ലണ്ടന്‍: ഇന്ത്യയിലെ ബിഎ, ബിഎസ്സി, എംഎ, എംഎസ്സി തുടങ്ങിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് യുകെയില്‍ തുല്യത ലഭ്യമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലാണ് ഇന്ത്യ മുന്നോട്ടുവച്ച ഈ ഉപാധി യുകെ അംഗീകരിച്ചതും കരാറായതും. ഇതിനു പകരമായി യുകെയിലെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് ഇന്ത്യയിലും അംഗീകാരം നല്‍കും.
അതേസമയം, ഇന്ത്യയിലെ മെഡിസിന്, എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് യുകെയില്‍ തുല്യത ലഭ്യമാക്കില്ല. ഈ വിഷയം അടുത്ത വട്ടം ചര്‍ച്ചകളില്‍ ഇന്ത്യ വീണ്ടും ഉന്നയിക്കും.
പ്രൊഫഷണല്‍ അല്ലാത്ത കോഴ്സുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ തന്നെ രാജ്യത്തെ 90 ശതമാനം ബിരുദധാരികള്‍ക്കും അംഗീകാരം ലഭിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്യമാണ് യുകെ. പുതിയ കരാറിന്റെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കണക്കാക്കുന്നത്.
2020-21 അധ്യയന വര്‍ഷത്തില്‍ 84,555 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് യുകെയില്‍ ഉപരിപഠനം നടത്താന്‍ അവസരം ലഭിച്ചത്.
ജോസ് കുന്പിളുവേലില്‍