Image

നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍( ലക്ഷ്മി കെ. എസ്.; പുസ്തകപരിചയം)

ലക്ഷ്മി കെ. എസ് Published on 27 July, 2022
നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍( ലക്ഷ്മി കെ. എസ്.; പുസ്തകപരിചയം)

   ഉത്തരാധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനാണ് ശ്രീ. സുരേഷ് പേരിശ്ശേരി. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അവതരിപ്പിക്കുന്നതാണ് സുരേഷ് പേരിശ്ശേരിയുടെ 'നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍' എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. ഓരോ മനുഷ്യനും കഥകളുടെ സാഗരമാണെന്ന് അദ്ദേഹം ഊന്നിപ്പറയുകയാണ് തന്റെ കഥകളിലൂടെ ചെയ്യുന്നത്. മനുഷ്യമനസ്സും അവന്റെ ചിന്തകളുടെ വിവിധ അര്‍ത്ഥതലങ്ങളും അസ്ഥിരതകളും ഇതിലെ ഓരോ കഥകളിലും കഥാകൃത്ത് അതിസൂക്ഷ്മം ആഖ്യാനം ചെയ്യുന്നു. അവതാരികകാരനായ ബാബു കുഴിമറ്റവും ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു: 'പ്രവചനാതീതവും അസ്ഥിരവും വ്യത്യസ്തവുമായ മനുഷ്യമനസ്സിന്റെ വിവിധ
 തലങ്ങളിലുള്ള വികാരവിചാരധാരകള്‍ തന്നെയാണ് എല്ലാ കഥകളുടെയും ഭാവതലം.' പല തരത്തിലുള്ള വര്‍ണ്ണങ്ങള്‍ തേടുന്നവരുടെ കഥകളാണെന്ന് ആമുഖമായി കഥാകൃത്തും പറയുന്നുണ്ട്.

     'കഥ വില്‍ക്കുന്നവള്‍', 'നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍', 'കൗമാരവന്ധകി', 'പുഴുക്കള്‍', 'പത്രം', 'പീലിത്താഴ്വര', 'അധഃകൃതന്‍', 'ഓട്ടക്കാശ്', 'അവധൂതന്റെ ചിരി', 'മഴഗദ്ഗദങ്ങള്‍', 'പാപികളുടെ വിലാപങ്ങള്‍', 'പക്ഷിക്കുഞ്ഞും കട്ടുറുമ്പും', 'ഒറ്റിക്കുറു', 'കാലന്‍കൊല്ലിമലയിലെ ദൈവം' എന്നിങ്ങനെ പതിനാലു കഥകളാണ് ഈ  കഥാസമാഹാരത്തിലുള്ളത്. വാര്‍ധക്യസഹജമായ അവശതകള്‍ അനുഭവിക്കുന്ന വൃദ്ധന്‍ മുതല്‍ അധഃസ്ഥിതവര്‍ഗ്ഗങ്ങളിലാകപ്പെട്ടവര്‍ അനുഭവിക്കുന്ന കഷ്ടതകളുടെയും ദുരിതങ്ങളുടെയും കഥയാണ് 'നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍' എന്ന കഥാസമാഹാരത്തിലൂടെ കഥാകൃത്ത് പറയുന്നത്. കൈകാര്യം ചെയ്യുന്ന ഓരോ വിഷയവും വളരെ തീവ്രതയോടും അതിശക്തവുമായാണ് കഥാകൃത്ത് ആഖ്യാനം ചെയ്യുന്നത്. അനുവാചകഹൃദയത്തില്‍ സ്ഥാനം നേടുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ പാത്രസൃഷ്ടിയെ ഒന്നുകൂടി മികച്ചതാക്കുന്നു. അതുപോലെ വായനക്കാരനെ അതിവേഗം വായിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ആഖ്യാനശൈലിയും കഥാപശ്ചാത്തലവും.

     വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലുമനുഭവിക്കുന്ന അവറാച്ചന്‍, ദാരിദ്ര്യവും വിശപ്പും മൂലം കഥകള്‍ വില്‍ക്കുന്ന സുഹ്‌റ, ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ മനസ്സിലാക്കുന്ന സേതു, ശരീരവില്‍പ്പനക്കാരിയായി മാറിയ മായ, വൃദ്ധനായ രാമഭദ്രന്‍... തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങള്‍ അനുവാചകഹൃദയത്തില്‍ തിളങ്ങി നില്‍ക്കുന്നു. വൃദ്ധനും പഴയ ഡി. ജി. പി.യുമായ അവറാച്ചനും ചക്രക്കസേരയില്‍ ജീവിതം തള്ളിനീക്കുന്ന രാമഭദ്രനും ഇരുധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളാണ്. വാര്‍ധക്യത്തിന്റെ തന്നെ രണ്ടു വ്യത്യസ്തധാരകള്‍ കഥാകൃത്ത് ഈ സമാഹാരത്തില്‍ അനാവൃതമാക്കുന്നു. കത്തിനു  പിന്നിലെ കഥയന്വേഷിച്ചുപോകുന്ന നോവലിസ്റ്റിന്റെ കഥയാണ് 'പീലിത്താഴ്വര'യില്‍ കഥാകൃത്ത് ആവിഷ്‌കരിക്കുന്നത്. സ്‌നേഹം ശരീരത്തിനപ്പുറമുള്ള തിരിച്ചറിയലുകളാണെന്ന്  അദ്ദേഹം പറയുന്നു. ഓരോ കഥാസന്ദര്‍ഭങ്ങളും വായനക്കാരന്റെ മനസ്സിലെ നേര്‍ചിത്രങ്ങളായി രൂപാന്തരപ്പെടുന്നു.

     ജാതീയമായ ഉച്ചനീചത്വങ്ങളുടെ കഥയും കഥാകൃത്ത് പറയുന്നുണ്ട്. സമകാലികസമൂഹത്തില്‍ അവ ഏറെ പ്രസക്തങ്ങളാണ്. ജാതിചിന്തമൂലം മനുഷ്യന്‍ അപകര്‍ഷതാബോധമുള്ളവനായി തീരുന്നതും അതവന്റെ ജീവിതത്തെ  മാറ്റിമറിക്കുന്നതെപ്രകാരമെന്നുമൊക്കെ അദ്ദേഹം തന്റെ കഥയിലൂടെ കാണിച്ചുതരുന്നു. അധഃസ്ഥിതവര്‍ഗ്ഗങ്ങളിലാകപ്പെട്ടവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ അവരെ കരകയറ്റാന്‍ അവതാരമോ ദൈവമോ ഒക്കെ തന്നെ വേണ്ടിവരുന്നു. താഴ്ന്നവന്റെ ജാതിയെയും സംസ്‌കാരത്തെയും കുറ്റപ്പെടുത്തുകയും അവനുമേല്‍ അധികാരത്തിന്റെ ചാട്ടവാറടികള്‍ ചൊരിയുകയും ചെയ്യുന്ന ഉയര്‍ന്നവനുമേലുള്ള വിമര്‍ശനത്തിന്റെ ചെറുശരങ്ങള്‍ കഥയില്‍ ദര്‍ശിക്കാം. അതുപോലെ സ്ത്രീസുരക്ഷയുടെ ആവശ്യകത പ്രതിപാദിക്കുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. മായ, മാലതി തുടങ്ങി ഉശിരുള്ള സ്ത്രീകഥാപാത്രങ്ങളും കഥാകൃത്തിന്റെ പാത്രസൃഷ്ടിയെ അനശ്വരമാക്കുന്നു. അപ്പൂപ്പന്‍താടിപോലെ പാറിപ്പറക്കുന്ന മനുഷ്യമനസ്സുകളുടെ കഥ വ്യത്യസ്തതലങ്ങളില്‍ തനിമയോടെ കഥാകൃത്ത് അവതരിപ്പിക്കുന്നു. സമൂഹത്തില്‍ സത്യവും നന്മയും മരിച്ചിട്ടില്ലെന്ന് പറയുന്ന കഥാകൃത്ത് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ അനുവാചകനും വാഗ്ദാനം ചെയ്യുന്നു.

     ചുരുക്കത്തില്‍ 'നിറങ്ങള്‍ നഷ്ടപ്പെടുമ്പോള്‍' എന്ന കഥാസമാഹാരത്തിലെ എല്ലാ കഥകള്‍ക്കും അതിന്റേതായ സമകാലികപ്രസക്തിയുണ്ടെന്ന് നിസ്സംശയം പറയാം. ആഖ്യാനത്തില്‍ ഓരോ കഥകളും ഒന്നിനൊന്നു മികച്ചതാണ്. 'കാലമെന്ന സാക്ഷിയുടെ കണ്ണുകളില്‍ കൂടിയാണ് പല കഥകളുടെയും സഞ്ചാരപഥം' എന്നിങ്ങനെയാണ് അവതാരികകാരന്‍ കഥകളെക്കുറിച്ച് പറയുന്നത്. അനുവാചകനെ ചിന്തിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രചിത്രീകരണം അഭിനന്ദാര്‍ഹമാംവിധം സുരേഷ് പേരിശ്ശേരി നടത്തിയിരിക്കുന്നു. പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തുന്ന രീതിയിലുള്ള ആഖ്യാനം പല കഥകളിലും കാണാവുന്നതാണ്. അതുപോലെ വാര്‍ധക്യത്തിന്റെ പരാധീനതകളെ കഥാകൃത്ത് തീര്‍ത്തും വ്യക്തമായി അവതരിപ്പിക്കുന്നു. ബലാത്സംഗ - പീഡനകഥകള്‍ തീവ്രവും ശക്തവുമായ രീതിയില്‍ കഥാകൃത്ത് തന്റെ കഥകളില്‍ ആവിഷ്‌കരിക്കുന്നു. ശിഥിലമായ കുടുംബബന്ധങ്ങളും അദ്ദേഹം തന്റെ കഥകളിലൂടെ വരച്ചിടുന്നു. അത് തികച്ചും പുതുതലമുറയുടെ പ്രതിഫലനമാണ്. ശക്തമായ ഭാഷയില്‍ കഥാകൃത്ത് ഇതിലെ ഓരോ കഥകളും അവതരിപ്പിക്കുന്നു. അതിനനുയോജ്യമായ ശീര്‍ഷകം നല്‍കുകയും വായനയ്ക്ക് അവ പ്രചോദനമായി മാറുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഇതിലെ കഥകള്‍ വായനക്കാരന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുമെന്നും നല്ല വായനാനുഭവം നല്‍കുമെന്നും തീര്‍ച്ചയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക