Image

കള്ളക്കർക്കിടകവും രാമായണ ഭക്തരും (രാമായണമാസ ചിന്തകൾ -1: സുധീർ പണിക്കവീട്ടിൽ)

Published on 23 July, 2022
കള്ളക്കർക്കിടകവും രാമായണ ഭക്തരും (രാമായണമാസ ചിന്തകൾ -1: സുധീർ പണിക്കവീട്ടിൽ)

കള്ളഭക്തരും കർക്കിടകമാസവും എന്നു  പറഞ്ഞാലും തെറ്റാകുന്നില്ല.  മലയാളികൾ മാത്രമാണ് കർക്കിടകമാസം രാമായണപാരായണത്തിനായി നീക്കിവച്ചിരിക്കുന്നത്.  പുരാതനകാലം മുതൽ  പുണ്യവസരങ്ങളിൽ രാമായണപാരായണം ഭാരതത്തിൽ ഉണ്ടായിരുന്നു. ലോകസമസ്ത സുഖിനോ ഭവന്തു  എന്ന ഉപനിഷദ് വാക്യം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് രാമായണപാരായണം നടത്തുന്നത് എന്നു വിശ്വസിച്ചിരുന്നു. ഇപ്പോൾ ലോകം മുഴുവൻ അശാന്തി പടരുമ്പോൾ ഒരു പക്ഷെ ഇങ്ങനെ ഒരു മാസം നീളുന്ന പ്രാർത്ഥന നന്മകൾ വരുത്താൻ പര്യാപ്തമാകുമെങ്കിൽ  നല്ലത് തന്നെ.
സൂര്യന്റെ രാശിമാറ്റങ്ങൾക്ക് സംക്രമം എന്നു പറയുന്നു.  അപ്പോൾ മിഥുനമാസം അവസാനിക്കുന്ന ദിവസം കർക്കിടകസംക്രമമാണ്. ഈ രാമായണപാരായണഭക്തി ആരംഭിക്കുന്നതിനു മുമ്പ് തന്നെ കർക്കിടകമാസത്തിൽ  പുണ്യാനുഷ്ഠാനങ്ങൾ നടന്നിരുന്നു.  കർക്കിടക സംക്രമദിവസം ചേട്ടാഭഗവതിയെ പുറത്താക്കലും ശ്രീ ഭഗവതിയെ സ്വീകരിക്കലും എന്ന ചടങ് നടത്തിയിരുന്നു. "ചേട്ടാ പോ ശീപോതി വാ" എന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മമാർ വീട്ടിലെ ചവറുമൊക്കെ അടിച്ച് ഒരു മുറത്തിലിട്ട് പുറത്തുകളഞ്ഞിരുന്നു. അങ്ങനെ ചെയ്യുമ്പോൾ ശ്രീ ഭഗവതി ഭവനങ്ങളിൽ കുടിയിരിക്കുമെന്ന വിശ്വാസം. ഇപ്പോൾ മൂന്നു സെന്ററിൽ മണിമാളികകൾ നിരന്നപ്പോൾ പ്രസ്തുത ചടങ് നിന്നുപോയി. എന്തായാലും മുൻസിപ്പാലിറ്റി ചപ്പും ചവറും വൃത്തിയാക്കാതെ ചേട്ടാഭഗവതിയെ പൂജിക്കുന്നുണ്ട്.  സുഗന്ധരൂപേണ ദേവി എല്ലാ വീടുകളിലും പ്രവേശിക്കുന്നുണ്ട്.. അങ്ങനെയുള്ള അന്തരീക്ഷത്തിൽ ഭാരതീയരുടെ പുണ്യഗ്രന്ഥമായ രാമായണം പാരായണം ചെയ്യുമ്പോൾ അതിന്റെ മുഴുവൻ ഫലവും കിട്ടുമോ എന്ന് ശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഒരു മാസം വ്രതശുദ്ധിയോടെ എല്ലാവരും രാമായണം വായിക്കുന്നത് നല്ല കാര്യം. ശുദ്ധി ശരീരത്തിലും മനസ്സിലും പരിസരത്തിലും ഉണ്ടാകേണ്ടത് ആവശ്യമാണ്.
രാമായണം ഒരു ഇതിഹാസകാവ്യമാണ്. ഇതിഹാസം എന്ന് പറയുന്നത് കഴിഞ്ഞുപോയ സംഭവങ്ങളും, കഥകളും ആസ്പദമാക്കി    പുരുഷാർത്ഥങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയെപ്പറ്റിയുള്ള നിർദേശങ്ങൾ അടങ്ങുന്നതാണ് എന്ന് സാരം. വാൽമീകിയുടെ രാമായണത്തെ ആദികാവ്യമെന്നു വിശേഷിപ്പിക്കുന്നു. ഇത് 24000 ശ്ലോകത്തിൽ ഏഴു കാണ്ഠങ്ങളായി എഴുതപ്പെട്ടിരിക്കുന്നു. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം. ഉത്തരകാണ്ഡം പിൽക്കാല പ്രക്ഷിപ്തമാണെന്നു പറയപ്പെടുന്നു. 
തമസാനദിയുടെ തീരത്ത് സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്രൗഞ്ചമിഥുനങ്ങളിൽ ആൺകിളിയെ വേടൻ  അമ്പെയ്തു വീഴ്ത്തിയത് കണ്ടു കോപാകുലനായ വാൽമീകി വേടനെ  ശപിച്ചു. ആ ശാപവചനങ്ങൾ അനുഷ്ടുപ് വൃത്തത്തിൽ മുനിയുടെ വായിൽ നിന്നും തെറിച്ചു വീണു. ആ വൃത്തത്തിൽ രാമകഥയെഴുതാൻ ആഗ്രഹിച്ച വാലിമികി നാരദനോട് രാമനെപ്പറ്റി ചോദിക്കുന്നു. നാരദൻ രാമന്റെ മുഴുവൻ കഥയും പായുന്നു. വാൽമീകി രാമായണത്തിലെ ബാല കാണ്ഡം നാരദന്റെ വിവരണത്തോടെ ആരംഭിക്കുന്നു. ഇതിനു സംകൃപ്ത രാമായണം എന്ന് വിളിക്കുന്നു. എന്നാൽ എഴുത്തശ്ശന്റെ അദ്ധ്യാത്മ രാമായണത്തിലെ ബാലകാണ്ഠത്തിൽ ശ്രീ പരമേശ്വരൻ പാർവതിയോട് രാമന്റെ കഥപറയുന്നതായിട്ടാണ് തുടക്കം. 
വാൽമീകി രാമായണത്തിൽ രാമനെ ദേവനായും സീതയെ ദേവിയായി കരുതുന്നില്ല.  എന്ന് വാദിക്കുമ്പോഴും അയ്യായിരം ഭടന്മാർ താങ്ങിക്കൊണ്ടുവന്ന ചന്ദ്രശേഖരറെ പള്ളിവിൽ ത്രൈമ്പകം രാമൻ തനിയെ എടുത്തുപൊക്കി. എഴുത്തശ്ശന്റെ വരികളിലൂടെ പറയാം. മന്ത്രീന്ദ്രൻ  ചോദിക്കുന്നു.  വില്ലെടുക്കാമോ?, കുലച്ചീടാമോ?, വലിക്കാമോ ?ചൊല്ലുകെന്നത് കേട്ട് ചൊല്ലിനാൻ  വിശ്വാമിതൻ. എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട, കല്യാണമിതുമൂലം വന്നുകൂടുമല്ലോ, മന്ദഹഹാസവും പൂണ്ടു രാഘവാനതു  കേട്ടു മന്ദം മന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം, ജ്വലിച്ച തേജസ്സോടു മെടുത്തു വേഗത്തോടെ കുലച്ചു, വലിച്ചുടൻ മുറിച്ചു. കേവലം കൗമാരദശ കഴിഞ്ഞിട്ടുണ്ടായിരുന്ന ഒരാൾക്ക് അത് സാധിക്കണമെങ്കിൽ എന്തെങ്കിലും ദൈവീകശക്തി ഉണ്ടായിരുന്നുവെന്ന് സങ്കൽപ്പിക്കാം. രാമൻ വിഷ്ണുവിന്റെ അവതാരമാണെന്നു വിഷ്ണു പുരാണം, ഭഗവത് പുരാണം, മഹാഭാരതം, പത്മപുരാണം, സ്കന്ദപുരാണം, അദ്ധ്യാത്മരാമായണം, എന്നിവയിൽ പറയുന്നുണ്ട്. 
വാൽമീകിയുടെ രാമായണത്തിന് ശേഷം മുന്നോറോളം രാമായണങ്ങൾ സംസ്കൃതത്തിലും പ്രാദേശിക ഭാഷകളിലും എഴുതപ്പെട്ടിട്ടുണ്ട്.  അവർ ഓരോന്നും അതാതു ഭാഷകളിലെ അനശ്വരകലാസൃഷ്ടിയായി കരുതപ്പെടുന്നു. ഇങ്ങനെ അനവധി ഭാഷ്യങ്ങൾ ഉണ്ടായതുമൂലം വിവരണങ്ങളിൽ വ്യത്യസ്തത വരുന്നത് സ്വാഭാവികം. ഉദാഹരണത്തിന് ലക്ഷ്മണരേഖയെപ്പറ്റി തുളസീദാസിന്റെയും, വാല്‌മീകിയുടെയും, എഴുത്തശ്ശന്റെയും രാമായണത്തിൽ ഇല്ല. മാരീചന്റെ കള്ളനിലവിളി കേട്ട് ലക്ഷ്മണൻ രാമന്റെ അടുത്തേക്ക് പോകാൻ വിസമ്മതിച്ചപ്പോൾ സീത ലക്ഷമണനെ വഴക്കു പറയുന്നുണ്ട്. രൂക്ഷമായി. അതുകേട്ട് ലക്ഷ്മണൻ പോകുമ്പോൾ വര വരക്കുന്നില്ല. എഴുത്തച്ഛൻ ഇങ്ങനെ എഴുതിയിരിക്കുന്നു: "വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ മനുവംശാധീശ്വരപത്നിയെ വഴിപോലെ". രേഖയെപ്പറ്റി പറയുന്നില്ല.
(ബാലകാണ്ഡത്തെപ്പറ്റി കൂടുതലായി അടുത്തതിൽ)
ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക