ഫോമാ നേതൃസംഘം കാൻകുനിൽ; മികച്ച വേദി, മികവുറ്റ സൗകര്യങ്ങൾ 

Published on 27 July, 2022
ഫോമാ നേതൃസംഘം കാൻകുനിൽ; മികച്ച വേദി, മികവുറ്റ സൗകര്യങ്ങൾ 

കാൻകുൻ, മെക്സിക്കോ: ഫോമാ കൺവൻഷൻ നടക്കുന്ന മെക്സിക്കോയിലെ കാൻകുനിൽ പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിലുള്ള നേതൃസംഘം ത്രിദിന  സന്ദര്ശനത്തിനെത്തി.

ട്രഷറർ തോമസ് ടി. ഉമ്മൻ,  മെട്രോ ആർ.വി.പി ബിനോയ് തോമസ്  തുടങ്ങിയവരാണ്  സംഘത്തിൽ.  ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്‌ണൻ ബുധനാഴ്ച എത്തും.

കൺവൻഷൻ വേദിയായ മൂൺ  പാലസ് റിസോർട്ടിൽ ഹാളുകളും മുറികളും  പരിശോധിക്കുകയും ഓരോ പരിപാടികളുടെയും വേദികൾ തീരുമാനിക്കുകയുമാണ് പ്രധാന ലക്‌ഷ്യം. 

എയർ പോർട്ടിൽ സംഘത്തെ സ്വീകരിക്കാൻ ഹോട്ടൽ പ്രതിനിധികൾ എത്തി. സംഘം എത്തുമ്പോൾ ഹോട്ടലിലെ നിരവധിയായ ഡിസ്പ്ളേ സ്‌ക്രീനുകളിൽ ഫോമായുടെ ലോഗോ മിന്നിത്തിളങ്ങി.

ഹോട്ടൽ അധികൃതരിൽ നിന്നും ജോലിക്കാരിൽ നിന്നും വളരെ ഉപചാരപൂര്വമുള്ള പെരുമാറ്റമാണെന്നു തോമസ് ടി. ഉമ്മൻ പറഞ്ഞു. സ്‌നേഹപൂർണമായ പെരുമാറ്റം. പല കെട്ടിടങ്ങളുടെ  സമുച്ചയമാണ് റിസോർട്ട്. ധാരാളം ഹോട്ടലുകളും ബാറുകളും.  തൊട്ടടുത്ത്  ബീച്ച്. സ്വിമ്മിംഗ്  പൂളുമുണ്ട്. കെട്ടിടങ്ങളും മുറികളും ഏറെ ആകർഷകം. ഹോട്ടലുകളിൽ എല്ലാ തരം  ഭക്ഷണവും കിട്ടും. എല്ലാം കൊണ്ടും വരുന്നവർക്ക് ആഹ്ലാദിക്കാനും അർമാദിക്കാനുമുള്ള  വകയുണ്ട്.   

കൺവൻഷനു വേണ്ടിയുള്ള വസ്തുക്കളുടെ സപ്ലൈ ചുമതലയുള്ള ഡിപ്പാർട്ട്മെന്റ് ഉദ്യാഗസ്ഥരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

കാര്യങ്ങൾ വളരെ  ഭംഗിയായി പോകുന്നുവെന്ന് അനിയൻ ജോര്ജും തോമസ് ടി. ഉമ്മനും പറഞ്ഞു. തികച്ചും  ആഹ്ലാദം പകരുന്ന വേദിയായിരിക്കും കൺവൻഷൻ. ഒരാളും പരാതി പറയുമെന്ന് കരുതുന്നില്ല.

ന്യു യോർക്ക് സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലാണ് കാൻകുൻ  സമയം. കടുത്ത ചൂട് ഇല്ലാത്ത നല്ല കാലാവസ്ഥയാണ് ഇപ്പോൾ. 

ബിജു സഖറിയാ, പീറ്റർ ജോർജ് എന്നിവരും ഇവരോടൊപ്പം എത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക