Image

ഫോമാ ഭരണഘടനയിൽ കാതലായ മാറ്റങ്ങൾ ജനറൽ ബോഡി പാസാക്കി 

Published on 24 July, 2022
ഫോമാ ഭരണഘടനയിൽ കാതലായ മാറ്റങ്ങൾ ജനറൽ ബോഡി പാസാക്കി 

ഫോമ കാന്‍കൂന്‍ കണ്‍വന്‍ഷന് 39 ദിവസം ബാക്കി നില്‍ക്കെ സൂമില്‍ നടത്തിയ ജനറല്‍ബോഡിയില്‍ 10   മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഒട്ടേറെ ഭരണഘടനാ ഭേദഗതികള്‍ അംഗീകരിച്ചു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി തീര്‍ന്നശേഷം നവംബര്‍ ഒന്നുമുതലാണ് ഈ ഭേദഗതികൾ  നടപ്പിലാവുക. അറുനൂറില്‍പ്പരമുള്ള ഡെലിഗേറ്റുകളില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. 156 പേരാണ് ക്വാറം തികയാൻ വേണ്ടത്.

കണ്‍വന്‍ഷന്‍ സംബന്ധിച്ച് പ്രസിഡന്റ് അനിയന്‍ ജോര്‍ജും, സെക്രട്ടറി ഉണ്ണികൃഷ്ണനും നല്‍കിയ വിവരണത്തോടെയാണ് മാരത്തണ്‍ ചര്‍ച്ച ആരംഭിച്ചത്.

ടാമ്പയില്‍ നടന്ന കഴിഞ്ഞ ജനറല്‍ബോഡി അസാധുവാണോ എന്ന സംശയം അനിയന്‍ ജോര്‍ജ്  തുടക്കത്തിൽ ചൂണ്ടിക്കാട്ടി. യോഗം ഇടയ്ക്ക് നിര്‍ത്തി വീണ്ടും തുടങ്ങുക എന്ന റോബട്ട്‌സ് റൂള്‍ പാലിച്ചിട്ടില്ല. അതിനാല്‍ ടാമ്പാ കണ്‍വന്‍ഷന്‍ സാധുതയ്ക്ക് കാന്‍കൂനില്‍ നടക്കുന്ന ജനറല്‍ബോഡിയുടെ അംഗീകാരം തേടും.

സംഘടനയുടെ പേരും ലോഗോയും പേറ്റന്റ് ചെയ്തതായും  അത് ഇനിമുതല്‍ അനധികൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരേ നിയമനടപടി എടുക്കാന്‍ സംഘടനയ്ക്ക് അധികാരം ലഭിച്ചതും ഭേദഗതി പ്രകാരം ഭരണഘടനയുടെ ഭാഗമാക്കി.

മലയാളികള്‍ക്കുവേണ്ടിയുള്ള സംഘടന എന്നത് കേരളൈറ്റ്‌സിനു വേണ്ടിയുള്ള സംഘടന എന്ന് നിര്‍വചനം ചെയ്തു. കേരളത്തിനു പുറത്തുനിന്നു വരുന്ന കേരളീയര്‍ പലരും മലയാളം സംസാരിക്കുന്നവരല്ല എന്ന പരിഗണന വച്ചാണിത്.

അംഗ സംഘടനകളുടെ പേരിലുള്ള ചെക്ക് വേണം ഫോമയ്ക്ക് അംഗത്വ ഫീസായി നല്‍കേണ്ടത്. പുതുതായി ഫോമായിൽ എടുക്കുന്ന അംഗ സംഘടനകള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു വര്‍ഷം കാത്തിരിക്കണം. ഇലക്ഷനോട് തൊട്ട് പുതിയ സംഘടനകള്‍ വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സമീപത്തെ സംഘടനകള്‍ എതിര്‍ത്താല്‍ പുതിയ സംഘടനയ്ക്ക് അംഗീകാരം നല്‍കരുത് എന്ന വകുപ്പ് വിമര്‍ശനവിധേയമായി. പലപ്പോഴും സംഘടനകളിലെ ഭിന്നതകൊണ്ടാണ് പുതിയ സംഘടനകള്‍ രൂപംകൊള്ളുക. അവയ്ക്ക് പഴയ സംഘടനയുടെ അംഗീകാരം ലഭിക്കുക വിഷമകരമാകും.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവയ്ക്ക് പുറമെ സൗത്ത് അമേരിക്കയിലുള്ള മലയാളി സംഘടനകള്‍ക്കും ഫോമയില്‍ അംഗമാകാം.

അംഗ സംഘടനകള്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുകയും കൃത്യമായി ഇലക്ഷന്‍ നടത്തുകയും വേണമെന്നതാണ് മറ്റൊരു ഭേദഗതി. സംഘടന അതാതു സ്റ്റേറ്റിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം.

ഒരു കുടുംബത്തില്‍ നിന്ന് രണ്ട് ഡെലിഗേറ്റുകള്‍ മാത്രമേ പാടുള്ളൂ. ഡെലിഗേറ്റുകള്‍ രണ്ടു വര്‍ഷം തുടരും. പക്ഷെ അംഗസംഘടനാ ഭാരവാഹികള്‍ക്ക് അവരെ ഇടയ്ക്ക് വച്ച് മാറ്റാം.

ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി സമാന സ്വഭാവമുള്ള സംഘടനകളില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഫോമയില്‍ നേതൃരംഗത്തേക്ക് മത്സരിക്കാനാവില്ല. എന്നാല്‍ മത സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, കേരളീയ സംഘടനകള്‍, ആഗോള സംഘടനകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല.

ഇപ്പോഴുള്ള മൂന്നില്‍ നിന്ന് വനിതാ ഫോറത്തിലേയും യൂത്ത് ഫോറത്തിലേയും അംഗസംഖ്യ ഇരട്ടിയാക്കി. ഇവര്‍കൂടി വരുമ്പോള്‍ നാഷണല്‍ കമ്മിറ്റി അംഗസംഖ്യ 54 എന്നത്  60 ആകും.

മൂന്നു കൗണ്‍സിലുകളിലേക്ക്  (ജുഡീഷ്യൽ കൗൺസിൽ, നാഷണൽ അഡ്വൈസറി കൗൺസിൽ, കംപ്ലയൻസ്സ് കൗൺസിൽ) 15 ദിവസം മുമ്പ് നോമിനേഷന്‍ നല്‍കി ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. ഇപ്പോള്‍ മിഡ് ടേം ജനറല്‍ ബോഡിയില്‍ ഫ്‌ളോറില്‍ നിന്നാണ് തെരഞ്ഞെടുപ്പ്. നാഷണല്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമേ ഇനി മേൽ  കൗണ്‍സിലുകളിലേക്ക് മത്സരിക്കാനാവൂ.

(UPDATED: നാഷണല്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ നേരത്തെ നാഷണല്‍ കമ്മിറ്റിയിലോ  മൂന്നു കൗണ്‍സിലുകളിലൊന്നിലോ  പ്രവര്‍ത്തിച്ചിരിക്കണം. അതിനു പുറമെ  അംഗ സംഘടനകളുടെ പ്രസിഡന്റോ, സെക്രട്ടറിയോ ആയി സേവനമനുഷ്ടിച്ചിരിക്കണം.

വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ക്കും  മേല്‍പ്പറഞ്ഞ യോഗ്യത വേണം.  അംഗ സംഘടനയുടെ പ്രസിഡന്റൊ സെക്രട്ടറിയോ ആയില്ലെങ്കിൽ   ട്രഷറര്‍  ആയി  സേവനമനുഷ്ടിച്ചിരുന്നാലും മതി.

ചുരുക്കത്തിൽ അംഗസംഘടനകളിലെ നേതൃത്വവും നാഷണൽ തല സമിതിയിലെ അംഗത്വവും വഹിച്ചയാൾക്ക്  മാത്രമേ നാഷണൽ എക്സിക്യുട്ടിവിൽ എത്തിപ്പെടാനാവു.) 

ഈ ഭേദഗതി നേരത്തെ കടുത്ത എതിർപ്പ് നേരിട്ടിരുന്നതാണ്. 

പത്തോ അതില്‍ കൂടുതലോ അംഗ സംഘടനകളുള്ള റീജിയനുകളില്‍ക്ക് രണ്ടിനു പകരം മൂന്നു ഡെലിഗേറ്റുകളെ അയയ്ക്കാം. ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ റീജിയനുകള്‍ക്ക് ഇത് പ്രയോജനപ്പെടും.

അടിയന്തരമായി നാഷണല്‍ കമ്മിറ്റി വിളിക്കാന്‍ പ്രസിഡന്റ് 24 മണിക്കൂര്‍ നോട്ടീസ് കൊടുത്താല്‍ മതി. ഇപ്പോള്‍ 7 ദിവസം വേണമെന്നതാണ് ഭേദഗതി ചെയ്തത്.

ഫോമയിലെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ന്ന ധാര്‍മ്മികത പുലര്‍ത്തണം. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. അത്തരക്കാർക്ക് എതിരെ ജുഡീഷ്യൽ കൗൺസിലിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാം.

ഫോമാ ഹെല്‍പിംഗ് ഹാന്‍ഡ്‌സിനെ ഭരണഘടനയുടെ ഭാഗമാക്കി.

മിനസോട്ടയെ ഗ്രേറ്റ് ലേക്‌സ് റീജിയനില്‍ നിന്നു മാറ്റി സെന്‍ട്രല്‍ റീജിയന്റെ ഭാഗമാക്കി. ഭൂമിശാസ്ത്രപരമായ സൗകര്യത്തെ കണക്കാക്കിയാണിത് 

ജുഡീഷ്യല്‍ കമ്മിറ്റിയില്‍ ഒരു വനിത ഉണ്ടായിരിക്കണം. മത്സരിക്കാന്‍ ആരും വന്നില്ലെങ്കില്‍ മൂന്നു കൗണ്‍സില്‍ ചെയര്‍മാന്‍മാരും കൂടിയാലോചിച്ച്  ഒരു വനിതയെ നിയമിക്കണം.

ജുഡീഷ്യല്‍ കമ്മിറ്റി അംഗങ്ങളെപ്പറ്റി പരാതി വന്നാല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനമെടുക്കണം.

ജുഡീഷ്യല്‍ കമ്മിറ്റിക്ക് നല്‍കുന്ന പരാതികള്‍ രേഖാമൂലം നല്‍കണം. അവ ആരും  മീഡിയയ്ക്ക് നല്‍കരുത്.

കണ്‍വന്‍ഷന്‍ ഡെലിഗേറ്റുകള്‍ 40 ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം.

ഇലക്ഷനില്‍ തുല്യ വോട്ട് വന്നാല്‍ കോയിന്‍ ടോസിലൂടെയോ നറുക്കെടുപ്പിലൂടെയോ തീരുമാനിക്കണം.

ഇലക്‌ട്രോണിക് വോട്ടിംഗ് നടത്തുന്നതിനു അനുമതി നല്‍കുന്നതാണ് മറ്റൊരു ഭേദഗതി.

ഫോമയ്ക്ക് ഒരു മില്യന്‍ ഡോളറിന്റെ ലയബിലിറ്റി ഇന്‍ഷ്വറന്‍സ് എടുക്കണമെന്നതാണ് മറ്റൊന്ന്.

രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍മാരെ നിയമിക്കണം. അവര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളാകരുത്.

സംഘടനയ്ക്ക് ഒരു കോഡ് ഓഫ് കോണ്ടക്ട്  വേണം. അത് കൃത്യമായി പിന്നീട് നിര്‍വചിക്കും.

ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ നന്ദി പറഞ്ഞു. ഭരണഘടനാ ഭേദഗതി  കമ്മിറ്റി ചെയര്‍ സാം ഉമ്മന്‍, അംഗങ്ങളായ രാജു വര്‍ഗീസ്, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ വിശദീകരണങ്ങള്‍ നല്‍കി. പ്രസിഡന്റ് സ്ഥാനാര്‍ഥികളായ   ഡോ.  ജേക്കബ് തോമസ്,  ജയിംസ് ഇല്ലിക്കല്‍ എന്നിവരും പങ്കെടുത്തു. ഭേദഗതിക്കായി വര്ഷങ്ങളോളം അർപ്പണബോധത്തോടെ  പ്രവർത്തിച്ച കാലിഫോർണിയയിൽ നിന്നുള്ള   സാം ഉമ്മ്മനെ എല്ലാവരും അഭിനന്ദിച്ചു. 

കൺവൻഷനു ഇനി അമ്പതോളം മുറികൾ മാത്രമാണ് അവശേഷിക്കുന്നതെന്നു അനിയൻ ജോർജ് ആമുഖത്തിൽ പറഞ്ഞു. റിസോർട്ടിൽ 1000 മുറിയുണ്ട്. 13  റെസ്റ്റോറന്റുകളും.  ഇഷ്ടാനുസരണം ഭക്ഷണം ലഭിക്കും. ഇവിടെ മുറി ലഭ്യമല്ലെങ്കിൽ സമീപത്തു തന്നെ 1000 മുറിയുള്ള മറ്റൊരു റിസോർട്ടുമുണ്ട് .

മിക്കവരും  ഒന്നാം തീയതി വരുന്നു. കൺവൻഷൻ നടക്കുന്ന 2,3, 4 തീയതികളിൽ ടൂർ പാക്കേജ് ഇല്ല. മറ്റു ദിവസങ്ങളിൽ അതിനു ശ്രമിക്കുന്നു. 

സെപ്റ്റംബർ രണ്ടിന്  ഉദ്ഘാടന  സമ്മേളനം, പ്രാദേശിക കലാപരിപാടികൾ. മൂന്നിനു സെമിനാറുകൾ, ജനറൽ ബോഡി. ഇലക്ഷൻ. നാലിന് ബാങ്ക്‌വറ്റ്. നാട്ടിൽ നിന്നുള്ള കലാകാരന്മാരുടെ കലാപരിപാടി മുഖ്യ ഇനം.

ഇലക്ഷന് ഇലക്ട്രോണിക് വോട്ടിംഗ് ആണ് . അതിനാൽ ഏറെ സമയം  എടുക്കില്ല. 

കൺവൻഷനു 50 ദിവസം മുൻപ് റിസർവ് ചെയ്ത മുറികൾ തീർന്നു  എന്നത് ശുഭസൂചനയാണ്. ദൈവത്തിന്റെ കരസ്പർശം  ഫോമാക്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

കണ്വന്ഷൻ  വേദിക്കടുത്തു   തന്നെയാണ് രജിസ്‌ട്രേഷൻ. അതിനാൽ  താമസമൊന്നും പ്രതീക്ഷിക്കുന്നില്ല. 

രണ്ടാം  തീയതി വൈകിട്ട് ആറു  മണിക്ക് ഉദ്ഘാടന സമ്മേളനം. 9 മണിക്ക് മീറ്റ് ദി കാൻഡിഡേറ്സ് പ്രോഗ്രാം.

സാമ്പത്തിക പ്രശ്നമൊന്നും ഇപ്പോൾ ഫോമാക്കില്ല. ഈ കമ്മിറ്റി ചുമതലയേറ്റപ്പോൾ രണ്ട് മില്യന്റെ ബജറ്റാണ് ട്രഷറർ തോമസ് ടി. ഉമ്മൻ മുന്നോട്ടു വച്ചത്. അന്ന് പലരും നെറ്റി  ചുളിച്ചുവെങ്കിലും ഇപ്പോൾ അത് യാഥാർഥ്യമാകുന്നു എന്നതാണ് സ്ഥിതി.

Join WhatsApp News
eapachi 2022-07-24 14:37:40
ഫോമയിലെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ന്ന ധാര്‍മ്മികത പുലര്‍ത്തണം. - നല്ലകാര്യം . --
Jesus 2022-07-24 17:41:36
പണമാം മുന്തിരി കൊടുത്താൽ കാണാം മനുഷ്യ കുരങ്ങന്റെ ചാട്ടം. നിങ്ങളുടെ അധാർമ്മികതയെ പണദേവൻ ധാർമ്മികതയാക്കി മാറ്റും . 'നിങ്ങളുടെ പാപം എത്ര കടും ചുവപ്പായാലും അത് ഹിമം പോലെ വെളുപ്പിക്കും" നിങ്ങൾ ഫിഫ്ത് അവന്യുവിന്റ് നടുവിൽ നിന്ന് വെടി വച്ചാൽ ( വെടി പലതരത്തിൽ ഉണ്ട് ) ആരും ചോദിക്കില്ല . നിങ്ങൾക്ക് പ്രസിഡണ്ടോ സെക്രട്ടറിയോ ഒക്കെ ആകാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക