്തിനു താങ്ങായത് വിദേശമലയാളികളടക്കമുള്ളവരില്‍ നിന്നും പിന്തുണയാണെന്നും, സാമ്പത്തികമായും അല്ലാതെയും ലഭിച്ച പിന്തുണയ്ക്ക് ആദ്യമായി വിദേശത്ത് സന്ദര്‍ശനം നടത്തുന്ന ഈയവസരത്തില്‍ നന്ദി പറയുന്നുവെന്നും തന്റെ മറുപടിപ്രസംഗത്തില്‍ വികാരഭരിതനായി ജോസഫ് മാഷ് പറഞ്ഞു.
തനിക്ക് അതുവരെ നേരിട്ടു അറിയുകപോലുമില്ലാതിരുന്ന അക്രമികളോട് ക്ഷമിക്കാന്‍ സാധിച്ചത് തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഇടയാക്കിയെന്നു ഒരു ചോദ്യത്തിനുത്തരമായി ജോസഫ് മാഷ് പറഞ്ഞു. അതേസമയം അന്നത്തെ സംഭവത്തില്‍ കോളേജ് മാനേജ്മെന്റ് എന്തുകൊണ്ട് അങ്ങനെയൊരു നടപടിയെടുത്തുവെന്നു തനിക്കറിയില്ലെന്നും മാഷ് വ്യക്തമാക്കി.
മതതീവ്രവാദികള്‍ ജോസഫ് മാഷിനെ ശാരീരികമായി ആക്രമിച്ചപ്പോള്‍ സഭാ നേതൃത്വം മാനസികമായി അക്രമിക്കുകയായിരുന്നെന്നു ജോര്‍ജ്ജ് പാലിശ്ശേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിവേകമില്ലാത്ത തലകള്‍ മുറിച്ചു മാറ്റപ്പെടട്ടെയെന്നു ഒരു പുരോഹിതന് ലേഖനമെഴുതിയപ്പോള്‍ മൗനംപാലിച്ച നേതൃത്വം, സഭയിലെ പീഢനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും നേതൃത്വത്തിന്റെ തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന വിവേകമാണോ വിശ്വാസികളില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
തുടര്‍ന്ന്, തങ്ങളുള്‍പ്പെടുന്ന സീറോ മലബാര്‍ സഭയുടെ നേതൃത്വം ഈ വിഷയത്തില്‍ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നെന്ന് തുറന്നു സമ്മതിച്ചുകൊണ്ടു സഭാ നേതൃത്വത്തിന് വേണ്ടി അയര്‍ലണ്ടിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റി പൊതുയോഗത്തില്‍ വച്ചു ജോസഫ് മാഷിനോട് ക്ഷമ ചോദിച്ചു. സഭയും സര്‍ക്കാരും സമൂഹവും നോക്കുകുത്തികളായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍, കമ്മ്യുണിറ്റിയുടെ ട്രഷര്‍ ലൈജു ജോസഫ് ചൊല്ലിക്കൊടുത്ത മാപ്പ് എല്ലാവരും ഏറ്റുചൊല്ലി.
സീറോ മലബാര്‍ കമ്മ്യുണിറ്റി എന്ന സ്വതന്ത്ര അല്മായ സംഘടന രൂപീകൃതമാകാനുണ്ടായ സാഹചര്യങ്ങള്‍ ജോസന് ജോസഫ് വ്യക്തമാക്കി. അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ ഉദാഹരണസഹിതം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഒരു കത്തോലിക്ക വിശ്വാസി സ്വന്തം നിലയ്ക്ക് സ്വീകരിക്കുന്ന വിവാഹമെന്ന കൂദാശപോലും പണത്തിനും അധികാരപ്രയോഗത്തിനുമുള്ള മാര്‍ഗ്ഗമായി ദുരുപയോഗിച്ചാല്‍ പുരോഹിതരെ എങ്ങനെയാണ് അടുത്ത തലമുറ അംഗീകരിക്കുകയെന്നു സഭാനേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിതമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട സഭയില്‍ പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള വടംവലിയാണ് പല പ്രശ്നങ്ങള്‍ക്കും മൂലകാരണമെന്നു തുടര്‍ന്ന് സംസാരിച്ച ശ്രീ ബിനു തോമസ് പറഞ്ഞു. പുരോഹിതര്‍ക്ക് തെറ്റു ചെയ്യാനുള്ള പിന്തുണ ലഭിക്കുന്നത് വിശ്വാസികളില്‍ തന്നെയുള്ള ചിലരില്‍ നിന്നാണെന്നാണ് അടുത്തകാലത്ത് അയര്‍ലണ്ടില്‍ സീറോ മലബാര്‍ സഭ ഒന്നടങ്കം നാണംകെടാനിടയാക്കിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടു തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരോധികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും സഭാസ്നേഹികളെന്നു നടിക്കുന്നവരാണ് സഭയെ നശിപ്പിക്കുന്നതെന്നും മനസ്സിലാക്കാനുള്ള വിവേകം മെത്രാന്മാര്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുന്‍കാലങ്ങളിലേതുപോലെ വിശ്വാസികളെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കാര്യങ്ങള്‍ നടത്തുന്ന രീതി ഇനിയുണ്ടാകരുതെന്നും അതിനായി അയര്‍ലണ്ടിലെ എല്ലാ സീറോ മലബാര്‍ വിശ്വാസികളും ഒരുമിക്കണമെന്നും പരിപാടിയുടെ കോര്‍ഡിനേറ്റര്‍ സാജു ചിറയത്ത് ആഹ്വാനം ചെയ്തു. സഭാവിരുദ്ധരാവാനല്ല മറിച്ചു തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന നല്ല വിമര്‍ശകരായി സഭയില്‍ ഒരു തിരുത്തല്‍ ശക്തിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണ് അയര്‍ലണ്ടിലെ സീറോ മലബാര്‍ കമ്മ്യുണിറ്റി ലക്ഷ്യമിടുന്നതെന്നും, കമ്മ്യുണിറ്റിയുടെ പ്രവര്‍ത്തനഫലമായി ഉണ്ടായ ചില നല്ല മാറ്റങ്ങള്‍ സന്തോഷം പകരുന്നുവെന്നും നന്ദി പ്രസംഗത്തില്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജോസഫ് മാഷിനും പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിശ്വാസികള്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സഹായസഹകരണങ്ങള്‍ നല്കിയ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു. അയര്‍ലന്‍ഡ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ ഉപഹാരവും ജോസഫ് മാഷിന് സമ്മാനിച്ചു.
സന്തോഷ് തങ്കച്ചന്, പിആര്‍ഒ.ഐറിഷ് സീറോ മലബാര്‍ കമ്മ്യൂണിറ്റി