മഹാമാരികളാലും പകർച്ചവ്യാധികളാലും ലോകം മടുത്തു. ഒരു പ്രത്യേക സ്ഥലത്ത് മാത്രം പടരുന്ന 'എൻഡെമിക്കുകകൾ' ഇപ്പോൾ പാൻഡെമിക്ക് ആയി മാറുന്ന കാഴ്ചയാണ് . ഓർത്തോപോക്സ് വൈറസ് കുടുംബത്തിൽപ്പെട്ട മങ്കി പോക്സ് അഥവാ വാനരവസൂരിയുടെ കുതിച്ചുചാട്ടമാണ് ലോകമെമ്പാടും ഇപ്പോൾ ഉത്കണ്ഠ സൃഷ്ടിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന അതിനെ ആഗോള ഭീഷണി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
RNA വൈറസുകളെ അപേക്ഷിച്ച് മ്യൂട്ടേഷനുകൾ നടക്കാൻ സാധ്യത കുറവുള്ള ഡിഎൻഎ വൈറസുകളിൽ ഒന്നാണ് മങ്കിപോക്സ്. അതുകൊണ്ടുതന്നെ മങ്കിപോക്സ് വൈറസുകളിൽ പെട്ടെന്ന് പരിവർത്തനം നടക്കാൻ സാധ്യത കുറവാണ്.
മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം ഒരു എൻഡെമിക് ആയി പടർന്നിരുന്ന മങ്കിപോക്സ്, ആഫ്രിക്കൻ മേഖലയിലെ ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നതിനാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് താരതമ്യേന അവഗണിക്കപ്പെട്ടു.
ഡാനിഷ് ലബോറട്ടറിയിലെ കുരങ്ങിൽ 1958-ലായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നതാണ് ഇങ്ങനൊരു പേര് ലഭിക്കാൻ കാരണമായത്. 1970-ൽ സെൻട്രൽ കോംഗോ റിപ്പബ്ലിക്കിലെ ഒരു കുട്ടിയിലാണ് മനുഷ്യർക്കിടയിലെ ആദ്യ കേസ് തിരിച്ചറിഞ്ഞത്.
ശ്വാസകോശത്തിലെ അടക്കം ശരീരത്തിലെ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. സാധാരണഗതിയിൽ ഈ രോഗത്തിന്റെ ഇൻക്യൂബേഷൻ കാലാവധി 6 മുതൽ 13 ദിവസം വരെയാണെങ്കിലും, ഇത് ചിലപ്പോൾ 5 മുതൽ 21 വരെയും ആകാം. വൈറസ് ബാധിച്ച മൃഗങ്ങളുടെ മാംസമോ മറ്റ് ഉത്പന്നങ്ങളോ ശരിയായ രീതിയിൽ പാകം ചെയ്യാതെ ഭക്ഷിച്ചാൽ രോഗം പിടിപ്പെടാം. മങ്കിപോക്സ് പ്രധാനമായും പടരുന്നത് എലികളിലൂടെയും അണ്ണാനുകളിലൂടെയുമാണ്.
ആഫ്രിക്കയിൽ അല്ലാതെ മങ്കി പോക്സ് കേസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മേയ് 2022 ലാണ്. ഇതിനോടകം, സ്ഥിരീകരിക്കപ്പെട്ടതും സംശയിക്കുന്നതുമായ 400 ലധികം കേസുകൾ കാനഡ, പോർച്ചുഗൽ, സ്പെയിൻ, യുണൈറ്റഡ് കിങ്ഡം അടക്കമുള്ള രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ജനവിഭാഗങ്ങൾ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ ക്ലസ്റ്ററുകൾ തമ്മിൽ ബന്ധിപ്പിക്കാൻ വ്യക്തമായ കണ്ണികൾ കണ്ടെത്താൻ കഴിയാത്തതാണ് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്നത്.
മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടതുമുതൽ തന്നെ, ശാസ്ത്രജ്ഞർ രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ജനിതകഘടനയുടെ പഠനം ആരംഭിച്ചിട്ടുണ്ട്.
ബെൽജിയം, ഫ്രാൻസ്, ജർമ്മനി,പോർച്ചുഗൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതകഘടന പശ്ചിമ ആഫ്രിക്കയിലേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. മധ്യ ആഫ്രിക്കയിലേതിനെ (മരണനിരക്ക് 10 %) അപേക്ഷിച്ച് ഈ വിഭാഗത്തിൽ, മരണനിരക്ക് തീരെ കുറവാണെന്നും (ഒരു ശതമാനത്തിൽ താഴെ) കണ്ടെത്തി. മങ്കി പോക്സ് വൈറസുകളെ മധ്യ ആഫ്രിക്കൻ എന്നും പശ്ചിമ ആഫ്രിക്കൻ എന്നും രണ്ടായി തരം തിരിക്കാം. പോർച്ചുഗലിൽ സ്ഥിരീകരിക്കപ്പെട്ട ഒരു കേസിലെ ജനിതകഘടന പരിശോധിച്ചപ്പോൾ അത് നൈജീരിയ, യുണൈറ്റഡ് കിങ്ഡം, ഇസ്രായേൽ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ 2018 ലും 2019 ലും കണ്ടെത്തിയ മങ്കിപോക്സ് കേസുകൾക്ക് സമാനമാണെന്നും തിരിച്ചറിഞ്ഞു.
തലവേദന, വിട്ടുമാറാത്ത പനി, ലസീക ഗ്രന്ഥിയുടെ (lymph glands) വീക്കം, ശരീരവേദന, നടുവേദന, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. മൂന്ന് മുതൽ നാല് ദിവസങ്ങൾക്കുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. വസൂരിക്ക് സമാനമായി മുഖത്തും കൈകാലുകളുമായിരിക്കും കുമിളകൾ കൂടുതൽ കാണപ്പെടുന്നത്. ചിക്കൻ പോക്സ് ഇതിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ മധ്യഭാഗങ്ങളെയാണ് കൂടുതലായും ബാധിക്കുന്നത്.
പിസിആർ പരിശോധന വഴി രോഗനിർണ്ണയം സാധ്യമാകും. മറ്റു വൈറസുകളെ അപേക്ഷിച്ച് മങ്കിപോക്സ് പരത്തുന്ന വൈറസുകളുടെ ജനിതകഘടന വളരെ വലുതാണ്. കൊറോണ വൈറസിനെ (SARS_COV-2) അപേക്ഷിച്ച് ഇതിന്റെ വലിപ്പം ആറ് മടങ്ങ് കൂടുതലാണ്. അതുകൊണ്ടുതന്നെ മങ്കിപോക്സ് വൈറസിന്റെ ജനിതകഘടന വിശകലം ചെയ്യുക എന്നതും കൊറോണ വൈറസിന്റേതിനെ അപേക്ഷിച്ച് ആറിരട്ടി പ്രയാസകരമാണ്.
വസൂരിക്കുള്ള വാക്സിൻ മങ്കിപോക്സിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന വിശ്വാസത്തിൽ, രോഗം പൊട്ടിപ്പുറപ്പെട്ട പല രാജ്യങ്ങളും വസൂരി വാക്സിൻ ഉപയോഗിക്കാൻ ഒരുങ്ങിയിട്ടുണ്ട്. വസൂരിയുടെ വാക്സിൻ മങ്കി പോക്സിനെതിരെ 85 % ഫലപ്രദമാണ്. 2019ൽ യുഎസിൽ Jynneos എന്ന വസൂരി വാക്സിൻ പ്രായപൂർത്തിയായവർക്ക് നൽകുന്നതിന് അനുമതി ലഭിച്ചിരുന്നു. പൊതു ആരോഗ്യ അധികൃതർക്ക് മങ്കി പോക്സ് പകരുന്നത് തടുക്കാൻ സാധിച്ചാൽ തന്നെയും, മൃഗങ്ങളിലൂടെ ഇത് വീണ്ടും പടരുമോ എന്നതാണ് വൈറോളജിസ്റ്റുകളെ കുഴപ്പിക്കുന്നത്. കൂടുതൽ മൃഗങ്ങൾ ഈ വൈറസിന്റെ സ്രോതസ്സായി മാറുന്ന പക്ഷം, രോഗവ്യാപനം തുടർന്നുകൊണ്ടേയിരിക്കും.
വാക്സിനേഷനാണ് ഇതിനുള്ള പ്രതിരോധം. നിലവിൽ മൂന്ന് തരം വാക്സിനുകൾ ലഭ്യമാണ്. 4 ആഴ്ചകളുടെ ഇടവേളയിൽ രണ്ടു ഡോസുകൾ എടുക്കുന്ന വസൂരിക്കും മങ്കി പോക്സിനും അംഗീകൃതമായ വാക്സിനാണ് ഒന്ന്. മറ്റു രണ്ടെണ്ണവും ഒറ്റ ഡോസ് മതി. റിങ് വാക്സിനേഷൻ നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്- അതായത്, രോഗബാധിതനായി സമ്പർക്കത്തിൽപ്പെട്ട ആളുകളെ വാക്സിനേറ്റ് ചെയ്യുന്ന രീതി.
ശാസ്ത്രലോകം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സാധാരണഗതിയിൽ സാധ്യമല്ലെങ്കിലും, ഈ വൈറസിന് അപകടകരമായ മ്യൂട്ടേഷൻ സംഭവിച്ചാൽ എങ്ങനെ നേരിടും? ഇപ്പോൾ രോഗനിരക്കിൽ വർദ്ധനവ് കാണുന്നത്, അത്തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചതുകൊണ്ട് ആയിരിക്കുമോ? അതോ, കോവിഡ് വ്യാപിച്ചതോടെ ആളുകളുടെ പ്രതിരോധശേഷി കുറഞ്ഞിരിക്കുമോ? ലൂയി പാസ്ച്വറിന്റെ വാക്കുകൾ ഓർമ്മിപ്പിക്കട്ടെ: "Gentlemen, it is the microbes who have the last word". ഒരേ മനസ്സോടെ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും നൂതന ആശയങ്ങൾ വികസിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ അവസാന വാക്ക് നമ്മുടെതാകൂ.
see also: https://emalayalee.com/vartha/182866
https://emalayalee.com/vartha/44543